പ്രഭാത വാർത്തകൾ
2025 മെയ് 15 വ്യാഴം
1200 എടവം 1 തൃക്കേട്ട
1446 ദുൽഖഅദ് 17
◾ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്ഥാന് ഇരട്ട പ്രഹരമായി മാറി ബലൂച് പ്രക്ഷോഭം. പ്രശസ്ത എഴുത്തുകാരനും ബലൂച് അവകാശങ്ങള്‍ക്കായി വാദിക്കുന്നയാളുമായ മിര്‍ യാര്‍ ബലൂച് ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യം നേടിയതായി എക്‌സില്‍ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ 'റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാന്‍' എന്ന സന്ദേശം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ഇന്ത്യയോടും ഐക്യരാഷ്ട്രസഭയോടും അംഗീകാരത്തിനായി ബലൂച് നേതാക്കള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ദില്ലിയില്‍ ബലൂച് എംബസി അനുവദിക്കണമെന്നാണ് മിര്‍ യാര്‍ ബലൂച് ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചത്. പാകിസ്ഥാന്‍ സൈന്യത്തോട് മേഖലയില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട അദ്ദേഹം ബലൂചിസ്ഥാനിലേക്ക് സമാധാന സേനയെ അയയ്ക്കാന്‍ ഐക്യരാഷ്ട്രസഭയോടും അഭ്യര്‍ത്ഥിച്ചു.
◾ സിന്ധുനദീജല കരാര്‍ മരവിപ്പിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് പാകിസ്താന്‍. ഇക്കാര്യം ആവശ്യപ്പെട്ട് പാകിസ്താന്‍ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുര്‍താസ ഇന്ത്യയുടെ ജലവിഭവ മന്ത്രാലയ സെക്രട്ടറിക്ക് കത്തെഴുതിയാതായി റിപ്പോര്‍ട്ടുകള്‍.
◾ പഹല്‍ഗാം ഭീകരാക്രമണത്തിലും പിന്നാലെയുണ്ടായ ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷത്തിലും യു എന്‍ സുരക്ഷാ സമിതിക്ക് തെളിവ് കൈമാറാന്‍ ഇന്ത്യയുടെ തീരുമാനം. ഭീകരസംഘടനകളെ നിര്‍ണയിക്കുന്ന 1267 ഉപരോധ സമിതിയുടെ മോണിറ്ററിംഗ് സംഘത്തെ അംബാസിഡര്‍ പി ഹരീഷ് നയിക്കുന്ന ഇന്ത്യന്‍ പ്രതിനിധി സംഘം കാണും. അതിനിടെ ഇന്ത്യ - പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണ പാകിസ്ഥാന്‍ പാലിക്കുമെന്നതടക്കമുള്ള ഉറപ്പുകള്‍ യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് ഷഹബാസ് ഷെരീഫ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാകുന്നത്.
◾ ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം. നിയന്ത്രണരേഖയോ അതിര്‍ത്തിയോ കടക്കാതെയാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയതെന്ന് കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പരമ്പരാഗത വ്യോമപ്രതിരോധ സംവിധാനങ്ങളായ പെച്ചോര മിസൈല്‍, OSA - AK, LLAD എന്നീ ലോവര്‍ എയര്‍ ഡിഫന്‍സ് സംവിധാനങ്ങള്‍ ഉപയോഗിച്ചുവെന്നും കേന്ദ്രം വ്യക്തമാക്കി. പത്ത് ഉപഗ്രഹങ്ങളാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യം ആസൂത്രണം ചെയ്യാന്‍ ഉപയോഗിച്ചതെന്നും പാകിസ്ഥാന്റെ ചൈനീസ് നിര്‍മിത പ്രതിരോധ സംവിധാനങ്ങളെ അടക്കം ബൈ പാസ് ചെയ്യാന്‍ ഇന്ത്യയ്ക്കായിയെന്നും 23 മിനിറ്റ് കൊണ്ട് ആക്രമണം പൂര്‍ത്തിയാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
◾ ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ പുതിയ ഡ്രോണ്‍ പ്രതിരോധ സംവിധാനം പരീക്ഷിച്ച് ഇന്ത്യയിലെ സ്വകാര്യ പ്രതിരോധ കമ്പനി. ഹാര്‍ഡ് കില്‍ മോഡില്‍ ഡ്രോണ്‍ ആക്രമണങ്ങളെ ചെറുക്കുന്ന 'ഭാര്‍ഗവാസ്ത്ര' എന്ന ഡ്രോണ്‍ പ്രതിരോധ സംവിധാനമാണ് പരീക്ഷിച്ചത്. നാഗ്പൂര്‍ ആസ്ഥാനമായ സോളാര്‍ ഡിഫന്‍സ് & എയ്റോസ്പേസ് ലിമിറ്റഡ് ആണ് പരീക്ഷണം നടത്തിയത്. സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരും പരീക്ഷണം പരിശോധിക്കാന്‍ എത്തി.
◾ ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തിന് പിന്നാലെ പാകിസ്ഥാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 13 സൈനികരെന്ന് പാകിസ്ഥാന്‍. ആറിടങ്ങളിലായി 24 ആക്രമണങ്ങള്‍ നടന്നുവെന്നും പാക് സൈനിക വക്താവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ 11 പാക് സൈനികര്‍ കൊല്ലപ്പെട്ടവെന്നാണ് പാക് സൈന്യം പറഞ്ഞിരുന്നത്. 40 പാക് പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്നും വാര്‍ത്താസമ്മേളനത്തില്‍ പാക് സൈനിക വക്താവ് അവകാശപ്പെട്ടു.
◾ ഓപ്പറേഷന്‍ സിന്ദൂര്‍ ഒരു പാര്‍ട്ടിക്ക് മാത്രം അവകാശപെട്ടതല്ലെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട് രാജ്യവ്യാപമാകെ ജയ് ഹിന്ദ് റാലി സംഘടിപ്പിക്കുമെന്നും കോണ്‍ഗ്രസ്. ഏപ്രില്‍ 22 മുതല്‍ കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ പിന്തുണ അറിയിച്ചിരുന്നുവെന്നും അതുവഴി രാജ്യം ഒറ്റകെട്ടാണ് എന്ന സന്ദേശം നല്‍കിയെന്നും ജയറാം രമേശ് പറഞ്ഞു.
◾ പാക് പതാകകള്‍ വില്‍ക്കരുതെന്ന് ഇ - കൊമേഴ്സ് വെബ്സൈറ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി രാജ്യത്ത് പാക് പതാകകളുടെ വില്‍പന പാടില്ലെന്ന കര്‍ശന നിര്‍ദേശമാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്. നിലവില്‍ വില്‍പനയ്ക്ക് വച്ച പാക് പതാകയുടെ ചിത്രമുള്ള എല്ലാ വസ്തുക്കളും പ്ലാറ്റ്ഫോമില്‍ നിന്ന് പിന്‍വലിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
◾ കേണല്‍ സോഫിയ ഖുറേഷിയെക്കുറിച്ച് നടത്തിയ അപകീര്‍ത്തികരവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങളില്‍ കേസെടുക്കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദേശം. മധ്യപ്രദേശ് മന്ത്രി വിജയ് ഷാക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടത്. വ്യാപകമായ പ്രതിഷേധത്തിന് കാരണമായ വിഷയത്തില്‍ സ്വമേധയാ കേസെടുത്ത കോടതി, വിജയ് ഷായ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
◾ കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി നേതാവ് വിജയ് ഷായ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വിജയ് ഷായ്ക്കെതിരെ നടപടിയെടുക്കാന്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവാണ് പൊലീസിന് നിര്‍ദേശം നല്‍കിയത്.
◾ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് വ്യോമപ്രതിരോധ സംവിധാനം പാക് ആക്രമണത്തെ വിജയകരമായി ചെറുത്തെന്ന് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്. ഗ്രൗണ്ട് പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഒപ്പം ആകാശ് തീര്‍ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞു. വ്യോമാക്രമണം നടത്തിയ പാകിസ്ഥാന് നേരെ നരകം പോലെ ആക്രമണം നടത്താന്‍ ആകാശ്തീറിന് കഴിഞ്ഞു. മുന്‍നിര പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്താനും പെട്ടെന്ന് തന്നെ പ്രതിരോധസംവിധാനങ്ങളെ തയ്യാറാക്കാനും കഴിയുന്ന വ്യോമപ്രതിരോധ സംവിധാനമാണ് ആകാശ്തീര്‍ എന്നും ബെല്‍ വ്യക്തമാക്കി.
◾ പാകിസ്താന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയതിന് ഹരിയാണയില്‍ യുവാവ് അറസ്റ്റില്‍. ഹരിയാണയിലെ പാനിപ്പത്തിലെ വ്യവസായശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലിചെയ്യുന്ന നൗമാന്‍ ഇലാഹി(24)യെയാണ് പാനിപ്പത്ത് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഉത്തര്‍പ്രദേശിലെ കൈരാന സ്വദേശിയാണെന്ന് പോലീസ് പറഞ്ഞു.
◾ ഇന്ത്യയുടെ കടുത്ത എതിര്‍പ്പിനിടെ അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് പാകിസ്താന് വീണ്ടും സാമ്പത്തിക സഹായം. ദീര്‍ഘകാല വായ്പാ പദ്ധതിയായ എക്സ്റ്റന്‍ഡഡ് ഫണ്ട് ഫെസിലിറ്റി പ്രകാരം രണ്ടാം ഗഡുവായ 8,700 കോടി രൂപ ആണ് ഐഎംഎഫ് പാകിസ്താന് നല്‍കിയത്.
◾ കണ്ണൂര്‍ മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ നടത്തിയ കാല്‍നട യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സിപിഎം മലപ്പട്ടം ലോക്കല്‍ കമ്മിറ്റി ഓഫീസിനു മുന്നിലാണ് ഇന്നലെ വൈകുന്നേരത്തോടെ സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകര്‍ തമ്മില്‍ കുപ്പിയും കല്ലും പരസ്പരം എറിഞ്ഞു. കഴിഞ്ഞ ദിവസം അടുവാപ്പുറത്ത് കോണ്‍ഗ്രസിന്റെ ഗാന്ധി സ്തൂപം തകര്‍ക്കുകയും പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സനീഷിന്റെ വീട് ആക്രമിക്കപ്പെടുകയും ചെയ്തതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുക്കുന്നത്. ഇതിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് സിപിഎം തടയുകയും സംഘര്‍ഷത്തിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് മാര്‍ച്ച് നടത്തിയത്.
◾ ഗുണ്ടകളും കൊലയാളികളും ഉള്‍പ്പെടെയുള്ള ക്രിമിനലുകളുടെ സംഘമായി കേരളത്തിലെ സിപിഎം പൂര്‍ണമായും മാറിയെന്നു വ്യക്തമാക്കുന്ന സംഭവമാണ് കണ്ണൂരിലെ മലപ്പട്ടത്തുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെ.സുധാകരന്‍ എംപി പ്രസംഗിക്കുന്നതിനിടെ വേദിക്ക് നേരെ കല്ലെറിയാനും പദയാത്രയ്ക്ക് നേതൃത്വം നല്‍കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ കയ്യേറ്റംചെയ്യാനും സിപിഎം ക്രിമിനലുകള്‍ ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
◾ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിക്കു വേണ്ടി തപാല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്ന് മുന്‍ മന്ത്രി ജി.സുധാകരന്‍. ഈ സംഭവത്തില്‍ ഇനി തിരഞ്ഞെടുപ്പ് കമ്മിഷന്‍ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളന ഭാഗമായുള്ള പൊതുചടങ്ങിലാണു താനുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് 26 വര്‍ഷം മുന്‍പ് നടത്തിയ തിരഞ്ഞെടുപ്പ് കൃത്രിമത്തെപ്പറ്റി സുധാകരന്‍ വെളിപ്പെടുത്തിയത്.
◾ ഇത്തവണ സ്‌കൂള്‍ തുറന്നാല്‍ രണ്ടാഴ്ച കുട്ടികള്‍ക്ക് ക്ലാസില്‍ പുസ്തകപഠനമുണ്ടാവില്ല. പകരം ലഹരിമുതല്‍ പൊതുമുതല്‍ നശിപ്പിക്കല്‍വരെയുള്ള സാമൂഹികവിപത്തുകളില്‍ കുട്ടികളെ ജാഗ്രതപ്പെടുത്താനുള്ള ബോധവത്കരണം നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ഇതിനായി പൊതുമാര്‍ഗരേഖയുണ്ടാക്കി അധ്യാപകര്‍ക്ക് രണ്ടുദിവസത്തെ ശില്പശാല സംഘടിപ്പിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു
◾ നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പരിശോധനാ ഫലം നെഗറ്റീവ് ആയാലും 21 ദിവസം ഐസൊലേഷനില്‍ തന്നെ തുടരണം. മലപ്പുറം ജില്ലയില്‍ നിപ ബാധയുമായി ബന്ധപ്പെട്ട് ഇന്ന് ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. പുതുതായി കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്ന് മന്ത്രി നിര്‍ദേശം നല്‍കി.
◾ വൈദ്യുതി ബില്ലില്‍ രേഖപ്പെടുത്തുന്ന ബില്‍ തുകയും മറ്റ് അത്യാവശ്യ വിവരങ്ങളും മാഞ്ഞുപോകാതെ നോക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി. ഗീത. ഇലക്ട്രിസിറ്റി ബോര്‍ഡ് കമ്പ്യൂട്ടര്‍ വഴി പ്രിന്റ് ചെയ്ത് നല്‍കുന്ന ബില്ലിലെ അക്ഷരങ്ങള്‍ വളരെ വേഗം മാഞ്ഞു പോകുന്നതായി ആരോപിച്ച് പെരുമണ്‍ സ്വദേശി ഡി. ദേബാര്‍ എന്നയാള്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
◾ വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ സീനിയര്‍ അഭിഭാഷകന്‍ ബെയിലിന്‍ ദാസിനെതിരെ ബാര്‍ കൗണ്‍സില്‍ നടപടി. അഡ്വ. ബെയ്ലിന്‍ ദാസിനെ ഇന്ന് മുതല്‍ പ്രാക്റ്റീസ് ചെയ്യുന്നത് ബാര്‍ കൗണ്‍സില്‍ വിലക്കി. അച്ചടക്കനടപടി കഴിയുന്നതുവരെയാണ് വിലക്ക്. ബെയ്ലിന്‍ ദാസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും ബാര്‍ കൗണ്‍സില്‍ അറിയിച്ചു.
◾ സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിന്റെ മര്‍ദനത്തിനിരയായ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ സന്ദര്‍ശിച്ച് നിയമമന്ത്രി പി രാജീവ്. വൈകിട്ട് 3.30ഓടെയാണ് വഞ്ചിയൂര്‍ കോടതിക്ക് മുന്നിലുള്ള ഓഫീസിലെത്തി അഭിഭാഷകയെ കണ്ടത്. എല്ലാ പിന്തുണയും സര്‍ക്കാര്‍ അഭിഭാഷകക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഗൗരവമേറിയ സംഭവമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
◾ വന്ദേഭാരത് ഉള്‍പ്പടെയുള്ള ട്രെയിനുകളില്‍ വിതരണംചെയ്യുന്ന ബ്രിന്ദാവന്‍ ഫുഡ് പ്രോഡക്ട്‌സില്‍നിന്ന് പഴകിയ ഭക്ഷണം പിടികൂടിയതില്‍ നടപടി. സ്ഥാപനത്തിനെതിരേ റെയില്‍വേ ഒരു ലക്ഷം രൂപ പിഴചുമത്തി. അന്വേഷണത്തിനായി റെയില്‍വേ ഉന്നതതല സമിതി രൂപവത്കരിച്ചു. കോര്‍പ്പറേഷന്റെ ലൈസന്‍സില്ലാതെ എറണാകുളം കടവന്ത്രയില്‍ പ്രവര്‍ത്തിച്ച സ്ഥാപനത്തിലാണ് പരിശോധന നടത്തിയത്.
◾ സമസ്തക്കും ലീഗിനുമിടയിലെ സമവായചര്‍ച്ചകള്‍ പാളുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മുശാവറ യോഗത്തിനു മുന്‍പായി ലീഗ് വിരുദ്ധ പക്ഷം രഹസ്യ യോഗം ചേര്‍ന്നെന്നാണ് പുതിയ ആരോപണം. യോഗത്തിന് നേതൃത്വം നല്‍കിയ ഉമര്‍ ഫൈസിക്കെതിരെ ശക്തമായ നടപടി ആവശ്യപെട്ട് മുശാവറ അംഗം ബഹാവുദ്ദീന്‍ നദ്വി പരസ്യമായി രംഗത്തെത്തി.
◾ കോണ്‍ഗ്രസ് ഭരിക്കുന്ന തൃക്കാക്കര നഗരസഭയില്‍ കണക്കുകളില്‍ 7.5 കോടി രൂപയുടെ ക്രമക്കേടെന്ന ഓഡിറ്റ് റിപ്പോര്‍ട്ട് തള്ളി ചെയര്‍പേഴ്‌സണ്‍ രാധാമണി പിള്ള. തിരഞ്ഞെടുപ്പ് വരാനിരിക്കെ മനപ്പൂര്‍വം നഗരസഭയെ താഴ്ത്തിക്കെട്ടാനുള്ള നീക്കമാണിതെന്ന് സംശയിക്കുന്നതായും നഗരസഭ ഭരണസമിതി അഴിമതി നടത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്താണ് പ്രതികരണം.
◾ കൈക്കൂലിക്കേസില്‍ കൊച്ചി കോര്‍പറേഷനിലെ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ സ്വപ്നക്ക് ജാമ്യം. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കൈക്കൂലിക്കേസില്‍ ഏപ്രില്‍ 30 നാണ് സ്വപ്നയെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
◾ വനംവകുപ്പ് ഓഫീസിലെത്തി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ജനീഷ് കുമാര്‍ എംഎല്‍എയെ വിമര്‍ശിച്ച് സിപിഎം നേതാവ് ജി. സുധാകരന്‍. ഇടതുപക്ഷ സര്‍ക്കാരില്‍നിന്ന് ജനം അഹങ്കാരം പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ എന്‍.ജി.ഒ യൂണിയന്‍ പൂര്‍വകാല നേതൃസംഗമത്തിലായിരുന്നു സുധാകരന്റെ പരസ്യവിമര്‍ശനം.
◾ കോട്ടയം അയര്‍ക്കുന്നത്ത് പെണ്‍മക്കളുമായി യുവ അഭിഭാഷക ആത്മഹത്യ ചെയ്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. മരിച്ച ജിസ്മോളുടെ ഭര്‍ത്താവ് ജിമ്മിയുടെയും ഭര്‍തൃപിതാവ് ജോസഫിന്റെയും ജാമ്യമാണ് തള്ളിയത്. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയുടെതാണ് നടപടി. മുന്‍പ് ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയും ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
◾ ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രതികരിച്ചതിന് ശശി തരൂര്‍ എംപിക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താക്കീത്. വ്യക്തിപരമായ അഭിപ്രായം പറയാനുള്ള സമയമല്ല ഇതെന്നും പാര്‍ട്ടിയുടെ അഭിപ്രായം പൊതുസമൂഹത്തില്‍ അവതരിപ്പിക്കണമെന്നും നേതൃത്വം തരൂരിനോട് നിര്‍ദേശിച്ചു.
◾ റിയാദില്‍ നടന്ന അമേരിക്ക- അറബ് ഉച്ചകോടിക്ക് സമാപനം. ചരിത്ര പ്രധാനമായ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിന്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ചയാണ് റിയാദിലെത്തിയത്. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെയും കിരീടാവകാശി മുഹമ്മദി ബിന്‍ സല്‍മാന്റെയും ക്ഷണപ്രകാരം അറബ് രാജ്യങ്ങളിലെ നേതാക്കളും സൗദിയിലെത്തിയിരുന്നു.
◾ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറായും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തുര്‍ക്കി പ്രസിഡന്റ് റജബ്ബ് തയ്യിബ് എര്‍ദോഗാനും പങ്കെടുത്തു. തുര്‍ക്കി പ്രസിഡന്റ് ഫോണ്‍ വഴിയാണ് പങ്കെടുത്തത്. 33 മിനിട്ട് ദൈര്‍ഘ്യമേറിയതായിരുന്നു കൂടിക്കാഴ്ച. 25 വര്‍ഷത്തിന് ശേഷമാണ് ഇരു രാജ്യങ്ങളിലെയും പ്രസിഡന്റുമാര്‍ കൂടിക്കാഴ്ച നടത്തുന്നത്.
◾ റിയാദിനെ ഒരു പ്രധാന ലോക ബിസിനസ് കേന്ദ്രമാക്കിയതിന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റിയാദില്‍ ബിസിനസ് ഉന്നതരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് സൗദി രാജകുമാരനെ പ്രശംസിച്ചത്. നിങ്ങള്‍ രാത്രിയില്‍ ഉറങ്ങാറുണ്ടോ എന്നാണ് ട്രംപ് ചോദിച്ചത്.
◾ ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഖത്തറിലെത്തി. ഇന്നലെ രാവിലെ റിയാദില്‍ നടന്ന ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുത്തതിനു പിന്നാലെ പ്രാദേശിക സമയം ഉച്ചക്ക് 2.20ഓടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമേരിക്കന്‍ പ്രസിഡന്റിനെ ഖത്തര്‍ അമീര്‍ ശൈയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി നേരിട്ടെത്തി സ്വീകരിച്ചു. 22 വര്‍ഷത്തിനു ശേഷം ഒരു അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് വേദിയാകുന്ന ഖത്തര്‍ വന്‍ വരവേല്‍പാണ് അമേരിക്കന്‍ പ്രസിഡന്റിനായി ഒരുക്കിയത്.
◾ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനിടെ ഖത്തര്‍ എയര്‍വേയ്‌സും യുഎസ് വിമാനനിര്‍മാണക്കമ്പനിയായ ബോയിങ്ങും 20,000 കോടി ഡോളറിന്റെ കരാറില്‍ ഒപ്പിട്ടു. ഇതനുസരിച്ച് 160 ബോയിങ് വിമാനങ്ങള്‍ ഖത്തര്‍ വാങ്ങും. ബോയിങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണിത്.
◾ അരുണാചല്‍ പ്രദേശിലെ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ നീക്കത്തെ തള്ളിക്കളഞ്ഞ് ഇന്ത്യ. വടക്കുകിഴക്കന്‍ സംസ്ഥാനം എല്ലായ്പ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തുടരുമെന്ന യാഥാര്‍ഥ്യത്തെ ചൈനയുടെ ഇത്തരം ബുദ്ധിശൂന്യമായ നീക്കങ്ങളാല്‍ തടയാനാകില്ലെന്ന് ഇന്ത്യ പറഞ്ഞു.ചൈന അവകാശവാദം ഉന്നയിക്കുന്ന അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ ചൈനീസ് പേരുകളുടെ പട്ടിക ബീജിംഗ് വീണ്ടും പുറത്തിറക്കിയതിന് പിന്നാലെയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയത്.
◾ കുവൈത്ത് അമീറിന്റെ അധികാരത്തെയും അവകാശങ്ങളെയും പരസ്യമായി ചോദ്യം ചെയ്തതിന് 'സാള്‍ട്ടി ചീസ്' എന്നറിയപ്പെടുന്ന ഒരു ബ്ലോഗര്‍ക്ക് രണ്ട് വര്‍ഷത്തെ കഠിന് തടവ് ശിക്ഷ വിധിച്ച അപ്പീല്‍ കോടതിയുടെ വിധി കാസേഷന്‍ കോടതി ശരിവച്ചു. പ്രതി 'എക്സ്' പ്ലാറ്റ്‌ഫോമില്‍ അമീറിനെ അപകീര്‍ത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്ന പ്രസ്താവനകള്‍ എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്തതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് നടപടി.
◾ തുര്‍ക്കിയിലെ ഇനോനു സര്‍വകലാശാലയുമായുള്ള ധാരണാപത്രം റദ്ദാക്കിയതായി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല. രാജ്യസുരക്ഷ പരിഗണിച്ചാണ് ഈ തീരുമാനമെന്ന് ജെഎന്‍യു അറിയിച്ചു. ജെഎന്‍യു രാജ്യത്തിനൊപ്പം എന്നും സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.
◾ ലാളിത്യത്തിന്റെയും സത്യസന്ധതയുടെയും ആഗോളപ്രതീകമായിരുന്ന യുറഗ്വായ് മുന്‍ പ്രസിഡന്റ് ഹൊസേ മൊഹീക (89) അന്തരിച്ചു. എളിമയാര്‍ന്ന ജീവിതശൈലികൊണ്ട് 'ലോകത്തെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ്' എന്ന് വിളിക്കപ്പെട്ടിരുന്ന വ്യക്തിയായിരുന്നു 2010 മുതല്‍ 2015 വരെ അഞ്ചുവര്‍ഷക്കാലം യുറഗ്വായുടെ പ്രസിഡന്റായിരുന്ന മൊഹീക. പ്രസിഡന്റ് പദവിയിലിരുന്നപ്പോഴും അദ്ദേഹം തന്റെ പഴയ ഫാം ഹൗസിലാണ് താമസിച്ചിരുന്നത്. ഗര്‍ഭാവസ്ഥയുടെ ആദ്യ നാളുകളിലുള്ള ഗര്‍ഭച്ഛിദ്രം, സ്വവര്‍ഗവിവാഹം എന്നിവ രാജ്യത്ത് നിയമവിധേയമാക്കി. വിനോദോപാധി എന്ന നിലയ്ക്ക് ലോകത്താദ്യമായി കഞ്ചാവ് നിയമവിധേയമാക്കിയ ഭരണാധികാരിയാണ് മൊഹീക.
◾ രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവായ നീരജ് ചോപ്രയെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചു. പ്രതിരോധ മന്ത്രാലയം ഇന്ന് പുറത്തുവിട്ട പ്രസ്താവനയിലരാണ് ഇക്കാര്യം അറിയിച്ചത്.
◾ യുഎസും ചൈനയും താരിഫ് കരാറില്‍ ധാരണയായതോടെ ലോകത്തിലെ മുന്‍നിര ശതകോടീശ്വരന്മാരുടെ സമ്പത്ത് കുതിച്ചുയര്‍ന്നു. ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്, ആമസോണിന്റെ ജെഫ് ബെസോസ്, മെറ്റയുടെ മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നിവരുടെ ആസ്തിയില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ബെസോസിനും സക്കര്‍ബര്‍ഗിനുമൊപ്പം മസ്‌കിന്റെയും ആസ്തി 30 ബില്യണ്‍ ഡോളറിലധികം ഉയര്‍ന്നു. അതായത് ഏകദേശം 2,56,185 കോടി രൂപ! ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ് മസ്‌ക്. ഫോബ്‌സിന്റെ കണക്കനുസരിച്ച്, യുഎസ് വിപണിയില്‍ ടെസ്ല ഓഹരികള്‍ ഉയര്‍ന്നതോടെ മസ്‌കിന്റെ ആസ്തി 11 ബില്യണ്‍ യുഎസ് ഡോളറിലധികം വര്‍ദ്ധിച്ചു. നിലവില്‍ മസ്‌കിന്റെ ആസ്തി 342 ബില്യണ്‍ യുഎസ് ഡോളറാണ്. ഇലക്ട്രിക് വാഹന ഭീമനായ ടെസ്ലയുടെ വിപണി മൂല്യം 6.86 ശതമാനം ഉയര്‍ന്ന് 1.026 ട്രില്യണ്‍ യുഎസ് ഡോളറിലെത്തി. ജെഫ് ബെസോസിനെ മറികടന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് ലോകത്തിലെ രണ്ടാമത്തെ ധനികനായി. സക്കര്‍ബര്‍ഗിന്റെ ആസ്തി 216 ബില്യണ്‍ ഡോളറാണ്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ആസ്തി 13 ബില്യണ്‍ യുഎസ് ഡോളര്‍ വര്‍ദ്ധിച്ചു. 215 ബില്യണ്‍ യുഎസ് ഡോളര്‍ ആസ്തിയുള്ള അദ്ദേഹം ഇന്ന് ലോകത്തിലെ ഏറ്റവും ധനികനായ മൂന്നാമത്തെ വ്യക്തിയാണ്.
◾ 2021ല്‍ റിലീസ് ചെയ്ത ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ 'നോബഡി' സിനിമയുടെ രണ്ടാം ഭാഗം ട്രെയിലര്‍ എത്തി. ദ് ഷാഡോ സ്ട്രെയ്സ് എന്ന ഇന്തൊനീഷ്യന്‍ ആക്ഷന്‍ ചിത്രമൊരുക്കിയ ടിമൊയാണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. ബോബ് ഒഡെന്‍കിര്‍ക്, കോണി നീല്‍സന്‍, ആര്‍ഇസഡ്എ, കോളിന്‍ സാല്‍മന്‍ തുടങ്ങിയവര്‍ അതേ കഥാപാത്രങ്ങളായി എത്തുന്നു. കോളിന്‍ ഹാങ്ക്സ്, ജോണ്‍ ഒര്‍ടിസ്, ഷാരോണ്‍ സ്റ്റോണ്‍ എന്നിവരാണ് ഈ ഫ്രാഞ്ചൈസിയിലെ പുതിയ അഭിനേതാക്കള്‍. ആദ്യ ഭാഗം മുഴുനീള ആക്ഷനായിരുന്നുവെങ്കില്‍ രണ്ടാം ഭാഗത്തില്‍ ആക്ഷനൊപ്പം തന്നെ കോമഡിക്കും പ്രാധാന്യം നല്‍കിയിരിക്കുന്നു. ബോബും കുടുംബവും അവധിക്കാലം ആസ്വദിക്കാന്‍ ഒരു പ്രൈവറ്റ് ദ്വീപിലെത്തുന്നതും അവിടെയുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. ചിത്രം ഓഗസ്റ്റ് 15ന് തിയറ്ററുകളിലെത്തും.
◾ ഷാഹി കബീര്‍ തിരക്കഥ എഴുതി സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് 'റോന്ത്'. ദിലീഷ് പോത്തനും റോഷന്‍ മാത്യുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന് ശേഷം ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രവും ത്രില്ലര്‍ ഗണത്തില്‍ പെടുന്ന പോലീസ് സ്റ്റോറിയാണ്. ടൈംസ് ഗ്രൂപ്പിന്റെ സബ്സിഡറി കമ്പനിയായ ജംഗ്ലീ പിക്ച്ചേഴ്സ് ആദ്യമായി മലയാളത്തില്‍ നിര്‍മിക്കുന്ന ചിത്രം ജൂണ്‍ 13നാണ് റിലീസ് ചെയ്യുക. ജോസഫ്, നായാട്ട്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാഹി കബീര്‍ തിരക്കഥയൊരുക്കുന്ന ചിത്രം എന്ന പ്രത്യേക കൂടിയുണ്ട് റോന്തിന്. രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ ജീവതത്തിലൂടെയണ് സിനിമ സഞ്ചരിക്കുന്നത്. സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യല്‍ മീഡിയ താരങ്ങളായ ലക്ഷ്മി മേനോന്‍, നന്ദൂട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങെള അവതരിപ്പിക്കുന്നത്.
◾ വരുമാനത്തില്‍ റെക്കോഡ് സൃഷ്ടിച്ച് ഹീറോ മോട്ടോകോര്‍പിന്റെ കുതിപ്പ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 40,756 കോടി രൂപയുടെ വരുമാനമാണ് ഹീറോ മോട്ടോകോര്‍പ് നേടിയിരിക്കുന്നത്. ഇതേ കാലയളവിലെ നികുതി നല്‍കിയതിനു ശേഷമുള്ള ലാഭം 4,610 കോടി രൂപയാണെന്നും കമ്പനി അറിയിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ(ജനുവരി-മാര്‍ച്ച് 2025) കണക്കുകള്‍ക്കൊപ്പമാണ് ഈ വിവരങ്ങള്‍ ഹീറോ മോട്ടോ കോര്‍പ് പുറത്തുവിട്ടിരിക്കുന്നത്. അവസാന പാദത്തില്‍ 9,939 കോടി രൂപയാണ് വരുമാനം രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ(9,519 കോടി രൂപ) അപേക്ഷിച്ച് ഇത് നാലു ശതമാനം കൂടുതലാണ്. അവസാന പാദത്തിലെ ലാഭം 1,081 കോടി രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ 1,016 കോടി രൂപയെന്ന ലാഭത്തെ അപേക്ഷിച്ച് ആറു ശതമാനത്തിന്റെ വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആകെ വരുമാനം(40,923 കോടി രൂപ) മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എട്ടു ശതമാനം കൂടുതലാണ്. നികുതി നല്‍കിയ ശേഷമുള്ള വരുമാനമായ 4,376 കോടി രൂപ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം കൂടുതലുമാണ്.
◾ മഗധയുടെ തലസ്ഥാനമായ ഗിരിവ്രജത്തിന് ആവേശവും ആഘോഷവുമായി 14 നാള്‍ നീണ്ടൊരു പോര്- ഭീമസേനനും ജരാസന്ധനും തമ്മില്‍. ഹിഡിംബനെയും ബകനെയും അനായാസം അവസാനിപ്പിച്ച ഭീമന് ജരാസന്ധനെ അത്രവേഗം പരാജയപ്പെടുത്താനാവാഞ്ഞതെന്തുകൊണ്ട്? രണ്ട് അതിശക്തന്മാര്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ അണിയറയില്‍ സംഭവിച്ചതെന്ത്? അര്‍ത്ഥപൂര്‍ണമായ മൗനങ്ങള്‍ ഇതിഹാസത്തില്‍ അവശേഷിപ്പിച്ച വിടവുകളില്‍ ഭാവനകൊണ്ടൊരു വിളവെടുപ്പ്. മഹാഭാരതത്തെ അവലംബിച്ച് കലിപാകം, നാഗഫണം എന്നീ നോവലുകളെഴുതിയ രാജീവ് ശിവശങ്കറില്‍നിന്ന് മറ്റൊരു മികവുറ്റ രചന. 'പോര്'. രാജീവ് ശിവശങ്കര്‍. ഡിസി ബുക്സ്. വില 240 രൂപ.
◾ സംസ്ഥാനത്ത് കോളറ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. കുടലില്‍ ഉണ്ടാകുന്ന ഒരു ബാക്ടീരിയ അണുബാധയാണ് കോളറ. ഇത് ശരീരത്തെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന പ്രധാന ധാതുക്കള്‍ (ഇലക്ട്രോലൈറ്റുകള്‍) വേഗത്തില്‍ നഷ്ടപ്പെടുന്നതിനും നിര്‍ജ്ജലീകരണം സംഭവിക്കുന്നതിനും കാരണമാകും. വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാല്‍ മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന അണുബാധയാണ് കോളറയ്ക്ക് കാരണമാകുന്നത്. കോളറ മുതിര്‍ന്നവരെയും കുട്ടികളെയും ബാധിക്കുന്നതാണ്. വയറിളക്കമാണ് പ്രധാനപ്പെട്ട ലക്ഷണം. കൂടുതല്‍ തവണ വയറിളകി പോകുന്നതിനാല്‍ വളരെ പെട്ടെന്ന് നിര്‍ജലീകരണം സംഭവിച്ച് ഗരുതരാവസ്ഥയില്‍ ആകുവാനും മരണം വരെ സംഭവിക്കാനും സാധ്യത കൂടുതലാണ്. ശുദ്ധജലമോ ടോയ്ലറ്റ് സൗകര്യങ്ങളോ ലഭ്യമല്ലാത്ത പ്രദേശങ്ങളിലാണ് കോളറ മിക്കപ്പോഴും പടരുന്നത്. വയറിളക്കം പിടിപെട്ടാല്‍ ആരംഭത്തില്‍ തന്നെ പാനീയ ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക. നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. മത്സ്യം, കക്ക, കൊഞ്ച് തുടങ്ങിയവ വൃത്തിയായി കഴുകി നന്നായി പാകം ചെയ്ത ശേഷം മാത്രം കഴിക്കുക. പച്ചവെള്ളവും, തിളപ്പിച്ച വെള്ളവും കുട്ടിച്ചേര്‍ത്ത് ഉപയോഗിക്കരുത്. ഭക്ഷണം കഴിക്കുന്നതിനു മുന്‍പും, ശേഷവും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. ആഹാരസാധനങ്ങള്‍ ഒരിക്കലും തുറന്ന് വയ്ക്കരുത്.
*ശുഭദിനം*
കര്‍ണ്ണാടകയിലെ കുണ്ടാപൂരിലെ കര്‍ഷകകുടുംബത്തിലാണ് കെ ആര്‍ ഭാസ്‌കര്‍ ജനിച്ചത്. കുടുംബത്തിലെ ദാരിദ്ര്യം കാരണം പഠിപ്പ് നിര്‍ത്തി 12 വയസ്സിലേ ജോലിയിലേക്ക് തിരിഞ്ഞു. ഹോട്ടലില്‍ വെയിറ്ററായാണ് അവന്‍ ജോലി നോക്കിയിരുന്നത്. ഹോട്ടലില്‍ ജോലി ചെയ്യുമ്പോഴും സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങണമെന്ന സ്വപ്നം അണയാതെ സൂക്ഷിച്ചിരുന്നു. അങ്ങനെ അയാള്‍ മുംബൈയിലെ തെരുവുകളില്‍ സൈക്കിളില്‍ പൂരണ്‍പോലി വില്‍ക്കാന്‍ തുടങ്ങി. പഴയകാലരുചി തന്റെ പൂരണ്‍പോലിയില്‍കൊണ്ടുവരാന്‍ സാധിച്ചതോടെ ആളുകള്‍ ഭാസ്‌കറിന്റെ പൂരണ്‍പോലിയില്‍ ആകൃഷ്ടരായി. ജനങ്ങുടെ മനസ്സില്‍ ഇടം നേടി. ആ വിശ്വസത്തില്‍ ഭാസ്‌കര്‍ പൂരണ്‍പോലി ഘര്‍ എന്ന ബ്രാന്റ് സ്ഥാപിച്ചു. 17 ഔട്ട്‌ലെറ്റുകളും 10 ഫ്രാഞ്ചൈസികളുമായി പൂരണ്‍പോലി ഘര്‍ കര്‍ണ്ണാടകയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ഇന്ന് വര്‍ഷത്തില്‍ 18 കോടി രൂപയാണ് പൂരണ്‍പോലിഘര്‍ന്റെ വരുമാനം. കൂടാതെ ഓരോ 8 മാസം കൂടുംതോറും പുതിയൊരു ഔട്ട്‌ലെറ്റ് തുറക്കുകയും ചെയ്യുന്നു. കഠിനാധ്വാനവും പിടിച്ചുനില്‍ക്കാനുളള ആത്മവിശ്വാസവുമുണ്ടെങ്കില്‍. എത്ര വലിയ പ്രതിബന്ധങ്ങളേയും മറികടക്കാനാകും. സ്വപ്നങ്ങളെ സത്യമാക്കാന്‍ ഈ കഥ നമുക്ക് പ്രചോദനമാകട്ടെ - *ശുഭദിനം.*
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍