മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ ബിഹാര്‍ സ്വദേശി മരിച്ചു;
മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ ആൾക്കൂട്ടത്തിന്റെ മർദനമേറ്റ് ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. ബിഹാർ സ്വദേശി രാജേഷ് മാഞ്ചി(36)യാണ് കൊല്ലപ്പെട്ടത്. ശനിയാഴ്‌ച പുലർച്ചെ ഒരു മണിയോടെ കിഴിശ്ശേരി-തവനൂർ റോഡിൽ ഒന്നാംമൈലിലാണ് സംഭവം.
സംശയാസ്‌പദമായ സാഹചര്യത്തിൽ റോഡരികിലെ വീട്ടുപരിസരത്തുനിന്ന യുവാവിനെ നാട്ടുകാർ പിടികൂടുകയായിരുന്നു. മോഷ്‌ടിക്കാനെത്തിയതാണെന്നാരോപിച്ച ആൾക്കൂട്ടം ചോദ്യംചെയ്യുകയും മർദിക്കുകയും ചെയ്തതായാണു നിലവിൽ ലഭ്യമാകുന്ന വിവരം.
നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പുലർച്ചെ മൂന്നരയോടെ സ്ഥലത്തെത്തിയ കൊണ്ടോട്ടി പോലീസ് റോഡരികിൽ ഗുരുതരമായ പരിക്കുകളോടെ കിടന്നിരുന്ന രാജേഷിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശരീരത്തിനകത്തും പുറത്തുമേറ്റ പരിക്കുകളാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വെള്ളിയാഴ്‌ചയാണ് രാജേഷ് കിഴിശ്ശേരി ഒന്നാംമൈലിലെത്തി വാടക ക്വാർട്ടേഴ്സിൽ താമസമാക്കിയത്. ഇവിടെയുള്ള കോഴിത്തീറ്റ ഫാമിൽ ജോലിക്കുവന്നതായിരുന്നു ഇദ്ദേഹം. ഈ ക്വാർട്ടേഴ്സിന്റെ നൂറുമീറ്റർ അകലെയുള്ള വീട്ടുപരിസരത്താണ് രാജേഷിനെ സംശയാസ്‌പദമായി കണ്ടത്.
എന്നാൽ ഇയാൾ ഒരു വീടിന്റെ സൺഷേഡിനു മുകളിൽനിന്നു വീഴുകയായിരുന്നെന്നും ശബ്ദംകേട്ട് പ്രദേശവാസികളെത്തി പിടികൂടുകയുമായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ ഒന്‍പത് പേര്‍ പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
