ഉടമയ്ക്ക് 29,000-വും 16-കാരന് 5000-വും പിഴ; അപകടകരമായി ബൈക്ക് യാത്ര നടത്തിയ വിദ്യാർഥി പിടിയിൽ.


ന്യൂമാഹി : ബൈക്കിൽ കൂട്ടുകാരനൊപ്പം ചെത്തിപ്പറന്ന 16കാരനായ വിദ്യാർഥി പിടിയിലായി. അയൽക്കാരന്റെ ബൈക്കിലാണ് വിദ്യാർഥി ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ പാറാൽ-ചെമ്പ്ര റോഡിലൂടെ കുതിച്ചത്. വാഹനപരിശോധനയ്ക്കിറങ്ങിയ ന്യൂമാഹി പ്രിൻസിപ്പൽ എസ്.ഐ. മഹേഷ് കണ്ടമ്പേത്താണ് അപകടകരമായ രീതിയിൽ ബൈക്കോടിച്ച ഇരുവരെയും തടഞ്ഞ്‌ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തപ്പോഴാണ് റോഡിലിറക്കാൻ പാകത്തിലുള്ളതല്ല വാഹനമെന്ന് തിരിച്ചറിഞ്ഞത്.

രണ്ട് വർഷമായി ഇൻഷുറൻസ് പുതുക്കിയിട്ടില്ലാത്തതും പുക പരിശോധന സർട്ടിഫിക്കറ്റ് അനുമതി ഇല്ലാത്തതുമായ ബൈക്കിലാണ് വിദ്യാർഥികൾ അമിതവേഗത്തിൽ അപകടകരമായ രീതിയിൽ യാത്ര ചെയ്തത്. മാക്കൂട്ടം പുന്നോലിലെ ഹസീനാസിൽ മുഹമ്മദ് റിയാസിന്റേതായിരുന്നു ബൈക്ക്.

ഇത് കസ്റ്റഡിയിലെടുത്ത പോലീസ് ആർ.സി. ഉടമയായ റിയാസിന് ഡ്രൈവിങ് ലൈസൻസ് പ്രായമെത്താത്ത കുട്ടിക്ക് ബൈക്ക് വിട്ടുനൽകിയതിന് 25,000 രൂപ പിഴയിട്ടു. രണ്ട് നിയമലംഘനങ്ങൾക്കുംകൂടി 4000 രൂപ വേറെയും പിഴ ചുമത്തി. ലൈസൻസില്ലാതെ പൊതുറോഡിലൂടെ വാഹനം ഓടിച്ച വിദ്യാർഥിക്ക് 5000 രൂപയും പിഴയിട്ടു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍