കുട്ടികളുടെ സുരക്ഷ, പരിസര ശുചിത്വം; പുതിയ അധ്യയന വർഷത്തിൽ മുന്നൊരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്

ആലപ്പുഴ: 2025-26 അധ്യയന വർഷം ജൂൺ 2 മുതൽ ആരംഭിക്കുകയാണ്. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി മുന്നൊരുക്കങ്ങൾ ആണ് പൊതു വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നത്. സ്കൂൾ സുരക്ഷ, കുട്ടികളുടെ സുരക്ഷ, പരിസര ശുചീകരണം, ഉച്ചഭക്ഷണം എന്നിവ ഉറപ്പുവരുത്താൻ സജ്ജീകരണം നടക്കുകയാണ്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. പുതിയ അധ്യയന വർഷം മികവുറ്റതാക്കാൻ എന്തൊക്കെ മുന്നൊരുക്കങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത് എന്ന് അറിയാം.

സ്കൂൾ സുരക്ഷ

കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി സ്കൂൾ കെട്ടിടത്തിന്റെ ഫിറ്റ്നസ് വളരെ പ്രധാനപ്പെട്ടതാണ്. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്ന് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ക്ലാസുകൾ നടത്തുവാൻ കഴിയൂ.  സുരക്ഷ മുൻനിർത്തി സ്കൂൾ പരിസരം വൃത്തിയാക്കേണ്ടതും അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതുമാണ്. സ്കൂളിൽ സുരക്ഷിതവും പ്രചോദനപരവുമായ ഒരു പഠനാന്തരീക്ഷം ഉണ്ടായിരിക്കേണ്ടതാണ്.


വ്യത്യസ്ത നിലകളിലുള്ള പഠനാനുഭവങ്ങൾ കുട്ടികൾക്ക് ഉണ്ടാകുന്നതിനുവേണ്ടി ഓരോ കുട്ടിക്കും ഉപകാരപ്പെടുന്ന തരത്തിൽ പഠനവിഭവങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഓരോ സ്കൂളിlലും ഒരുക്കേണ്ടതാണ്. ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക പരിഗണന ലഭിക്കുകയും, അവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും, പഠനാന്തരീക്ഷവും ഉറപ്പുവരുത്തുകയും വേണം. ഇക്കാര്യത്തിൽ അധ്യാപക ബോധവൽക്കരണം വളരെ പ്രധാനമാണ്. കുട്ടികളുടെ സുരക്ഷ, അവരുടെ അവകാശങ്ങൾ എന്നിവ മുൻനിർത്തി ഓരോ സ്കൂളും ബന്ധപ്പെട്ട മാർ​ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.


സ്‍കൂളുകളുടെ അറ്റകുറ്റപ്പണികൾ മെയ് 27നകം പൂർത്തിയാക്കേണ്ടതാണ്.  അതോടൊപ്പം ഭിത്തികൾ കഴിയുന്നതും പെയിന്റ് ചെയ്ത് മനോഹരമാക്കി കുട്ടികളെ സ്വീകരിക്കാൻ സജ്ജമാക്കേണ്ടതാണ്. സ്‍കൂൾ തുറക്കുന്നതിനു മുൻപുതന്നെ സ്‍കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും വാങ്ങി സൂക്ഷിക്കേണ്ടതാണ്. 

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ യാതൊരു കാരണവശാലും സ്‍കൂളുകൾ തുറന്നു പ്രവർത്തിക്കാൻ പാടുള്ളതല്ല. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്കൂളുകളിൽ വാടക കെട്ടിടത്തിലോ മറ്റു സ്ഥാപനങ്ങളിലോ ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഈ കെട്ടിടങ്ങൾ കൂടി പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തദ്ദേശ-സ്വയം ഭരണ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ലഭ്യമാക്കിയെന്ന് ഉറപ്പ് വരുത്തിയതിനുശേഷം മാത്രമേ സ്‍കൂളുകൾ തുറന്നു പ്രവർത്തിക്കാൻ പാടുള്ളൂ.


നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സ്‍കൂളുകളിൽ കുട്ടികൾക്ക് പൂർണസുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയിൽ പണി നടക്കുന്ന സ്ഥലം മറച്ചുകെട്ടേണ്ടതാണ്. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കിയും സഞ്ചാരം തടസപ്പെടാതെയും നിർമ്മാണ സാമഗ്രികൾ സൂക്ഷിക്കേണ്ടതാണ്. നിർമ്മാണ തൊഴിലാളികളുടെ സാന്നിധ്യം സ്‍കൂൾ പ്രവർത്തനത്തിന് തടസമാകരുത്. നിർമ്മാണ തൊഴിലാളികളുടെ വിവരങ്ങൾ ദിനംപ്രതി കരാറുകാരൻ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട അധികാരികൾ ഉറപ്പുവരുത്തേണ്ടതാണ്.

സ്കൂളിനടുത്തുള്ള വെള്ളക്കെട്ടുകൾ, കുളങ്ങൾ, കിണറുകൾ എന്നിവയ്ക്ക് സുരക്ഷാ ഭിത്തികൾ നിർമിക്കാനും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ളതുമായ പ്രദേശങ്ങളിൽ അപകട സാധ്യതാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കേണ്ടതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍