സ്കൂൾ സമയമാറ്റം: പ്രക്ഷോഭത്തിന്റെ ആവശ്യമില്ലെന്ന് കാന്തപുരം വിഭാഗം
കോഴിക്കോട്: സ്കൂൾ സമയമാറ്റത്തില്‍ പ്രക്ഷോഭത്തിന്റെ ആവശ്യമില്ലെന്ന് കാന്തപുരം വിഭാഗം. വിഷയം ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയുമെന്ന് സുന്നി വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പ്രൊഫ. എ.കെ.അബ്ദുൽ ഹമീദ് പറഞ്ഞു.
സ്കൂൾ സമയമാറ്റം ചർച്ചയിലൂടെ പരിഹരിക്കണം. ആശങ്ക സർക്കാരിനെ അറിയിച്ചിട്ടുണ്ട്. മദ്റസ സമയത്തെ ബാധിക്കാത്ത രീതിയിലുള്ള സമയമാറ്റം അംഗീകരിക്കും. വൈകുന്നേരം സ്കൂൾ സമയം അരമണിക്കൂർ നീട്ടണം. ഇപ്പോൾ പ്രക്ഷോഭത്തിന്റെ ആവശ്യമില്ല. വിഷയം ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയുമെന്നും''- അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം സ്കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് സമസ്ത ഇ.കെ വിഭാഗം തയ്യാറെടുക്കുകയാണ്. മദ്രസാതല കണ്‍വെന്‍ഷനുകള്‍ മുതല്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് വരെ നടത്താനാണ് സമസ്ത ഇ.കെ വിഭാഗത്തിന്റെ തീരുമാനം. ധിക്കാരപരമായ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് സമസ്ത മദ്രസ മാനേജ്മെന്റ് അസോസിയേഷന് സമര പ്രഖ്യാപന കണ്വെന്ഷന് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം എം.വി ഗോവിന്ദന് മര്‍കസിലെത്തിയപ്പോള്‍ സ്കൂള്‍ സമയമാറ്റം വിഷയം, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാർ ഉന്നയിച്ചിരുന്നു. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് എം.വി ഗോവിന്ദന് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കാന്തപുരം മുസ്ലിയാർക്ക് യമനി പണ്ഡിതന്മാരുമായി നല്ല ബന്ധമുണ്ടെന്നും യമനികളെ പ്രകോപിപ്പിച്ച് അനുകൂല സാഹചര്യം ഇല്ലാതാക്കരുതെന്നും അബ്ദുൽ ഹമീദ് പറഞ്ഞു. 'നിമിഷപ്രിയ രക്ഷപ്പെടട്ടെ, അതാണല്ലോ വേണ്ടത്, ഒരു പണിയും ഇല്ലാത്തവരാണ്'- സോഷ്യൽ മീഡിയയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍