മൂര്‍ഖന്‍ പാമ്പിനെ കൈകൊണ്ട് പിടിച്ച് കുപ്പിയില്‍ അടച്ചു; കുപ്പിയിലാക്കിയ ശേഷം ഒരു ഫോട്ടോ എടുത്ത് വീട്ടിലില്ലാതിരുന്ന മാതാവിന് അയച്ചുകൊടുത്തു

വിഷപ്പാമ്പുമായി കളിച്ച കുട്ടികൾ കടിയേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂർ ഇരിട്ടി കുന്നോത്തോണ് സംഭവം. മൂർഖൻ പാമ്പിന്റെ കുഞ്ഞിനെ കൈകൊണ്ട് പിടിച്ച് കുപ്പിയിലാക്കിയ പത്ത് വയസ്സിൽ താഴെ പ്രായമുള്ള ആറ് കുട്ടികളാണ് വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. കുട്ടി മാതാവിന് പാമ്പിന്റെ ചിത്രം അയച്ചുകൊടുത്തത് നിർണായകമായി.

സ്കൂൾ അവധിയായിരുന്നതിനാൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടികൾ. മുറ്റത്തിനടുത്ത് കൂടി ഒരു പാമ്പിൻകുഞ്ഞ് ഇഴഞ്ഞുപോകുന്നത് കണ്ടു. കുട്ടികൾക്ക് അത് പാമ്പാണെന്ന് മനസ്സിലായില്ലെന്നാണ് പറയുന്നത്. ഇഴഞ്ഞുപോകുന്നത് കണ്ട്, പാമ്പിനെ കൈകൊണ്ട് പിടിച്ച് അവിടെയുണ്ടായിരുന്ന ഒരു പ്ലാസ്റ്റിക് കുപ്പിക്കുള്ളിലാക്കി അടച്ചു. ഈ സമയത്ത് കുട്ടികൾക്ക് കടിയേറ്റില്ല എന്നുള്ളതാണ് ഏറ്റവും ആശ്വാസകരമായ കാര്യം. മൂർഖന്റെ കുഞ്ഞാണെങ്കിൽ പോലും നല്ല വിഷമുണ്ടാകുമെന്നാണ് പാമ്പിനെ പിടിക്കുന്ന വിദഗ്ദ്ധർ പറയുന്നത്.

കുട്ടികൾ പാമ്പിനെ കുപ്പിയിലാക്കിയ ശേഷം ഒരു ഫോട്ടോ എടുത്ത് വീട്ടിലില്ലാതിരുന്ന മാതാവിന് അയച്ചുകൊടുത്തു. മാതാവ് ചിത്രം കണ്ടപ്പോഴാണ് അത് മൂർഖൻ പാമ്പാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ വലിയ ആശങ്കയിലായ രക്ഷിതാക്കൾക്ക് കടിയേറ്റോ എന്ന സംശയവുമുണ്ടായി.

തുടർന്ന്, സ്നേക്ക് റെസ്ക്യൂവർ ഫൈസലിനെ വിവരം അറിയിക്കുകയായിരുന്നു. ഫൈസൽ ഉടൻതന്നെ സ്ഥലത്തെത്തി പാമ്പിനെ കൊണ്ടുപോയി. മൂർഖന്റെ കുഞ്ഞാണെങ്കിൽ പോലും മാരകമായ വിഷം ശരീരത്തിലെത്താൻ സാധ്യതയുണ്ടെന്നും, വലിയ നീളമുള്ള പാമ്പിനേക്കാൾ വിഷത്തിന്റെ തോത് അല്പം കുറവായിരിക്കുമെങ്കിലും അപകടത്തിൽപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നും സ്നേക്ക് റെസ്ക്യൂവർ അറിയിച്ചു. വലിയ അപകടത്തിലേക്ക് പോകാതെ കുട്ടികൾ രക്ഷപ്പെട്ടു എന്നുള്ളത് ആശ്വാസകരമായ കാര്യമാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍