സ്‌കൂൾവിട്ടാൽ മാനാഞ്ചിറയിൽ; രാത്രി പുറത്തിറങ്ങും,എം.ഡി.എം.എ-യും കഞ്ചാവും വലിച്ച് മോഷണം


കോഴിക്കോട്: മയക്കുമരുന്ന് ഉപയോഗിക്കാനായി വാഹനമോഷണവും ക്ഷേത്രക്കവർച്ചയും പതിവാക്കിയ വിദ്യാർഥികൾ ഉൾപ്പെട്ട അഞ്ചംഗ സംഘം പിടിയിൽ. ഇതിൽ ഒരാൾക്ക് മാത്രമാണ് പ്രായപൂർത്തിയായത്. മറ്റ് നാലുപേരും വിദ്യാർഥികളാണ്. വെള്ളയിൽ, നാലുകുടിപ്പറമ്പ് ഷാഹിദ് അഫ്രീദിയാണ് (18) പ്രായപൂർത്തിയായ സംഘാംഗം. ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കൊയിലാണ്ടി തിരുവങ്ങൂരിലെ ക്ഷേത്രപാലൻ കോട്ട അമ്പലത്തിൽ മോഷണം നടത്തിയത് തങ്ങളാണെന്ന് ഇവർ പോലീസിന് മൊഴി നൽകി. തിക്കോടി ടൗണിലെ കടകളിലും സംഘം മോഷണം നടത്തിയിട്ടുണ്ട്. കൂടാതെ ബാലുശ്ശേരി, ഫറോക്ക്, നടക്കാവ്, വെള്ളയിൽ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിൽ വീടുകളിൽ നിർത്തിയിട്ട ഇരുചക്രവാഹനങ്ങൾ രാത്രി മോഷണം നടത്തിയതും സംഘമാണെന്ന് വ്യക്തമായി.

വാഹനങ്ങളുടെ ബാറ്ററികൾ മോഷ്ടിച്ച് വിൽക്കുന്ന പതിവും ഇവർക്കുണ്ട്. മോഷ്ടിച്ച് കിട്ടുന്ന പണം മയക്കുമരുന്ന് ഉപയോഗത്തിനുവേണ്ടിയാണ് ചെലവഴിക്കുന്നത്. കൂടുതൽ പണം കിട്ടിയാൽ ഗോവയിലേക്ക് പോവുകയാണ് രീതി.

സബ് ഇൻസ്പെക്ടർമാരായ എസ്.ബി. കൈലാസ് നാഥ്, കിരൺ ശശിധർ, ബാബു പുതുശ്ശേരി, എ.എസ്.ഐ ശശികുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.വി. ശ്രീകാന്ത്, സി. ഹരീഷ് കുമാർ, പി.എം. ലെനീഷ്, വി.ടി. ജിത്തു, ശ്രീജേഷ് പൂതേരി എന്നിവർ ഉൾപ്പെട്ട പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ അച്ഛനമ്മമാരെ വിളിച്ചുവരുത്തി മുന്നറിയിപ്പ് നൽകി വിട്ടയച്ചു.

കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഷാഹിദിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് അയച്ചു.


വിദ്യാർഥികൾ രാത്രി വീട്ടിൽ നിന്നിറങ്ങുന്നത് രക്ഷിതാക്കൾപോലും അറിയുന്നില്ല

കോഴിക്കോട്: ഒട്ടേറെ മോഷണക്കേസുകളിൽ പ്രതികളായ വിദ്യാർഥികൾ ഉൾപ്പെടെയുള്ള അഞ്ചംഗസംഘം പിടിയിലായപ്പോൾ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. നടക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇരുചക്ര വാഹനമോഷണം പതിവായപ്പോഴാണ് തുമ്പുതേടി പോലീസ് സംഘം ഇറങ്ങിയത്. പലയിടത്തുനിന്നും ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് പ്രതികൾ കുട്ടികളാണെന്ന് മനസ്സിലായി. തുടർന്ന് ദിവസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കും നിരീക്ഷണത്തിനും ശേഷമാണ് അഞ്ചംഗസംഘം പിടിയിലാകുന്നത്.

പിടിയിലായ സംഘത്തിലെ നാലുപേരും നഗരത്തിലെ സ്കൂളുകളിലെ വിദ്യാർഥികളാണ്. ഇവർക്കുപുറമേ പന്ത്രണ്ടോളം വിദ്യാർഥികൾ കൂടി ഇവരുമായി അടുത്തബന്ധം പുലർത്തുന്നുണ്ട്. സ്കൂൾവിട്ടാൽ വൈകുന്നേരങ്ങളിൽ മാനാഞ്ചിറ പാർക്കിലാണിവർ ഒത്തുകൂടുക. തുടർന്ന് മാനാഞ്ചിറയിലും ബീച്ചിലും കറങ്ങിനടന്ന് ഹോട്ടലുകളിൽനിന്ന് ഭക്ഷണം കഴിച്ച് വീടുകളിൽ പോകും. രാത്രി വീട്ടുകാർ ഉറങ്ങിക്കഴിഞ്ഞാൽ ഒരുമണിയോടെ ആരും അറിയാതെ വീട്ടിൽ നിന്നിറങ്ങി മോഷണം നടത്തും. മോഷണത്തിനിറങ്ങും മുമ്പ് മയക്കുമരുന്നും ഉപയോഗിക്കും. എം.ഡി.എം.എ., കഞ്ചാവ് എന്നിവയാണ് കൂടുതലായി ഉപയോഗിക്കുന്നത്.

സ്കൂട്ടറുകൾ മാത്രമാണ് ഇവർ മോഷ്ടിക്കുന്നത്. ബൈക്ക് ഓടിക്കാൻ പലർക്കും അറിയില്ല. ഇത് വയർ ഉപയോഗിച്ച് കണക്ഷൻ കൊടുത്ത് സ്റ്റാർട്ടാക്കുകയാണ് ചെയ്യുന്നത്. കുട്ടികളെല്ലാം പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ്. യൂണിഫോമിൽ ചിലരെ കണ്ടതോടെയാണ് മോഷണങ്ങളിൽ വിദ്യാർഥികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസിന് മനസ്സിലായത്.

മോഷ്ടിച്ച സ്കൂട്ടറുകൾ 5000 മുതൽ 10,000 വരെ രൂപയ്ക്കാണ് വിൽക്കുക. അമ്പലങ്ങളിൽനിന്ന് മോഷ്ടിക്കുന്ന പിച്ചള, ഓട് സാധനങ്ങൾ ആക്രിക്കടകളിൽ വിൽക്കും.

നിർത്തിയിട്ട ഓട്ടോകളുടെ ബാറ്ററികൾ ഇവർ വ്യാപകമായി മോഷ്ടിച്ചു വിൽപ്പന നടത്തിയിട്ടുണ്ട്. ഫോണെടുക്കാതെയാണ് മോഷണത്തിനിറങ്ങുക. ഫോൺ ഉപയോഗിക്കുകയാണെങ്കിൽ ഇൻസ്റ്റഗ്രാം മെസേജുകൾ വഴി മാത്രമാണ് ആശയവിനിമയം. വീടുകളിൽ അലക്കിയിടുന്ന ഡ്രസ്സുകളും ഷൂസുകളും മോഷ്ടിക്കുന്ന പതിവുമുണ്ട്. ഡ്രസ്സുകൾ എല്ലാവരും മാറ്റിയിടുന്നതാണ് രീതി.

നഗരത്തിലെ ചില സ്കൂൾപരിസരങ്ങളിൽ കറങ്ങി നടക്കുന്ന കുട്ടികളെ പിടികൂടി ചോദ്യം ചെയ്തപ്പോൾ ഇവർ പല സ്കൂളുകളിൽനിന്ന് വരുന്നവരാണെന്നാണ് പോലീസിന് അറിയാൻ കഴിഞ്ഞത്. എന്നാൽ ഈ കുട്ടികൾ തമ്മിലെല്ലാം അടുത്ത ബന്ധമുണ്ടെന്നും പോലീസ് പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍