പനിക്കും ജലദോഷത്തിനും അലർജിക്കും ഉപയോഗിച്ചിരുന്ന 156 കോമ്പിനേഷൻ മരുന്നുകൾ കേന്ദ്രം നിരോധിച്ചു
പനിക്കും ജലദോഷത്തിനും അലർജിക്കുമൊക്കെയായി രാജ്യമാകെ വ്യാപകമായി വിറ്റഴിച്ചിരുന്ന 156 നിശ്ചിത ഡോസ് കോമ്പിനേഷൻ (എഫ്‌ഡിസി മരുന്നുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. മനുഷ്യശരീരത്തിന് കൂടുതൽ ദോഷകരമെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഇത്. രണ്ടോ അതിലധികമോ മരുന്നുകൾ നിശ്ചിത അളവിൽ കൂട്ടിച്ചേർത്ത് തയ്യാറാക്കുന്നതാണ് ഈ മരുന്നുകൾ. കോക്ടെയ്ൽ ഡ്രെഗ്സ് എന്നും ഇവ അറിയപ്പെടാറുണ്ട്.
അസെക്ലോഫെനാക് 50 മില്ലിഗ്രാം + പാരസെറ്റമോൾ 125 മില്ലിഗ്രാം ടാബ്‌ലെറ്റ്’, മെഫെനാമിക് ആസിഡ് + പാരസെറ്റമോൾ കുത്തിവയ്പ്പ്, സെറ്റിറൈസിൻ എച്ച്സിഎൽ + പാരസെറ്റമോൾ + ഫെനൈലെഫ്രിൻ എച്ച്സിഎൽ, ലെവോസെറ്റിറൈൻ + പാരസെറ്റമോൾ, പാരസെറ്റമോൾ + ക്ലോർഫെനിറാമൈൻ മലീറ്റ് + ഫിനൈൽ പ്രൊപനോലമൈൻ, കാമിലോഫിൻ ഡൈഹൈഡ്രോക്ലോറൈഡ് 25 മില്ലിഗ്രാം + പാരസെറ്റമോൾ 300 മില്ലിഗ്രാം എന്നീ കോമ്പിനേഷൻ മരുന്നുകളാണ് നിരോധിച്ചത്.
പാരസെറ്റമോൾ, ട്രമാഡോൾ, ടോറിൻ, കഫീൻ എന്നീ മരുന്നുകൾ സംയോജിപ്പിക്കുന്നതും നിർത്തലാക്കിയിട്ടുണ്ട്. 1940-ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമത്തിലെ 26ാം വകുപ്പ് പ്രകാരമാണ് നടപടി. കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകൾ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
