ഫ്രഷ് കട്ട് സംഘര്‍ഷം; മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു
കോഴിക്കോട്: ഫ്രഷ്ക്കട്ട് സമരവുമായി ബന്ധപ്പെട്ട് മൂന്നു പേർ കൂടി പിടിയിൽ,
താമരശ്ശേരി കുടുക്കില്‍ ഉമ്മരം സ്വദേശി ഷബാദ് (30), കൂടത്തായി ഒറ്റപ്പിലാക്കില്‍ മുഹമ്മദ് ബഷീര്‍ (44), കരിമ്പാലന്‍കുന്ന് ജിതിന്‍ വിനോദ് (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ താമരശ്ശേരി സംഘര്‍ഷത്തില്‍ പിടിയിലായവരുടെ എണ്ണം പത്തായി. ഇതില്‍ മുഹമ്മദ് ബഷീര്‍, ഷബാദ് എന്നിവരെ നോട്ടീസ് നല്‍കി വിട്ടയച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 361 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം സൃഷ്ടിക്കല്‍, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളിലായിരുന്നു കേസെടുത്തിരുന്നത്. സംഘര്‍ഷമുണ്ടാക്കിയതിലാണ് 321 പേര്‍ക്കെതിരെ കേസെടുത്തിരുന്നത്.
സംഘര്‍ഷത്തിന് പുറമെ മാലിന്യ സംസ്‌കരണ പ്ലാന്റിന് തീയിട്ട സംഭവത്തില്‍ 30 പേര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. തൊഴിലാളികളെ വധിക്കണമെന്ന ഉദ്ദേശത്തോടെ കണ്ടെയ്നര്‍ ലോറി തീവെച്ച് നശിപ്പിച്ചുവെന്നും മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നു. ഫ്രഷ് കട്ടിന് അഞ്ച് കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്.
അതേസമയം തിരുവമ്പാടി സ്റ്റേഷനിലെ എഎസ്ഐയെ മര്‍ദിച്ചതില്‍ പത്തോളം പേര്‍ക്കെതിരെ കേസെടുത്തിരുന്നു. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച എഎസ്ഐയെ അക്രമിച്ചെന്നും 45,000 രൂപയുടെ മൊബൈല്‍ കവര്‍ച്ച ചെയ്തെന്നും എഫ്ഐആറില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍