8 വയസുകാരിയെ പീഡിപ്പിച്ച് കൊന്നു,തലയ്ക്ക് 1 ലക്ഷം; പ്രതിയെ UP പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നിരവധികേസുകളില്‍ പ്രതിയായ യുവാവിനെ യു.പി പോലീസ് ഏറ്റുമുട്ടലി ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. ഫറൂഖാബാദില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കവെയാണ് പ്രതിയുമായി ഏറ്റുമുട്ടല്‍ ഉണ്ടാവുകയും ഇയാള്‍ കൊല്ലപ്പെടുകയും ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പോലീസ് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മനു എന്ന കുറ്റവാളിയാണ് കൊല്ലപ്പെട്ടത്. കൊലക്കേസിലടക്കം പ്രതിയാണ് ഇയാള്‍. ജൂണ്‍ മാസം ആദ്യമാണ് എട്ടുവയസുകാരി കൊല്ലപ്പെട്ടത്. കായംഗഞ്ജ് സ്വദേശിനിയായ കുട്ടി അമ്മയ്‌ക്കൊപ്പം മൊഹമ്മദാബാദ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ബന്ധുവീട്ടില്‍ ഒരു ചടങ്ങിന് പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ബന്ധുവായ മറ്റൊരു കുട്ടിക്കൊപ്പം അടുത്തുള്ള മാന്തോപ്പിലേക്ക് പോയകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.

അപരിചിതനായ ഒരാള്‍ അടുത്തെത്തി കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു എന്നാണ് കൂടെയുണ്ടായിരുന്ന ബന്ധുവായ കുട്ടി പറഞ്ഞത്. അടുത്ത ദിവസം മേന്‍പുരി ജില്ലയിലെ ഒരു കനാലിനടുത്ത് നിന്നാണ് പീഡിപ്പിക്കപ്പെട്ട നിലയില്‍ എട്ടുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളില്‍നിന്നും കുട്ടിയെ കൂട്ടിക്കൊണ്ടുപോയ അപരിചിതനെ മനസിലാക്കിയ പോലീസ് ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ ഇയാളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല.

മനുവിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ആദ്യം 25,000 രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇയാളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാതെ വന്നതോടെ ഈ തുക 50,000 ആക്കി, പിന്നീട് ഇത് ഒരുലക്ഷം രൂപയാക്കി ഉയര്‍ത്തിയതായും സ്ഥലം എസ്പി ആരതി സിങ് വ്യക്തമാക്കി. മനുവിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഇന്ന് രാവിലെ ഇയാളുടെ ഒളിത്താവളം വളഞ്ഞു. ഇത് മനസിലാക്കിയ മനു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തു.

മനുവിന്റെ ആക്രമണത്തില്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ഇന്‍-ചാര്‍ജ് സച്ചില്‍ സിങ് ചൗധരിക്കും കോണ്‍സ്റ്റബിള്‍ അമര്‍ദീപിനും വെടിയേറ്റു. പിന്നാലെയാണ് പോലീസ് മനുവിന് നേരെ നിറയൊഴിച്ചത്. വെടിയേറ്റ മനുവിനെ പോലീസ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെവെച്ച് മരിച്ചു. ഇയാളുടെ പക്കല്‍നിന്നും ഒരു തോക്കും, ബാങ്ക് പാസ്ബുക്കും എടിഎം കാര്‍ഡും 240 രൂപയും കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍