പ്രഭാത വാർത്തകൾ
2025 മെയ് 22 വ്യാഴം
1200 എടവം 8 പൂരുരുട്ടാതി
1446 ദുൽഖഅ്ദ 24
◾ മൂന്നു വയസുകാരിയെ അമ്മ ചാലക്കുടി പുഴയില്‍ എറിഞ്ഞു കൊന്ന സംഭവത്തില്‍ കുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ പുത്തന്‍ കുരിശ് പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. മൂന്ന് വയസുകാരിയുടെ അച്ഛന്റെ അടുത്ത ബന്ധുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിലെ സൂചനകളുടെ അടിസ്ഥാനത്തിലാണ് ബന്ധുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പോസ്റ്റ്മോര്‍ട്ടത്തില്‍ കുട്ടിയുടെ ശരീരത്തില്‍ കണ്ട ചില പാടുകളാണ് പീഡനത്തിന്റെ സൂചനകള്‍ നല്‍കിയത്. ഇന്നലെ പകല്‍ മുഴുവന്‍ കുട്ടിയുടെ അടുത്ത ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് ഒടുവിലാണ് കുട്ടിയുടെ പിതാവിന്റെ ബന്ധുവിനെ പുത്തന്‍കുരിശ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
◾ ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ കേരളത്തിലും കൊവിഡ് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ചില സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ആണെന്ന് കാണുമ്പോള്‍ റഫര്‍ ചെയ്യുന്നത് ശരിയല്ലയെന്നും എവിടെയാണോ ചികിത്സിക്കുന്നത് ആ ആശുപത്രിയില്‍ തന്നെ പ്രോട്ടോകോള്‍ പാലിച്ച് ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
◾ കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വീണ്ടും സര്‍വീസ് റോഡ് തകര്‍ന്നു. കൂളിയങ്കാലിലാണ് റോഡ് ഇടിഞ്ഞുതാണത്. റോഡില്‍ പലയിടത്തും വിള്ളലുകളുമുണ്ട്. വീടുകള്‍ക്ക് സമീപത്തേക്ക് റോഡ് ഇടിഞ്ഞുവീഴുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. നാട്ടുകാര്‍ ഉള്‍പ്പെടെ ഇടപെട്ടാണ് ഇവിടങ്ങളിലേക്കുള്ള ഗതാഗതം നിയന്ത്രിക്കുന്നത്. അധികൃതര്‍ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപണമുന്നയിച്ചു.
◾ ദേശീയപാത 66ല്‍ നിര്‍മാണം നടക്കുന്ന കൂരിയാട് ഭാഗത്ത് റോഡ് ഇടിഞ്ഞ സംഭവത്തില്‍ സ്ഥലത്ത് പരിശോധന നടത്തി വിദഗ്ധ സംഘം. സിമന്റ് കട്ട കൊണ്ടുള്ള സംരക്ഷണ ഭിത്തി നിര്‍മിച്ചതില്‍ അസ്വഭാവികതയില്ലെന്നും റോഡിന് താഴെയുള്ള മണ്ണിന്റെ പ്രശ്നമാണ് പ്രാഥമിക നിഗമനമെന്നും വിശദമായി പഠിച്ചശേഷം ദേശീയ പാത അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും വിദഗ്ധ സംഘം അറിയിച്ചു.
◾ സ്മാര്‍ട് റോഡ് ഉദ്ഘാടന വിവാദവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി എംബി രാജേഷ്. മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടില്ലെന്നും വസ്തുതാ വിരുദ്ധമായ വാര്‍ത്തയാണ് പുറത്തുവരുന്നതെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നത് അന്യായമാണ്. നിഷ്‌കളങ്കമായി കൊടുക്കുന്നതല്ല ഇത്തരം വാര്‍ത്തകളെന്നും എന്നാല്‍ നിങ്ങളുടെ ഉദ്ദേശം നടക്കില്ലെന്നും മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ട് മന്ത്രി കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി.
◾ അടുത്ത 3-4 ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനു പിന്നാലെ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനവുമെത്തി. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
◾ കുട്ടികളില്‍ സമ്മര്‍ദ്ദം ലഘൂകരിക്കാനും ഉല്ലാസത്തിനുമായി സ്‌കൂളുകളില്‍ പ്രത്യേക സമയം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മലപ്പുറത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ജില്ലാതല യോഗത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
◾ മലപ്പുറം കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തിയതായി വിവരം. വനംവകുപ്പിന്റെ തെരച്ചിലില്‍ കേരള എസ്റ്റേറ്റ് എസ് വളവിലാണ് കടുവയെ കണ്ടത്. മയക്കുവെടി വെക്കാനുളള തയ്യാറെടുപ്പുകള്‍ നടക്കുന്നതായി വനംവകുപ്പ് അറിയിച്ചു. കടുവ പ്രദേശത്തിറങ്ങുന്നതിന്റെ പല സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മലയോര മേഖലയിലെ ആളുകള്‍ക്ക് വലിയ ആശ്വാസമായിരിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
◾ ഇന്ത്യയിലുടനീളമുള്ള റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിനുള്ള അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം പ്രകാരം പുനര്‍വികസിപ്പിച്ച വടകര, മാഹി, ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനുകള്‍ ഉദ്ഘാടനത്തിന് സജ്ജമായി. രാജ്യത്തുടനീളമുള്ള 103 അമൃത് സ്റ്റേഷനുകളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നവീകരിച്ച സ്റ്റേഷനുകളുടെ ഉദ്ഘാടനം ഇന്ന് നിര്‍വഹിക്കും.
◾ ഗ്രീന്‍ ഹൗസ് ക്ലീനിങ് സര്‍വീസ് എന്ന യൂട്യൂബ് വ്ലോഗര്‍ രോഹിത്തിനെതിരെ കേസ്. രോഹിത്തിന്റെ സഹോദരി നല്‍കിയ പരാതിയിലാണ് ആലപ്പുഴ വനിത പൊലീസ് കേസെടുത്തിരിക്കുന്നത്. ദേഹോപദ്രം ഏല്പിക്കല്‍, ഗുരുതരമായി പരിക്കേല്‍പിക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് രോഹിത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
◾ സംവിധായകന്‍ ബാലചന്ദ്ര മേനോനെതിരെ ബലാത്സംഗ പരാതി നല്‍കിയ ആലുവ സ്വദേശിയായ നടി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. തന്നെ ഭീഷണിപ്പെടുത്തുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തെന്ന് ആരോപിച്ച് ബാലചന്ദ്രമേനോന്‍ നടിക്കെതിരെ മറ്റൊരു പരാതി നല്‍കിയിരുന്നു. ഈ കേസിലാണ് നടി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ നല്‍കിയത്.
◾ കോഴിക്കോട് താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതരായ 6 വിദ്യാര്‍ത്ഥികളുടെ എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസും ഒരാള്‍ക്ക് 7 എ പ്ലസും ആണ് ലഭിച്ചിരിക്കുന്നത്. മറ്റുള്ള മൂന്നുപേരും വിജയിച്ചു.ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ഫലം പ്രസിദ്ധീകരിച്ചത്.
◾ ബീഫ് ഫ്രൈയും പൊറോട്ടയും ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ഗ്രേവി സൗജന്യമായി നല്‍കിയില്ലെന്ന പരാതി നിലനില്‍ക്കുന്നതല്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. എറണാകുളം സ്വദേശി ഷിബു എസ്, കോലഞ്ചേരി പത്താം മൈലിലെ 'ദി പേര്‍ഷ്യന്‍ ടേബിള്‍' എന്ന റെസ്റ്ററന്റിനെതിരെ നല്‍കിയ പരാതി പരിഗണനാര്‍ഹമല്ലെന്ന് വ്യക്തമാക്കിയാണ് നിരാകരിച്ചത്. പൊറട്ടയും ബീഫ് നല്‍കുമ്പോള്‍ ഗ്രേവി സൗജന്യമായി നല്കാത്തത് സേവന ന്യൂനതയായി പരിഗണിക്കാനാവില്ലെന്ന് ഹോട്ടല്‍ ഉടമയ്ക്കെതിരായ പരാതി നിരാകരിച്ചു കൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.
◾ വെള്ളിമാടുകുന്ന് ജുവനൈല്‍ഹോമില്‍ നിന്ന് മൂന്ന് ആണ്‍കുട്ടികളെ കാണാതായതിന് പിന്നാലെ രണ്ടു കുട്ടികളെ കണ്ടെത്തി. താമരശ്ശേരി, കുരുവട്ടൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പോലീസ് ഇവരെ കണ്ടെത്തിയത്. മൂന്നാമനായി പോലീസ് അന്വേഷണം തുടരുന്നുണ്ട്. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് കുട്ടികളെ കാണാതായത്.
◾ കണ്ണൂര്‍ പയ്യന്നൂരില്‍ പേരമകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. 88 വയസുള്ള കാര്‍ത്യായനി ആണ് മരിച്ചത്. പേരമകന്‍ റിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടെത്താമസിക്കുന്നു എന്ന വിരോധത്തില്‍ പയ്യന്നൂരിലെ കണ്ടങ്കാണിയിലെ വീട്ടില്‍ വെച്ച് പേരമകന്‍ റിജു ഇവരെ ചവിട്ടി വീഴ്ത്തുകയും തല ചുമരില്‍ ഇടിക്കുകയും ചെയ്തുവെന്നാണ് പരാതി. ഹോം നഴ്സിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പേരമകന്റെ മര്‍ദനമേറ്റ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കുളിമുറിയില്‍ വീണു എന്നാണ് ബന്ധുക്കള്‍ പറഞ്ഞിരുന്നത്.
◾ കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളിയില്‍ അച്ഛന്റെ കാല്‍ തല്ലിയൊടിച്ച മകന്‍ പിടിയില്‍. കല്ലേറ്റും കടവ് സ്വദേശി അനൂപ് ആണ് പിടിയിലായത്. 76 വയസുകാരനായ അമ്പുവിന്റെ കാലാണ് അനൂപ് തല്ലിയൊടിച്ചത്. സ്വത്ത് ഭാഗം വെക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണം.
◾ പാകിസ്ഥാന്റെ ഭീകരബന്ധം ലോകത്തിന് മുന്നില്‍ തുറന്നുകാട്ടാനുളള എംപിമാരുടെ ആദ്യ പ്രതിനിധി സംഘം ജപ്പാനിലേക്ക് പുറപ്പെട്ടു. സജ്ജയ് കുമാര്‍ ഝാ നയിക്കുന്ന സംഘത്തില്‍ ജോണ്‍ ബ്രിട്ടാസും അംഗമാണ്. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ യഥാര്‍ത്ഥ മുഖം ബോധ്യപ്പെടുത്താനുള്ള എംപിമാരുടെ പ്രതിനിധി സംഘം 32 രാജ്യങ്ങളിലെത്തും. അതേസമയം സര്‍വകക്ഷി സംഘത്തെ അയയ്ക്കുന്നത് യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുളള ശ്രമമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
◾ സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി നമ്പാല കേശവ റാവുവിനെ സുരക്ഷ സേന വധിച്ചു. ഛത്തീസ്ഗഡില്‍ നടന്ന ഏറ്റുമുട്ടലിലാണ് ബസവരാജു എന്ന നമ്പാല കേശവ റാവു അടക്കം 27 മാവോയിസ്റ്റുകളെ സുരക്ഷ സേന വധിച്ചത്. ഏറ്റമുട്ടലില്‍ ഡിസ്ട്രിക് റിസര്‍വ്വ് ഗാര്‍ഡിലെ ജവാന്‍ വീരമൃത്യു വരിച്ചു. സേനകളുടെ നേട്ടത്തില്‍ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.
◾ ബെംഗളുരുവിലെ ചന്ദാപുരയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കടും നീല നിറത്തിലുള്ള വലിയ ട്രോളി ബാഗിലാണ് 18 വയസ്സ് പ്രായം തോന്നുന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടത്. ഹൊസൂര്‍ മെയിന്‍ റോഡിന് അടുത്തുള്ള റെയില്‍വേ ബ്രിഡ്ജിന് താഴെ പെട്ടി കിടക്കുന്നത് പ്രദേശവാസികളാണ് ശ്രദ്ധിച്ചത്. ഇതില്‍ നിന്ന് ദുര്‍ഗന്ധമുയര്‍ന്നതോടെ പൊലീസിനെ നാട്ടുകാര്‍ വിവരമറിയിച്ചു. പൊലീസെത്തി പെട്ടി തുറന്നപ്പോഴാണ് ഇതിനകത്ത് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടത്. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
◾ കര്‍ണാടകയിലെ ബിജെപി എംഎല്‍എയുടെ നേതൃത്വത്തില്‍ തന്നെ കൂട്ടബലാത്സംഗം ചെയ്യിപ്പിക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ദേഹത്ത് മാരകവൈറസ് കുത്തിവെക്കുകയും ചെയ്തുവെന്ന് യുവതിയുടെ പരാതി. ബിജെപിയുടെ രാജരാജേശ്വരി നഗര്‍ എം.എല്‍.എ മുനിരത്‌നയ്‌ക്കെതിരെ ബിജെപി പ്രവര്‍ത്തക കൂടിയായ നാല്‍പ്പതുകാരിയുടെ പരാതിയെ തുടര്‍ന്ന് ബെംഗളൂരു പോലീസ് കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
◾ ദില്ലിയിലെ പാകിസ്ഥാനി ഹൈക്കമ്മീഷനിലെ ഒരു നയതന്ത്ര ഉദ്യോഗസ്ഥനെ കൂടി ഇന്ത്യ പുറത്താക്കി. നയതന്ത്ര മര്യാദ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 24 മണിക്കൂറിനകം രാജ്യം വിടാന്‍ ഇയാള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നയതന്ത്ര അവകാശം ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യരുതെന്ന് കര്‍ശന താക്കീതും ഇന്ത്യ നല്‍കി.
◾ ഭാര്യയെയും ഒപ്പം ജോലി ചെയ്യുന്ന മറ്റൊരാളെയും ഒരുമിച്ച് വീടിനുള്ളില്‍ കണ്ട യുവാവ് രണ്ട് പേരെയും മര്‍ദിച്ചുകൊന്നു. അസമിലെ നഗാവ് ജില്ലയിലുള്ള കാംപൂരിലാണ് സംഭവം. തുടര്‍ന്ന് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
◾ അമിത ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ 24കാരനായ ടെക്കി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര സ്വദേശിയായ നിഖില്‍ സോംവന്‍ശി ആണ് ആത്മഹത്യ ചെയ്തത്. എച്ച്എസ്ആര്‍ ലേ ഔട്ടിലെ അഗര തടാകത്തില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഓലയുടെ എഐ വിങായ ക്രിട്രിമില്‍ മെഷീന്‍ ലേണിംഗ് എഞ്ചിനീയറായിരുന്നു നിഖില്‍. നിഖിലിന്റെ ആത്മഹത്യയില്‍ പ്രതിഷേധവുമായി ഐടി ജീവനക്കാരുടെ യൂണിയനുകളും രംഗത്തെത്തി.
◾ ഇടപാടുകാര്‍ക്ക് അറിയുന്ന ഭാഷയില്‍ ബാങ്ക് ജീവനക്കാര്‍ സംസാരിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ബിജെപി എംപി തേജസ്വി സൂര്യയും. ബാങ്കിലെത്തിയ യുവാവിനോട് കന്നഡയില്‍ സംസാരിക്കാന്‍ തയ്യാറാകാതെ തട്ടിക്കയറിയ എസ്ബിഐ മാനേജരെ സ്ഥലം മാറ്റിയതിന് പിന്നാലെയാണ് ഇരുവരും ഒരേ അഭിപ്രായം പറഞ്ഞത്.
◾ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത രാഖി എത്തിക്കാതിരുന്ന ആമസോണിന് പിഴയിട്ട് മുംബൈയിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. 100 രൂപയുടെ രാഖി എത്തിക്കാതിരുന്നതിന് 40,000 രൂപ ആമസോണ്‍ പിഴയൊടുക്കണം. 2019ല്‍ സഹോദരനു വേണ്ടി ഓര്‍ഡര്‍ ചെയ്ത രാഖി ഡെലിവര്‍ ചെയ്തില്ലെന്ന മുംബൈ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.
◾ വഖഫ് ഇസ്ലാം മതത്തിന്റെ അനിവാര്യത അല്ലെന്നും വഖഫ് മൗലിക അവകാശമല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. വഖഫ് നിയമ ഭേദഗതി സ്റ്റേ ചെയ്യണം എന്ന ആവശ്യമുന്നയിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ വാദം നടക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിലപാട് അറിയിച്ചത്. സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.
◾ ഹിന്ദു ക്ഷേത്രങ്ങള്‍, മഠങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അനിവാര്യമായ മതാചാരങ്ങളില്‍ പോലും സര്‍ക്കാരുകള്‍ ഇടപെട്ടിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത്തരം ഇടപെടലുകളില്‍ പലതും കോടതികള്‍ ശരിവെച്ചിട്ടുണ്ടെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കി. മുസ്ലിം മത വിഭാഗത്തിലുള്ളവരുടെ അനിവാര്യമായ മതാചാരമായ വഖഫില്‍ സര്‍ക്കാര്‍ ഇടപെടുന്നുവെന്ന ആരോപണത്തെ ഖണ്ഡിച്ച് കൊണ്ടാണ് കേന്ദ്രം ഇക്കാര്യം സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്.
◾ മുന്‍ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറിന് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പരീക്ഷകളില്‍ വിജയിക്കാന്‍ പിന്നോക്ക വിഭാഗ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മ്മിച്ചുവെന്ന ആരോപണത്തില്‍ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ ഇടം നേടിയ പൂജ ഖേദ്കറിന് ആശ്വാസം നല്‍കുന്ന വിധിയാണ് സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും രേഖകളിലുള്ള തെളിവുകള്‍ നശിപ്പിക്കരുതെന്നും പൂജയ്ക്ക് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
◾ ശക്തമായ കാറ്റും മഴയിലും ദില്ലി വിമാനത്താവളത്തിലെ മേല്‍ക്കൂരയുടെ ഷീറ്റ് വീണ് മലയാളിക്ക് പരിക്കേറ്റു. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഉഷയ്ക്കാണ് കാലിന് പരിക്കേറ്റതെന്ന് ബന്ധുക്കള്‍ അറിയിച്ചു. രാത്രി 8.40നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കൊച്ചിയിലേക്ക് പോകാനിരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
◾ ഇന്ത്യാ - പാക്ക് സംഘര്‍ഷത്തില്‍ പാക്കിസ്ഥാന് തുറന്ന പിന്തുണ നല്‍കിയ തുര്‍ക്കിയോട് കടുത്ത പ്രതിഷേധത്തിന്റെ ഭാഗമായി തുര്‍ക്കി ഉല്‍പ്പന്നങ്ങളായ ചോക്ലേറ്റുകള്‍, കാപ്പി, ജാം, സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍, വസ്ത്രങ്ങള്‍ എന്നിവ ഇന്ത്യന്‍ പലചരക്ക് കടകളും പ്രമുഖ ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയിലര്‍മാരും ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ഏകദേശം 2000 കോടി രൂപയാണ് ഇത് വഴി തുര്‍ക്കിയ്ക്ക് നഷ്ടമാവുക.
◾ സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാന്‍ ചൈന. ഇതുസംബന്ധിച്ച് ചൈന, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകളില്‍ ധാരണയായി. ബെയ്ജിങില്‍ നടന്ന മൂന്ന് രാജ്യങ്ങളുടെയും മന്ത്രിതല ചര്‍ച്ചയിലാണ് തീരുമാനം. ഇന്ത്യയുടെ എതിര്‍പ്പ് വകവെക്കാതെയാണ് ചൈനയും പാകിസ്ഥാനും സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുന്നത്.
◾ ഗാസയിലേക്കുള്ള എല്ലാ മാനുഷിക സഹായവും തടഞ്ഞ് ഇസ്രായേല്‍. ഒരു മാസത്തിനിടെ ആശുപത്രികളിലും അഭയാര്‍ത്ഥി ക്യാമ്പുകളിലും അടക്കം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 3340 നിരപരാധികള്‍ ആണ് കൊല്ലപ്പെട്ടത്. ഗാസയെ പിടിച്ചടക്കി പൂര്‍ണ്ണ വിജയം നേടുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം.
◾ ഗാസയില്‍ അന്താരാഷ്ട്ര പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനത്തിനിടെ ഇസ്രായേല്‍ സേനയുടെ വെടിവെപ്പ്. എന്നാല്‍ നല്‍കിയ റൂട്ടില്‍ നിന്ന് മാറിയാണ് സംഘം സഞ്ചരിച്ചതെന്നും സംഘത്തെ സ്ഥലത്ത് നിന്ന് മാറ്റാന്‍ മുന്നറിയിപ്പായി ആണ് വെടി ഉതിര്‍ത്തതെന്നുമാണ് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.
◾ ഗാസയിലേക്ക് സഹായമെത്തിക്കാന്‍ അനുവദിക്കണമെന്ന് ഇസ്രയേലിനോട് അഭ്യര്‍ഥിച്ച് ലിയോ പതിന്നാലാമന്‍ മാര്‍പാപ്പ. ഗാസയിലെ സ്ഥിതി പൂര്‍വാധികം ആശങ്കാജനകവും ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനിലെ കുട്ടികളുള്‍പ്പെടെയുള്ള ദുര്‍ബലവിഭാഗങ്ങളെ ഇല്ലാതാക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. സെയ്ന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ തന്റെ ആദ്യ പ്രതിവാരകൂടിക്കാഴ്ചയില്‍ തീര്‍ഥാടകരെ അഭിസംബോധനചെയ്യുകയായിരുന്നു മാര്‍പാപ്പ.
◾ ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 59 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ 43 പന്തില്‍ 73 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റെ മികവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയ്ക്ക് 18.2 ഓവറില്‍ 121 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ഇതോടെ ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിംഗ്സ് എന്നീ ടീമുകള്‍ക്ക് ശേഷം പ്ലേ ഓഫ് ഉറപ്പിക്കുന്ന നാലാമത്തെ ടീമായി മുംബൈ മാറുകയും ചെയ്തു.
◾ പ്രമുഖ ആഢംബര ഹോട്ടല്‍ ശൃംഖലയായ ദി ലീല പാലസസ്, ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സിന്റെ ഉടമകളായ ഷ്ലോസ് പ്രാഥമിക ഓഹരി വില്‍പന പ്രഖ്യാപിച്ചു. 3,500 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ഐപിഒ. മെയ് 26-ന് ഐപിഒ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്നെ സെബി ഇതിന് അംഗീകാരം നല്‍കിയിരുന്നു. പൊതു സബ്സ്‌ക്രിപ്ഷന്‍ മെയ് 28-ന് അവസാനിക്കും. മെയ് 29-ഓടെ ഐപിഒ ഓഹരി അലോട്ട്മെന്റ് അന്തിമമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂണ്‍ 2 മുതല്‍ ഷ്ലോസ് ബാംഗ്ലൂര്‍ ഓഹരികളുടെ വ്യാപാരം സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ആരംഭിക്കും.
◾ ജനപ്രിയ ജിടി പരമ്പരയിലെ അടുത്ത തലമുറ മോഡലുകള്‍ പുറത്തിറക്കാന്‍ റിയല്‍മി ഒരുങ്ങിയിരിക്കുന്നു. 2025 മെയ് 27-ന് നടക്കാനിരിക്കുന്ന ലോഞ്ച് ഇവന്റില്‍ റിയല്‍മി ജിടി 7 ഉം, റിയല്‍മി ജിടി 7ടിയും പുറത്തിറക്കുമെന്ന് ബ്രാന്‍ഡ് സ്ഥിരീകരിച്ചു. മാത്രമല്ല, റിയല്‍മി ജിടി 7 ഡ്രീം എഡിഷന്‍ എന്നറിയപ്പെടുന്ന ജിടി 7-ന്റെ ഒരു പ്രത്യേക പതിപ്പ് അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു.
◾ വണ്‍പ്ലസ് പാഡ് 3 അടുത്ത മാസം ആദ്യം തിരഞ്ഞെടുത്ത ആഗോള വിപണികളില്‍ പുറത്തിറങ്ങും. കമ്പനി ലോഞ്ച് തീയതിയും വരാനിരിക്കുന്ന ടാബ്ലെറ്റിന്റെ ഡിസൈന്‍ വിവരങ്ങളും പ്രഖ്യാപിച്ചു. ക്വാല്‍കോമിന്റെ മുന്‍നിര ഒക്ടാ-കോര്‍ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്‌സെറ്റാണ് ഇതിന് കരുത്ത് പകരുന്നതെന്ന് സ്ഥിരീകരിച്ചു. 13.2 ഇഞ്ച് 3.4കെ എല്‍സിഡി സ്‌ക്രീനും 12,140 എംഎഎച്ച് ബാറ്ററിയുമുള്ള വണ്‍പ്ലസ് പാഡ് 2 പ്രോയുടെ റീബ്രാന്‍ഡഡ് പതിപ്പായിരിക്കും വരാനിരിക്കുന്ന ആഗോള വേരിയന്റ് എന്ന് ടീസര്‍ വിശദാംശങ്ങള്‍ സൂചിപ്പിക്കുന്നു.
◾ നാളെ തിയറ്ററുകളില്‍ എത്താനിരിക്കുന്ന ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഡിറ്റക്ടീവ് ഉജ്ജ്വലന്റെ ബുക്കിംഗ് ആരംഭിച്ചു. വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ മിന്നല്‍ മുരളിക്ക് ശേഷം വരുന്ന രണ്ടാമത്തെ ചിത്രം ആണ് ഡിക്ടറ്റീവ് ഉജ്ജ്വലന്‍. രാഹുല്‍ ജി, ഇന്ദ്രനീല്‍ ജി.കെ. എന്നിവര്‍ ചേര്‍ന്നാണ് സോഫിയാ പോള്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. മിസ്റ്ററി കോമഡി ത്രില്ലറായി എത്തുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന് പുറമെ സിജു വില്‍സന്‍, കോട്ടയം നസീര്‍ , നിര്‍മല്‍ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമ ജി. നായര്‍, എന്നിവരും അമീന്‍ നിഹാല്‍, നിബ്രാസ്, ഷഹബാസ് തുടങ്ങി ഏതാനും പുതുമുഖങ്ങളും ഈ അണിനിരക്കുന്നു.
◾ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള'യുടെ പുതിയ ടീസര്‍ റിലീസ് ചെയ്തു. പ്രണയത്തെ കുറിച്ച് പറയുന്ന ടീസര്‍ ഇതിനടകം ശ്രദ്ധനേടി കഴിഞ്ഞു. ചെമ്പരത്തിപ്പൂ, ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മെയ് 23ന് തിയറ്ററുകളില്‍ എത്തും. ജോണി ആന്റണി, സാരംഗി ശ്യാം, ഇന്ദ്രന്‍സ്, മനോജ് കെ. ജയന്‍, അല്‍ഫോന്‍സ് പുത്രന്‍,ഡോക്ടര്‍ റോണി,മനോജ് കെ യു, സംഗീത, മീര വാസുദേവ്,മഞ്ജു പിള്ള, തുടങ്ങി നിരവധി പ്രമുഖ താരങ്ങളും കൂടാതെ ഒരുപാട് പുതുമുഖങ്ങളും യുണൈറ്റഡ് കിങ്ഡം ഓഫ് കേരളയില്‍ അണിനിരക്കുന്നു.
◾ ഏഷ്യയിലുടനീളം അതിവേഗം പകരുന്ന കൊവിഡ് 19 കേസുകളില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍. ഏഷ്യയില്‍ കൊവിഡ്-19 കേസുകളുടെ വര്‍ദ്ധനവിന് പ്രാഥമികമായി കാരണം ജെഎന്‍. 1 വേരിയന്റും പ്രത്യേകിച്ച് ഒമൈക്രോണ്‍ പരമ്പരയുടെ ഉപ വകഭേദങ്ങളായ LF.7 ഉം NB.1.8 ഉം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 സെപ്റ്റംബറില്‍ യുഎസിലാണ് ജെഎന്‍ .1 വേരിയന്റ് ആദ്യമായി കണ്ടെത്തിയതെന്ന് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കുന്നു. പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, തലവേദന എന്നിവയാണ് ഈ വകഭേദത്തിന്റെ ചില സാധാരണ ലക്ഷണങ്ങള്‍. എന്നിരുന്നാലും, മറ്റ് വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമായി, JN.1 ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും കാരണമാകും. വയറിളക്കം, വിശപ്പില്ലായ്മ, നിരന്തരമായ ഓക്കാനം, കടുത്ത ക്ഷീണം എന്നിവയാണ് JN.1 ന്റെ മറ്റ് ലക്ഷണങ്ങള്‍. ഈ സ്ട്രെയിന്‍ എല്ലാ പ്രായക്കാരെയും ബാധിക്കുമെന്നതിനാല്‍ നാം ജാഗ്രത പാലിക്കേണ്ടതാണ്. നമ്മളെയും നമ്മുടെ ചുറ്റുമുള്ളവരെയും സംരക്ഷിക്കുന്നതിന്, നല്ല ശ്വസന ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്. മാസ്‌ക് ധരിക്കുക, തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ മൂക്കും വായയും മൂടുക, സാധ്യമാകുന്നിടത്തെല്ലാം സുരക്ഷിതമായ അകലം പാലിക്കുക എന്നിവ ശ്രദ്ധിക്കുക. അത്യാവശ്യമല്ലാത്ത യാത്രകള്‍, വലിയ ഒത്തുചേരലുകള്‍, പുറത്തുപോകലുകള്‍ എന്നിവ തല്‍ക്കാലം ഒഴിവാക്കുന്നത് നല്ലതാണെന്നും വിദഗ്ധര്‍ പറയുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
വളരെയധികം മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്ന ഒരാള്‍ പ്രശസ്തനായ ഒരു മന:ശാസ്ത്രജ്ഞനെ സമീപിച്ചു. ഉത്തരം കിട്ടാത്ത നിരവധി പ്രശ്നങ്ങള്‍ ഇയാളെ അലട്ടിയിരുന്നു. മന:ശാസ്ത്രജ്ഞന്‍ അയാളെ വിശദമായി പരിശോധിച്ചു. ഒടുവില്‍ അയാളോട് മന:ശാസ്ത്രജ്ഞന്‍ നടത്തുന്ന മാനസികോല്ലാസ കേന്ദ്രത്തില്‍ കുറച്ചുദിവസം താമസിക്കാനാവശ്യപ്പെട്ടു. പ്രകൃതി രമണീയമായ ഒരു സ്ഥലത്തായിയുന്നു കേന്ദ്രം. വൈകുന്നേരങ്ങളില്‍ അടുത്ത് കാണുന്ന മലയടിവാരത്തില്‍ പോയിരുന്ന് മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ പ്രകൃതി ഭംഗി ആസ്വദിക്കാനും അവിടെ കുറേ സമയം ചിലവഴിക്കാനും ആവശ്യപ്പെട്ടു. ക്രമേണ അയാളുടെ മനസ് ശാന്തമാവുകയും സംഘര്‍ഷങ്ങളൊക്കെ മാറി അയാള്‍ ശാന്തമായി ഉറങ്ങുകയും ചെയ്തു. എങ്കിലും ഇത് അധിക നാള്‍ നീണ്ടുനിന്നില്ല. അയാളുടെ മനസ്സ് പിന്നെയും ചിന്തിക്കാന്‍ തുടങ്ങി. ഇത്ര നാളും കിട്ടാതിരുന്ന സ്വസ്ഥതയും സമാധാനവും ഇവിടെ വന്നപ്പോള്‍ തനിക്ക് കിട്ടാനുള്ള കാരണമെന്താവും? ഈ ഒരു ചോദ്യത്തിനുള്ള ഉത്തരത്തിനു വേണ്ടി അയാളുടെ മനസ്സ് ഉഴറാന്‍ തുടങ്ങി. ക്രമേണ അയാളുടെ മന:സമാധാനം വീണ്ടും നഷ്ടപ്പെടാന്‍ തുടങ്ങി. ജീവിതത്തിനോടുള്ള നമ്മുടെ സമീപനമാണ് നമ്മുടെ മനസ്സിന് സ്വസ്ഥതയും അസ്വസ്ഥതയും സമ്മാനിക്കുന്നത്. പ്രശ്നങ്ങളുടെ പിന്നാലെ പോകുന്നവരെ പ്രശ്നങ്ങളും പിന്തുടരുന്നു എന്നതാണ് വാസ്തവം. മനസ്സിന് സ്വസ്ഥതയും ശാന്തതയും കൈവരണമെന്ന് മന:പൂര്‍വ്വം ആഗ്രഹിക്കുന്നവര്‍ക്ക് അത് കൈവരിക തന്നെ ചെയ്യും. അല്ലാത്തവര്‍ക്ക് ഏത് അവസ്ഥയും അസ്വസ്ഥമായി ഭവിക്കുന്നു എന്നതാണ് ശരി. സ്വസ്ഥത എന്നത് ഒരു മാനസികാവസ്ഥ മാത്രമാണെന്ന് മനസ്സിലാക്കി അതിനെ അപ്രകാരം തന്നെ കൈകാര്യം ചെയ്യുന്നതാവും ഉചിതം -ശുഭദിനം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍