മലമ്പുഴയിൽ രാത്രിയിൽ വീടിനുള്ളിൽ പുലി, ഉറങ്ങി കിടന്ന കുട്ടിയെ കട്ടിലിൽ നിന്ന് തട്ടിയിട്ടു


പാലക്കാട്: മലമ്പുഴയിൽ ഒറ്റമുറി വീടിനുള്ളിൽ പുലി വാതിൽ മാന്തി പൊളിച്ച് കയറി. മൂന്ന് കുട്ടികളുൾപ്പടെ കിടന്നുറങ്ങിയ വീട്ടിലാണ് രാത്രിയിൽ പുലി കയറിയത്. വീടിനുള്ളിലെ കെട്ടിയിട്ടിരുന്ന ജർമ്മൻ ഷെപ്പേർഡ് ഇനത്തിലെ നായയായിരുന്നു പുലിയുടെ ലക്ഷ്യം. കുട്ടികൾ കിടന്നുറങ്ങിയ കട്ടിലിന് അടുത്തായി കെട്ടിയ നായയുടെ മേലെ ചാടുന്നതിനിടയിലാണ് മൂന്ന് വയസുകാരിയായ അവനികയെ പുലി തട്ടി താഴെയിട്ടത്. കുട്ടിയുടെ നിലവിളി കേട്ടുണർന്ന മാതാപിതാക്കൾ കണ്ടത് നായയെ കടിച്ച് പിടിച്ച് നിൽകുന്ന പുലിയെയാണ്. ആളുകൾ ഉണ‌‍ർന്നതോടെ പുലി നായയെയും കൊണ്ട് സ്ഥലം വിട്ടു.

കുട്ടികൾക്കൊപ്പം അതേ മുറിയിൽ തന്നെ തറയിൽ കിടന്നിട്ടും പുലി വന്നത് മാതാവ് അറിഞ്ഞിരുന്നില്ല. മുൻപും നായയെ ലക്ഷ്യമാക്കിപുലി ആക്രമണം നടത്തിയിരുന്നു. പിന്നാലെ നായയെ അകത്ത് കെട്ടിയിടുകയായിരുന്നു. മൂന്ന് വയസുകാരിയായ അവനികയ്ക്ക് അം​ഗനവാടി അധ്യാപിക നൽകിയ നായയെയാണ് പുലി പിടിച്ചത്. കെട്ടുറപ്പിലാത്ത വീട്ടിൽ നെഞ്ചിടിപ്പോടെ കഴിഞ്ഞിരുന്ന കുടുംബത്തിൻ്റെ ഉറക്കം കെടുത്തുന്ന മറ്റൊരു സംഭവം കൂടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇത്തരത്തിൽ വന്യമൃ​ഗങ്ങളെ പേടിച്ച് 13 കുടംബങ്ങളാണ് പ്രദേശത്ത് കഴിയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍