പദ്മത്തിന്റെ മൃതദേഹം ഒരു കുഴിയിൽ, റോസ്ലിന്റേത് പലയിടത്തായി; ഉപ്പുവിതറി മറവുചെയ്ത് മഞ്ഞൾ നട്ടു


ഇലന്തൂർ: ഭഗവൽസിങ്ങിന്റെ വീടിന്റെ മൂന്നുവശവും വിജനമാണ്. അതിനാൽ തന്നെ കൊലപാതകം നടന്നതും കുഴിച്ചിട്ടതും അതീവ രഹസ്യമായി പ്രതികൾക്ക് നടത്താനായി. പടിഞ്ഞാറുവശത്തുകൂടിയാണ് പ്രവേശനം. റോഡിൽനിന്ന് വീട്ടിലേക്ക് കയറുമ്പോൾ തന്നെ ഒരു കാവാണ്. അതുകഴിഞ്ഞാൽ ഭഗവത് സിങ്ങിന്റെ തിരുമ്മുശാല. പിന്നീടാണ് വീട്. പ്രവേശന ഭാഗത്തുള്ള വീടുമാത്രമാണ് ഏക അയൽപക്കം. ഈ വീടിന്റെ അതിരിൽ ഉയർന്ന മതിൽ കെട്ടിയിട്ടുണ്ട്. വീടിന്റെ മൂന്നുവശവും പ്രത്യേക കൃഷിയൊന്നും ചെയ്യാതെ ഒഴിഞ്ഞുകിടക്കുകയാണ്.ഈ വീട്ടിൽ എന്തുനടന്നാലും നാട്ടുകാർക്ക് അറിയാനാവാത്തസ്ഥിതി ഇങ്ങനെ ഉണ്ടായി.

കൊച്ചിയിൽ അറസ്റ്റിലായ ഷാഫിയെ മൃതദേഹങ്ങൾ കണ്ടെടുക്കാൻ ചൊവ്വാഴ്ച ഉച്ചയോടെയാണ് എത്തിച്ചത്. മൂന്നുമണിക്കൂർ വീതം എടുത്താണ് ഓരോ മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുത്തത്.

ഉച്ചയ്ക്ക് ഒരുമണിക്ക് പദ്മയുടെ മൃതദേഹത്തിനായുള്ള ശ്രമമാണ് തുടങ്ങിയത്. ഷാഫി സ്ഥലം കാണിച്ചുകൊടുത്തു.വീടിന്റെ തെക്ക് വശത്ത് മരങ്ങളുടെ ഇടയിലായി ഒറ്റകുഴിയിലായിരുന്നു അവശിഷ്ടമുണ്ടായിരുന്നത്.വീടിന്റെ കിഴക്കുഭാഗത്ത് ചെമ്പരത്തി ചെടികൾക്കു നടുവിലാണ് റോസ്ലിനെ കുഴിച്ചിട്ടിരുന്നത്. ഭഗവൽസിങ്ങും ലൈലയുമാണ് സ്ഥലം കാണിച്ചുകൊടുത്തത്. അവശിഷ്ടങ്ങൾ പുറത്തെടുക്കാൻ നാലു മണിക്ക് തുടങ്ങിയ ശ്രമം രാത്രി ഒൻപതുവരെ തുടർന്നു. ആദ്യ കുഴിയിൽനിന്ന് രണ്ട് കൈകൾ കിട്ടി. തൊട്ടടുത്തു തന്നെ മറ്റൊരുകുഴിയിൽനിന്ന് ബാക്കിഭാഗങ്ങൾ കണ്ടെടുത്തു. തുണിയിൽ പൊതിഞ്ഞ് കയർകെട്ടിയ നിലയിലായിരുന്നു ഇത്. കുഴിയിൽ 30 രൂപയുടെ നാണയങ്ങൾ, കുട, ബാഗ്, ചെരിപ്പ്, പെർഫ്യൂം, മാസ്ക്, താക്കോൽ, ചീപ്പ് എന്നിവയുമുണ്ടായിരുന്നു.

മൂന്നുപേരേയും ഒരുമിച്ചിരുത്തി ചോദിച്ചപ്പോൾ എല്ലാം പൊളിഞ്ഞു. നാട്ടിലെ അറിയപ്പെടുന്ന തിരുമ്മുവൈദ്യനാണ് ബാബു എന്നു വിളിക്കുന്ന ഭഗവൽ സിങ്. പലയിടത്തുനിന്നും ചികിത്സയ്ക്കായി ഇവിടെ ആൾക്കാർ വന്നുപോയിരുന്നു. അതുകൊണ്ടുതന്നെ വീടിനകത്ത് നടക്കുന്ന കാര്യങ്ങളൊന്നും നാട്ടുകാരോ അയൽപക്കക്കാരോ ശ്രദ്ധിച്ചിരുന്നില്ല.

ആഞ്ഞിലിമൂട്ടിൽ വൈദ്യൻമാർ എന്നറിയപ്പെടുന്ന കുടുംബത്തിലെ കണ്ണിയാണ് ഭഗവൽ സിങ്. സംഭവം നടക്കുന്നതിന് മാസങ്ങൾക്ക് മുമ്പുതന്നെ ഷാഫി ഇലന്തൂരിൽ വന്ന് പോയിരുന്നെന്ന് നാട്ടുകാരിൽനിന്ന് പോലീസിന് വിവരം കിട്ടിയിരുന്നു.അയൽവാസിയായ ജോസ് തോമസ് ഷാഫിയെപ്പറ്റിപറഞ്ഞതും നിർണായകമായി. കേസ് അന്വേഷിക്കുന്ന കൊച്ചി സിറ്റി പോലീസ് ഭഗവത് സിങ്ങിനെയും ഭാര്യ ലൈലയെയും ഞായറാഴ്ചയോടെ ഇലന്തൂരിൽനിന്ന് രഹസ്യമായി കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് മൂന്ന് പ്രതികളെയും കൊച്ചിയിൽ ഒരുമിച്ചിരുത്തി ചോദ്യംചെയ്തപ്പോഴാണ് സംഭവം പൊളിയുന്നതും നരബലിയുടെ വിവരങ്ങൾ പുറത്തുവരുന്നതും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍