ലീഗ് വിട്ടുവന്നാലും ഉടന്‍ സ്വീകരിക്കില്ല; ഞാന്‍ മന്ത്രിയാകാനില്ല: അഭിമുഖം


മന്ത്രിസഭാ പുനഃസംഘടനയുണ്ടാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. താന്‍ മന്ത്രിസഭയിലേക്ക് വരുമെന്നത് അഭ്യൂഹം മാത്രമാണ്. മുസ്ലീംലീഗിന് വൈകാതെ യുഡിഎഫ് വിടേണ്ട സാഹചര്യമുണ്ടാകും. കെ.ടി.ജലീലും പി.കെ.കുഞ്ഞാലിക്കുട്ടിയുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നും കോടിയേരി സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. 

സമ്മേളനങ്ങളില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുണ്ടായതിന്‍റെ പേരില്‍ മന്ത്രിസഭാ പുനഃസംഘടന നടത്തുകയോ വകുപ്പുകളില്‍ മാറ്റംവരുത്തുകയോ ചെയ്യില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഒന്നാം പിണറായി സര്‍ക്കാന്‍റെ തുടക്കത്തിലും ഇത്തരത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. വിമര്‍ശനങ്ങള്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ജലീല്‍–കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ വ്യാഖ്യാനം കൊടുക്കേണ്ടതില്ല. അഞ്ചു വര്‍ഷത്തിനുശേഷവും ഭരണമില്ലാത്ത സ്ഥിതിയില്‍ എങ്ങനെ മുന്നോട്ടുപോകുമെന്ന് ലീഗ് അണികളില്‍ ചര്‍ച്ചയുണ്ട്. സ്വതന്ത്രനിലപാട് സ്വീകരിക്കാമെന്നുവന്നാല്‍ ലീഗ് കോണ്‍ഗ്രസിന്‍റെ മൃദുഹിന്ദുത്വനിലപാട് അംഗീകരിക്കില്ല. അതാകും ഭാവിയിലെ രാഷ്ട്രീയം.

ലീഗ് യുഡിഎഫില്‍ നിന്ന് പുറത്തുവന്നാലും ഉടന്‍ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തുന്ന സാഹചര്യമുണ്ടാവില്ല. ഇടതുമുന്നണി വിപുലീകരണം ഇപ്പോള്‍ അജണ്ടയിലില്ല. 75 വയസ് കഴിഞ്ഞവരെ കമ്മറ്റികളിൽ നിന്ന് ഒഴിവാക്കുമെന്നും അവർക്ക് സംസ്ഥാന സെന്ററിന്റെ ഭാഗമായി പ്രവർത്തിക്കാമെന്നും കോടിയേരി പറ‍ഞ്ഞു. കുറച്ചു പേരെ കമ്മറ്റിയിൽ പ്രത്യേക ക്ഷണിതാക്കളായി ഉൾപ്പെടുത്തും. വർഗ ബഹുജന സംഘടനയിൽ ഉള്ളവർക്ക് അവിടെ തുടരാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍