ഉഷ സ്‌കൂളില്‍ അസിസ്റ്റന്റ് കോച്ചിനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം ആദ്യം കണ്ടത് വിദ്യാര്‍ത്ഥികള്‍
കോഴിക്കോട്: പി.ടി. ഉഷ എം.പിയുടെ നേതൃത്വത്തിലുള്ള ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ അസിസ്റ്റന്റ് കോച്ചിനെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിയായ ജയന്തി എന്ന യുവതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
22 വയസുകാരിയായ ജയന്തിയെ ഹോസ്റ്റല്‍ മുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ അക്കാദമിയിലെ കുട്ടികളാണ് ആദ്യം മൃതദേഹം കണ്ടത്.
പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണം നടന്നിട്ടുള്ളതെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. എന്നാല്‍ മറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളു.
മരണകാരണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും നിലവില്‍ ലഭ്യമായിട്ടില്ല. ബാലുശ്ശേരി പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
ഏകദേശം രണ്ട് വര്‍ഷം മുമ്പാണ് ജയന്തി ഉഷ സ്‌കൂളിലെത്തുന്നത്. സഹ പരിശീലകയായി തന്നെയായിരുന്നു ഇത്രയും നാള്‍ ജയന്തി ജോലി ചെയ്തത്. ഇവര്‍ക്ക് കീഴില്‍ പരിശീലനം നേടിയ നിരവധി വിദ്യാര്‍ത്ഥികള്‍ സംസ്ഥാന-ദേശീയ തലങ്ങളില്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം ഉഷ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളും പരിശീലകരും കടുത്ത മാനസിക സമ്മര്‍ദം നേരിടുന്നതായി നേരത്തെ ആരോപണങ്ങളുയര്‍ന്നിരുന്നു. ഈ മരണത്തിന് പിന്നാലെ ഒരുപക്ഷെ ഈ ആരോപണങ്ങളെ കുറിച്ചും അന്വേഷണം നടന്നേക്കാം.
കോഴിക്കോട് കിനാലൂരിലാണ് ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് പ്രവര്‍ത്തിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍