വർക്കല: യുവതിയെ രണ്ടരവയസ്സുള്ള മകൾക്കൊപ്പം ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ചെറുന്നിയൂർ കല്ലുമലക്കുന്ന് എസ്.എസ്. നിവാസിൽ സുജിത്തിന്റെ ഭാര്യ ശരണ്യ(22), മകൾ നക്ഷത്ര (ലച്ചു) എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കിടപ്പുമുറിയിൽ ഒരു മുണ്ടിന്റെ ഇരുതലപ്പിലുമായി ഇരുവരും തൂങ്ങിനിൽക്കുന്നതായാണ് കണ്ടത്. കുഞ്ഞിന്റെ കഴുത്തിൽ കുരുക്കിട്ടശേഷം ശരണ്യ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യാകുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ഭർത്താവിന്റെ മദ്യപാനവും തുടർന്നുള്ള മർദനവും കാരണം ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് സംശയിക്കുന്നത്.

വ്യാഴാഴ്ച വൈകീട്ട് 5.30-ഓടെയാണ് മരണവിവരം പുറത്തറിയുന്നത്. സ്വകാര്യ ബസ് ഡ്രൈവറായ സുജിത്ത് സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുകയും ശരണ്യയെ മർദിക്കുകയും ചെയ്യുമായിരുന്നെന്ന് നാട്ടുകാരും അയൽവാസികളും പറയുന്നു. വ്യാഴാഴ്ച ഉച്ചയോടെ ശരണ്യയും ഭർത്താവുമായി വഴക്ക് നടന്നിരുന്നു. ജോലിക്ക് പോകാതെ വീട്ടിലിരുന്ന് മദ്യപിച്ച സുജിത്ത് വഴക്കിട്ടശേഷം വീട്ടിൽ നിന്നിറങ്ങിപ്പോയി. വൈകീട്ട് തിരികെ വീട്ടിൽ എത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുകയായിരുന്നു. അകത്തു നോക്കിയപ്പോഴാണ് ഇരുവരെയും തൂങ്ങിമരിച്ചനിലയിൽ കണ്ടത്. സുജിത്ത് ബഹളംവെച്ചതു കേട്ട് എത്തിയ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസെത്തി സുജിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വർക്കല തഹസീൽദാരുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച രാവിലെയാണ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയത്. ശരണ്യയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നു ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തി. മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ പരിശോധനയ്ക്കുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

കല്ലറ സ്വദേശിനിയാണ് ശരണ്യ. അഞ്ചുവർഷം മുമ്പായിരുന്നു വിവാഹം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)