തറ നിരപ്പിൽ നിന്നു രണ്ടടി താഴ്ചയിൽ കുഴി; നാടിനെ നടുക്കി യുവാവിന്റെ കൊലപാതകം,തുമ്പ് കുരുങ്ങിയത് ചൂണ്ടയിൽ
ചങ്ങനാശേരി • ആലപ്പുഴയിൽ നിന്നു കാണാതായ യുവാവിന്റെ മൃതദേഹം വീടിനുള്ളിൽ മറവു ചെയ്ത് സിമന്റിട്ട് ഉറപ്പിച്ച നിലയിൽ. ആലപ്പുഴ ആര്യാട് കോമളപുരം കിഴക്കേത്തയിൽ ബിന്ദുമോന്റെ (45) മൃതദേഹം ചങ്ങനാശേരി പൂവത്ത് എസി കോളനിയിലെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. ‘ദൃശ്യം’ മോഡൽ കൊലപാതകമെന്നു പ്രചാരണം.
കയർ ഫാക്ടറി തൊഴിലാളിയായ ബിന്ദുമോൻ അവിവാഹിതനാണ്. ബിന്ദുമോനെ കഴിഞ്ഞ 26 മുതൽ കാണാനില്ലായിരുന്നു. അവസാനം ഫോൺ വിളിച്ചവരിലേക്ക് ആലപ്പുഴ നോർത്ത് പൊലീസിന്റെ അന്വേഷണമെത്തി. ഇതിൽ മുത്തുവിന്റെ പ്രതികരണത്തിൽ പൊലീസിനു സംശയം തോന്നി. സ്റ്റേഷനിലെത്താൻ പൊലീസ് ആവശ്യപ്പെട്ടിട്ടും മുത്തു എത്തിയതുമില്ല. മുത്തുവിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ നോക്കി ആലപ്പുഴ പൊലീസ് വെള്ളിയാഴ്ച രാത്രി ചങ്ങനാശേരിയിലെ വീട്ടിലെത്തുകയായിരുന്നു.
അടുക്കളയോടു ചേർന്നുള്ള ചായ്പിൽ കോൺക്രീറ്റ് തറയുടെ ഭാഗങ്ങൾ പുതുതായി സിമന്റ് ഇട്ട് ഉറപ്പിച്ചിരിക്കുന്നതു പൊലീസിന്റെ ശ്രദ്ധയിൽപെട്ടു. ഇന്നലെ തറ പൊളിച്ച് മൃതദേഹം കണ്ടെത്തി. തറ നിരപ്പിൽ നിന്നു രണ്ടടി താഴ്ചയിലാണ് കുഴി. ആലപ്പുഴയിൽ നിന്നുള്ള ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞതോടെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. മുത്തുകുമാർ ഒപ്പം താമസിച്ചിരുന്ന മൂന്നു മക്കളെയും കഴിഞ്ഞ ദിവസം നാലുകോടിയിലുള്ള ബന്ധുവീട്ടിലേക്കു മാറ്റിയിരുന്നു. ഇയാളുടെ ഭാര്യ വിദേശത്താണ്.
ബിന്ദുമോൻ ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതും ഈ ബൈക്ക് പുതുപ്പള്ളി കൊട്ടാരത്തിൽക്കടവ് ഭാഗത്തെ തോട്ടിൽ നിന്നു ലഭിച്ചതും നിർണായക തെളിവുകളായി. മുത്തുകുമാറിന്റെ വീട്ടിലെത്തിയ ബിന്ദുമോനുമായുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചെന്നാണു പൊലീസ് നിഗമനം. മറ്റു രണ്ടുപേർക്കു കൂടി കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നു പൊലീസ് സംശയിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍