'ലീഗ് മുന്നണി വിട്ടാലും യുഡിഎഫിന് ഒന്നും സംഭവിക്കില്ല'; ഒപ്പം ചേരാന്‍ മറ്റ് പാര്‍ട്ടികള്‍ ഉണ്ടെന്ന് സുധാകരന്‍


തിരുവനന്തപുരം: മുസ്ലീം ലീഗ് മുന്നണി വിട്ടാലും യുഡിഎഫിന് ഒന്നും സംഭവിക്കില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ലീഗ് യുഡിഎഫിന്റെ ഒരു പ്രധാന ഘടകമാണ്. എന്നാല്‍ മുസ്ലീം ലീഗ് ഇല്ലാതെ കോണ്‍ഗ്രസോ യുഡിഎഫോ ഇല്ലെന്ന് അതിനര്‍ത്ഥമില്ല. തങ്ങളോടൊപ്പം ചേരാന്‍ താല്‍പര്യമുള്ള മറ്റ് പാര്‍ട്ടികള്‍ ഉണ്ടെന്നും കെ സുധാകരന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പി കെ കുഞ്ഞാലിക്കുട്ടിയുടെ തലയ്ക്ക് മുകളില്‍ ഡെമോക്ലസിന്റെ വാള്‍ തൂങ്ങികിടയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ മൗനത്തിന് കാരണം. എന്നാല്‍ ഇതിന് മുന്നണി മാറുമെന്ന അര്‍ത്ഥമില്ല. അദ്ദേഹത്തിനെയും കൂടെയുള്ളവരെയും തനിക്ക് വ്യക്തിപരമായി അറിയാമെന്നും കെ സുധാകരന്‍ പറഞ്ഞു.

അതേസമയം വിവാദമായ തെക്ക് വടക്ക് പരാമര്‍ശത്തില്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ ഖേദം പ്രകടിപ്പിച്ചു. ഒരു നാടന്‍ കഥ പറയുക മാത്രമാണ് ചെയ്തതെന്നും, ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു. ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ആ വാക്കുകള്‍ പിന്‍വലിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

'അഭിമുഖത്തിനിടെ പറഞ്ഞ തെക്കന്‍ കേരളത്തിന്റെ കഥ മലബാറിലുള്ള ഒരു പഴയ കഥയാണ്. എല്ലാവരും പറയുന്ന കഥയാണ്, അത് ആവര്‍ത്തിച്ചു എന്ന് മാത്രം. അതിന് പിന്നില്‍ ആരെയെങ്കിലും മോശക്കാരാക്കാനോ തെക്ക് വടക്ക് വേര്‍തിരിക്കാനോ യാതൊരു ഉദ്ദേശവും ഇല്ല. ആരുടെയും വികാരത്തെ വ്രണപ്പെടുത്താന്‍ ലക്ഷ്യം വെച്ച് പറഞ്ഞതല്ല. ഒരു നാടന്‍ കഥ പറയുക മാത്രമാണ് ചെയ്തത്. അതിന് പിന്നില്‍ വേറെ ഒരു ഉദ്ദേശവും ഇല്ല. ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നു', സുധാകരന്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍