പ്രഭാത വാർത്തകൾ
2025 ഏപ്രിൽ 29 ചൊവ്വ
1200 മേടം 16 കാർത്തിക
1446 ദുൽഖഅദ് 01
◾ ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ സിനിമാ നടന്‍മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെയും മോഡല്‍ കെ.സൗമ്യയെയും എക്സൈസ് ചോദ്യം ചെയ്ത് വിട്ടയച്ചു. പത്ത് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. ഈ കേസില്‍ നേരത്തെ പിടിക്കപ്പെട്ട തസ്ലിമയുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താനാണ് എക്സൈസ് മൂവരെയും വിളിപ്പിച്ചത്. എന്നാല്‍ ഇവര്‍ക്ക് ഈ കേസുമായി ബന്ധമില്ലെന്നാണ് എക്സൈസ് നിഗമനം.
◾ ആലപ്പുഴയിലെ വിവാദ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് എക്സൈസിന് മുന്നില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മോഡല്‍ സൗമ്യ. തസ്ലിമയുമായുള്ള സാമ്പത്തിക ഇടപാട് 'റിയല്‍ മീറ്റ്' കമ്മീഷനെന്നാണ് മോഡല്‍ മൊഴി നല്‍കിയതെന്നും ലൈംഗിക ഇടപാടിന് ഇവര്‍ ഉപയോഗിക്കുന്നത് 'റിയല്‍ മീറ്റ്' എന്ന വാക്കാണെന്നും സൗമ്യ ചോദ്യം ചെയ്യലില്‍ സമ്മതിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തസ്ലിമയെ 5 വര്‍ഷമായി അറിയാമെന്ന് മോഡല്‍ ആയ സൗമ്യ വിശദീകരിച്ചു. എന്നാല്‍ 'റിയല്‍മീറ്റ്' എന്നത് എന്താണെന്ന് അറിയില്ലെന്നും അങ്ങനെയൊരു പദം കേട്ടിട്ടില്ലെന്നുമായിരുന്നു സൗമ്യ മാധ്യമങ്ങളോട് പറഞ്ഞത്.
◾ നടന്‍ ഷൈന്‍ ടോം ചാക്കോയെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനമായി. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ലഹരിയില്‍ നിന്നും തനിക്ക് മോചനം വേണമെന്നും നടന്‍ തുറന്നുപറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ലഹരി വിമുക്തകേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനമായത്. അതേസമയം ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ മെഡിക്കല്‍ രേഖകള്‍ ഹാജരാക്കി. ഡി അഡിക്ഷന്‍ സെന്ററിലെ ചികിത്സാ രേഖയാണ് ഹാജരാക്കിയത്. ഷൈന്‍ ടോം ചാക്കോയുടെ അച്ഛനും അമ്മയും എത്തിയാണ് രേഖകള്‍ കൈമാറിയത്. നേരത്തെ ചോദ്യം ചെയ്തപ്പോള്‍ ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയില്‍ ആണെന്ന് ഷൈന്‍ അറിയിച്ചിരുന്നു.
◾ കഞ്ചാവ് കേസില്‍ റാപ്പര്‍ വേടന് ജാമ്യം. ഫ്‌ളാറ്റില്‍നിന്ന് ആറുഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലാണ് വേടനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്. പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് കുറവായതിനാലാണ് സ്റ്റേഷന്‍ജാമ്യം കിട്ടിയത്. വേടനൊപ്പം കേസില്‍ അറസ്റ്റ് ചെയ്ത മ്യൂസിക് ബാന്‍ഡിലെ അംഗങ്ങളായ എട്ടുപേരെയും ജാമ്യത്തില്‍വിട്ടു.
◾ കഞ്ചാവ് കേസില്‍ പിടിയിലായ റാപ്പര്‍ വേടന്റെ കയ്യില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. പരിശോധനയില്‍ പ്രത്യേക തരം കത്തി, മഴു തുടങ്ങിയ ആയുധങ്ങളാണ് പിടിച്ചെടുത്തത്. ഈ സംഭവത്തിലാണ് ആയുധ നിയമപ്രകാരം കേസെടുക്കുന്ന കാര്യം പൊലീസ് പരിഗണിക്കുന്നത്. അതേസമയം, ആയുധങ്ങള്‍ അല്ലെന്നും വിവിധ കലാപരിപാടികളില്‍ ലഭിച്ച സമ്മാനങ്ങളാണെന്നുമാണ് വേടന്‍ പൊലീസിനോട് പറഞ്ഞത്.
◾ കഞ്ചാവ് കേസില്‍ അറസ്റ്റിലായ റാപ്പര്‍ വേടന്റെ ആദ്യ പ്രതികരണം പുറത്ത്. പൊലീസിന്റെ വേട്ടയാടലാണോ എന്ന ചോദ്യത്തിന് 'അല്ല' എന്നായിരുന്നു മാധ്യമങ്ങളോട് വേടന്റെ മറുപടി. തന്നെ ആരും കുടുക്കിയതല്ലെന്നും കേസില്‍ യാതൊരു ഗൂഢാലോചനയുമില്ലെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യ പരിശോധന പൂര്‍ത്തിയാക്കി വേടനെ ഹില്‍ പാലസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
◾ കഞ്ചാവ് കേസില്‍ പിടിയിലായ റാപ്പര്‍ വേടനെതിരെ പുലിപ്പല്ല് മാലയുടെ പേരില്‍ വനം വകുപ്പ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ കോടനാട്ടെ വനം വകുപ്പ് ഓഫീസിലേക്കാണ് കൊണ്ടുപോയ വേടനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തമിഴ്‌നാട്ടിലെ ഒരു ആരാധകനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടന്റെ മൊഴി. എന്നാല്‍ തായ്‌ലന്‍ഡില്‍ നിന്ന് കൊണ്ടുവന്ന പുലിപ്പല്ലാണിതെന്നാണ് വേടന്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുറ്റം തെളിഞ്ഞാല്‍ മൂന്ന് മുതല്‍ 7 വര്‍ഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്നതാണ് കുറ്റം.
◾ വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍. കരുണ്‍ (73) അന്തരിച്ചു. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ 'പിറവി'യിലായിരുന്നു അന്ത്യം.
◾ ദേശീയ, അന്തര്‍ദേശീയതലങ്ങളില്‍ മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭ ആയിരുന്നു ഷാജി എന്‍ കരുണ്‍. 40 ഓളം സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച ഷാജി, പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചു. മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള മലയാളചിത്രമാണ് പിറവി. സ്വം എന്ന ചിത്രം കാന്‍ മേളയിലെ പ്രധാന മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ആദ്യ മലയാള ചലച്ചിത്രമാണ്.
◾ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. പബ്ലിക് സര്‍വെന്റ് എന്ന സംരക്ഷണം നല്‍കാതെയാണ് തനിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും സിബിഐ അന്വേഷണത്തിനുള്ള കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും അപ്പീലില്‍ ആവശ്യപ്പെടുന്നു. ഹര്‍ജിയില്‍ തീരുമാനം എടുക്കും വരെ അന്വേഷണം സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
◾ സുഗമമായ ഗതാഗതസൗകര്യം ഉറപ്പുവരുത്തുന്നതുവരെ പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തിവച്ച് തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. യാത്രക്കാര്‍ക്ക് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാതെ ടോള്‍ പിരിക്കുന്നതിലാണ് ജില്ലാ കളക്ടറുടെ കടുത്ത നടപടി.
◾ കേരള -കര്‍ണാടക അതിര്‍ത്തിയിലെ ബന്ദിപ്പൂര്‍ രാത്രി യാത്ര നിരോധനത്തില്‍ നിലപാട് വ്യക്തമാക്കി കര്‍ണാടക സ്പീക്കര്‍ യുടി ഖാദര്‍. ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള രാത്രി യാത്ര നിരോധനം ഉടന്‍ നീക്കാനാവില്ലെന്ന് കര്‍ണാടക സ്പീക്കര്‍ യുടി ഖാദര്‍ വ്യക്തമാക്കി.
◾ പികെ ശ്രീമതി ടീച്ചര്‍ക്ക് പാര്‍ട്ടിയില്‍ യാതൊരു വിലക്കും ഉണ്ടായിട്ടില്ലെന്ന് ടീച്ചര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അത്തരമൊരു കാര്യം നടന്നിട്ടില്ലെന്നും സിപിഎം നേതാവ് കെകെ ശൈലജ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും ആര്‍ക്കും വിരമിക്കലില്ലെന്നും സജീവമായി പ്രവര്‍ത്തിക്കുന്ന നേതാവാണ് പികെ ശ്രീമതിയെന്നും കെകെ ശൈലജ പറഞ്ഞു
◾ മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും കോളറ പകരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരത്ത് മരണമടഞ്ഞ ഒരാള്‍ക്ക് കോളറ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു.
◾ തനിക്കെതിരായ വ്യാജ ലഹരികേസിലെ മുഖ്യപ്രതി നാരായണ ദാസിനെ പിടികൂടിയതില്‍ സന്തോഷമുണ്ടെന്ന് ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി. ബെംഗളൂരുവില്‍ നിന്നാണ് വ്യാജലഹരി കേസിലെ മുഖ്യപ്രതിയായ നാരായണ ദാസിനെ അന്വേഷണ സംഘം ഇന്നലെ പിടികൂടിയത്. വ്യാജ ലഹരിക്കേസ് അന്വേഷിക്കുന്നതിനായി ഹൈക്കോടതി നിര്‍ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
◾ വ്യാജ ലഹരി കേസിലെ മുഖ്യപ്രതി നാരായണദാസ് പൊലീസ് കസ്റ്റഡിയിലായതോടെ അന്വേഷണത്തില്‍ പുരോഗതി പ്രതീക്ഷിച്ച് ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണി. അറസ്റ്റില്‍ സന്തോഷം പ്രകടിപ്പിച്ച ഷീലാ സണ്ണി തന്റെ ബാഗിലും സ്‌കൂട്ടറിലും വ്യാജ ലഹരി വസ്തു വച്ചതിന് പിന്നില്‍ മരുമകളും അവരുടെ സഹോദരിയും ആണെന്ന് പറഞ്ഞു. നാരായണ ദാസിനെ ചോദ്യം ചെയ്യുന്നതിലൂടെ വ്യാജ ലഹരി വസ്തുക്കള്‍ ഷീലാ സണ്ണിയുടെ സ്‌കൂട്ടറിലും ബാഗിലും ആര് വച്ചു എന്നത് വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
◾ പാലക്കാട് ഷൊര്‍ണൂരില്‍ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളായ മൂന്ന് പേരെ കണ്ടെത്തി.കൂനത്തറ സ്വദേശിനികളായ മൂന്നുപേരെയാണ് കോയമ്പത്തൂരില്‍ നിന്നും കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതലായിരുന്നു ഇവരെ കാണാതായത്. മൂന്ന് കുട്ടികളും സുരക്ഷിതരെന്ന് പൊലീസ് അറിയിച്ചു. ചെറുതുരുത്തി പൊലീസാണ് കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും കുട്ടികളെ കണ്ടെത്തിയത്. ഇവരുമായി കേരളത്തിലേക്ക് തിരിച്ചെന്നും പൊലീസ് അറിയിച്ചു.
◾ കൊല്ലം പൂയപ്പള്ളിയില്‍ ഭാര്യയെ സ്ത്രീധനത്തിന്റെ പേരില്‍ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം. കരുനാഗപ്പള്ളി സ്വദേശിനി തുഷാരയുടെ മരണത്തില്‍ ഭര്‍ത്താവ് ചന്തുലാലും അമ്മ ഗീത ലാലിയുമാണ് കൊല്ലം അഡീഷണല്‍ ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ വീതം പിഴയും പ്രതികള്‍ അടക്കണം.
◾ കൊല്ലം പൂയപ്പള്ളിയില്‍ തുഷാര കൊലക്കേസ് വിധിയില്‍ തൃപ്തിയുണ്ടെന്ന് തുഷാരയുടെ കുടുംബം. വിധിയെ സ്വാഗതം ചെയ്തെങ്കിലും മകള്‍ നേരിട്ട വേദനയ്ക്ക് ഒന്നും പകരമാകില്ലെന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം. സ്ത്രീധനത്തിന്റെ പേരില്‍ തുഷാരയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ചന്തുലാലിനും ഭര്‍തൃമാതാവ് ഗീതാലാലിക്കും കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജീവപര്യന്തം തടവും പിഴയും വിധിച്ചത്.
◾ പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാന് മിസൈല്‍ അടക്കമുള്ള സഹായം നല്കാന്‍ ചൈന ഒരുങ്ങുന്നതിനിടെ, ഇന്ത്യക്ക് പിന്തുണ ആവര്‍ത്തിച്ച് അമേരിക്ക. പഹല്‍ഗാം ആക്രമണത്തില്‍ ഇന്ത്യയുടെ കൂടെ നില്‍ക്കുന്നുവെന്ന് അമേരിക്ക വ്യക്തമാക്കി. യുഎസ് ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുകയും എല്ലാ ഭീകരപ്രവര്‍ത്തനങ്ങളെയും ശക്തമായി അപലപിക്കുകയും ചെയ്യുന്നുവെന്ന്, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെയും പ്രസ്താവനകള്‍ ആവര്‍ത്തിച്ചുകൊണ്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടാമി ബ്രൂസ് വ്യക്തമാക്കി.
◾ രാജസ്ഥാനില്‍ പരീക്ഷ എഴുതിക്കാതെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയെക്കൊണ്ട് ചിക്കന്‍ മുറിപ്പിച്ച സംഭവത്തില്‍ അധ്യാപകന് സസ്പെന്‍ഷന്‍. പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാര്‍ത്ഥിയെ അത് തുടരാന്‍ സമ്മതിക്കാതെ അധ്യാപകന്‍ മറ്റൊരു അധ്യാപികക്കായി വാങ്ങിയ ചിക്കന്‍ മുറിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
◾ പൊതുവേദിയില്‍ വെച്ച് എഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അടിക്കാന്‍ കയ്യോങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെലഗാവിയിലെ പൊതുപരിപാടിയിലാണ് സിദ്ധരാമയ്യ ഉന്നത പൊലീസുദ്യോഗസ്ഥനോട് മോശമായി പെരുമാറിയത്. സിദ്ധരാമയ്യ പ്രസംഗിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് വേദിക്ക് താഴെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതോടെയായിരുന്നു സംഭവം
◾ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ തഹാവൂര്‍ റാണയുടെ കസ്റ്റഡി 12 ദിവസത്തേക്ക് കൂടി നീട്ടി കോടതി ഉത്തരവിട്ടു. 18 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തില്‍ എന്‍ഐഎ ഇന്നലെ റാണയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്‍ ഐ എയുടെ അപേക്ഷ പ്രകാരമാണ് ദില്ലിയിലെ കോടതി കസ്റ്റഡി കാലാവധി നീട്ടിയത്.
◾ ഫ്രാന്‍സില്‍ നിന്ന് 26 റഫാല്‍ എം യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പിട്ട് ഇന്ത്യ. 63,000 കോടി രൂപയുടെ കരാറിലാണ് ഇന്ത്യയും ഫ്രാന്‍സും ഒപ്പുവച്ചത്. 22 സിംഗിള്‍ സീറ്റര്‍ ജെറ്റുകളും നാല് ട്വിന്‍ സീറ്റര്‍ വിമാനങ്ങളുമാണ് വാങ്ങുന്നത്. 2031ഓടെ മുഴുവന്‍ യുദ്ധ വിമാനങ്ങളും ഇന്ത്യയ്ക്ക് ലഭിക്കും.
◾ അഞ്ച് ദിവസത്തിന് ശേഷവും അതിര്‍ത്തിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ വിട്ടയക്കാതെ പാകിസ്ഥാന്‍. നാല് തവണ ഫ്ളാഗ് മീറ്റിംഗ് നടത്തിയിട്ടും പശ്ചിമ ബംഗാളിലെ ഹൂഗ്ളി സ്വദേശി പൂര്‍ണ്ണം കുമാര്‍ ഷായെ വിട്ടയക്കാന്‍ പാകിസ്ഥാന്‍ തയ്യാറായിട്ടില്ല. അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ബിഎസ്എഫ് ജവാനെ ഇന്ത്യയുടെ തിരിച്ചടി ഒഴിവാക്കാനുള്ള കവചമായി പാകിസ്ഥാന്‍ ഉപയോഗിക്കുന്നു എന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ജവാനെ പാകിസ്ഥാന്‍ പിടിച്ചു വച്ചിരിക്കുന്ന സാഹചര്യം അമിത് ഷാ വിലയിരുത്തി.
◾ 24 മണിക്കൂറും ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കണമെന്ന് ജീവനക്കാരോട് പഞ്ചാബ് സര്‍ക്കാര്‍. 2017ല്‍ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഇറക്കിയതിന് സമാനമായ ഉത്തരവാണ് നിലവിലെ പഞ്ചാബ് മുഖ്യമന്ത്രിയായ ഭഗവന്ത് മന്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഞായറാഴ്ചയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജീവനക്കാര്‍ക്ക് ഓഫീസ് സമയത്തിന് ശേഷവും വാരാന്ത്യത്തിലും അവധി ദിവസങ്ങളിലും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ അനുമതിയില്ല. ഓഫീസ് സമയത്തിന് ശേഷവും വിളിച്ചാല്‍ ഫോണില്‍ ലഭ്യമാകണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
◾ തമിഴ്നാട്ടിലെ കണ്ണകി-മുരുഗേശന്‍ ദുരഭിമാനക്കൊല കേസില്‍ 9 പ്രതികളുടെ ജീവപര്യന്തം തടവ് ശരിവച്ച് സുപ്രീം കോടതി. മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിക്കളഞ്ഞു. 2003 ജൂലൈയില്‍ ആണ് ദളിത് യുവാവ് മുരുഗേശനും വണ്ണിയാര്‍ സമുദായത്തിലുള്‍പ്പെട്ട ഭാര്യ കണ്ണകിയും കൊല്ലപ്പെട്ടത്.
◾ സിന്ധു നദിയിലൂടെ വെള്ളമൊഴുകിയില്ലെങ്കില്‍ ഇന്ത്യക്കാരുടെ രക്തമൊഴുകുമെന്ന് കൊലവിളി നടത്തിയ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോയ്ക്ക് മറുപടിയുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. അമ്മ ബേനസീര്‍ ഭൂട്ടോയെയും മുത്തച്ഛന്‍ സുള്‍ഫിക്കര്‍ അലി ഭൂട്ടോയെയും കൊന്നത് ആരാണെന്ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ഓര്‍മ്മിക്കണമെന്നു പറഞ്ഞ ഒവൈസി തീവ്രവാദമാണ് അവരെ കൊന്നതെന്ന് ഓര്‍മിപ്പിച്ചു.
◾ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ സൈനികനടപടി ഭയന്ന് പാകിസ്താന്‍. ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉടന്‍ ആക്രമണമുണ്ടായേക്കാമെന്നും അതിനാലാണ് തങ്ങളുടെ സൈന്യബലം വര്‍ധിപ്പിച്ചതെന്നും പാക് പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
◾ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് പതിനാല്കാരന്‍ വൈഭവ് സൂര്യവംശിയുടെ മികവില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ടോസ്നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 50 പന്തില്‍ 84 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും 26 പന്തില്‍ പുറത്താവാതെ 50 റണ്‍സെടുത്ത ജോസ് ബട്ലറുടെ മികവില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യവുമായിറങ്ങിയ രാജസ്ഥാന്‍ 38 പന്തില്‍ നിന്ന് 101 റണ്‍സെടുത്ത വൈഭവ് സൂര്യവന്‍ഷിയുടെയും 40 പന്തില്‍ 70 റണ്‍സെടുത്ത് പുറത്താവാതെ നിന്ന യശസ്വി ജയ്സ്വാളിന്റേയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവില്‍ 15.5 ഓവറില്‍ ലക്ഷ്യം മറികടന്നു. ഐപിഎല്ലിലെ ഏറ്റവും വേഗതയാര്‍ന്ന രണ്ടാമത്തെ സെഞ്ചുറി നേടിയ വൈഭവ് ഐപിഎല്ലില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം കൂടെ സ്വന്തമാക്കിയിട്ടുണ്ട്.
◾ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് രാജ്യത്ത് 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നു. പെട്രോകെമിക്കല്‍, ന്യൂ എനര്‍ജി എന്നീ മേഖലകളിലാണ് 75,000 കോടി രൂപ വീതം നിക്ഷേപിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 19,407 കോടി രൂപയുടെ മൊത്തലാഭം നേടിയതിന് പിന്നാലെയാണ് കമ്പനിയുടെ നിര്‍ണായക നീക്കം. 10 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള ഇന്ത്യന്‍ കമ്പനിയായി മാറിയ റിലയന്‍സ് നിക്ഷേപകര്‍ക്ക് ഓഹരിയൊന്നിന് 5.50 രൂപയുടെ ലാഭവിഹിതവും പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ഒരു ഗിഗാവാട്ട് ഹെട്രോജംഗ്ഷന്‍ സോളാര്‍ മൊഡ്യൂള്‍ നിര്‍മാണ യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ച റിലയന്‍സ് അടുത്ത വര്‍ഷത്തോടെ ഇതിന്റെ ശേഷി 10 മെഗാവാട്ടാക്കി ഉയര്‍ത്താനുള്ള പദ്ധതിയിലാണ്. ഇത് കമ്പനിയുടെ നികുതിക്കും ലാഭത്തിനും മുമ്പുള്ള വരുമാനത്തില്‍ 6,000 കോടി രൂപയുടെ അധിക നേട്ടമുണ്ടാക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. അധികം വൈകാതെ തന്നെ 30 ഗിഗാവാട്ട് ശേഷിയുള്ള ബാറ്ററി നിര്‍മാണ യൂണിറ്റ് ആരംഭിക്കും.
◾ തകര്‍പ്പന്‍ ട്രെയിലറിനു തൊട്ടുപിന്നാലെ അതേ മൂഡിലുള്ള ഗാനവുമായി 'ആസാദി' ടീം. ചിത്രത്തിലെ ആദ്യ ഗാനം ലിറിക്കില്‍ വീഡിയോയായി പുറത്തിറക്കി. സോഹ സുക്കുവിന്റെ വരികള്‍ക്ക് വരുണ്‍ ഉണ്ണി സംഗീതം നല്‍കിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് സിയാ ഉള്‍ ഹഖാണ്. മ്യൂസിക്ക് 247 ആണ് പാട്ട് പുറത്തിറക്കിയിട്ടുള്ളത്. ശ്രീനാഥ് ഭാസി, രവീണ രവി, വാണി വിശ്വനാഥ്, ലാല്‍ എന്നിവരാണ് ആസാദിയില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജ നിര്‍മ്മിച്ച് ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകം തന്നെ ട്രെന്റിംഗാണ്. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തില്‍ പ്രേക്ഷകനെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ആസാദി മെയ് 9ന് തീയ്യേറ്ററുകളിലെത്തും. സൈജു കുറുപ്പ്, വിജയകുമാര്‍,ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അഭിറാം, അഭിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്‍, ബോബന്‍ സാമുവല്‍ ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്‌ക്കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര തുടങ്ങിയവരും അഭിനയിക്കുന്നു.
◾ ഷറഫുദ്ദീനെ കേന്ദ്ര കഥാപാത്രമാക്കി മനു സ്വരാജ് സംവിധാനം ചെയ്ത 'പടക്കളം' എന്ന ചിത്രത്തിലെ ഗാനം പുറത്തെത്തി. രാഹുകാലം എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. രാജേഷ് മുരുകേശനാണ് സംഗീതം. ഷാന്‍ റഹ്‌മാനും സുറൂര്‍ മുസ്തഫയും ചേര്‍ന്നാണ് ആലാപനം. സന്ധീപ് പ്രദീപ് ഫ്രാലിമി ഫെയിം), സാഫ് (വാഴ ഫെയിം), അരുണ്‍ അജികുമാര്‍ (ലിറ്റില്‍ ഹാര്‍ട്ട്സ് ഫെയിം), യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരാണ് പ്രധാനമായും ഈ ഗാനരംഗത്തില്‍ പ്രത്യക്ഷരാകുന്ന അഭിനേതാക്കള്‍. നവാഗതനായ മനു സ്വരാജാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സൗഹൃദവും നര്‍മ്മവും പ്രണയവുമൊക്കെ നിലനില്‍ക്കുന്ന ഒരു ക്യാമ്പസ് പടക്കളമാകുന്നതെപ്പോള്‍, ഇതിനുള്ള ഉത്തരം നല്‍കുകയാണ് ഈ സിനിമ. വലിയ മുതല്‍മുടക്കില്‍ അവതരിപ്പിക്കുന്ന ചിത്രവുമാണിത്. അദ്ധ്യാപകരായി ജനപ്രിയ നടന്മാരായ സുരാജ് വെഞ്ഞാറമൂടും ഷറഫുദ്ദീനും മുഴുനീള വേഷങ്ങളിലെത്തുന്നു. ഇഷാന്‍ ഷൗക്കത്ത് (മാര്‍ക്കോ ഫെയിം), പൂജ മോഹന്‍രാജ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
◾ രാജ്യത്തെ ജനപ്രിയ വാഹന ബ്രാന്‍ഡായ മാരുതി സുസുക്കി പുതിയൊരു മിനി എസ്യുവി ഉടന്‍ വിപണിയില്‍ അവതരിപ്പക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വാഹനം മാരുതി സുസുക്കി ഹസ്ലര്‍ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ മോഡല്‍ വാഹന നിര്‍മ്മാതാക്കളുടെ നിരയിലേക്ക് പൂര്‍ണ്ണമായും പുതിയൊരു കൂട്ടിച്ചേര്‍ക്കലായിരിക്കും. ഈ കാര്‍ ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റര്‍ എന്നിവയോട് മത്സരിക്കുകയും ചെയ്യും. ജപ്പാനിലെ കെയ് കാറുകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കാറാണ് ഹസ്ലര്‍. ജാപ്പനീസ് ചെറുകാറുകളുടെ സെഗ്മെന്റാണ് കെയ് കാറുകള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഈ കാര്‍ ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 660 സിസി എഞ്ചിന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് അതിന്റെ നാച്ചുറലി ആസ്പിറേറ്റഡ് പതിപ്പില്‍ 48 എച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്നു. 64 എച്ച്പി പവര്‍ ഔട്ട്പുട്ടുള്ള ഒരു ടര്‍ബോചാര്‍ജ്ഡ് പതിപ്പും ഉണ്ടാകാം.
◾ കവിതയുടെ അജ്ഞാതമായ ഊരിലേക്കുപോകാന്‍ പ്രണയമല്ലാതെ മറ്റെന്താണ് കൂട്ട് ? ഏതോ ജന്മമായിരുന്നു അത്. ചിത്തിയും തങ്കയും കുറ്റിമുല്ലയ്ക്കു തടമെടുക്കുന്ന കൂട്ടുകാരനും അവിടെ ജീവിച്ചു. ഓറഞ്ചുറോസയ്ക്കിടയ്ക്ക് മുള്ളുകള്‍കൊണ്ട് പേടിച്ച് വിടര്‍ന്ന എത്രയോ ഉമ്മകള്‍. അപ്പോള്‍ തന്റെ കാവ്യാത്മാവ് ബന്ദിപ്പൂവയലിലൂടെ അലയുന്നു എന്ന് കവി ഈ കവിതകളിലൂടെ വിളിച്ചു പറയുന്നു. ഏറ്റവും പുതിയ കവിതകളുടെ സമാഹാരം. കേരള സാഹിത്യോല്‍സവം സീരിസ്സില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്ന കൃതി. 'ഊര്ക്ക് പോകലാം കണ്ണേ'. ഷീജ വക്കം. ഡിസി ബുക്സ്. വില 135 രൂപ.
◾ മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും കോളറ പകരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വേനല്‍ക്കാലമായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. കോളറ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ചികിത്സ തേടണം. വയറിളക്കം, ഛര്‍ദ്ദി, പേശിവേദന, നിര്‍ജ്ജലീകരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, പഴകിയ ഭക്ഷണം ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക, വ്യക്തിശുചിത്വം പാലിക്കുക എന്നിവയിലൂടെ രോഗം പകരാതെ സൂക്ഷിക്കാം. വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കില്‍ ഈ രോഗം പെട്ടെന്ന് പടരും. രോഗ ലക്ഷണങ്ങള്‍ മാറിയാലും ഏതാനും ദിവസങ്ങള്‍ കൂടി രോഗിയില്‍നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്. സാധാരണയായി മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കള്‍ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകള്‍ മുതല്‍ 5 ദിവസത്തിനുള്ളില്‍ രോഗം വരാവുന്നതാണ്. പെട്ടെന്നുള്ള കഠിനമായതും വയറുവേദനയില്ലാത്തതും വെള്ളം പോലെയുള്ള (പലപ്പോഴും കഞ്ഞിവെള്ളം പോലെയുള്ള) വയറിളക്കമാണ് കോളറയുടെ രോഗ ലക്ഷണം. മിക്കപ്പോഴും ഛര്‍ദ്ദിയുമുണ്ടായിരിക്കും. ഇതേതുടര്‍ന്ന് രോഗി പെട്ടെന്ന് തന്നെ നിര്‍ജ്ജലീകരണത്തിലേക്കും തളര്‍ന്ന് കുഴഞ്ഞ അവസ്ഥയിലേക്കും എത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ പെട്ടെന്ന് രോഗം ഗുരുതരമാകും. രോഗം ഗുരുതരവും മരണകാരണവുമാകുന്നത് നിര്‍ജ്ജലീകരണം കൊണ്ടാണ്. ആരംഭം മുതല്‍ ഒ.ആര്‍.എസ്. ലായനി ഉപയോഗിച്ചുളള പാനീയ ചികിത്സയിലൂടെ ഗുരുതരാവസ്ഥ കുറയ്ക്കാനും മരണം ഒഴിവാക്കാനും സാധിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
രണ്ടു സുഹൃത്തുക്കള്‍ ഒരു വൈകുന്നേരം നടക്കാനിറങ്ങി. ഒരാള്‍ പറഞ്ഞു: 'നല്ല അന്തരീക്ഷം... എത്ര സുന്ദരമായ സായാഹ്നം..!' രണ്ടാമന്‍ സമ്മതിച്ചു: 'ശരിയാണ്...പക്ഷെ തണുത്ത കാറ്റടിക്കുന്നുണ്ട്... ചിലപ്പോള്‍ മഴ പെയ്തേക്കാം' കുറച്ചു ദൂരം ചെന്നപ്പോള്‍ അവര്‍ നിറയെ പൂത്തു നില്‍ക്കുന്ന പനിനീര്‍ ചെടികള്‍ കണ്ടു. ഒന്നാമന്‍ പറഞ്ഞു: 'നോക്കൂ... എത്ര മനോഹരമായ റോസാ പുഷ്പങ്ങള്‍...!' അപ്പോള്‍ രണ്ടാമന്‍ പറഞ്ഞു: 'ശരിയാ... പക്ഷേ ചെടികളിലെ കൂര്‍ത്ത മുള്ളുകള്‍ കണ്ടോ? ശ്രദ്ധിച്ചു നടന്നില്ലെങ്കില്‍ കൈയ്യില്‍ മുള്ളുകൊള്ളും... ' കുറച്ചുകഴിഞ്ഞപ്പോള്‍ അവരുടെ നടത്തം വയല്‍ വരമ്പിലൂടെയായി. ഒന്നാമന്‍ പറഞ്ഞു: 'നല്ല നെല്‍പ്പാടം... നല്ല വിളവ് കിട്ടും...' അപ്പോള്‍ രണ്ടാമന്‍: 'ശരിയായിരിക്കാം. പക്ഷേ അതിനിടയില്‍ നില്‍ക്കുന്ന കളകള്‍ നീ ശ്രദ്ധിച്ചില്ലേ?' നമ്മുടെയൊക്കെ സ്വഭാവം പലപ്പോഴും ഈ രണ്ടു സുഹൃത്തുക്കളില്‍ ഒരാളുടേതു പോലെ ആയിരിക്കും. എന്തിലും നന്മ കാണാന്‍ ശ്രമിക്കുന്ന ഒരു വ്യക്തിത്വം. ഏതിലും തടസങ്ങള്‍ കണ്ടുപിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു വ്യക്തിത്വം. ജീവിതം സുഖവും ദു:ഖവും ഇട കലര്‍ന്നതാണ്. നാം അതിനെ എങ്ങനെ നേരിടുന്നു എന്നതിലാണ് കാര്യം. നമ്മുടെ പ്രാര്‍ത്ഥനകള്‍ മാറ്റം വരുത്തുന്നത് ഈശ്വരനിലല്ല, നമ്മളില്‍ തന്നെയാണ്. നമ്മുടെ കാഴ്ചപ്പാടുകള്‍ മാറ്റേണ്ടതുണ്ട്. ഏതിലും നല്ലത് കാണാന്‍, ശുഭ പ്രതീക്ഷ പുലര്‍ത്താന്‍ ശീലിക്കാം. അപ്പോള്‍ ജീവിതം സുഖപ്രദമാകും. നന്മ പ്രതീക്ഷിക്കുന്നവനേ നന്മ ലഭിക്കൂ. -ശുഭദിനം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍