ഹൃദയാഘാതം: മലയാളി യുവതി സൗദിയിലെ ജുബൈലിൽ മരിച്ചു
ജുബൈൽ: മുക്കം സ്വദേശിനി ഹൃദയാഘാതത്തെത്തുടർന്ന് സൗദിയിലെ ജുബൈലിൽ മരിച്ചു. മണാശ്ശേരി സ്വദേശിനി റുബീന കരിമ്പലങ്ങോട്ട് (35) ആണ് മരിച്ചത്. രാവിലെ കുട്ടികളെ സ്‌കൂളിലേക്ക് അയച്ച ശേഷം റുബീന റൂമിനകത്ത് കുഴഞ്ഞുവീണ് മരിച്ചെന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് ശേഷം ക്ലാസ് കഴിഞ്ഞ് മക്കൾ വീട്ടിലെത്തിയപ്പോൾ വാതിൽ തുറക്കാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജുബൈലിലെ എസ്.എം.എച്ച് കമ്പനിയിൽ ജോലി ചെയ്യുന്ന ചിറ്റംകണ്ടി നെല്ലിക്കാപറമ്പിൽ അബ്ദുൽ മജീദ് ആണ് ഭർത്താവ്.
ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥി അംജദും നഴ്സറി വിദ്യാർഥിയായ അയാനും മക്കളാണ്. മക്കൾ ഇന്ന് നാട്ടിലേക്ക് പോകും. റുബീനയുടെ അപ്രതീക്ഷിത വിയോഗം ജുബൈലിലെ മലയാളി സമൂഹത്തെയൊന്നാകെ ദുഃഖത്തിലാഴ്ത്തി. ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. ജുബൈലിലെ ഐ.സി.എഫ് പ്രവർത്തകരും കെഎംസിസി പ്രവർത്തകരും എസ്.എം.എച്ച് അധികൃതരും നിയമനടിപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്. പിതാവ്: അബൂബക്കർ, മാതാവ്:റംല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍