സതീശൻ പാച്ചേനി അന്തരിച്ചു


കണ്ണൂർ: കോൺഗ്രസ് നേതാവും കണ്ണൂർ ഡിസിസി മുൻ പ്രസിഡന്റുമായ സതീശൻ പാച്ചേനി(54) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ വ്യാഴാഴ്ച വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കെപിസിസി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. കെ.എസ്.യുവിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് സജീവമായത്. സംഘടനയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയായ പാച്ചേനി 1999 ൽ കെ.എസ്.യു സംസ്ഥാന അധ്യക്ഷനായി.

കണ്ണൂർ ഡിസിസി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള സതീശൻ പാച്ചേനിക്ക് പക്ഷേ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിജയിക്കാൻ കഴിഞ്ഞില്ല. അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ ലോക്സഭയിലേക്കും മത്സരിച്ചിട്ടുള്ള അദ്ദേഹം നേരിയ ഭൂരിപക്ഷത്തിനാണ് പലപ്പോഴും പരാജയപ്പെട്ടത്.


2001ൽ മലമ്പുഴയിൽ വിഎസിനോട് വെറും 4703 വോട്ടുകൾക്ക് മാത്രമാണ് പരാജയപ്പെട്ടത്. 2006ൽ വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായ നിയമസഭാ തിരഞ്ഞെടുപ്പിലും മലമ്പുഴയിൽ സതീശൻ പാച്ചേനിയായിരുന്നു എതിർസ്ഥാനാർഥി. 2009ൽ സിപിഎം കോട്ടയായ പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ എംബി രാജേഷിനെതിരെ മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടത് വെറും 1800ൽപ്പരം വോട്ടുകൾക്ക് മാത്രമാണ്.

1996ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തളിപ്പറമ്പ് മണ്ഡലത്തിൽ നിന്നും, 2016,2021 വർഷങ്ങളിൽ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും അദ്ദേഹം ജനവിധി തേടിയിരുന്നു. അവസാനം മത്സരിച്ച രണ്ട് തിരഞ്ഞെടുപ്പുകളിലും കടന്നപ്പള്ളി രാമചന്ദ്രനാണ് പാച്ചേനിയെ നേരിയ വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍