താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾ കേടായതിനെ തുടർന്ന് ഗതാഗതക്കുരുക്ക് രൂക്ഷം. ഇന്ന് രാവിലെ ഏഴ് മണി മുതൽ ചുരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. അഞ്ച്, ഏഴ് വളവുകളിൽ ബസ്സ് കുടുങ്ങി. അഞ്ചാം വളവിൽ സ്വകാര്യ ബസ്സും ഏഴാം വളവിൽ കെ എസ് ആർ ടി സി യുടെ വോൾവോയുമാണ് കുടങ്ങിയത്. 

ഇവിടെ വൺവെ അടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തി വിട്ടെങ്കിലും മിനിറ്റുകൾക്കകം വാഹനങ്ങളുടെ നിര പ്രത്യക്ഷപ്പെട്ടു. രണ്ട് വാഹനങ്ങളും പിന്നീട് നീക്കം ചെയ്തു.
ലോറി, പിക്കപ്പ് എന്നിവയും വിവിധ സ്ഥലങ്ങളിൽ കേടായി. അവധി ആഘോഷത്തിനിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കൂടിയതിനാൽ രാവിലെ മുതൽ കുരുക്ക് രൂക്ഷമാണ്. പോലീസും ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മുഹമ്മദ് എരഞ്ഞോണ, സെക്രട്ടറി ഷൗക്കത്ത് എലിക്കാട് എന്നിവരുടെ നേതൃത്വത്തിൽ വളണ്ടിയർമാരും ഗതാഗതം നിയന്ത്രിക്കാൻ രംഗത്തുണ്ട്.