പ്രഭാത വാർത്തകൾ
2025 ഡിസംബർ 28 ഞായർ
1201 ധനു 13 ഉത്രട്ടാതി
1447 റജബ് 07
◾ പുതിയ തൊഴിലുറപ്പ് നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്. അടുത്ത മാസം അഞ്ച് മുതല്‍ തൊഴിലുറപ്പ് സംരക്ഷണ പോരാട്ടം തുടങ്ങുമെന്ന് ദില്ലിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം ഹൈക്കമാന്‍ഡ് നേതൃത്വം വ്യക്തമാക്കി. ഗ്രാമീണ ജനതയുടെ അവകാശമായിരുന്ന തൊഴിലുറപ്പ് പദ്ധതിയെ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ആക്രമിക്കുകയാണെന്നുംരാജ്യം ഒരു വ്യക്തിയുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് മാത്രം നീങ്ങുന്ന 'വണ്‍ മാന്‍ ഷോ' ആയി മാറിയിരിക്കുകയാണെന്നും മന്ത്രിസഭയെ അറിയിക്കാതെ പ്രധാനമന്ത്രി ഒറ്റക്കെടുത്ത തീരുമാനമാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
◾ തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി മറികടക്കാന്‍ വേഗത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ തിരുത്തല്‍ നടപടികള്‍ വേഗത്തില്‍ ആരംഭിക്കും. പ്രവര്‍ത്തകരെയും ജനങ്ങളെയും പാര്‍ട്ടിയോട് കൂടുതല്‍ അടുപ്പിക്കാന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കാനും തീരുമാനിച്ചു. തുടര്‍ച്ചയായി ഇടത് ഭരണം ഉണ്ടായിരുന്നിടത്തെല്ലാം തിരിച്ചടി നേരിട്ടെന്നും ഇത് മുന്‍കൂട്ടി കാണാന്‍ സംഘടനക്ക് കഴിഞ്ഞില്ലെന്നും തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയുള്ള പാര്‍ട്ടി കമ്മിറ്റികള്‍ക്ക് വീഴ്ചയുണ്ടായിയെന്നും സംസ്ഥാന സെക്രട്ടേറിയറ്റ്. അതേസമയം ശബരിമല വിവാദത്തില്‍ എ പത്മകുമാറിനെതിരായ സംഘടന നിലപാട് ശരിയാണെന്നും എന്നാല്‍, ശബരിമല വിവാദം ജനങ്ങളെ ബോധിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി.
◾ മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഒന്നും എഐ അല്ലെന്നും താന്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളെല്ലാം ഒറിജിനല്‍ ആണെന്നും കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്‌മണ്യന്‍. കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ ആരും സംസാരിക്കാന്‍ പാടില്ലെന്നും അപ്രിയ സത്യങ്ങള്‍ വിളിച്ചുപറയാന്‍ പാടില്ലെന്നും പറഞ്ഞാല്‍ അവര്‍ക്കൊക്കെ ഇതായിരിക്കും അനുഭവമെന്ന് ബോധ്യപ്പെടുത്താന്‍ കാണിക്കുന്ന പ്രക്രിയയാണ് പൊലീസ് കേസെന്നും എന്‍ സുബ്രഹ്‌മണ്യന്‍ പറഞ്ഞു.
◾ ശബരിമല സ്വര്‍ണക്കൊള്ള വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ചോദ്യങ്ങളുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കോണ്‍ഗ്രസേ.. ഉരുളലല്ല, വേണ്ടത് മറുപടിയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ചോദ്യങ്ങള്‍ ഉയരുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ കിടന്നുരുളുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. വ്യക്തമായ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പരിഹാസമല്ല, കൃത്യമായ മറുപടിയാണ് വേണ്ടത്. ഉണ്ണികൃഷ്ണന്‍ പോറ്റിയും സോണിയ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് കേരളത്തിലെ പൊതുസമൂഹത്തിന് ചിലത് അറിയാനുണ്ടെന്നും അദ്ദേ?ഹം കുറിച്ചു.
◾ ശബരിമലയില്‍ ഇക്കുറി റെക്കോര്‍ഡ് വരുമാനം. ഇത്തവണത്തെ വരുമാനം 332.77 കോടി രൂപയായി ഉയര്‍ന്നു. ഇതില്‍ 83.17കോടി രൂപ കാണിക്കയായി ലഭിച്ചു. കഴിഞ്ഞവര്‍ഷം 297.06 കോടി രൂപയായിരുന്നു ശബരിമലയിലെ വരുമാനം. ഇത്തവണ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും വരുമാനം വര്‍ധിച്ചു. ഇന്നലെ ഉച്ച വരെ എത്തിയത് 30,56,871 പേരാണ്. കഴിഞ്ഞ തവണ ഇതേസമയം ശബരിമലയില്‍ 32,49,756 പേര്‍ എത്തി.
◾ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ കൃത്യമായി രേഖകള്‍ സമര്‍പ്പിക്കുന്നവരെ ഹിയറിങ്ങിന് വിളിക്കില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. കണ്ടെത്താനാകാത്തവരുടെ പട്ടികയിലും ബൂത്ത് തിരിച്ചതിലും വ്യാപക പ്രശ്നമുണ്ടെന്ന് വിമര്‍ശിച്ച കോണ്‍ഗ്രസ് രേഖയായി ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതിനെയും എതിര്‍ത്തു. ഇതിനിടെ എസ്ഐആറിനായി വില്ലേജ് ഓഫീസുകളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി
◾ സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ സര്‍ക്കാര്‍ നടപടികളിലെ കാലതാമസത്തിനെതിരെ ഡബ്ല്യുസിസി. ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതിപ്പെട്ടിട്ടും നേരിട്ട് ഒരു മറുപടിയും നല്‍കിയില്ലെന്നും പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടും എഫ്ഐആര്‍ ഇട്ടത് എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണെന്നും ഡബ്ല്യുസിസി കുറ്റപ്പെടുത്തുന്നു. കേരള വിമന്‍സ് കമ്മീഷന്‍ ഈ കേസുമായി ബന്ധപ്പെട്ട് പരാതി സ്വീകരിച്ചതായി അറിയിച്ചെങ്കിലും നടപടികളുടെ തുടര്‍ച്ചയെ സംബന്ധിച്ച വിവരങ്ങളൊന്നും അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും ഡബ്ല്യുസിസി വിമര്‍ശിച്ചു.
◾ വട്ടിയൂര്‍ക്കാവ് എം എല്‍ എ വി കെ പ്രശാന്തിനോട് തിരുവനന്തപുരം ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്ന് കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. ശ്രീലേഖയുടെ വാര്‍ഡായ ശാസ്തമംഗലത്തെ കോര്‍പറേഷന്റെ കെട്ടിടത്തിലാണ് പ്രശാന്തിന്റെ ഓഫീസ്. തന്റെ ഓഫിസ് സൗകര്യപ്രദമായി പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നു ഫോണിലൂടെയാണ് ശ്രീലേഖ ആവശ്യപ്പെട്ടത്. കൗണ്‍സില്‍ തീരുമാന പ്രകാരമാണ് പ്രശാന്തിന്റെ ഓഫീസ് വാടകയ്ക്ക് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അടുത്ത മാര്‍ച്ച് വരെ ഇതിന്റെ കാലാവധി ബാക്കിയുണ്ട്. കെട്ടിടം ഒഴിപ്പിക്കാന്‍ ബിജെപിക്കു ഭൂരിപക്ഷമുള്ള കൗണ്‍സില്‍ തീരുമാനിച്ചാല്‍ എം എല്‍ എക്ക് ഓഫിസ് ഒഴിയേണ്ടി വരും.
◾ ക്രിസ്മസ്-പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി തൃശൂര്‍ അതിരൂപതയും തൃശൂര്‍ പൗരാവലിയും ചേര്‍ന്നു നടത്തിയ 'ബോണ്‍ നതാലെ' സാന്താക്ലോസ് റാലിയും നിശ്ചലദൃശ്യങ്ങള്‍ അടങ്ങിയ ഘോഷയാത്രയും നഗരത്തിനു പുതുവര്‍ഷ സന്തോഷത്തിന്റെ ആഹ്ലാദാനുഭവമായി. ചുവപ്പു കുപ്പായവും തൊപ്പിയും ധരിച്ചെത്തിയ പതിനയ്യായിരത്തോളം സാന്താക്ലോസുമാര്‍ റാലിയുടെ മാറ്റുകൂട്ടി.
◾ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ വലിയ അട്ടിമറികള്‍. തൃശൂര്‍ മറ്റത്തൂരില്‍ ജയിച്ച മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളെയും സ്വന്തം പാളയത്തിലെത്തിച്ച് ബിജെപി വന്‍ അട്ടിമറി നടത്തി. ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫ് ഭരണം പിടിച്ചു. എറണാകുളം പുത്തന്‍കുരിശ് പഞ്ചായത്തില്‍ ട്വന്റി20 യുഡിഎഫിന് വോട്ടു ചെയ്തതായിരുന്നു മധ്യകേരളത്തിലെ മറ്റൊരു അട്ടിമറി.
◾ തൃശൂര്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് വിമതയെ പ്രസിഡന്റാക്കിയ സംഭവത്തില്‍ കൂട്ട നടപടിയുമായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. ബിജെപി പാളയത്തിലെത്തിയ എട്ട് അംഗങ്ങള്‍ അടക്കം പത്തുപേരെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. തൃശൂര്‍ ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണയില്‍ പ്രസിഡന്റായ എഎം നിധീഷിനെയും കോണ്‍ഗ്രസ് പുറത്താക്കി. തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റാണ് അംഗങ്ങളെ പുറത്താക്കികൊണ്ടുള്ള നടപടിയെടുത്തത്.
◾ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തില്‍ ലീഗ് സ്വതന്ത്രന്‍ കാലുമാറിയതോടെ പ്രസിഡണ്ടന്റ് സ്ഥാനവും പഞ്ചായത്ത് ഭരണവും നഷ്ടപ്പെട്ടതില്‍ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്ത ജാഫര്‍ മാഷുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് വരവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും സംഘടിപ്പിച്ചു. ജാഫര്‍ മാഷുടെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം.
◾ അനില്‍ അക്കര അടാട്ട് പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റു. പിന്നാലെ ചേര്‍ത്തുപിടിച്ച നാടിനോടുള്ള നന്ദി അനില്‍ അക്കര കുറിച്ചു. 'അയാളെ അയാളുടെ നാട് കൈവിട്ടിരിക്കുന്നു' എന്ന് അഞ്ച് വര്‍ഷം മുന്‍പ് മുന്‍ മന്ത്രി എ സി മൊയ്തീന്‍ നിയമസഭാ സമ്മേളനത്തില്‍ പ്രസംഗിച്ചത് കണ്ണീരോടെയാണ് താന്‍ കേട്ടിരുന്നതെന്ന് അനില്‍ അക്കര പറഞ്ഞു. ആ വാക്കുകള്‍ക്ക് ആറ്റംബോംബിനേക്കാള്‍ പ്രഹര ശേഷിയുണ്ടായിരുന്നു. എന്നാല്‍ ആ യുദ്ധത്തില്‍ മരിച്ച് വീഴാനല്ല തീരുമാനിച്ചതെന്നും അവിടെ നിന്ന് ആദ്യം മുതല്‍ തുടങ്ങുകയായിരുന്നുവെന്നും അനില്‍ അക്കര കുറിച്ചു.
◾ പാലക്കാട് പെരുങ്ങോട്ട് കുറിശ്ശിയില്‍ 60 വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് അധികാരത്തിന് പുറത്തായി. ബദിയടുക്ക പഞ്ചായത്തില്‍ നറുക്കെടുപ്പ് എന്‍ഡിഎയെ തുണച്ചു. മൂന്നു പഞ്ചായത്തുകളില്‍ ക്വാറം തികയാത്തതിനെത്തുടര്‍ന്ന് അധ്യക്ഷ തെരഞ്ഞെടുപ്പ് തിങ്കളാഴ്ചയിലേക്ക് മാറ്റി.
◾ മലബാറിലെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ പലയിടത്തും നാടകീയതയും വന്‍ ട്വിസ്റ്റുകളും. കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ പഞ്ചായത്തില്‍ ഇടതുമുന്നണി തിരിച്ചടി നേരിട്ടപ്പോള്‍ നറുക്കെടുപ്പില്‍ മന്ത്രി എംബി രാജേഷിന്റെ പഞ്ചായത്ത് എല്‍ഡിഎഫിനെ കൈവിട്ടു. എല്‍ഡിഎഫ് അംഗത്തിന്റെ വോട്ട് ലഭിച്ചതോടെ വടകര ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ പദവി യുഡിഎഫ് പിടിച്ചു.
◾ കൊല്ലം ചിറക്കര പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിലൂടെ ബിജെപിക്ക് ലഭിച്ചു. എട്ടാം വാര്‍ഡില്‍ നിന്ന് വിജയിച്ച ബിജെപിയുടെ രമ്യയാണ് വൈസ് പ്രസിഡന്റ്. യുഡിഎഫ് പിന്തുണയോടെ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇവിടെ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഉല്ലാസ് കൃഷ്ണന്‍ ആണ് പ്രസിഡന്റ്. എന്‍ഡിഎ -6, യുഡിഎഫ് -5, എല്‍ഡിഎഫ്-5, സ്വതന്ത്രന്‍- 1 എന്നിങ്ങനെയായിരുന്നു പഞ്ചായത്തിലെ കക്ഷി നില.
◾ ആലപ്പുഴ ജില്ലയിലെ എട്ട് പഞ്ചായത്തുകള്‍ എന്‍ഡിഎ ഭരിക്കും. ആല, ബുധനൂര്‍, കാര്‍ത്തികപ്പള്ളി, തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, ചെന്നിത്തല, ചേന്നംപള്ളിപ്പുറം, നീലംപേരൂര്‍ പഞ്ചായത്തുകളിലാണ് എന്‍ഡിഎ ഭരണം പിടിച്ചത്.
◾ തിരുവനന്തപുരത്തെ പാങ്ങോട് പഞ്ചായത്തില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജിവച്ചു. കോണ്‍ഗ്രസിലെ എസ് ഗീതയാണ് രാജി വെച്ചത്. എസ് ഡി പി ഐ പിന്തുണ വേണ്ടെന്ന കെപിസിസി തീരുമാന പ്രകാരമാണ് രാജി.
◾ ചിറ്റൂരില്‍ കാണാതായ 6 വയസ്സുകാരനായി വ്യാപക തെരച്ചില്‍. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാന്‍ സഹോദരനുമായി പിണങ്ങി വീട്ടില്‍ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കള്‍ പറയുന്നു. സാധാരണ കുട്ടികള്‍ തമ്മില്‍ ഉണ്ടാകാറുള്ള പിണക്കം മാത്രമായിരുന്നു അത്. എന്നാല്‍ കുറച്ചു നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതോടെയാണ് തെരച്ചില്‍ നടത്തിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്.
◾ സൈക്കിള്‍ നിയന്ത്രണം വിട്ട് ഗേറ്റില്‍ ഇടിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. വാസുദേവ വിലാസത്തില്‍ ബിജോയുടെ മകന്‍ ഭവന്ദ് (14) ആണ് മരിച്ചത്. പത്തനംതിട്ട ഇലന്തൂര്‍ ഇടപ്പരിയാരത്താണ് അപകടമുണ്ടായത്. ഓമല്ലൂര്‍ ആര്യ ഭാരതി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഭവന്ദ്. കുത്തനെയുള്ള ഇറക്കം ഇറങ്ങി വരവേ സൈക്കിള്‍ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.
◾ കണ്ണൂര്‍ പയ്യാവൂരില്‍ കോണ്‍ക്രീറ്റ് മിക്സര്‍ കയറ്റി വന്ന ലോറി മറിഞ്ഞ് വന്‍ അപകടം. ലോറിക്കടിയില്‍പ്പെട്ട രണ്ട് തൊഴിലാളികള്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറടക്കം 14 പേരാണ് ലോറിയിലുണ്ടായിരുന്നത്. ഇന്നലെ വൈകിട്ടോടെയാണ് അപകടമുണ്ടായത്. പയ്യാവൂര്‍ മുത്താറി കുളത്താണ് അപകടമുണ്ടായത്. വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. വാഹനത്തിലുണ്ടായിരുന്ന തൊഴിലാളികളില്‍ രണ്ടുപേര്‍ അടിയല്‍പ്പെടുകയായിരുന്നു. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
◾ പുഷ്പ 2 പ്രീമിയര്‍ ഷോക്കിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുനെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചു. മജിസ്ട്രേറ്റ് കോടതിയില്‍ ഹൈദരാബാദ് പൊലീസ് സമര്‍പ്പിച്ച കുറ്റ പത്രത്തിലാണ് അല്ലു അര്‍ജുനെ പ്രതി ചേര്‍ത്തിരിക്കുന്നത്. അപകടം നടന്ന സന്ധ്യ തിയേറ്ററിന്റെ ഉടമയാണ് ഒന്നാംപ്രതി. അല്ലു അര്‍ജുന്റെ സുരക്ഷാ ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്. കേസില്‍ ഒരു വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
◾ ബെംഗളൂരു കൊഗിലു ലേഔട്ടില്‍ അനധികൃത കൈയേറ്റമെന്നാരോപിച്ച് മുസ്ലിം താമസക്കാരുടെ വീടുകള്‍ തകര്‍ത്ത സര്‍ക്കാര്‍ നടപടിയെ അപലപിച്ച് സിപിഎം കര്‍ണാടക സംസ്ഥാന കമ്മിറ്റി. കുടിയിറക്കപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കണമെന്നും തകര്‍ക്കപ്പെട്ട വീടുകള്‍ സര്‍ക്കാര്‍ പുനര്‍നിര്‍മിച്ച് നല്‍കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. കഴിഞ്ഞ 25-35 വര്‍ഷമായി ഈ പ്രദേശത്ത് താമസിച്ചുവരുന്ന ദരിദ്ര കുടുംബങ്ങളെയാണ് സര്‍ക്കാര്‍ ഇറക്കിവിട്ടത്. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ, പുലര്‍ച്ചെ നടത്തിയ ഈ നടപടി അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമാണെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.
◾ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ബുള്‍ഡോസര്‍ വിവാദം കത്തുന്നു. കേരളാ മുഖ്യമന്ത്രി പിണറായി വിജയനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവുമടക്കം രാഷ്ട്രീയമായി ഉയര്‍ത്തിയ വിമര്‍ശനത്തിന് പിന്നാലെ ഇടപെട്ട് കോണ്‍ഗ്രസ് നേതൃത്വം. കര്‍ണാടക കോണ്‍ഗ്രസില്‍ നിന്ന് എ ഐ സി സി വിശദീകരണം തേടി. കെ.സി.വേണുഗോപാലാണ് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറില്‍ നിന്ന് വിശദീകരണം തേടിയത്. വീടുകള്‍ പൊളിച്ചു മാറ്റിയ സംഭവം വിവാദത്തിലായതോടെയാണ് നടപടി.
◾ കര്‍ണാടകയിലെ ബെംഗളൂരുവില്‍ നടന്ന ബുള്‍ഡോസര്‍ നടപടിക്കെതിരെ വിമര്‍ശനമുന്നയിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയനോട് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ താക്കീത് നല്‍കി. വസ്തുതകള്‍ മനസ്സിലാക്കാതെയാണ് മുതിര്‍ന്ന നേതാവായപിണറായി വിജയന്‍ പ്രതികരിക്കുന്നതെന്നും ഖരമാലിന്യങ്ങള്‍ നിക്ഷേപിക്കേണ്ട അപകടകരമായ ഒരു ക്വാറിയിലാണ് നിയമവിരുദ്ധമായി ഇവര്‍ താമസിച്ചിരുന്നതെന്നും ഈ സ്ഥലം സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ശിവകുമാര്‍ വിശദീകരിച്ചു. കുടിയൊഴിപ്പിക്കപ്പെട്ടവരെ മനുഷ്യത്വപരമായ രീതിയിലാണ് മാറ്റിയതെന്നും അര്‍ഹരായവര്‍ക്ക് രാജീവ് ഗാന്ധി ആവാസ് യോജന പ്രകാരം വീടുകള്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾ ആകാശയാത്രാ സ്തംഭനത്തില്‍ ഇന്‍ഡിഗോയ്ക്കെതിരെ കടുത്ത നടപടിക്ക് കേന്ദ്രം. സിഇഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും കനത്ത പിഴ ചുമത്താനും നിര്‍ദേശിച്ചുള്ള റിപ്പോര്‍ട്ടാണ് ഡിജിസിഎ സമര്‍പ്പിച്ചതെന്നാണ് വിവരം. ആഭ്യന്തര സര്‍വീസുകള്‍ മാത്രം താറുമാറായതില്‍ ദുരൂഹതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. അന്വേഷണം പൂര്‍ത്തിയായാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു
◾ ആര്‍ എസ് എസിനെ പുകഴ്ത്തി വിവാദത്തിലായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദ്വിഗ് വിജയ് സിംഗ്. ആര്‍ എസ് എസില്‍ താഴേ തട്ടില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമാകുന്നതെന്ന് ദ്വിഗ് വിജയ് സിംഗ് അഭിപ്രായപ്പെട്ടതാണ് വിവാദമായത്. അദ്വാനിയുടെ കാല്‍ചുവട്ടിലിരിക്കുന്ന മോദിയുടെ ചിത്രം പങ്കുവച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചത്.
◾ ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പിന്തുണച്ച് യുകെയിലെ ബ്രാഡ്ഫോര്‍ഡില്‍ നടന്ന റാലിക്കിടെപാക് പ്രതിരോധ മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ കൊല്ലപ്പെടുമെന്ന് ഒരു സ്ത്രീ പറയുന്ന വീഡിയോ വൈറലായതിന് പിന്നാലെ, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് പാകിസ്താന്‍. വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ മാറ്റ് കാനലിനോട് പാക് വിദേശകാര്യ മന്ത്രാലയം
ആവശ്യപ്പെട്ടു.
◾ അമേരിക്കയും ഇസ്രയേലും യൂറോപ്പും ഇറാനെതിരെ സമ്പൂര്‍ണ യുദ്ധം നടത്തുകയാണെന്നും ഇറാഖ് നമുക്കെതിരെ നടത്തിയ യുദ്ധത്തേക്കാള്‍ മോശമാണ് ഈ യുദ്ധമെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. നമ്മുടെ രാജ്യത്തെ മുട്ടുകുത്തിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും സൂക്ഷ്മമായി പരിശോധിച്ചാല്‍, ഇത് കൂടുതല്‍ സങ്കീര്‍ണവും പ്രയാസമേറിയതുമാണെന്നും
◾ ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച സൊമാലിലാന്‍ഡിനെ ഇസ്രയേല്‍ അംഗീകരിച്ചു. 1991ല്‍ റിപ്പബ്ലിക്കായി സ്വയം പ്രഖ്യാപിച്ച മേഖലയ്ക്ക് 34 വര്‍ഷത്തിനു ശേഷമാണ് ഏതെങ്കിലും ഒരു രാജ്യം അംഗീകാരം നല്‍കുന്നത്. സൊമാലിലാന്‍ഡുമായി പൂര്‍ണ നയതന്ത്രബന്ധം സ്ഥാപിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രഖ്യാപിച്ചതോടെ സൊമാലിയയും ആഫ്രിക്കന്‍ യൂണിയനും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സൊമാലിലാന്‍ഡ് സൊമാലിയയുടെ അവിഭാജ്യഭാഗമാണെന്നും ഇസ്രയേല്‍ നീക്കം നിയമവിരുദ്ധമാണെന്നും സൊമാലിയ ആരോപിച്ചു.
◾ യുദ്ധം സമാധാനപരമായി അവസാനിപ്പിക്കാന്‍ യുക്രെയ്‌ന് താല്‍പര്യമില്ലെങ്കില്‍ 'പ്രത്യേക സൈനിക നടപടി'യുടെ എല്ലാ ലക്ഷ്യങ്ങളും റഷ്യ നേടിയെടുക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍. യുദ്ധം അവസാനിപ്പിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ഇന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പുട്ടിന്റെ പ്രസ്താവന.
◾ ജനുവരി 15 മുതല്‍ ഫെബ്രുവരി 6 വരെ സിംബാബ്വെയിലും നമീബിയയിലും നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനും ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരക്കുള്ള അണ്ടര്‍ 19 ടീമുകളെ പ്രഖ്യാപിച്ചു. ആയുഷ് മാത്രെ ക്യാപ്റ്റനായ അണ്ടര്‍ 19 ലോകകപ്പിനുള്ള 15 അംഗ ടീമില്‍ മലയാളിയായ മുഹമ്മദ് ഇനാനും ഇടംപിടിച്ചു. അതേസമയം പരിക്കുമൂലം സ്ഥിരം നായകന്‍ ആയുഷ് മാത്രെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ 14 കാരനായ സൂര്യവംശിക്കാണ് ക്യാപ്റ്റന്റെ ചുമതല.
◾ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് സൃഷ്ടിച്ച വന്‍ പ്രതിസന്ധികളെ കാറ്റില്‍ പറത്തി അദാനി ഗ്രൂപ്പിന്റെ വമ്പന്‍ തിരിച്ചുവരവ്. 2023 ജനുവരിയിലെ ഓഹരി വിപണിയിലെ തകര്‍ച്ചയ്ക്ക് ശേഷം ഇതുവരെ ഏകദേശം 80,000 കോടി രൂപയുടെ (960 കോടി ഡോളര്‍) 33 ഏറ്റെടുക്കലുകളാണ് അദാനി ഗ്രൂപ്പ് വിവിധ മേഖലകളിലായി പൂര്‍ത്തിയാക്കിയത്. വിപണിയിലെ ആത്മവിശ്വാസം വീണ്ടെടുത്ത ഗ്രൂപ്പ്, തങ്ങളുടെ മുന്‍നിര ബിസിനസുകള്‍ വിപുലീകരിക്കുന്നതില്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. തുറമുഖം, സിമന്റ്, ഊര്‍ജ്ജം എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം നടന്നത്. നിക്ഷേപകരുടെ വിശ്വാസം തിരികെ പിടിക്കുന്നതിനായി കടബാധ്യതകള്‍ കുറയ്ക്കാനും സുതാര്യത ഉറപ്പുവരുത്താനും ഗ്രൂപ്പ് എടുത്ത നടപടികള്‍ ഫലം കണ്ടതായാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. നിലവില്‍ ജയ്പി ഗ്രൂപ്പിനെ ഏറ്റെടുക്കാനുള്ള 13,500 കോടിയുടെ ചര്‍ച്ചകളും അന്തിമഘട്ടത്തിലാണ്. ഇതോടെ സിമന്റ്, തുറമുഖ മേഖലകളില്‍ അദാനി ഗ്രൂപ്പിന്റെ ആധിപത്യം കൂടുതല്‍ ശക്തമാകും.
◾ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന 'ചത്താ പച്ച: ദ റിംഗ് ഓഫ് റൗഡീസ്' ചിത്രത്തിന്റെ ഏറ്റവും പുതിയ ക്യാരക്ടര്‍ എത്തി. വിശാഖ് നായര്‍ അവതരിപ്പിക്കുന്ന 'ചെറിയാന്‍' എന്ന കഥാപാത്രത്തെയാണ് ഇതിലൂടെ പരിചയപ്പെടുത്തുന്നത്. വളരെ വ്യത്യസ്തവും കൗതുകകരവുമായ രീതിയിലാണ് വിശാഖിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തന്റെ ലോകത്ത് താന്‍ മാത്രമേയുള്ളൂ എന്ന് വിശ്വസിക്കുന്ന, അതിരുകടന്ന ആത്മവിശ്വാസമുള്ള ഒരു കഥാപാത്രമാണ് ചെറിയാന്‍. നിറപ്പകിട്ടാര്‍ന്ന വസ്ത്രധാരണവും കൂളിംഗ് ഗ്ലാസും സ്വര്‍ണ്ണ വാച്ചുമായി, ഒരു ഗുസ്തി ഗോദയുടെ പശ്ചത്താലത്തില്‍ സ്റ്റൈലിഷ് ലുക്കിലാണ് വിശാഖ് നായര്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. പറക്കുന്ന കറന്‍സി നോട്ടുകളും സ്പാര്‍ക്കുകളും ഗുസ്തി റിംഗിലെ ചിഹ്നങ്ങളും ചെറിയാന്റെ സ്വഭാവത്തിലെ ആഡംബരവും ഊര്‍ജ്ജവും വിളിച്ചോതുന്നു. നേരത്തെ പുറത്തിറങ്ങിയ അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്ക് പിന്നാലെയാണ് വിശാഖിന്റെ ഈ പുതിയ ലുക്ക് എത്തുന്നത്.
◾ കീര്‍ത്തി സുരേഷ് നായികയായി വന്ന ചിത്രമാണ് 'റിവോള്‍വര്‍ റിറ്റ'. റിവോള്‍വര്‍ റീറ്റയ്ക്ക് ബോക്സ് ഓഫീസില്‍ കാര്യമായ ചലനം സൃഷ്ടിക്കാനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 4.76 കോടി രൂപ മാത്രമാണ് റിവോള്‍വര്‍ റിറ്റയ്ക്ക് നേടാനായത്. റിവോള്‍വര്‍ റിറ്റ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് തുടങ്ങി. ജെ.കെ. ചന്ദ്രു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ് കരുത്തുറ്റ, ധൈര്യശാലിയായ, സ്വഭാവത്തില്‍ വൈവിധ്യമാര്‍ന്ന ഒരാളായി മാറ്റങ്ങളോടെ എത്തുന്നു. സൂപ്പര്‍സ്റ്റാര്‍ വിജയ് ചിത്രം 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം', 'മാനാട്' എന്നീ സിനിമകളുടെ തിരക്കഥ കൈകാര്യം ചെയ്തിട്ടുള്ള ജെ കെ ചന്ദ്രുവിന്റെ, സംവിധായകന്‍ എന്ന നിലയിലുള്ള ആദ്യ ചിത്രം കൂടിയാണ് 'റിവോള്‍വര്‍ റിറ്റ'. ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് സംഗീത സംവിധായകനും, ഗായകനും, ഗാനരചയിതാവുമായ ഷോണ്‍ റോള്‍ഡന്‍ ആണ്. കീര്‍ത്തിക്കൊപ്പം രാധിക ശരത്കുമാര്‍, റെഡിന്‍ കിംഗ്സ്ലി, മിമി ഗോപി, സെന്‍ട്രയന്‍, സൂപ്പര്‍ സുബ്ബരായന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
◾ ഇന്ത്യന്‍ വിപണിയില്‍ വളരെ പ്രചാരമുള്ള സുസുക്കി ഫ്രോങ്ക്‌സിനെ ഇപ്പോള്‍ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ എഎന്‍സിഎപി ക്രാഷ് ടെസ്റ്റ് നടത്തി. ഈ പരിശോധനയുടെ ഫലങ്ങള്‍ വളരെ അമ്പരപ്പിക്കുന്നതാണ്. മെയിഡ്-ഇന്‍-ഇന്ത്യ സുസുക്കി ഫ്രോങ്ക്‌സിന് ഈ സുരക്ഷാ പരിശോധനയില്‍ ആകെ ഒറ്റ സ്റ്റാര്‍ റേറ്റിംഗ് മാത്രമേ ലഭിച്ചിട്ടുള്ളൂ. അതിനുള്ള പ്രധാന കാരണം പിന്‍ സീറ്റ് സീറ്റ് ബെല്‍റ്റിന്റെ പരാജയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ ഫ്രോങ്ക്‌സ് മുമ്പ് ജപ്പാന്‍ എന്‍സിഎപി ടെസ്റ്റില്‍ 4-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും ആസിയാന്‍ എന്‍സിഎപി ടെസ്റ്റില്‍ 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും നേടിയിരുന്നു എന്നതാണ് ശ്രദ്ധേയം. റിപ്പോര്‍ട്ട് അനുസരിച്ച്, മുതിര്‍ന്നവരുടെ സുരക്ഷയില്‍ 48 ശതമാനവും കുട്ടികളുടെ സുരക്ഷയില്‍ 40 ശതമാനവും സ്‌കോര്‍ നേടി. കാല്‍നടയാത്രക്കാരുടെ സുരക്ഷയില്‍ 65 ശതമാനവും സുരക്ഷാ സഹായ സവിശേഷതകളില്‍ 55 ശതമാനവും സ്‌കോര്‍ നേടി.
◾ ചില മാറ്റങ്ങള്‍ അനിവാര്യമാണെന്ന് തോന്നാറില്ലേ? എന്നാല്‍ ഈ മാറ്റങ്ങളിലേക്കെത്താനുള്ള വഴിയെന്താണ്? ആ വഴികളിലൂടെയാണ് ഈ പുസ്തകത്തിന്റെ സഞ്ചാരം. ജീവിതവിജയത്തിന് ആവശ്യമായ ശക്തി നമുക്കുള്ളില്‍തന്നെയാണ്അത് തിരിച്ചറിയാന്‍ ഒരു വഴികാട്ടിയാണ് ഈ കൃതി. തന്റെ ലളിതമായ ഭാഷയിലൂടെയും ഹൃദയസ്പര്‍ശിയായ ഉദാഹരണങ്ങളിലൂടെയും ശ്രീവിദ്യ സന്തോഷ് വായനക്കാരെ ആത്മവിശ്വാസത്തിലേക്കും വിജയത്തിലേക്കും നയിക്കുന്നു. നിങ്ങളിലെ മികച്ച പതിപ്പിലേക്കുള്ള യാത്ര 'മാറ്റത്തിന്റെ രഹസ്യ'ത്തിനൊപ്പമാവട്ടെ. 'മാറ്റത്തിന്റെ രഹസ്യം'. ശ്രീവിദ്യ സന്തോഷ്. ഡിസി ബുക്സ്. വില 209 രൂപ.
◾ ഫാറ്റി ലിവര്‍ ബാധിതരുടെ എണ്ണം ഇന്ന് രാജ്യത്ത് വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. അമിതവണ്ണവും ഉദാസീനമായ ജീവിതശൈലിയുമാണ് ഫാറ്റി ലിവറിന് പിന്നിലെ പ്രധാന കാരണം. ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍, നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ എന്നിങ്ങനെ രണ്ട് വിധത്തിലാണ് ഈ രോഗം കണ്ടുവരുന്നത്. അമിത മദ്യപരിലാണ് ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ കൂടുതലും കാണപ്പെടാറ്. വയറുവേദന മുതല്‍ പെട്ടെന്ന് വയറു നിറഞ്ഞെന്ന തോന്നല്‍, വിശപ്പില്ലായ്മ, വയറു വീര്‍ക്കല്‍, മനംമറിച്ചില്‍, ഭാരനഷ്ടം, കാലുകളില്‍ നീര്, ചര്‍മത്തിനും കണ്ണിനും മഞ്ഞനിറം, ക്ഷീണം തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളാണ്. കരളില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. അഞ്ചു ശതമാനത്തില്‍ കൂടുതല്‍ കൊഴുപ്പ് കരളില്‍ അടിയുമ്പോഴാണ് അമിത കൊഴുപ്പായി കണക്കാക്കുന്നത്. കരള്‍ രോഗമുള്ളവര്‍ കര്‍ശനമായി മദ്യപാനം ഒഴിവാക്കണം, അതിനൊപ്പം മെറ്റബോളിസം മെച്ചപ്പെടുത്തുകയും വേണം. ഈ രണ്ട് കാര്യങ്ങള്‍ കരളിനെ ദീര്‍ഘകാലം സംരക്ഷിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പ്രമേഹനില അനിയന്ത്രിതമാവുകയും വയറ് ചാടുകയും ഇന്‍സുലിന്‍ പ്രതിരോധം ഉണ്ടാവുകയുമാെക്കെ ചെയ്യുന്നതാണ് മോശം മെറ്റബോളിക് ആരോഗ്യം എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുകയും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസിന് കാരണമാവുകയും ചെയ്യുന്നു. മധുരം പരമാവധി കുറയ്ക്കുക, ആരോഗ്യകരമായ ഭക്ഷണക്രമം ശീലിക്കുക, മെച്ചപ്പെട്ട ഉറക്കം, പൊണ്ണത്തടി എന്നിവ നിയന്ത്രിക്കുന്നത് ഫാറ്റി ലിവര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
തന്റെ ദാരിദ്ര്യം മാറ്റണമെന്ന ആവശ്യവുമായാണ് അയാള്‍ ഗുരുവിന്റെ അടുത്തെത്തിയത്. ഗുരു അയാള്‍ക്കൊരു കല്ല് നല്‍കി. ഈ കല്ല് ഉപയോഗിച്ച് ഇരുമ്പെല്ലാം സ്വര്‍ണ്ണമാക്കി മാറ്റാമെന്ന് ഗുരു പറഞ്ഞു. അയാള്‍ വളരെ പെട്ടെന്ന് തന്നെ പണക്കാരനായി മാറി. പക്ഷേ, അയാളുടെ മനസമാധാനം നഷ്ടപ്പെട്ടു. തന്റെ ധനമെല്ലാം നഷ്ടപ്പെടുമോ? കളളന്മാര്‍ അപഹരിക്കുമോ? അയാളുടെ ഉറക്കം നഷ്ടപ്പെട്ടു. അയാള്‍ വീണ്ടും ഗുരുവിനെ കാണാന്‍ എത്തി. ഗുരു തന്റെ കല്ല് തിരിച്ചുചോദിച്ചുവെങ്കിലും അയാള്‍ അത് കൊടുക്കാന്‍ തയ്യാറായില്ല. അയാള്‍ പറഞ്ഞു: തനിക്ക് ഈ കല്ലും വേണം, സമാധാനവും വേണം. ഗുരു പറഞ്ഞു: അതിനുളള ഏകമാര്‍ഗ്ഗം തന്റെ സ്വാര്‍ത്ഥത ഉപേക്ഷിക്കുക എന്നതാണ്. അയാള്‍ കുറച്ച് നേരം ആലോചിച്ചുനിന്നു. പിന്നെ കല്ല് ഗുരുവിന് തിരിച്ചുനല്‍കി. സംതൃപ്തി ഒരു മനോഭാവമാണ്. സ്വയം രൂപപ്പെടുത്തുന്ന അളവുകോലാണ് ഓരോരുത്തരുടേയും സംതൃപ്തി നിശ്ചയിക്കുന്നത്. മണിമാളികയില്‍ താമസിച്ചിട്ടും സംതൃപ്തിയില്ലാത്തവരും തെരുവില്‍ സംതൃപ്തമായി ജീവിക്കുന്നവരും ഉണ്ട്. ഇല്ലാത്തതെന്തെങ്കിലും നേടിയാല്‍ തൃപ്തനാകും എന്നത് ഒരു തെറ്റിദ്ധാരണയാണ്. പുതുതായി നേടിയതിനോടുളള അഭിനിവേശം നഷ്ടപ്പെടുമ്പോള്‍ വീണ്ടും മനസ്സില്‍ അതൃപ്തി നിറയും. എല്ലാമുളളപ്പോഴും ഒന്നുമില്ലാത്തപ്പോഴും ഒരേ മാനസിക നില പുലര്‍ത്താനാകുക എന്നതാണ് സംതൃപ്തിയുടെ അളവുകോല്‍ - ശുഭദിനം.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍