അയൽവീട്ടിൽക്കയറി മുളകുപൊടി വിതറി മാല മോഷ്ടിച്ചു; 26കാരിയായ യുവതി അറസ്റ്റിൽ
കട്ടിപ്പാറ: മുളകുപൊടിയുമായെത്തി അയല്‍ വീട്ടില്‍ അതിക്രമിച്ചുകയറി ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മയുടെ സ്വര്‍ണമാലപൊട്ടിച്ചോടിയ കേസില്‍ യുവതി അറസ്റ്റില്‍. ചമല്‍ പൂവന്‍മല വാണിയപുറായില്‍ വിഎസ് ആതിരയെന്ന ചിന്നു(26) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസിയായ ചമല്‍ പൂവന്‍മല പുഷ്പവല്ലി(63)യെ ആക്രമിച്ചാണ് യുവതി രണ്ട് പവൻ്റെ സ്വര്‍ണമാല പൊട്ടിച്ചത്
ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഒറ്റയ്ക്ക് താമസിച്ചുവരുന്ന പുഷ്പവല്ലി വീടിന്റെ വരാന്തയിലിരുന്ന് മൊബൈലിൽ വാർത്തകൾ കണ്ട് പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പിറകിലൂടെയെത്തിയ പ്രതി ആക്രമിച്ചെന്നാണ് പരാതി. സിറ്റൗട്ടിൽ മുളകുപൊടി വിതറി വീട്ടമ്മയുടെ കണ്ണും മുഖവും ബലമായി പൊത്തിപ്പിടിച്ച് തടഞ്ഞുവെക്കുകയും വലിച്ചിഴച്ച് ഡൈനിങ് ഹാളിലേക്ക് കൊണ്ടുപോവാൻ ശ്രമിക്കുകയുമായിരുന്നു. കഴുത്തിലെ സ്വർണമാല കവരാൻ ശ്രമിക്കവെ പുഷ്പവല്ലി ബഹളം വെച്ചത് കേട്ട് സമീപവാസിയായ മറ്റൊരു യുവതി അവിടേക്ക് ഓടിയെത്തി. അതോടെ പുഷ്പവല്ലിയുടെ കഴുത്തിലെ സ്വർണമാല വലിച്ചുപൊട്ടിച്ച് നല്ലൊരു ഭാഗം കൈക്കലാക്കിയ ശേഷം പ്രതി വീടിനകത്തേക്ക് കയറി അടുക്കളവാതിൽ വഴി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. കവർച്ചാശ്രമത്തെ പ്രതിരോധിക്കുന്നതിനിടെ കഴുത്തിന് പരിക്കേറ്റ പുഷ്പവല്ലി പിന്നീട് താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വീട്ടമ്മയുടെ പരാതിയിൽ കേസെടുത്ത താമരശ്ശേരി പോലീസ് ആതിരയെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍