" പ്ലാവിൻ തൈകൾ" വിദ്യാഭ്യാസ അവാർഡായി നൽകി

പൂനൂർ : മമ്മി മുസ്ലിയാർ ഫാമിലി ഗ്രൂപ്പ് (എം എം എഫ് ജി) സംഘടിപ്പിച്ച ഈ വർഷത്തെ വിദ്യാഭ്യാസ അവാർഡുകൾ തികച്ചും മാതൃകാപരവും കൗതുകകരവുമായി മാറി. എം എം എഫ് ജി കുടുംബത്തിൽ നിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകൾക്ക് സ്നേഹോപഹാരമായി നൽകിയത് ഓരോ മുന്തിയ ഇനം പ്ലാവിൻ തൈകൾ. പൂനൂർ ചീനിമുക്ക് അബ്ബാസിയ റസ്റ്റോറൻ്റ് ഓഡിറ്റോറിയത്തിലാണ് തികച്ചും വ്യത്യസ്തമായ അവാർഡ് ദാന ചടങ്ങ് അരങ്ങേറിയത്. വിദ്യാർഥികളുടെ മനസ്സുകളിൽ കൃഷിയെ കുറിച്ചും പ്രകൃതി സംരക്ഷണത്തെ കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കുവാൻ ഇതൊരു കാരണമായി മാറുകയും ചെയ്തു. എൽ എസ് എസ്, യു എസ് എസ്, എൻ എം എസ് എസ്, എസ് എസ് എൽ സി, പ്ലസ്ടു, മദ്റസ പൊതു പരീക്ഷകൾ എന്നിവയിൽ ഉന്നത വിജയം കൈവരിച്ച മുപ്പത്തിരണ്ടോളം വിദ്യാർഥികളാണ് പ്ലാവിൻ തൈകളും, മെഡലുകളും ഏറ്റുവാങ്ങിയത്.ചടങ്ങിൽ പ്രസിഡണ്ട് ഒ കെ അബ്ദു റസാഖ് അധ്യക്ഷത വഹിച്ചു. പ്രമുഖ സാംസ്കാരിക പ്രഭാഷകനും എഴുത്തുകാരനുമായ അഡ്വ: ടി പി എ നസീർ ഉദ്ഘാനം ചെയ്തു. സമൂഹത്തിൽ ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്ന സാമൂഹിക അവബോധം തിരിച്ചു കൊണ്ടുവരാൻ സംഘടിതമായ പ്രയത്‌നം അനിവാര്യമാണെന്നും വിദ്യാർഥികൾക്കിടയിൽ ശക്തമായ ബോധവൽക്കരണം നടത്തണമെന്നും അദ്ദേഹം പ്രസ്താവിച്ചു. സാലിം മാസ്റ്റർ പ്രതിഭകളെ പരിചയപ്പെടുത്തി. മുഹമ്മദ് ത്വാഹ ഖുർആൻ പാരായണം നിർവ്വഹിച്ചു. അബ്ദുല്ല സഖാഫി, പി പി നജീബ് എന്നിവർ ആശംസകൾ നേർന്നു. എം എം എഫ് ജി സെക്രട്ടറി എ കെ ജാഫർ സ്വാഗതവും തമ്മീസ് അഹമ്മദ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍