മരണവീട്ടിൽനിന്ന് മടങ്ങവേ വാഹനാപകടത്തിൽ യുവാവ് മരിച്ചു
കാക്കൂർ (കോഴിക്കോട്): മരണവീട് സന്ദർശിച്ച് മടങ്ങവേ സ്കൂട്ടറിൽ കാറിടിച്ച് യുവാവ് മരിച്ചു. ബാലുശ്ശേരി അറപ്പീടിക തോട്ടത്തിൽ താമസിക്കുന്ന കപ്പുറം കൊന്തളത്ത് മാറായിൽ മുജീബിന്റെ (കുവൈത്ത്) മകൻ മുഹമ്മദ് ഷറീജ് (18) ആണ് മരിച്ചത്.
ഇന്നലെ അർധ രാത്രി 12 മണിയോടെ പി.സി പാലം ഭാഗത്ത് ബന്ധുവിന്റെ മരണവീട് സന്ദർശിച്ച് പിതൃസഹോദര പുത്രൻ അനസിനോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കാക്കൂർ ടൗണിൽ മെയിൻ റോഡിലേക്ക് പ്രവേശിക്കവെ കോഴിക്കോട് ഭാഗത്തുനിന്നും വന്ന കാർ സ്കൂട്ടറിൽ ഇടിച്ചു. ഗുരുതര പരിക്കേറ്റ ഷറീജിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സ്കൂട്ടർ ഓടിച്ച അനസ് പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മാതാവ്: ഉസ്‍വത്ത് (അറപ്പീടിക). സഹോദരങ്ങൾ: ദിൽനവാസ് (സൗദി), റമീസ്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാത്രി പത്തിന് കപ്പുറം പഴയ ജുമാ മസ്ജിദിൽ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍