വ്യാജ നമ്പറുകളിൽ നിന്നുള്ള കോളുകൾ എടുക്കരുത്; പാക് ചാരന്മാരാകാം, മുന്നറിയിപ്പ് നൽകി പ്രതിരോധ വകുപ്പ്


ഓപ്പറേഷൻ സിന്ദൂറിന്റെ വിവരങ്ങൾ ശേഖരിക്കാൻ പാക് ചാരന്മാർ വ്യാജ നമ്പറുകളിൽ നിന്ന് ബന്ധപ്പെട്ടേക്കാമെന്ന് പ്രതിരോധ വകുപ്പ്. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയാണ് ഫോണ്‍ കോളുകള്‍ വരുന്നതെന്നും ഇതിൽ ജാഗ്രത പാലിക്കണമെന്നും സൈന്യം അറിയിച്ചു.

7340921702 എന്ന ഇന്ത്യൻ നമ്പറിൽ നിന്ന് വരുന്ന ഇത്തരം കോളുകളോട് പ്രതികരിക്കരുതെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം ചതികളിൽ വീഴരുത്. ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരായി നടിച്ച്, മാധ്യമപ്രവർത്തകരെയും സാധാരണക്കാരെയും വിളിച്ച്, നിലവിലുള്ള സാഹചര്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ പാകിസ്താൻ ഇന്റലിജൻസ് ഓപ്പറേറ്റീവ്സ് (പിഐഒ) നടത്തുന്ന ശ്രമങ്ങളാണിതെന്നും സൈന്യം അറിയിച്ചു.

അതേസമയം, പാക് സൈന്യം ഭീകരർക്കായിട്ടാണ് നിലകൊണ്ടിരുന്നതെന്ന് സംയുക്ത സേന നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തീവ്രവാദികള്‍ക്ക് വേണ്ടി പാകിസ്താന്‍ സൈന്യം ഇടപെടാന്‍ തീരുമാനിച്ചത് ദയനീയമാണ്. അതിനാലാണ് ഇന്ത്യ തിരിച്ചടിച്ചത്. തദ്ദേശീയമായി വികസിപ്പിച്ച ‘ആകാശ് സംവിധാനം’ വിജയകരമായിരുന്നു. പാകിസ്താന്റെ നിരവധി ഡ്രോണുകളുള്‍പ്പെടെ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തുവെന്നും സേന വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ സ്വഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്. നിരപരാധികളായ സാധാരണ പൗരന്മാരാണ് കൊല്ലപ്പെട്ടത്. ഭാവിയില്‍ ഏതൊരു തിരിച്ചടിക്കും നമ്മുടെ എല്ലാ സേനകളും സര്‍വ്വസജ്ജമാണ്. ഇന്ത്യയുടെ അതിര്‍ത്തി കടക്കാന്‍ പാകിസ്താന് സാധിച്ചിട്ടില്ല. അതിര്‍ത്തിയിലെ വ്യോമസേനപ്രതിരോധ സംവിധാനങ്ങള്‍ ശക്തമാണ്. ഇന്ത്യയുടെ റഡാർ സംവിധാനങ്ങളെ മറികടന്ന് ഒരു ആക്രമണവും സാധ്യമല്ലെന്നും സേന അറിയിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍