ബാങ്ക് ജീവനക്കാരിൽനിന്ന് കവർന്ന കവർന്ന പണം കണ്ടെത്തി; 39 ലക്ഷം രൂപ പറമ്പിൽ കുഴിച്ചിട്ട നിലയിൽ
കോഴിക്കോട്: പന്തീരങ്കാവിൽ ബാങ്ക് ജീവനക്കാരിൽ നിന്നും കവർന്ന പണം കണ്ടെത്തി. പ്രതി ഷിബിൻ ലാലിന്റെ വീടിന് സമീപത്തുള്ള പറമ്പിൽ കുഴിച്ചിട്ട 39 ലക്ഷം രൂപയാണ് പൊലീസ് കണ്ടെടുത്തത്. നിരന്തരമായ ചോദ്യംചെയ്യലിനൊടുവിലാണ് ഷിബിൻ ലാൽ പണം ഒളിപ്പിച്ച സ്ഥലം വെളിപ്പെടുത്തിയത്.
ജൂൺ 11ന് പന്തീരങ്കാവിലെ ഇസാഫ് ബാങ്ക് ജീവനക്കാരനായ അരവിന്ദിന്റെ കയ്യിൽ നിന്ന് 40 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. ജൂൺ 13ന് പുലർച്ചെ പ്രതിയായ കൈമ്പാലം പള്ളിപ്പുറം മനിയിൽ തൊടിയിൽ ഷിബിൻ ലാലി(മുന-35)നെ പാലക്കാട് നിന്നും പൊലീസ് പിടികൂടി. ഇയാളിൽനിന്ന് 50,000 രൂപയും മൂന്ന് മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തു.
ബാഗിൽ ഒരു ലക്ഷം രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ബാഗ് ഉപേക്ഷിച്ചെന്നുമാണ് ഷിബിൻ ലാൽ പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാൽ തുടർച്ചയായ ചോദ്യം ചെയ്യലിനൊടുവിൽ പ്രതി പണം കുഴിച്ചിട്ട സ്ഥലം വെളിപ്പെടുത്തി. പണം കവർന്നശേഷം ബൈക്കിലെത്തി പറമ്പിൽ കുഴിച്ചിടുകയായിരുന്നുവെന്ന് ഷിബിൻ ലാൽ പൊലീസിന് മൊഴി നൽകി. മറ്റാരുടെയെങ്കിലും സഹായമുണ്ടായോ എന്നതിൽ അന്വേഷിക്കും. പണം കോടതിയിൽ ഹാജരാക്കി തുടർ നടപടി സ്വീകരിക്കുമെന്ന് ഫറോക് എസിപി സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.
ജൂൺ 11ന് പന്തീരാങ്കാവിൽനിന്ന് മാങ്കാവിലേക്കു പോകുന്ന റോഡിൽ അക്ഷയ ഫിനാൻസ് എന്ന സ്ഥാപനത്തിനു മുന്നിലായിരുന്നു സംഭവം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച സ്വർണം ഇസാഫ് ബാങ്കിലേക്ക് മാറ്റാമെന്നും അതിനായി 40 ലക്ഷം ആവശ്യമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ് ജീവനക്കാരിൽ നിന്ന് ഷിബിൻ ലാൽ പണം തട്ടിയെടുത്ത്. അക്ഷയ ഫിനാൻസിയേഴ്സിൽ പണയംവെച്ച സ്വർണം എടുക്കാനാണ് പണം എന്നാണ് ഷിബിൻ ബാങ്ക് ജീവനക്കാരോട് പറഞ്ഞിരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍