പ്രഭാത വാർത്തകൾ
2025 ഡിസംബർ 8 തിങ്കൾ
1201 വൃശ്ചികം 22 പൂയം
1447 ജ : ആഖിർ 17
◾ നടിയെ ആക്രമിച്ച കേസില്‍ വര്‍ഷങ്ങള്‍നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. നടന്‍ ദീലീപ് എട്ടാം പ്രതിയായ കേസില്‍ രാവിലെ പതിനൊന്നിനാണ് നടപടികള്‍ തുടങ്ങുക. നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനിയാണ് കേസില്‍ ഒന്നാം പ്രതി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തി വിരോധത്തെത്തുടര്‍ന്ന് ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുത്തു എന്നാണ് ദിലീപിന് എതിരായ കേസ്. 2017 ഫെബ്രുവരി 17-ന് ഷൂട്ടിങ് ആവശ്യത്തിന് തൃശ്ശൂരില്‍നിന്നുള്ള യാത്രയ്ക്കിടെ എറണാകുളം അത്താണിയില്‍ വെച്ചാണ് നടി ആക്രമിക്കപ്പെട്ടത്.
◾ നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടര വര്‍ഷം നീണ്ട വിചാരണക്കൊടുവില്‍ ഇന്ന് അന്തിമവിധി വരാനിരിക്കെ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. ഈ കാലയളവിലുടനീളം നിയമ സംവിധാനത്തിലുള്ള വിശ്വാസം കൈവിടാതെ അതിജീവിത കാണിച്ച ധൈര്യത്തിനും പ്രതിരോധ ശേഷിക്കും സമാനതകള്‍ ഇല്ലെന്ന് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പിലവര്‍ പ്രതികരിച്ചു.
◾ ലൈംഗിക പീഡന കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനും ഇന്ന് നിര്‍ണായക ദിനം. രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ആദ്യ കേസില്‍ ഈ മാസം 15 വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞെങ്കിലും രണ്ടാമത്തെ കേസില്‍ ഇതുവരെ കോടതി അറസ്റ്റ് തടഞ്ഞിട്ടില്ല.
◾ പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘത്തെ നിയോഗിച്ചു. ആദ്യ സംഘത്തില്‍ നിന്ന് അന്വേഷണ വിവരങ്ങള്‍ രാഹുലിന് ചോരുന്നു എന്ന നിഗമനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് മറ്റൊരു സംഘത്തെ നിയോഗിച്ചത്. ബലാത്സംഗ കേസില്‍ ഒളിവിലുള്ള രാഹുല്‍ കഴിഞ്ഞ 11 ദിവസമായി ഒളിവില്‍ തുടരുകയാണ്.
◾ ലൈംഗിക പീഡന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയ രണ്ടുപേരെ പൊലീസ് പിടികൂടി. ബെംഗളൂരുവില്‍ രാഹുലിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ജോസ്, റെക്സ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കര്‍ണാടക, തമിഴ്നാട് അതിര്‍ത്തിയിലെ ബാഗല്ലൂരിലെ ഒളിവ് സങ്കേതത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് രാഹുലിനെ എത്തിച്ചത് ഇവരാണെന്ന് പൊലീസ് അറിയിച്ചു. രക്ഷപ്പെടാന്‍ ഉപയോഗിച്ച ഫോര്‍ച്യൂണര്‍ കാറും പൊലീസ് പിടിച്ചെടുത്തു. ഇരുവരെയും ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
◾ ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും 500 കോടിയുടെ ഇടപാട് നടന്നെന്നും ചെന്നിത്തല കത്തില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്നും ഇതേക്കുറിച്ച് നേരിട്ട് അറിവുള്ള വ്യക്തിയെ അന്വേഷണവുമായി സഹകരിപ്പിക്കാമെന്നും ചെന്നിത്തല കത്തില്‍ ആരോപിക്കുന്നു.അതേസമയം രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ പ്രത്യേകാന്വേഷണ സംഘംബുധനാഴ്ച മൊഴി രേഖപ്പെടുത്തിയേക്കും.
◾ ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ അന്വേഷണത്തില്‍ അവകാശവാദം ഉന്നയിക്കാന്‍ മുഖ്യമന്ത്രിക്ക് ഒരു അവകാശവും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അന്വേഷണം നടക്കുന്നത് ഹൈക്കോടതി ഇടപെടലില്‍ ആണെന്നും കടകംപള്ളിയുടെ ചോദ്യം ചെയ്യലും അറസ്റ്റും നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദം ചെലുത്താനുള്ള ശ്രമവും നടക്കുന്നുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.
◾ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിന് ആവേശകരമായ കൊട്ടിക്കലാശം. തിരുവനന്തപുരം, മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളിളെ വോട്ടെടുപ്പ് നാളെ. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ പതിനൊന്നാം തീയതിയാണ് വോട്ടെടുപ്പ്. ഡിസംബര്‍ 13 ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.
◾ ജമാഅത്തെ ഇസ്ലാമി ബന്ധത്തെ ചൊല്ലി വീണ്ടും എല്‍ഡിഎഫ് യുഡിഎഫ് വാക്ക് പോര്. ജമാഅത്തെ നേതാക്കളുമായി താന്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പക്ഷേ ഒരു ഘട്ടത്തിലും ഇവരുമായി തെരഞ്ഞെടുപ്പ് കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ലെന്നും പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി കള്ളം പറയുകയാണെന്നും ജമാ അത്തെ ഇസ്ലാമിയും സിപിഎമ്മും തമ്മില്‍ പതിറ്റാണ്ടുകളായുള്ള ബന്ധമാണെന്നും വി ഡി സതീശന്‍ തിരിച്ചടിച്ചു. അതേസമയം ജമാഅത്തെ ഇസ്ലാമിയെ കൊണ്ടുനടന്നത് സിപിഎം ആണെന്നും യുഡിഎഫിനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.
◾ ജമാഅത്ത് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയത് വോട്ടിന് വേണ്ടി തന്നെയാണെന്നും സിപിഎമ്മിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യം ജമാഅത്തിനില്ലെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പുക്കോട്ടൂര്‍ അറിയിച്ചു. 2011 ഏപ്രില്‍ 3ന് ആലപ്പുഴ ഗസ്റ്റ് ഹൗസിലായിരുന്നു പിണറായിയുമായി ചര്‍ച്ച നടത്തിയതെന്നും ശിഹാബ് പുക്കോട്ടൂര്‍ കുറിപ്പില്‍ വ്യക്തമാക്കി. ചര്‍ച്ച നടന്നില്ലെന്ന പാര്‍ട്ടി സെക്രട്ടറിയുടെ നുണ മുഖ്യമന്ത്രി തിരുത്തിയിരുന്നു.
◾ കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണ സംഭവത്തില്‍ ദില്ലിയില്‍ നിന്നുള്ള വിദഗ്ധ സംഘം അന്വേഷണത്തിനെത്തും. ഉടന്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കി കേന്ദ്ര ഗതാഗത മന്ത്രാലയത്തിനും എന്‍എച്ച്എഐക്കും റിപ്പോര്‍ട്ട് കൈമാറും. അതോടൊപ്പം സമാനമായ അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയ നാലിടത്ത് പിഡബ്ല്യുഡി, മൈനിങ് ആന്‍്ഡ് ജിയോളജി, ഭൂഗര്‍ഭ ജല വകുപ്പ് വിഭാഗത്തിലെ വിദഗ്ധര്‍ പരിശോധിക്കും.
◾ യുഡിഎഫ് എംപിമാരുടെ കേരളത്തോടുള്ള മനോഭാവമാണ് കൊല്ലം, കോഴിക്കോട് എംപിമാരുടെ ചോദ്യത്തിലൂടെ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം അതിദാരിദ്ര്യ മുക്തമായെന്ന പ്രഖ്യാപനം എഎവൈ കാര്‍ഡുകള്‍ റദ്ദാക്കാന്‍ കാരണമാകുമോയെന്ന് പാര്‍ലമെന്റില്‍ എന്‍ കെ പ്രേമചന്ദ്രനും എം കെ രാഘവനും ഉന്നയിച്ചിരുന്നു. പാര്‍ലമെന്റില്‍ ഇത്തരം കുനുഷ്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ യുഡിഎഫ് എംപിമാര്‍ക്ക് വല്ലാത്ത ആവേശമാണെന്നും എന്നാല്‍ സംസ്ഥാനത്തിന്റെ ആവശ്യം നേടിയെടുക്കാനും കേന്ദ്ര അവഗണനെക്കിതിരെ ശബ്ദിക്കാനും ഈ ഉത്സാഹമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾ കേരളത്തിലെ എംപിമാരുടെ പ്രവര്‍ത്തനത്തില്‍ സംവാദത്തിന് തയ്യാറാണെന്ന് കോഴിക്കോട് പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി ലീഡര്‍ പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞതില്‍ പ്രതികരിച്ച് കെ സി വേണുഗോപാല്‍ എംപി. മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതില്‍ വലിയ സന്തോഷമെന്നും സംവാദം നാളെത്തന്നെ നടത്താന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് തീയതി നിശ്ചയിക്കാമെന്നും കേരളത്തിനു വേണ്ടിയുള്ള എംപിമാരുടെ പാര്‍ലമെന്റ് പ്രസംഗങ്ങള്‍ സൈറ്റില്‍ ഉണ്ടെന്നും ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
◾ മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് മകള്‍ നടത്തിയ പ്രസ്താവന തിരുത്തി മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. ഇസ്ലാമില്‍ ഹജ്ജ് കര്‍മത്തിലടക്കം സ്ത്രീകള്‍ പങ്കെടുക്കുന്നുണ്ടെന്നിരിക്കെ പള്ളികളില്‍ പ്രവേശന വിലക്കിനെ സംബന്ധിച്ച് ചോദ്യകര്‍ത്താവിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് സ്ത്രീപ്രവേശനത്തെ ഫാത്തിമ നര്‍ഗീസ് അനുകൂലിച്ചത്. സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിക്കരുതെന്ന് ചിലര്‍ ഉണ്ടാക്കിയെടുത്തതാണെന്നും വരും കാലത്ത് ഇതില്‍ മാറ്റും വരുമെന്ന് പ്രതീക്ഷിക്കുന്നതായും ഫാത്തിമ പറഞ്ഞു. എന്നാല്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ ആ വിഷയത്തില്‍ ആവശ്യമായ മതബോധമോ പഠനത്തിന്റെ പര്യാപ്തതയോ ഇതുവരെ കൈവരിക്കാത്ത 16കാരിയായ കുട്ടിയുടെ, ആലോചനാപരമല്ലാത്ത പെട്ടെന്നുള്ള അഭിപ്രായപ്രകടനമായി മാത്രം കാണണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
◾ മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയ മുനവ്വറലി തങ്ങളുടെ മകള്‍ ഫാത്തിമ നര്‍ഗീസിനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. 16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങള്‍ വിവാദമാക്കേണ്ട കാര്യമില്ലെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. പല കാര്യങ്ങള്‍ ആ കുട്ടി പറഞ്ഞു അതില്‍ നിന്ന് ഒരു കാര്യം മാത്രമെടുത്ത് വിവാദം ആക്കുന്നുവെന്നും സൈബര്‍ ആക്രമണം ശരിയല്ലെന്നും സാദിഖ് അലി തങ്ങള്‍ പ്രതികരിച്ചു.
◾ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി സിനിമാ നടനില്‍ നിന്ന് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നും നിരന്തരം രാഷ്ട്രീയ പ്രവര്‍ത്തകരെ അവഹേളിക്കുകയാണെന്നും മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരം ജില്ലയില്‍ എത്ര നിയമസഭാ മണ്ഡലങ്ങള്‍ ഉണ്ടെന്നോ ലോക്സഭാ മണ്ഡലങ്ങള്‍ ഉണ്ടെന്നോ സുരേഷ്ഗോപിക്ക് അറിയില്ലെന്നും ആരെയും പുച്ഛത്തോട് കൂടി മാത്രമേ അദ്ദേഹം കാണുകയുള്ളൂവെന്നും മറുപടികള്‍ പറയുമ്പോള്‍ കുറച്ചുകൂടി മാന്യമായി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ കുറെ ചെളികള്‍ ഉണ്ടായതുകൊണ്ടാണ് താമരകള്‍ ശക്തമായി വിരിഞ്ഞു കൊണ്ടിരിക്കുന്നതെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. നുണറായിയല്ല നുണറായിസം ആണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്നും, തൃശ്ശൂര്‍ മേയര്‍ വര്‍ഗീസ് നല്ല ആളാണെന്നതില്‍ സംശയമില്ലെന്നും എന്നാല്‍ അദ്ദേഹത്തെ നിയന്ത്രിക്കുന്ന ചില പിശാചുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ നാലാം നില സുരേഷ് ഗോപി എം.പി യുടെ വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിന്റെ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചതെന്ന കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ കള്ള പ്രചരണമെന്ന് മന്ത്രി ആര്‍ ബിന്ദു വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. നുണകള്‍ മാത്രം പ്രചരിപ്പിക്കാന്‍ മണ്ഡലത്തിലേക്ക് എത്തുന്ന എം പിയായി സുരേഷ് ഗോപി മാറിയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക പദ്ധതിയിലും നബാര്‍ഡ് പദ്ധതിയിലും ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
◾ നടക്കില്ലെന്ന് പറഞ്ഞ ദേശീയ പാത നിര്‍മാണം നടന്നുവെന്നും ജനങ്ങള്‍ കണ്‍കുളിര്‍ക്കേ കാണുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് ആയതുകൊണ്ടാണ് ദേശീയ പാത ഈ രീതിയിലാക്കാന്‍ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മാറിയ കേരളം ലോകത്തെ അദ്ഭുതപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
◾ കൊല്ലത്ത് മുത്തശ്ശിയെ കൊച്ചുമകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊല്ലം ചവറ വട്ടത്തറയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. വട്ടത്തറ സ്വദേശി 65 വയസിനടുത്ത് പ്രായമുള്ള സുലേഖ ബീവിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ കൊച്ചുമകന്‍ 30 വയസിനടുത്ത് പ്രായമുള്ള ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ വധശ്രമക്കേസില്‍ പ്രതിയായ ഷഹനാസ് ലഹരിക്ക് അടിമയുമാണ്. മുത്തശ്ശിയുടെ പെന്‍ഷന്‍ പണവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
◾ ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്ന 19-ാമത് ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ കോണ്‍ക്ലേവില്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക വിഭാഗമായ കൈറ്റിന് എഡ്യൂക്കേഷന്‍ ടെക്നോളജി ട്രാന്‍സ്‌ഫോര്‍മേഷന്‍ അവാര്‍ഡ് ലഭിച്ചു. കേരളത്തിലെ സ്‌കൂളുകള്‍ക്കായി കൈറ്റ് സജ്ജമാക്കിയ നിര്‍മിതബുദ്ധി അധിഷ്ഠിത 'സമഗ്ര പ്ലസ് എ ഐ' ലേണിംഗ് പ്ലാറ്റ്ഫോമിനാണ് ഈ ദേശീയ അംഗീകാരം.
◾ തമിഴ്നാട് വാല്‍പ്പാറയില്‍ അഞ്ച് വയസ്സുകാരനെ പുലി കടിച്ചുകൊന്ന സംഭവത്തില്‍ സബ് കളക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. എസ്റ്റേറ്റേറ്റിന് സമീപത്തുള്ള കാടുകള്‍ വെട്ടാന്‍ യോഗത്തില്‍ തീരുമാനമായി. ജനവാസ മേഖലയ്ക്ക് സമീപമുള്ള കാടുകളും ചെടികളും അടിയന്തരമായി വെട്ടിമാറ്റാനാണ് നിര്‍ദേശം. കൂടാതെ, ഉടന്‍ തന്നെ ഫെന്‍സിങ് നടപടികള്‍ ആരംഭിക്കാനും നിര്‍ദേശിച്ചു.
◾ തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ബിജെപിയുടേത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും രാഷ്ട്രീയലാഭത്തിനായി ജനങ്ങളെ വിഭജിക്കുന്നത് ആത്മീയം അല്ലെന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു. എല്ലാ വര്‍ഷത്തെയും പോലെയാണ് ദീപം ഇത്തവണയും തെളിയിച്ചതെന്നും സ്റ്റാലിന്‍ പറഞ്ഞു.
◾ കുനോ ദേശീയോദ്യാനത്തില്‍ നിന്ന് പുറത്തുവന്ന ആണ്‍ ചീറ്റക്കുഞ്ഞ് വാഹനമിടിച്ച് ചത്തു. മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയിലെ ദേശീയപാതയില്‍ വെച്ച് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ആഗ്ര-മുംബൈ ദേശീയപാതയില്‍ ഘാട്ടിഗാവ് ഏരിയയിലാണ് അപകടമുണ്ടായത്.
◾ ബുധനാഴ്ചയോടെ യാത്രാ പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കുമെന്ന് ഇന്‍ഡിഗോ. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി ഇന്‍ഡിഗോയുടെ 650 സര്‍വീസുകള്‍ ഇന്നലെ റദ്ദാക്കി. ഡിജിസിഎ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ഇന്‍ഡിഗോ സിഇഒക്കെതിരെ നടപടിയുണ്ടാകും. പ്രതിസന്ധിയിലിടപെട്ട വ്യോമയാന പാര്‍ലമെന്ററി സമിതി ഇന്‍ഡിഗോ അധികൃതരെയും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനേയും വിളിച്ചു വരുത്തും.
◾ വ്യോമയാന മന്ത്രിയും ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്‍ഡിഗോ സി ഇ ഒ കുറ്റ സമ്മതം നടത്തി. കണക്കുകൂട്ടലുകള്‍ പിഴച്ചെന്നാണ് സി ഇ ഒ പീറ്റര്‍ എല്‍ബേഴ്സ് കുറ്റസമ്മതം നടത്തിയത്. പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍സ് ചട്ടങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നും പുതിയ സമയക്രമത്തിനനുസരിച്ച് ജീവനക്കാരെ നിയമിച്ചില്ലെന്നും സര്‍വീസുകള്‍ കൂട്ടിയത് പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്നും അദ്ദേഹം വിശദീകരിച്ചതായാണ് വിവരം.
◾ രാജ്യവ്യാപകമായി വിമാന സര്‍വീസ് തടസപ്പെട്ടതോടെ യാത്രക്കാര്‍ക്ക് തിരികെ നല്‍കാനുള്ള 610 കോടി രൂപയുടെ റീഫണ്ട് ഇന്‍ഡിഗോ എയര്‍ലൈന്‍സ് തിരിച്ച് നല്‍കി. കേന്ദ്ര സര്‍ക്കാര്‍ അന്തിമ നിര്‍ദ്ദേശം നല്‍കിയതോടെയാണ് ഇന്‍ഡിഗോ റീഫണ്ട് നടപടികള്‍ വേഗത്തിലാക്കിയത്.
◾ 25 പേര്‍ മരിച്ച ഗോവയിലെ അര്‍പോറയിലുള്ള നിശാക്ലബ്ബിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു. റോമിയോ ലേനിന്റെ കീഴിലുള്ള മറ്റു ക്ലബ്ബുകള്‍ സീല്‍ ചെയ്തതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ഇത്തരത്തിലുള്ള നിയമപരമല്ലാത്ത ക്ലബ്ബുകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും പ്രമോദ് സാവന്ത് കൂട്ടിച്ചേര്‍ത്തു. പരിപാടി നടക്കുന്നിടത്ത് പടക്കം പൊട്ടിച്ചതാണ് തീപ്പിടിത്തത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം.
◾ പ്രശസ്ത ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ അസം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം ഡിസംബര്‍ 12ന് കുറ്റപത്രം സമര്‍പ്പിക്കും. സിംഗപ്പൂരില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ രണ്ട് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ അടങ്ങിയതാണ് കുറ്റപത്രം. കേസില്‍ ഗാര്‍ഗിന്റെ ബന്ധുവും മാനേജറും പരിപാടി സംഘാടകനും അടക്കം ഏഴുപേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
◾ പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ നാലാം തവണയും അധികാരത്തില്‍ തിരിച്ചെത്തിക്കാന്‍ അനുവദിക്കില്ലെന്ന് മുര്‍ഷിദാബാദില്‍ ബാബറി മസ്ജിദിന്റെ മാതൃകയില്‍ മുസ്ലിം പള്ളി നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശത്തിന് പിന്നാലെ സസ്പെന്‍ഡ് ചെയ്യപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ്സ് എം.എല്‍.എ. ഹുമയൂണ്‍ കബീര്‍. തൃണമൂലിന്റെ മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു. മൂര്‍ഷിദാബാദില്‍ ബാബറി മസ്ജിദിന്റെ മാതൃകയിലുള്ള പള്ളിക്ക് തറക്കല്ലിട്ടതിന് പിന്നാലെയാണ് പ്രഖ്യാപനം.
◾ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ ശക്തമായി പ്രതികരിക്കാനാവുമായിരുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. എന്നാല്‍, സൈന്യം നിയന്ത്രിതവും സൂക്ഷ്മവുമായ പ്രതികരണ രീതിയാണ് തിരഞ്ഞെടുത്തത്. ധൈര്യവും ആത്മനിയന്ത്രണവും ഒരുപോലെ പ്രകടിപ്പിക്കുന്ന വിധം അനിവാര്യമായ കാര്യങ്ങള്‍മാത്രമേ സൈന്യം ചെയ്തുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
◾ സുഡാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ 33 നഴ്‌സറി കുട്ടികള്‍ ഉള്‍പ്പെടെ 50 പേര്‍ കൊല്ലപ്പെട്ടതില്‍ ആഗോളതലത്തില്‍ വിമര്‍ശനം ശക്തമാകുന്നു. കണ്ണില്‍ ചോരയില്ലാത്ത ആക്രമണമെന്നാണ് വിവിധ ലോകനേതാക്കളും യുണിസെഫുമടക്കം പ്രതികരിച്ചത്. വടക്കന്‍ സുഡാനിലെ വൈറ്റ് നൈല്‍ സംസ്ഥാനത്തെ ഒരു നഴ്‌സറി സ്‌കൂളിന് നേരെയാണ് റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് സുഡാന്‍ സര്‍ക്കാരും സൈന്യവും ആരോപിച്ചു.
◾ യുഎസ് യുക്രെയ്നിനു നല്‍കുന്ന പിന്തുണ അവസാനിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മൂത്ത മകന്‍, ഡോണള്‍ഡ് ട്രംപ് ജൂനിയര്‍. യുക്രെയ്നില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ വിജയിക്കില്ലെന്ന് സെലെന്‍സ്‌കിക്ക് അറിയാമെന്നും അതിനാലാണ് യുദ്ധം യുദ്ധം അവസാനിപ്പിക്കാതെ നീട്ടികൊണ്ടുപോകുന്നതെന്നും റഷ്യയെക്കാള്‍ അഴിമതി നിറഞ്ഞ രാജ്യം യുക്രെയ്നാണെന്നും ട്രംപ് ജൂനിയര്‍ വിമര്‍ശിച്ചു.
◾ ലയണല്‍ മെസ്സിയുടെ കരുത്തില്‍ ആദ്യമായി എം.എല്‍.എസ് കപ്പ് നേടി ഇന്റര്‍ മിയാമി. ലീഗിലെ അവസാന മത്സരത്തില്‍ വാന്‍കൂവര്‍ വൈറ്റ് ക്യാപ്‌സിനെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്റര്‍ മിയാമി കപ്പില്‍ മുത്തമിട്ടത്. മുപ്പത്തിയെട്ടുകാരനായ മെസ്സി നാല്‍പത്തിനാലാം സീനിയര്‍ കിരീടത്തിനൊപ്പം ലീഗിലെ ഏറ്റവും വിലയേറിയ താരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി. പി. എസ്.ജി വിട്ട്വന്ന ലയണല്‍ മെസ്സി മേജര്‍ സോക്കര്‍ ലീഗിലെ നിലനില്‍പ്പിനായി പൊരുതുകയായിരുന്ന ഇന്റര്‍ മിയാമിയില്‍ വന്ന്‌ചേര്‍ന്നത് 2023ല്‍ മാത്രമായിരുന്നു.
◾ ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ ലോകചാമ്പ്യനായി മക്ലാരന്റെ ലാന്‍ഡോ നോറിസ്. തുടര്‍ച്ചയായ അഞ്ചാം കിരീടം ലക്ഷ്യമിട്ടെത്തിയ റെഡ്ബുള്ളിന്റെ മാക്‌സ് വെസ്റ്റപ്പനെ തകര്‍ത്താണ് കിരീടനേട്ടം. നോറിന്റെ കന്നി ഫോര്‍മുല വണ്‍കിരീടമാണിത്.
◾ ഓഹരി വിപണിയില്‍ പത്തുമുന്‍നിര കമ്പനികളില്‍ അഞ്ചെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ച അഞ്ചു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 72,284 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ടിസിഎസും ഇന്‍ഫോസിസുമാണ് ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 5.7 പോയിന്റിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ടിസിഎസിന് മാത്രം വിപണി മൂല്യത്തില്‍ 35,909 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. 11,71,862 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ഇന്‍ഫോസിസ് 23,404 കോടി, ബജാജ് ഫിനാന്‍സ് 6,720 കോടി, ഭാരതി എയര്‍ടെല്‍ 3,791 കോടി, ഐസിഐസിഐ ബാങ്ക് 2,458 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. കഴിഞ്ഞയാഴ്ച റിലയന്‍സിന് വിപണി മൂല്യത്തില്‍ 35,116 കോടിയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. എല്‍ഐസി 15,559 കോടി, എസ്‌ഐബി 7,522 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. ഇടിവ് ഉണ്ടായിട്ടും വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
◾ പ്രിക്സ് പ്രൊഡക്ഷന്‍സിന്റെ നിര്‍മ്മാണത്തില്‍ സായ് പ്രിയന്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'ഡാര്‍ക്ക് എന്റ്' റിലീസിന്. ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. നിരവധി ഷോര്‍ട്ട് ഫിലിമുകളിലും ടെലിവിഷന്‍ പരമ്പരകളിലും നിറസാന്നിധ്യമായ കാര്‍ത്തിക് പ്രസാദും, നടി ധ്വനി ലക്ഷ്മിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിജി, റിനു ദൂടു, നന്ദന അജിത്, ശ്രീനിവാസ്, ജിനീഷ്, ജിഗേഷ്, ജോമിന്‍ വി ജിയോ, അനൂപ് അശോകന്‍, ഹരി, ഖുശ്ബു എന്നിവരാണ് മറ്റ് സഹതാരങ്ങള്‍. ഡുഡു ദേവസ്സിയാണ് ചിത്രത്തിനായി കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
◾ ആക്ഷന്‍ ഹീറോ അരുണ്‍ വിജയുടെ പുതിയ തമിഴ് ചിത്രം 'രെട്ട തല' പ്രേക്ഷകരിലേക്ക്. ഗംഭീര ആക്ഷന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന വിസ്മയതാരം അരുണ്‍ വിജയെ നായകനാക്കി ക്രിസ് തിരുകുമാരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം'രെട്ട തല' ഈ മാസം 25 ന് തിയേറ്ററിലെത്തും. ലോകത്ത് എമ്പാടുമുള്ള തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. അടിമുടി ദുരൂഹതകള്‍ നിറഞ്ഞ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പൂര്‍ണ്ണ നഗ്തതയോടെ ഇരട്ട വേഷത്തില്‍ കാണുന്ന കഥാപാത്രമാണ് പോസ്റ്ററിലെ ഹൈലൈറ്റ്. യുവ നടി സിദ്ധി ഇദ്നാനിയാണ് നായിക.
◾ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ ഇ- വിറ്റാര ജനുവരി മുതല്‍ ബുക്കിങ് ആരംഭിക്കും. നിലവില്‍ ഇതിന്റെ ഉല്‍പ്പാദനം മാരുതിയുടെ ഗുജറാത്ത് പ്ലാന്റില്‍ ആരംഭിച്ചിട്ടുണ്ട്. യൂറോപ്യന്‍ വിപണിയിലേക്ക് കാര്‍ കയറ്റുമതി ചെയ്ത് തുടങ്ങിയിട്ടുമുണ്ട്. എന്നാല്‍ പുതിയ കാറിന്റെ വില കമ്പനി പുറത്തുവിട്ടിട്ടില്ല. ഇ- വിറ്റാരയുടെ മൂന്ന് വകഭേദങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭിക്കും. ഡെല്‍റ്റ, സീറ്റ, ആല്‍ഫ. രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളും പരമാവധി 543 കിലോമീറ്റര്‍ ദൂരപരിധിയും ഇ വിറ്റാര വാഗ്ദാനം ചെയ്യുന്നു. പത്തു കളര്‍ ഓപ്ഷനുകളിലാണ് വാഹനം വിപണിയില്‍ എത്തുക. എസ്യുവി രണ്ട് ബാറ്ററി ഓപ്ഷനുകളോടെയാണ് വരുന്നത്.
◾ ലോകരാഷ്ട്രങ്ങളില്‍ അടിമജീവിതം എങ്ങനെയൊക്കെയായിരുന്നുവെന്ന അന്വേഷണംകൊണ്ട് വ്യത്യസ്തത പുലര്‍ത്തുന്ന അപൂര്‍വ്വമായ പുസ്തകം. ഏതെങ്കിലും ഒരു രാജ്യത്തിന്റെ ചരിത പുസ്തകമല്ല; ഇവിടെ ചരിത്രം മനുഷ്യസമൂഹം അനുഭവിച്ചുതീര്‍ ന്ന ജീവിതത്തിന്റെ പരിഛേദം മാത്രമാണ്. ദീര്‍ഘകാലത്തെ സാഹസിക ഗവേഷണങ്ങളുടെ ഭാഗമായ ഈ പുസ്തകം മനുഷ്യാവസ്ഥ യുടെ സങ്കീര്‍ണണതകളിലേക്ക് വിരല്‍ചൂണ്ടുന്നു. 'ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍'. സാംസീ കൊടുമന്‍. കൈരളി ബുക്സ്. വില 617 രൂപ.
◾ അത്താഴം ശരിയായ രീതിയിലല്ലെങ്കില്‍ അത് ദഹനത്തെയും ഉറക്കത്തെയും ബാധിക്കും. രാവിലെ മെറ്റബോളിസം ഉച്ചസ്ഥായിയിലായിരിക്കും. വൈകുന്നേരം ആകുന്നതോടെ ഇത് പതുക്കെ താഴാന്‍ തുടങ്ങുന്നു. അതുകൊണ്ട് തന്നെ അത്താഴം ആരോഗ്യകരമാക്കേണ്ടത് പ്രധാനമാണ്. വൈകുന്നേരം ഏഴ് മണിക്ക് മുന്‍പായി അത്താഴം കഴിക്കുന്നതാണ് നല്ലത്. എളുപ്പത്തില്‍ ദഹിക്കുന്ന ലഘുവായ ഭക്ഷണം തിരഞ്ഞെടുക്കാം. ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഉയര്‍ന്ന പോഷകമൂല്യമുള്ള ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക. അത്താഴത്തില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ചിക്കന്‍, പയര്‍വര്‍ഗങ്ങള്‍, പച്ച ഇലക്കറികള്‍ എന്നിവ നല്ലതാണ്. അത്താഴത്തിന്, ദഹിക്കാന്‍ എളുപ്പമുള്ളതും ഉറക്കത്തെ തടസ്സപ്പെടുത്താത്തതോ ആയ കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാം. പനീര്‍, ടോഫു, പയര്‍, ബീന്‍സ് തുടങ്ങിയവ ഉള്‍പ്പെടുത്താവുന്നതാണ്. അത്താഴത്തിന് തൈര് കഴിക്കുന്ന ശീലം ഒഴിവാക്കാം. രാത്രിയില്‍ ദഹനപ്രക്രിയ വളരെ സാവധാനത്തിലായിരിക്കും. അതിനാല്‍ തന്നെ വലിയ അളവിലുള്ള ഭക്ഷണം ദഹിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു ചന്ദന മരവും ഒരു കാഞ്ഞിരമരവും ഏറെക്കുറെ അടുത്തടുത്തായിട്ടാണ് നിന്നിരുന്നത്. എല്ലാവര്‍ക്കും ചന്ദന മരത്തെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നു. അത് നല്‍കുന്ന കുളിര്‍മ്മയും സുഗന്ധവും മൂലം ചന്ദന മരത്തെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. എല്ലാവരും അതിന്റെ നല്ല ഗുണങ്ങളെക്കുറിച്ച് എപ്പോഴും പുകഴ്ത്തി പറയുമായിരുന്നു. കാഞ്ഞിരമരവും ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു വൈകുന്നേരം കാഞ്ഞിരം ചന്ദനത്തോട് പറഞ്ഞു: 'ജീവിച്ചിരിക്കുമ്പോള്‍ ആളുകള്‍ ഇങ്ങനെ ഒരുപാട് പുകഴ്ത്തി പറഞ്ഞുവെന്ന് വരും. പക്ഷേ മരിച്ചുകഴിഞ്ഞാല്‍ പിന്നെ എന്ത് പ്രശംസ? എല്ലാവരും ഒരുപോലെ... വെറും തടി മാത്രം...' അപ്പോള്‍ ചന്ദന മരം ഒരു ചെറു ചിരിയോടെ പറഞ്ഞു: 'കൂട്ടുകാരാ... എന്തിനാണ് നമ്മള്‍ ഇപ്പോള്‍ മരണത്തെക്കുറിച്ച് ചിന്തിക്കുന്നത്? ജീവിച്ചിരിക്കുമ്പോള്‍ നമുക്ക് കഴിയുന്നതുപോലെ മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാം... സന്തോഷം പകരാം... മരിച്ചു കഴിഞ്ഞ് എന്തെങ്കിലും ആയ്ക്കോട്ടെ...' കാലം കുറേ കടന്നുപോയി. ഒരു മരംവെട്ടുകാരന്‍ രണ്ടു മരങ്ങളും വെട്ടിയിട്ടു. കാഞ്ഞിരത്തിന്റെ തടി അയാള്‍ വിറകിനുവേണ്ടി ഉപയോഗിച്ചു. അത് കത്തിച്ചാമ്പലായി. ചന്ദനമാകട്ടെ, അയാള്‍ ഒരു കഷണ മെടുത്ത് അരച്ച് പൂജാമുറിയില്‍ വെച്ചു. കുറേ കഷണങ്ങള്‍ തൈലമുണ്ടാക്കാനായി എടുത്തു. അപ്പോഴും ചന്ദനത്തിന്റെ സുഗന്ധം പരന്നു കൊണ്ടേയിരുന്നു. ആളുകള്‍ അപ്പോഴും അതിന്റെ സുഗന്ധത്തെക്കുറിച്ചും മറ്റു ഗുണഗണങ്ങളെക്കുറിച്ചും പ്രശംസിച്ചുകൊണ്ടേയിരുന്നു. നല്ല സ്വഭാവഗുണമുള്ളവരെ ജീവിച്ചിരിക്കുമ്പോഴും മരിച്ചതിനു ശേഷവും ആളുകള്‍ ഒരുപോലെ ഇഷ്ടപ്പെടാറുണ്ട്. മരിച്ചുകഴിഞ്ഞാലും അവരുടെ നന്മകള്‍ ഒരു സുഗന്ധ സാന്നിദ്ധ്യമായി ഭൂമിയില്‍ നിലനില്‍ക്കുകയും ചെയ്യും. എന്നാല്‍ ദുഷ്ട സ്വഭാവമുള്ളവരെ കാഞ്ഞിരത്തെ എന്നപോലെ ആളുകള്‍ വെറുക്കുകയാകും ചെയ്യുക. നമ്മുടെ ജീവിതം ചന്ദനമാകണോ കാഞ്ഞിരമാകണോ എന്ന് നമുക്ക് തീരുമാനിക്കാം! - ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍