രണ്ടു വയസുള്ള സഹോദരനെ കൊല്ലുമെന്ന് ഭീഷണി; പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍


കോട്ടയം: പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശി രഞ്ജിത് രജോയാറിനെ(28) ആണ് പൊലീസ് അറസ്റ്റു ചെയ്തത്. രണ്ടു വയസുള്ള സഹോദരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്.

പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പണിക്കുപോയ സമയത്ത് ഇയാള്‍ വീട്ടിലെത്തുകയും ഏട്ടു വയസുള്ള സഹോദരനെ സമീപമുള്ള കടയില്‍ ജ്യൂസ് വാങ്ങാന്‍ പറഞ്ഞയക്കുകയും ചെയ്തു. സഹോദരന്‍ പോയതിനു പിന്നാലെ കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. കുട്ടി ബഹളം ഉണ്ടാക്കിയതോടെ ഉറങ്ങിക്കിടന്ന രണ്ടു വയസുള്ള സഹോദരന്റെ കഴുത്തില്‍ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കി. സംഭവം പുറത്തറിഞ്ഞാല്‍ സഹോദരങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാള്‍ പിന്നീടും പല തവണ കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയിട്ടുണ്ട്. ആറു മാസം മുമ്പാണ് ആദ്യം കുട്ടിയെ പീഡിപ്പിച്ചത്.

ഭീഷണിയെ തുടര്‍ന്ന് പെണ്‍കുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. അടുത്തിടെ ഉണ്ടായ വയറു വേദനയെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിക്കുന്നത്. തുടര്‍ന്നുള്ള പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ഇതോടെ കുട്ടി കാര്യങ്ങള്‍ അമ്മയോട് തുറന്നു പറഞ്ഞു. ഇതിനു പിന്നാലെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണം ആരംഭിച്ചതോടെ പ്രതി നാടുവിട്ടു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. പാലാ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍