കുടഞ്ഞിയിൽ ബീഫ് സ്റ്റാളുകളിൽ പരിശോധന; പോത്തിറച്ചിക്ക് പകരം കാളയിറച്ചി വിൽക്കുന്നതായി പരാതി
തിരുവമ്പാടി: പോത്തിറച്ചിക്ക് പകരം കാളയിറച്ചി വിൽക്കുന്നതായുള്ള പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് സംഘവും ചേർന്ന് കോഴിക്കോട് കൂടരഞ്ഞിയിലെ ബീഫ് സ്റ്റാളുകളിൽ പരിശോധന നടത്തി. കൂടരഞ്ഞി അങ്ങാടിയിലെയും കരിങ്കുറ്റിയിലെയും മാംസവിൽപ്പന കേന്ദ്രങ്ങളിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
നാട്ടുക്കാർ നൽകിയ പരാതിയിൽ വ്യക്തത വരുത്തുന്നതിനായാണ് കൂട്ടായ പരിശോധന. കൂടരഞ്ഞി ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന പ്രത്യേക സംഘം ഹെൽത്ത് ഇൻസ്പെക്ടർ സി. രാജീവന്റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്.
പരിശോധനയ്ക്കിടെ സ്റ്റാളുകളിൽ ഏത് മാംസമാണ് വില്‍ക്കുന്നതെന്ന് പ്രത്യേകം പ്രദര്‍ശിപ്പിക്കണമെന്ന് ഉടമകള്‍ക്ക് നിര്‍ദേശം നൽകിയതായി അധികൃതർ വ്യക്തമാക്കി. മാത്രമല്ല, ശുചിത്വം പാലിക്കാത്തതും ലൈസൻസ് ഇല്ലാതെയും പ്രവർത്തിക്കുന്ന കടകൾ അടച്ചുപൂട്ടാനും നിർദേശം നൽകിയിട്ടുണ്ട്.
കുടുംബശ്രീയുടെയും നാട്ടുകാരുടെയും സംശയങ്ങൾക്കൊപ്പം, പൊതുജനാരോഗ്യം ഉറപ്പാക്കാനുള്ളതാണ് ഈ നടപടികൾ. അനധികൃതമായി മാംസം, മത്സ്യങ്ങൾ എന്നിവ വിൽക്കുന്ന കടകളിൽ പരിശോധന തുടരുമെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് വ്യക്തമാക്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍