കോഴിക്കോട് ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ചതില്‍ നീതി ലഭിക്കാതെ യുവതിയും കുടംബവും. ആരോഗ്യമന്ത്രി നിയോഗിച്ച കമ്മിറ്റി അന്വേഷണം നടത്തി രണ്ടാഴ്ച കഴിഞ്ഞെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് സമര്‍ച്ചിട്ടില്ല.

ഒക്ടോബര്‍ 21 നാണ് ആരോഗ്യമന്ത്രി ചുമതലപ്പെടുത്തിയ പ്രത്യേകസംഘം അന്വേഷണം തുടങ്ങിയത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷ്യല്‍ ഓഫീസര്‍ ഡോക്ടര്‍ അബ്ദുല്‍ റഷീദിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിനായിരുന്നു ചുമതല. ഇതിന്റെ ഭാഗമായി പരാതിക്കാരിയായ ഹര്‍ഷിനയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി, ചികില്‍സയുടെ വിവരങ്ങളും ശേഖരിച്ചു. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.

അതേസമയം ഹര്‍ഷിനയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ ഉപകരണമല്ലെന്നായിരുന്നു മെഡിക്കല്‍ കോളജ് ആഭ്യന്തര അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. 2017 ലാണ് മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. ശസ്ത്രക്രിയക്ക് ശേഷം ശാരീരിക അസ്വസ്തത വര്‍ധിച്ചപ്പോള്‍ നടത്തിയ സ്കാനിങ്ങിലാണ് വയറ്റില്‍ കത്രിക കുടുങ്ങിയ വിവരം അറിയുന്നത്. മൂത്രസഞ്ചിയില്‍ കുത്തി നില്‍ക്കുന്ന തരത്തിലായിരുന്നു കത്രിക. കഴിഞ്ഞ സെപ്റ്റംബറില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലാണ് കത്രിക പുറത്തെടുത്തത്.