കുഞ്ഞിനെ കിണറ്റിലിട്ട് കൊല്ലാൻ ശ്രമം;അമ്മ അറസ്റ്റിൽ


വാളയാർ : നാല് വയസ്സുകാരനെ കിണറ്റിലിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അമ്മ അറസ്‌റ്റിൽ. വാളയാർ മംഗലത്താൻചള്ള പാമ്പാംപള്ളം സ്വദേശി ശ്വേതയെയാണ് (22) വാളയാർ പൊലീസ് അറസ്റ്റ് ചെയ്തത്. ശനി പകൽ രണ്ടരക്കാണ് സംഭവം. വധശ്രമത്തിനും ജുവനൈൽ ജസ്‌റ്റ്‌സ് ആക്‌ട് പ്രകാരവും കേസെടുത്ത ശേഷം ഇവരെ മജിസ്ട്രേട്ടിന് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. ഭർത്താവുമായി ഏറെക്കാലമായി പിരിഞ്ഞ് കഴിയുന്ന ശ്വേത കുട്ടിയെ ഒരാൾപ്പൊക്കത്തിൽ വെള്ളമുള്ള കിണറ്റിലെറിയുകയായിരുന്നു.

കിണറിന് 15 അടി താഴ്‌ചയുണ്ടായിരുന്നു. എന്നാൽ കുട്ടി മോട്ടോർ പൈപ്പിൽ തൂങ്ങിക്കിടന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയൽവാസികളും നാട്ടുകാരും ചേർന്നാണ് കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിക്കു യാതൊരു പരിക്കുമില്ല. തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു പ്രാഥമിക ചികിത്സ നൽകി.

ശ്വേത തമിഴ്‌നാട് സ്വദേശിയുമായി ബന്ധത്തിലായിരുന്നെന്നും നാട്ടുകാർ ആരോപിച്ചിരുന്നെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയാലേ കാരണം സംബന്ധിച്ച് വ്യക്‌തതയുണ്ടാകൂവെന്ന് പൊലീസ് പറഞ്ഞു. വാളയാർ ഇൻസ്പെക്‌ടർ എൻ എസ് രാജീവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ നാട്ടുകാരുടെയും ബന്ധുക്കളുടെയും മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും തുടരന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍