പ്രഭാത വാർത്തകൾ

2025  മെയ് 20  ചൊവ്വ 
1200  എടവം 6   അവിട്ടം  
1446  ദുൽഖ.22

◾  കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ കേരളവും തീരുമാനിച്ചു. നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ കക്ഷി ചേരാന്‍ ഉടന്‍ അപേക്ഷ നല്‍കുമെന്നാണ് വ്യക്തമാകുന്നത്. വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവര്‍ അടങ്ങിയ ബഞ്ചാണ് പരിഗണിക്കുന്നത്.

◾  എറണാകുളം തിരുവാങ്കുളത്ത് നിന്ന് കാണാതായ കല്യാണി എന്ന 3 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം മണിക്കൂറുകള്‍ നീണ്ട തെരച്ചിലിന് ഒടുവില്‍ ചാലക്കുടി പുഴയില്‍ നിന്നാണ് കണ്ടെത്തിയത്. അംഗനവാടിയില്‍ നിന്ന് അമ്മ വിളിച്ചുകൊണ്ടുവരുന്നതിനിടെ കാണാതായ കല്യാണിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കുട്ടിയെ ഉപേക്ഷിച്ചതാണെന്നതടക്കമുള്ള  പരസ്പര വിരുദ്ധമായ മൊഴികളാണ് അമ്മ സന്ധ്യ തുടക്കത്തില്‍ നല്‍കിയിരുന്നത്. അമ്മയ്ക്ക് മാനസിക വെല്ലുവിളികളുണ്ടെന്ന സൂചനയാണ് ബന്ധുക്കളും നല്‍കുന്നത്. മൂഴിക്കുളം പാലത്തിന് മധ്യ ഭാഗത്ത് വച്ച് കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നാണ് അമ്മ പൊലീസിനോട് വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികരിച്ചത്.

◾  കെഎസ്ഇബിയുടെ ഇലക്ട്രിക് വാഹന ചാര്‍ജ്ജിംഗ് സ്റ്റേഷനുകളില്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.  സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ 05.12.2024-ലെ താരിഫ് ഉത്തരവും കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങളും അനുസരിച്ചുള്ള നിരക്കുകളാണ് വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ പ്രാബല്യത്തില്‍ വന്നത്. സൗരോര്‍ജ്ജം ലഭ്യമായ പകല്‍ സമയത്ത് വൈദ്യുത വാഹന ചാര്‍ജ്ജിംഗ് പ്രോത്സാഹിപ്പിച്ച് വൈകുന്നേരത്തെ അമിത ഉപയോഗം തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിരക്ക് നടപ്പാക്കിയത്.

◾  ലാഭം സ്വകാര്യവത്ക്കരിക്കുകയല്ല സാമൂഹ്യവത്ക്കരിക്കുകയാണ് സിയാല്‍ പിന്തുടരുന്ന നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റൈസ് ചെയ്യുന്ന സിയാല്‍ 2.0 പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൈബര്‍ സ്പെയ്സിലെ പുതിയ വെല്ലുവിളികള്‍ നേരിടുക, യാത്ര കൂടുതല്‍ സുഗമമാക്കുക എന്നീ ഉദ്ദേശ്യത്തോടെ 200 കോടി മുതല്‍ മുടക്കിലാണ് പദ്ധതി നടപ്പിലാക്കിയത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

◾  മലപ്പുറം കൂരിയാട് നിര്‍മ്മാണത്തിലിരിക്കുന്ന ദേശീയ പാത തകര്‍ന്ന് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. മണ്ണും കോണ്‍ഗ്രീറ്റ് കട്ടയും വന്ന് വീണ് സര്‍വ്വീസ് റോഡും ഇടിഞ്ഞു താഴ്ന്നു. സര്‍വ്വീസ് റോഡിലൂടെ പോകുകയായിരുന്ന രണ്ടു കാറുകള്‍ അപകടത്തില്‍ പെട്ടു. ഈ കാറിലെ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. അശാസ്ത്രീയമായ നിര്‍മ്മാണമാണ് ദേശീയപാത തകരാന്‍ കാരണമെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. അപകടത്തെ തുടര്‍ന്ന് മലപ്പുറം ജില്ലാ കളക്ടര്‍ ഇന്ന് യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

◾  ഹയര്‍ സെക്കണ്ടറി അധ്യാപക ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട  കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകരുടെ 2025-26 ലെ ജനറല്‍ ട്രാന്‍സ്ഫര്‍ അടുത്ത അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.

◾  ശബരിമല ദര്‍ശനം കഴിഞ്ഞ് മലയിറങ്ങി വന്ന തീര്‍ഥാടക ഷോക്കേറ്റ് മരിച്ചു. തെലങ്കാന മഹബുബ്നഗര്‍ ഗോപാല്‍പേട്ട മണ്ഡല്‍ സ്വദേശിനി സ്വദേശി ഭരതമ്മ (60) ആണ് മരിച്ചത്. ദര്‍ശനം കഴിഞ്ഞ് മടങ്ങവേ നീലിമലയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

◾  ചെയ്യാത്ത തെറ്റ് താനെന്തിന് ഏല്‍ക്കണമെന്ന് അഭിഭാഷകയെ മര്‍ദിച്ച കേസിലെ പ്രതി അഡ്വക്കേറ്റ് ബെയ്ലിന്‍ ദാസ് മാധ്യമങ്ങളോട്. താനൊരു വക്കീലാണെന്നും കോടതിയെ അനുസരിക്കണമെന്നും ബെയ്ലിന്‍ ദാസ് പറഞ്ഞു. കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയമാണ്. അതുകൊണ്ട് എങ്ങനെ നില്‍ക്കണം എന്ന് തനിക്ക് അറിയാം. താന്‍ അത്തരത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്നും എന്നാണെങ്കിലും സത്യം തെളിയുമെന്നും ബെയ്ലിന്‍ ദാസ് പറഞ്ഞു.

◾  ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കാന്‍ കഴിയുന്ന ഒരു ധര്‍മ്മശാലയല്ല ഇന്ത്യയെന്ന് സുപ്രീം കോടതി. ശ്രീലങ്കന്‍ പൗരന്റെ അഭയാര്‍ത്ഥി അപേക്ഷ നിരസിച്ചാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. എല്‍ടിടിഇ ബന്ധം ആരോപിച്ച് 2015ല്‍ അറസ്റ്റിലായ ശ്രീലങ്കന്‍ പൗരന്റെ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

◾  പാതി വില തട്ടിപ്പ് കേസുകളില്‍ നിന്നും റിട്ട ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെ ഒഴിവാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍.ഹൈക്കോടതി ഉത്തരവ് റദ്ദാക്കി, പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറണമെന്നാണ് ആവശ്യം. സന്നദ്ധ സംഘടനയ്ക്ക് വേണ്ടി അഭിഭാഷകന്‍ സുവിദത്ത് സുന്ദരമാണ് ഹര്‍ജി സമര്‍പ്പിച്ചത്. കൃത്യമായ റിപ്പോര്‍ട്ടില്ലാതെ, അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് ധൃതി പിടിച്ച നടപടിയാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍.

◾  കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലെ തീപ്പിടുത്തത്തില്‍ അന്വേഷണം തുടങ്ങി പൊലീസ്. കോര്‍പറേഷന്‍ കെട്ടിടത്തിലെ വീഴ്ചകള്‍ പരിശോധിക്കുമെന്നും ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും മേയര്‍ വ്യക്തമാക്കി. കെട്ടിട നിര്‍മ്മാണത്തിലെ അശാസ്ത്രീയതയ്ക്കും നിയമ ലംഘനനത്തിനും കോര്‍പറേഷന്‍ ഭരണ സമിതിയാണ് ഉത്തരവാദികളെന്നാണ് പ്രതിപക്ഷ ആരോപണം. ടെക്സ്റ്റൈല്‍സ് ഉടമയും മുന്‍ ബിസിനസ് പങ്കാളിയും തമ്മിലുള്ള തര്‍ക്കമാണോ തീപിടുത്തതിന് പിന്നില്‍ എന്നതും അന്വേഷിക്കുന്നുണ്ട്.

◾  തൃശ്ശൂര്‍ പൂരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശമാണ് ചീഫ് സെക്രട്ടറി ഡോ.ജയതിലക് സര്‍ക്കുലറായി പുറത്തിറക്കിയത്. തൃശ്ശൂര്‍ പൂരം നടത്തിപ്പിന് പൊതു മാര്‍ഗ്ഗനിര്‍ദേശം ഇല്ലാത്തതിനാലാണ് പുതിയ സര്‍ക്കുലറെന്നും വിശദീകരണത്തില്‍ പറയുന്നു.

◾  വാടകയും സഹായ വിതരണവും മുടങ്ങിയതില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതര്‍. വൈത്തിരി താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ദുരന്തബാധിതര്‍ ആത്മഹത്യ ഭീഷണിയും മുഴക്കി. സമരത്തിന് പിന്നാലെ ഉടന്‍ തന്നെ വാടക നല്‍കുമെന്ന് തഹസില്‍ദാര്‍ പ്രഖ്യാപിച്ചു.

◾  സ്വര്‍ണ്ണമാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ വീട്ടുജോലിക്കാരിയായ ദലിത് സ്ത്രീയെ 20 മണിക്കൂര്‍ പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയെ കുറിച്ച് ഡിവൈഎസ്പിയോ അസി. കമ്മീഷണര്‍ റാങ്കില്‍ കുറയാത്ത പൊലീസുദ്യോഗസ്ഥനോ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.തിരുവനന്തപുരം ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന് അന്വേഷണം ഏല്‍പ്പിക്കണമെന്നും ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു.

◾  തെറ്റായ പ്രവണത ആരുടെ ഭാഗത്തുനിന്നുണ്ടായാലും വെച്ചുപൊറുപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പേരൂര്‍ക്കടയില്‍ ഇല്ലാത്ത മോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവത്തിലായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം. അത്തരക്കാര്‍ക്ക് എതിരെ പാര്‍ട്ടിയും സര്‍ക്കാരും കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷം ആയുധമാക്കുന്നത് സ്വാഭാവികമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

◾  വിദേശ രാജ്യങ്ങളുമായി ബന്ധപ്പെടാനുളള ഉന്നത പദവി കേന്ദ്രസര്‍ക്കാരില്‍ നിന്ന് ശശി തരൂരിന് കിട്ടിയേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. നരേന്ദ്ര മോദി നേരിട്ട് തരൂരുമായി ഇക്കാര്യം സംസാരിച്ചു എന്നാണ് സൂചനകള്‍. അതേസമയം തരൂരിന് പാര്‍ട്ടി നല്‍കിയ പദവികള്‍ തിരിച്ചെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായി. വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് വിദേശകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിന് പാര്‍ലമെന്റിലെത്തിയ തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

◾  താന്‍ ബിജെപിയിലേക്ക് പോകില്ലെന്ന് ശശി തരൂര്‍. രാജ്യസേവനത്തിനുള്ള എന്ത് നിര്‍ദ്ദേശവും അംഗീകരിക്കുമെന്നും ബിജെപിയിലേക്ക് പോകും എന്നത് അര്‍ത്ഥമില്ലാത്ത ചര്‍ച്ചകളാണെന്നും തരൂര്‍ പറഞ്ഞു. എല്ലാവരും ബിജെപിയിലേക്ക് പോയാല്‍ ജനാധിപത്യം എന്താകുമെന്നും രാഷ്ട്രത്തെ സേവിക്കാനായാണ് താന്‍ രാഷ്ട്രീയത്തിലേക്ക് വന്നതെന്നും അതാണ് തനിക്ക് പ്രധാനമെന്നും രാജ്യത്തിനായി എന്തു സേവനത്തിനും താന്‍ തയ്യാറാണെന്നും രാജ്യത്തിനായി തന്റെ കഴിവ് സര്‍ക്കാര്‍ ഉപയോഗിക്കുന്നുവെങ്കില്‍ അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

◾  ശശി തരൂരിനെ എംപിയാക്കാന്‍ കഠിനാധ്വാനം ചെയ്തത് പാവപ്പെട്ട ജനങ്ങളാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. സ്ഥാനമാനങ്ങള്‍ ലഭിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിയെ കൂടി ശശി തരൂര്‍ ശ്രദ്ധിക്കണം. പാര്‍ട്ടിയുടെ നിയന്ത്രണത്തിലാകാന്‍ ശശി തരൂര്‍ തയ്യാറാകണം. പാര്‍ട്ടി വലയത്തിന് പുറത്തേക്ക് ശശി തരൂര്‍ പോകരുതെന്നാണ് അഭിപ്രായം. വലയത്തിനു പുറത്തു പോയി പ്രവര്‍ത്തിക്കുമ്പോള്‍ പല അഭിപ്രായങ്ങള്‍ വരും. ശശി തരൂര്‍ വിവാദത്തില്‍ ഒരു ക്ഷീണവും കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം പറഞ്ഞു.

◾  മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുപ്രീംകോടതി നിര്‍ദേശങ്ങള്‍ കേരളത്തിന് തിരിച്ചടിയല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഡാമിന്റെ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതാണ് കോടതി പരിഗണിച്ചത്. പുതിയ ഡാം എന്ന ആശയത്തില്‍ കേരളം ഇപ്പോഴും ഉറച്ച് നില്‍ക്കുന്നെന്നും തമിഴ്നാടിന് ആവശ്യമായ ജലവും ഉറപ്പാക്കുമെന്നും റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു. മരം മുറി കാര്യത്തില്‍ അന്തിമ അനുമതി നല്‍കേണ്ടത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ്. കേരളത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

◾  ഇഡി ഉദ്യോഗസ്ഥന്‍ മുഖ്യപ്രതിയായ കൈക്കൂലി കേസില്‍ വിശദീകരണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വ്യവസായി അനീഷ് ബാബു ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അനീഷിനെതിരെ അഞ്ച് ക്രൈംബ്രാഞ്ച് കേസുകളുണ്ടെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ഇഡി വ്യക്തമാക്കി. ഇഡി അസിസ്റ്റന്റ് ഡയറക്ടറായ ശേഖര്‍ കുമാര്‍ മുഖ്യപ്രതിയായ കേസില്‍ മറ്റ് മൂന്നുപേരെ അറസ്റ്റുചെയ്ത് നടപടിക്രമങ്ങളുമായി വിജിലന്‍സ് മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് ഇഡിയുടെ പുതിയ വിശദീകരണം.

◾  കേരളത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കാലവര്‍ഷത്തോടനുബന്ധിച്ച് ഇന്നലെ മുതല്‍ 3 ദിവസത്തേക്കാണ് നിലവില്‍ അതിശക്ത മഴ മുന്നറിയിപ്പ്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കു പടിഞ്ഞാറന്‍ ഉള്‍ക്കടലിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടുകഴിഞ്ഞു. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

◾  മനുഷ്യ-പാമ്പ് സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും ജീവന്‍ സംരക്ഷിക്കാനുമുള്ള ആധുനിക മാര്‍ഗമായ സര്‍പ്പ ആപ്പ് വനം വകുപ്പിന്റെ സ്റ്റാളില്‍ . പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിനായി വനം വകുപ്പ് ആവിഷ്‌കരിച്ച സംവിധാനമാണിത്. ആപ്പ് പ്രവര്‍ത്തനം തുടങ്ങി നാല് വര്‍ഷം കഴിയുമ്പോള്‍ പാമ്പുകടി കാരണമുള്ള മരണങ്ങള്‍ നാലില്‍ ഒന്നായി കുറക്കാന്‍ സാധിച്ചിട്ടുണ്ട്. മേളയില്‍ വരുന്ന പൊതുജനങ്ങള്‍ക്ക് സര്‍പ്പ ആപ്പിന്റെ പരിശീലനം ഉദ്യോഗസ്ഥര്‍ നല്‍കും.

◾  ആന്ധ്രപ്രദേശില്‍ വീടിന് മുന്നിലുള്ള റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുളളില്‍ അബദ്ധത്തില്‍ കുടുങ്ങിയ നാലു കുട്ടികള്‍ക്ക് ദാരുണാന്ത്യം. വിജയനഗരം ജില്ലയില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് ദാരുണ സംഭവം നടന്നത്. ഉദയ് (8), ചാരുമതി (8), കരിഷ്മ (6), മാനസ്വി (6) എന്നിവരാണ് മരിച്ചത്.

◾  ബാങ്കില്‍ ഉപഭോക്താക്കള്‍ പണയം വെച്ചിരുന്ന 3.6 കിലോഗ്രാം സ്വര്‍ണം തട്ടിയെടുത്ത ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍. ഈ സ്വര്‍ണം ആരുമറിയാതെ എടുത്ത് കൊണ്ടുപോയി മറ്റ് ചില ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും പണയം വെച്ച് ഇയാള്‍ 1.8 കോടി രൂപ വാങ്ങി. ഏറെ നാള്‍ കഴിഞ്ഞാണ് ബാങ്ക് അധികൃതര്‍ ഇത് കണ്ടെത്തി പരാതി നല്‍കിയതും ജീവനക്കാരന്‍ അറസ്റ്റിലായതും. ബംഗളുരു ദേവനഗരെയിലെ സ്വകാര്യ ബാങ്ക് ശാഖയിലാണ് സംഭവം. ബാങ്കില്‍ ഗോള്‍ഡ് ലോണ്‍ ഓഫീസറായി ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസം മുതല്‍ ജോലി ചെയ്യന്ന ടി.പി സഞ്ജയ് (33) ആണ് പിടിയിലായത്. ഇതിനൊക്കെ പുറമെ താന്‍ ജോലി ചെയ്യുന്ന ബാങ്കില്‍ 2.7 കിലോ മുക്കുപണ്ടം പണയം വെച്ച് ഇയാള്‍ കോടികള്‍ തട്ടുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ സമ്പാദിച്ച പണമെല്ലാം ഇയാള്‍ ചെലവഴിച്ചത് ഓണ്‍ലൈന്‍ ചൂതാട്ടത്തിനും ആഡംബര ജീവിതത്തിനുമാണെന്ന് റിപ്പോര്‍ട്ടുകള്‍.

◾  അമേരിക്ക ഇടപെട്ടല്ല മധ്യസ്ഥതയെന്നും പാകിസ്ഥാനാണ് വെടിനിര്‍ത്തലിന് അപേക്ഷിച്ചതെന്നും ആവര്‍ത്തിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പാര്‍ലമെന്റി കമ്മിറ്റി യോഗത്തിലാണ് വിദേശകാര്യ സെക്രട്ടറി ഇക്കാര്യം പറഞ്ഞത്. അതേസമയം, പാകിസ്ഥാനെ ആക്രമണ വിവരം അറിയിച്ചതിനാല്‍ ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ നഷ്ടമായിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളിയ വിദേശകാര്യ സെക്രട്ടറി, ആദ്യ ഘട്ട ആക്രമണം കഴിഞ്ഞാണ് പാകിസ്ഥാനെ വിവരം അറിയിച്ചതെന്നും വ്യക്തമാക്കി. ഇന്ത്യയും പാകിസ്താനുമായുള്ള സംഘര്‍ഷം പരമ്പരാഗത ശൈലിയിലുള്ളവയായിരുന്നുവെന്നും സംഘര്‍ഷത്തിനിടയില്‍ ആണവായുധവുമായി ബന്ധപ്പെട്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

◾  ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ക്കിടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനുമെതിരെ നടന്ന സൈബര്‍ അധിക്ഷേപത്തില്‍ പാര്‍ലമെന്ററി സമിതി പ്രതിഷേധിച്ചു. ശശി തരൂര്‍ അധ്യക്ഷനായ വിദേശകാര്യ പാര്‍ലമെന്ററി സമിതിയുടെ ഇന്നലെ ചേര്‍ന്ന യോഗമാണ് പ്രതിഷേധം അറിയിച്ചത്. ഇന്ത്യയുടെ സൈനിക നീക്കങ്ങള്‍ സംബന്ധിച്ച് മികച്ച നിലയിലാണ് വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചതെന്ന് ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

◾  ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചും ബിജെപിയെ വിമര്‍ശിച്ചും ഫേസ്ബുക്കില്‍ കുറിപ്പെഴുതിയതിന് അറസ്റ്റിലായ അശോക സര്‍വകലാശാല അധ്യാപകന്‍ അലി ഖാന്‍ മഹ്‌മൂദാബാദ് അറസ്റ്റിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് അലി ഖാന്റെ ഹര്‍ജി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്കുമുന്നില്‍ ഇന്ന് ഉന്നയിച്ചത്. തുടര്‍ന്ന് ഇന്നോ നാളെയോ ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

◾  കേണല്‍ സോഫിയ ഖുറേഷിക്കെതിരെ മധ്യപ്രദേശ് മന്ത്രി വിജയ് ഷാ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ എസ് ഐ ടി അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കാന്‍ മധ്യപ്രദേശ് ഡിജിപിക്ക് നിര്‍ദേശം നല്‍കി. സംഘത്തില്‍ വനിതയുള്‍പ്പെടെ 3 ഐപിഎസ് ഉദ്യോഗസ്ഥരുണ്ടാകണമെന്നും ഇവരാരും മധ്യപ്രദേശ് സ്വദേശികളാകരുതെന്നും ഐജി റാങ്കിലുളള ഉദ്യോഗസ്ഥന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കണമെന്നുമാണ് നിര്‍ദേശങ്ങള്‍. ഇന്ന് രാവിലെ 10 നുള്ളില്‍ എസ്ഐടി അംഗങ്ങളെ നിശ്ചയിക്കണമെന്നും മെയ് 28ന് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.

◾  പാകിസ്ഥാന് വേണ്ടി ചാര പ്രവര്‍ത്തി നടത്തിയ ഒരാളെ കൂടി ഹരിയാനയില്‍ നിന്ന് പൊലീസ് പിടികൂടി. നൂഹ് സ്വദേശി മുഹമ്മദ് താരിഫ് ആണ് പിടിയിലായത്. സൈനിക പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ഇന്റലിജന്‍സ് വിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം.പാകിസ്ഥാന് വേണ്ടി വടക്കേ ഇന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വന്‍ ചാരശൃംഖലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സുരക്ഷാ സേന തകര്‍ത്തത്. രണ്ട് സ്ത്രീകളും ഒരു യൂട്യൂബറും ഉള്‍പ്പെടെ കുറഞ്ഞത് 12 പേരെയെങ്കിലും പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് ചാരവൃത്തിക്കും സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയതിനും സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തു.

◾  പാകിസ്ഥാന്‍ അനുകൂല നിലപാട് സ്വീകരിച്ച തുര്‍ക്കിയോടുള്ള ഇന്ത്യയുടെ പ്രതിഷേധം വിവിധ മേഖലകളില്‍ ശക്തമാകുന്നു. തുര്‍ക്കിയില്‍ നിന്നുള്ള ബേക്കറി, മിഠായി ഉല്‍പ്പന്നങ്ങള്‍ രാജ്യവ്യാപകമായി ബഹിഷ്‌കരിക്കാന്‍ ഇന്ത്യന്‍ ബേക്കേഴ്‌സ് ഫെഡറേഷന്‍ തീരുമാനിച്ചതാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയ വാര്‍ത്ത. ഡ്രൈ ഫ്രൂട്ട്‌സ്, നട്‌സ്, ചോക്ലേറ്റുകള്‍ തുടങ്ങി തുര്‍ക്കിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ബേക്കറി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനാണ് ഇന്ത്യന്‍ ബേക്കേഴ്‌സ് ഫെഡറേഷന്റെ തീരുമാനം.

◾  ചൈനീസ് സന്ദര്‍ശനത്തിന് എത്തിയ പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറിന് ചൈന ഔദ്യോഗിക സ്വീകരണമൊരുക്കാതിരുന്നത് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാവുന്നു. പാകിസ്ഥാനെ നാണം കെടുത്തുന്ന നിലപാടാണ് ചൈന സ്വീകരിച്ചതെന്ന് പരക്കെ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. 'ഉറച്ച ബന്ധമുള്ള സഹോദരന്‍' എന്ന് പാകിസ്ഥാന്‍ എപ്പോഴും വിശേഷിപ്പിക്കാറുള്ള ചൈനയില്‍ നിന്നുണ്ടായ ഇത്തരമൊരു സമീപനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ നിലവാരത്തെക്കുറിച്ച് പുതിയ ഊഹാപോഹങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

◾  ഡൊണാള്‍ഡ് ട്രംപിന്റെ 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ ആക്റ്റ്' പാസാക്കാന്‍ യുഎസ് ഹൗസ് ബജറ്റ് കമ്മിറ്റി ഞായറാഴ്ച വോട്ട് ചെയ്തു. അമേരിക്കയില്‍ താമസിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കും നാട്ടിലേക്ക് പണം അയയ്ക്കുന്നത് വലിയ ചെലവേറിയതാക്കുന്നതാണ് പുതിയ ബില്‍.നിയമം പാസാക്കിയാല്‍, മറ്റ് രാജ്യത്തേക്ക് അയക്കുന്ന തുകയുടെ 5 ശതമാനം, അയക്കുന്ന സമയത്ത് തന്നെ ഈടാക്കും. ചെറിയ തുകകളുടെ കൈമാറ്റങ്ങള്‍ക്ക് പോലും ഇത് ബാധകമാകുമെന്നതാണ് വലിയ തിരിച്ചടി.

◾  സിംഗപ്പൂരിലും ഹോങ്കോങ്ങിലും കോവിഡ് പടരുന്നുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെ ഇന്ത്യയിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ ഏജന്‍സികളുടെ യോഗം ചേര്‍ന്നു.നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് വിലയിരുത്തല്‍.നിലവില്‍ രാജ്യത്തെ ആക്ടീവ് കേസുകള്‍ 257 മാത്രമാണ്.കേസുകളില്‍ ഭൂരിഭാഗവും നേരിയ രോഗ ലക്ഷണങ്ങള്‍ മാത്രമാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലെന്നുമാണ് വിലയിരുത്തല്‍.

◾  ഐപിഎല്ലില്‍ നിന്ന് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് പുറത്തായി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ഇന്നലെ നടന്ന കടുത്ത പോരാട്ടത്തില്‍ ആറ് വിക്കറ്റിന് തോറ്റതോടെയാണ് ലക്‌നൗ പ്ലേ ഓഫ് കാണാതെ മടങ്ങുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്നൗ 65 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിന്റേയും 61 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രത്തിന്റേയും മികവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 20 പന്തില്‍ 59 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടെ മികവില്‍ 18.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

◾  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപ പലിശ നിരക്ക് കുറച്ചു. വിവിധ കാലാവധിയുള്ള നിക്ഷേപ പദ്ധതികളില്‍ 0.20 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. മുതിര്‍ന്നവരുടെ നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമാണ്. പുതുക്കിയ പലിശനിരക്ക് മെയ് 16 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഒരു വര്‍ഷത്തെ എഫ്ഡികള്‍ക്ക് ഇനി 6.5 ശതമാനമാണ് പലിശ. എസ്ബിഐ തുടര്‍ച്ചയായി രണ്ടാം മാസമാണ് എഫ്ഡി നിരക്കുകള്‍ കുറയ്ക്കുന്നത്. എസ്ബിഐ അതിന്റെ പ്രത്യേക എഫ്ഡി പദ്ധതിയായ അമൃത് കലാഷിന്റെ പലിശ നിരക്കും 0.20 ശതമാനം കുറച്ചിട്ടുണ്ട്. 444 ദിവസത്തെ കാലാവധിയുള്ള ഈ പദ്ധതി ഇനി മുതല്‍ 6.85 ശതമാനം പലിശ നിരക്ക് ആണ് വാഗ്ദാനം ചെയ്യുക. മൂന്ന് കോടി രൂപയില്‍ താഴെയുള്ള വിവിധ നിക്ഷേപങ്ങള്‍ക്ക് പ്രതിവര്‍ഷം 3.30% മുതല്‍ 6.70% വരെയാണ് പുതുക്കിയ എഫ്ഡി പലിശ നിരക്ക്. നേരത്തെ, 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള കാലാവധികള്‍ക്ക് എസ്ബിഐ പ്രതിവര്‍ഷം 3.50% മുതല്‍ 6.9% വരെയാണ് പലിശ നല്‍കിയിരുന്നത്. സ്‌പെഷ്യല്‍ എഫ്ഡി നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ മാറ്റമുണ്ട്. അമൃത് കലാഷിന് സമാനമായി മറ്റൊരു സ്‌പെഷ്യല്‍ എഫ്ഡി നിക്ഷേപ സ്‌കീമായ അമൃത് വൃഷ്ടിയുടെ പലിശനിരക്ക് 7.05 ശതമാനത്തില്‍ നിന്ന് 6.85 ശതമാനമായാണ് കുറഞ്ഞത്.

◾  ഇന്ദ്രജിത്ത് സുകുമാരന്‍, അനശ്വര രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്‌ലര്‍ ട്രെയിലര്‍ എത്തി. കല്യാണ വേഷത്തില്‍ ഒളിച്ചോടുന്ന പെണ്‍കുട്ടിയായി അനശ്വര രാജന്‍ എത്തുന്നു. ചിത്രം മേയ് 23 ന്  തിയറ്ററുകളില്‍ എത്തും. ഹൈലൈന്‍ പിക്ചേഴ്സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്  അര്‍ജുന്‍ ടി സത്യന്‍ ആണ്. ഡയാന ഹമീദ്, റോസിന്‍ ജോളി, ബൈജു പപ്പന്‍, രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, മനോഹരി ജോയ്, ജിബിന്‍ ഗോപിനാഥ്, ലയ സിംപ്സണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത് . എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബാബു ആര്‍, ഛായാഗ്രാഹണം പ്രദീപ് നായര്‍, എഡിറ്റര്‍ സോബിന്‍ കെ. സോമന്‍, ടീസര്‍ കട്ട് സോനു ആര്‍, സംഗീതവും പശ്ചാത്തല സംഗീതവും പി.എസ്. ജയഹരി.

◾  ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള റിലീസായി എത്താന്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍, ഗാനങ്ങള്‍ എന്നിവയെല്ലാം സൂപ്പര്‍ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാന്‍ ഇന്ത്യന്‍ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴില്‍ എ ജി എസ് എന്റര്‍ടൈന്‍മെന്റ്  വിതരണം ചെയ്യുന്ന ചിത്രം തെലുങ്കില്‍  വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയില്‍ വൈഡ് ആംഗിള്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുമ്പോള്‍, കന്നഡയില്‍ എത്തിക്കുന്നത് ബെംഗളൂരു കുമാര്‍ ഫിലിംസ് ആണ്. ഐക്കണ്‍ സിനിമാസ് ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡര്‍ ഷിയാസ് ഹസ്സന്‍, യു .എ .ഇ യിലെ ബില്‍ഡിങ് മെറ്റീരിയല്‍ എക്സ്പോര്‍ട്ട് ബിസിനസ് സംരംഭകന്‍ ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് നരിവേട്ട നിര്‍മിക്കുന്നത്. ഫാര്‍സ് ഫിലിംസ് ഗള്‍ഫില്‍ വിതരണം ചെയ്യുന്ന ചിത്രത്തിന്റെ, റെസ്റ്റ് ഓഫ് ദ് വേള്‍ഡ് വിതരണം ബര്‍ക്ക്ഷെയര്‍ ആണ്. ബിഗ് ബജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരന്‍ ആദ്യമായി മലയാള സിനിമയില്‍ എത്തുന്നു.

◾  ഇന്ത്യന്‍ ഇരുചക്ര വാഹനവിപണിയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ ജാപ്പനീസ് ബ്രാന്‍ഡായ യമഹ ഇതിന്റെ ഭാഗമായി ഒരു വമ്പന്‍ ഓഫര്‍ മുന്നോട്ടുവയ്ക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും ഇനിമുതല്‍ പത്ത് വര്‍ഷത്തെ വാറന്റി ലഭിക്കും. ഇതില്‍ രണ്ട് വര്‍ഷത്തെ വാറന്റിയും എട്ട് വര്‍ഷത്തെ എക്സ്റ്റന്‍ഡഡ് വാറന്റിയും ഉള്‍പ്പെടുന്നു. ആദ്യ ഉപഭോക്താവ് വാഹനം വില്‍പന നടത്തിയാലും ഈ വാറന്റി പൂര്‍ണ്ണമായും ബൈക്കിന്റെ രണ്ടാമത്തെ ഉടമയ്ക്ക് ലഭിക്കും. ഫാസിനോ 125 എഫ്.ഐ, റെ ഇസെഡ് ആര്‍ എഫ്.ഐ, ഏറോക്സ് 155 വേര്‍ഷന്‍ എസ് സ്‌കൂട്ടറുകള്‍ വാങ്ങുന്നവര്‍ക്ക് ഈ വാറന്റി പ്ലാന്‍ ഗുണം ചെയ്യും. ഇവയില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വരെ കവറേജ് ലഭ്യമാകും. കൂടാതെ, മോട്ടോര്‍സൈക്കിള്‍ നിരയില്‍ എഫ്.ഇസെഡ് സീരീസ്, എം.ടി-15, ആര്‍ 15 എന്നിവ വാങ്ങുമ്പോള്‍ 1.25 ലക്ഷം കിലോമീറ്റര്‍ വരെയുള്ള കവറേജും 10 വര്‍ഷത്തെ മൊത്തം വാറന്റിയും ഉള്‍പ്പെടുന്നു. എഞ്ചിന്‍, ഇലക്ട്രോണിക് ഫ്യുവല്‍ ഇഞ്ചക്ഷന്‍ സിസ്റ്റം തുടങ്ങിയവ ഉള്‍പ്പെടെയുള്ള ഇലക്ട്രിക്കല്‍ ഘടകങ്ങളുടെ കവറേജിന് ഈ വിപുലീകൃത വാറന്റി ബാധകമാകും.

◾  മനുഷ്യര്‍ക്കിടയിലെ ബന്ധങ്ങളില്‍ ഏറെയും വിചിത്രസങ്കീര്‍ണ്ണങ്ങളാണ്. അകപ്പെട്ടവര്‍ക്കോ അകംപെട്ടവര്‍ക്കോപോലും അതിന്റെ കുരുക്കഴിച്ചെടുക്കുക പ്രയാസം. പുറത്തുനിന്ന് നോക്കുന്നതുപോലെയല്ല അവയൊന്നും. സവിശേഷമായ അക്കങ്ങളാലും ദുരൂഹമായ വിരല്‍നീക്കങ്ങളാലുമാത്രം തുറപ്പെടുന്ന പൂട്ടുകളിലാണ് മിക്കതും. ചിലതെങ്കിലും രക്തമിറ്റിച്ചുമാത്രം തുറക്കാവുന്നതുമാണ്. ഇവിടെ പാടെ പുട്ടിപ്പോയ മിഴികള്‍ പരല്‍പേരില്‍ തുറക്കുകയാണ് രണ്ട് സ്ത്രീകള്‍. ചെന്നെത്തുന്നത് ലഹരിപിടിപ്പിക്കുന്ന നിത്യവിഷാദിയായ പ്രണയത്തിന്റെ പ്രഹേളികയില്‍. സ്വയം തെളിഞ്ഞുകാണുന്ന കണ്ണാടിത്തുരുത്തില്‍. പ്രണയവിരഹങ്ങള്‍ നിണസമാനമായൊഴുകുന്ന ഉദ്യേഗത്തിന്റെ മഞ്ഞുമൂടിയ വന്യജീവിതങ്ങളിലേക്ക്, ഇരുണ്ട മനോമണ്ഡലങ്ങളിലേക്ക് വായനക്കാരെ വലിച്ചിടുന്നു. 'ഉടല്‍മുനമ്പ്'. ശിവപ്രസാദ് പി. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 189 രൂപ.

◾  ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിന്‍ ഡി. വിറ്റാമിന്‍ ഡി, പ്രത്യുല്‍പാദന ആരോഗ്യത്തില്‍ വളരെ ആഴത്തിലുള്ള പങ്കാണ് വഹിക്കുന്നത്. എല്ലുകളുടെ ആരോഗ്യത്തിന് മാത്രമല്ല പ്രത്യുല്‍പാദന പ്രവര്‍ത്തനത്തിനും വിറ്റാമിന്‍ ഡി ഒരുപോലെ പ്രധാനമാണ്. വിറ്റാമിന്‍ ഡിയുടെ കുറവ് ഹോര്‍മോണ്‍ സന്തുലിതാവസ്ഥ, അണ്ഡം, ബീജം എന്നിവയുടെ ഉത്പാദനം, ഭ്രൂണത്തിന്റെ ഗുണനിലവാരം, ഇംപ്ലാന്റേഷനെ പിന്തുണയ്ക്കാനുള്ള ഗര്‍ഭാശയത്തിന്റെ കഴിവ് എന്നിവയെയും തടസ്സപ്പെടുത്താം. ഇന്ത്യന്‍ സ്ത്രീകളില്‍ 64 ശതമാനം പേര്‍ക്കും വിറ്റാമിന്‍ ഡി കുറവുണ്ടെന്ന് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് റീപ്രൊഡക്ഷന്‍, കണ്‍ട്രെസെപ്ഷന്‍, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനതതില്‍ അടുത്തിടെ കണ്ടെത്തി. പിസിഒഎസ് ഉള്ള സ്ത്രീകളില്‍ ഇത് പ്രത്യേകിച്ച് കാണപ്പെടുന്നു. കാരണം ഇത് ക്രമരഹിതമായ ആര്‍ത്തവത്തിനും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുമായും ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിന്‍ ഡി സപ്ലിമെന്റേഷന്‍ ഇന്‍സുലിന്‍ പ്രതിരോധം മെച്ചപ്പെടുത്താനും, ആര്‍ത്തവത്തെ നിയന്ത്രിക്കാനും, അണ്ഡവിസര്‍ജ്ജനത്തെ പിന്തുണയ്ക്കാനും, ഗര്‍ഭം അലസല്‍ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാരില്‍, വിറ്റാമിന്‍ ഡിയുടെ കുറഞ്ഞ അളവ് ബീജ ചലനശേഷി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതായും ഗവേഷകര്‍ പറയുന്നു. ഗര്‍ഭകാലത്തെ വിറ്റാമിന്‍ ഡിയുടെ കുറവ് രക്താതിമര്‍ദ്ദം, മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന് ഭാരം കുറയുക തുടങ്ങിയ സങ്കീര്‍ണതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ ടൈപ്പ് 1 അല്ലെങ്കില്‍ 2 പ്രമേഹം, ആസ്ത്മ, അല്ലെങ്കില്‍ ഓട്ടിസം, സ്‌കീസോഫ്രീനിയ പോലുള്ള നാഡീ വികസന വൈകല്യങ്ങള്‍ പോലുള്ള അവസ്ഥകളിലേക്ക് കുട്ടിയെ നയിക്കാനുള്ള  സാധ്യത കൂടുതലാണ്. മുതിര്‍ന്നവരില്‍ ഏകദേശം 80 ശതമാനം പേര്‍ക്കും വിറ്റാമിന്‍ ഡിയുടെ അളവ് കുറവായതിനാല്‍ പ്രത്യുല്‍പാദനക്ഷമതയെ ബാധിക്കുന്നതായി കണ്ടെത്തി.

*ശുഭദിനം*
*കവിത കണ്ണന്‍*
തൃശ്ശൂരിലെ മലഞ്ചരക്ക് വ്യാപരിയായ വറീതിന്റെയും റോസയുടേയും 11 മക്കളില്‍ നാലാമനായിരുന്നു ജോര്‍ജ്ജ്.  നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ അപ്പനോടൊപ്പം കച്ചവടത്തില്‍ അവന്‍ സഹായിയായി.   അപ്പനോടൊപ്പം ബിസിനസ്സ് ചെയ്യാന്‍ 7 മക്കള്‍ കൂടിയുണ്ട്. അതുകൊണ്ട്തന്നെ വ്യത്യസ്തമായി വേറെന്തെങ്കിലും പുതുതായി ചെയ്യാന്‍ ജോര്‍ജ്ജ് ആഗ്രഹിച്ചു.  അങ്ങനെ 1976ല്‍ ജോര്‍ജ് ഗള്‍ഫിലെത്തി.  ഗള്‍ഫ് അന്ന് വികസനത്തിന്റെ പാതയിലായിരുന്നു.  അവിടെ എയര്‍കണ്ടീഷണറുകള്‍ക്ക് നല്ല ഡിമാന്റാണെന്നുളള കണ്ടെത്തലില്‍ എയര്‍കണ്ടീഷണറുകള്‍ ബിസിനസ്സ് ചെയ്യാന്‍ തീരുമാനിച്ചു.  പക്ഷേ, പുതിയ എയര്‍കണ്ടീഷനുകള്‍ വാങ്ങാന്‍ സാമ്പത്തികം സഹായിക്കാത്തതിനാല്‍ കേടുവന്നതും ഉപേക്ഷിച്ചതുമായ എയര്‍കണ്ടീഷണറുകള്‍ ചെറിയ വിലക്ക് വാങ്ങി, പുതിയ എയര്‍കണ്ടീഷണറുകള്‍ ഉണ്ടാക്കി സെക്കന്‍ഡ്‌സ് ആയി വിറ്റു.  സെക്കന്‍ഡ്‌സിന്് ധാരാളം ആവശ്യക്കാരുണ്ടായിരുന്നു.  അധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും നാളുകളായിരുന്നു അത്.  ടെയില്‍ സ്റ്റാര്‍ ഇലക്ടിക്കല്‍സ് എന്ന കമ്പനി അവിടെ രൂപംകൊണ്ടു.  പിന്നീട് ജോര്‍ജ്ജിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.  ഇതിനിടയില്‍ കമ്പനിയുടെ പേര് ജിയോഗ്രൂപ്പ് എന്നായി മാറി.  ഒരിക്കല്‍ ബുര്‍ജ് ഖലീഫ പണിപൂര്‍ത്തിയായ വേളയില്‍, ഒരു സുഹൃത്ത് ജോര്‍ജിനെ ഒന്ന് കളിയാക്കി.. നിനക്കൊന്നും അതിനകത്തേക്ക് കയറാന്‍ കൂടി പറ്റില്ല.  ഈ പരിഹാസമാണ് ആ കൂറ്റന്‍ കെട്ടിടത്തില്‍ അപ്പാര്‍ട്‌മെന്റുകള്‍ സ്വന്തമാക്കാന്‍ ജോര്‍ജ്ജിനെ പ്രേരിപ്പിച്ചത്.  ആദ്യം വാടകയ്ക്ക അപ്പാര്‍ട്‌മെന്റ് എടുത്ത് താമസമാരംഭിച്ചു.  പിന്നീട് അത് വിലക്ക് വാങ്ങി.  ഇന്ന് 900 അപാര്‍ട്‌മെന്റുകളുളള ബുര്‍ജ്ഖലീഫയിലെ 22 അപാര്‍ട്‌മെന്റുകള്‍ ജോര്‍ജിന്റേതാണ്..  നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ഡയറക്ടര്‍ സ്ഥാനം വര്‍ഷങ്ങളായി അദ്ദേഹം അലങ്കരിക്കുന്നു.  തൃശ്ശൂര്‍കാരുടെ വികാരമായ രാഗം തിയേറ്റര്‍ സ്വന്തമാക്കിയതോടെയാണ് ജോര്‍ജ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.  ഇന്ന് യു എ ഇയിലും ഇന്ത്യയിലുമായി 15 വന്‍കിടകമ്പനികളാണ് ജിയോ ഗ്രൂപ്പിനുളളത്. നിഘണ്ടുവില്‍ അസാധ്യം എന്ന് എഴുതിച്ചേര്‍ക്കാത്ത ചുരുക്കം ചിലരില്‍ ഒരാളാണ് ജോര്‍ജ്ജ് എന്ന ജോര്‍ജ്ജേട്ടന്‍... അധ്വാനവും കഷ്ടപ്പാടുകളും ഒരിക്കലും വെറുതെയാകില്ല.  മുന്നോട്ട് പോകണമെന്ന ചിന്തമാത്രം നഷ്ടപ്പെടുത്താതിരുന്നാല്‍ മതി - ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍