തോട്ടിൽ നിന്ന് മീൻപിടിച്ചാൽ അകത്താകുമോ? പ്രചരിക്കുന്ന വാർത്തയുടെ വാസ്തവം ഇതാണ്
കോഴിക്കോട്: കാലവർഷം ശക്തമാകുമ്പോൾ ചിലർ മീൻപിടിക്കാനിറങ്ങും. എന്നാൽ മീൻപിടുത്തം നിരോധിച്ചു എന്ന തരത്തിലൊരു പ്രചാരണം സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമാകുകയാണ്. കേരളത്തിലെ വയലുകളിലും തോടുകളിലും മീൻ പിടിച്ചാൽ 15,000 രൂപ പിഴയും ആറു മാസം തടവും ലഭിക്കുമെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ ഈ പ്രചാരണം പൂർണ്ണമായും ശരിയല്ലെന്ന് അധികൃതർ
വ്യക്തമാക്കുന്നു. കേരളത്തിൽ മഴക്കാലത്തെ ഊത്തപിടുത്തതിന് മാത്രമേ നിയന്ത്രണങ്ങളുള്ളൂ. പുതുമഴയത്ത് മീനുകൾ വലിയ ജലാശയങ്ങളിൽ നിന്നും പ്രജനനത്തിനായി തോട്ടിലേക്കും വയലിലേക്കും കയറി വരുന്നതിനെയാണ് ഊത്ത എന്ന് വിളിക്കുന്നത്. ഇത്തരത്തിൽ മഴക്കാലത്ത് വരുന്ന മീനുകളെ ചെറിയ കണ്ണികളുള്ള വലകൾ, കൂടുകൾ മറ്റു രീതികളിലുള്ള കെണികൾ എന്നിവ ഉപയോഗിച്ച് കൂട്ടത്തോടെ പിടിക്കാറുണ്ട്. ഇത് കേരള അക്വാകൾച്ചർ ആന്റ് ഇൻലാൻഡ് ഫിഷറീസ് ആക്ട് 2010 പ്രകാരം നിയമവിരുദ്ധമാണ്.
വയർ നിറച്ച് മുട്ടകളുമായി വരുന്നതിനാൽ ഈ മീനുകൾക്ക് കെണികളിൽ നിന്നു രക്ഷപ്പെടാൻ സാധിക്കില്ല. മുട്ടയിടാൻ എത്തുന്ന മീനുകളെ കൂട്ടത്തോടെ പിടിക്കുന്നത് അവയുടെ വംശനാശത്തിന് തന്നെ കാരണമാകും. കേരള അക്വാകൾച്ചർ ആൻഡ് ഇൻലാൻഡ് ഫിഷറീസ് ആക്ട് 2010 ചട്ടത്തിലെ അധ്യായം നാല്, ക്ളോസ് ആറ്, സബ് ക്ലോസ് മൂന്ന്, നാല്, അഞ്ച് പ്രകാരമാരമാണ് നിരോധിച്ചിരിക്കുന്നത്. ഇത് ലംഘിക്കുന്നവർക്ക് 15,000 രൂപ പിഴയും ആറ് മാസം തടവും ലഭിക്കും.
