പ്രഭാത വാർത്തകൾ

2025  ഡിസംബർ 30  ചൊവ്വ 
1201  ധനു 14   ഭരണി 
1447  റജബ് 09

◾ തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ സിപിഎം വസ്തുതകള്‍ മറച്ച് വെക്കുന്നുവെന്ന് സിപിഐ. ശബരിമല സ്വര്‍ണ്ണക്കൊള്ള തോല്‍വിക്ക് കാരണമായെന്നും ഇതില്‍ കൃത്യമായ വിലയിരുത്തല്‍ വേണമെന്നും സിപിഐ എക്സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഭരണ വിരുദ്ധ വികാരവും പത്മകുമാറിനെ സംരക്ഷിച്ചത് തിരിച്ചടിച്ചുവെന്നും സിപിഐ വിമര്‍ശിച്ചു.

◾ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിച്ചെന്നും അപ്രതീക്ഷിത പരാജയവും പരിഹാര നടപടികളുമാണ് നേതൃയോഗം ചര്‍ച്ച ചെയ്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ശരിയായ ദിശാബോധത്തോടെ വിലയിരുത്തലുമായി മുന്നോട്ട് പോകുമെന്നും വോട്ടിംഗ് കണക്ക് നോക്കിയാല്‍ 60 നിയമസഭാ മണ്ഡലങ്ങളില്‍ വ്യക്തമായ ലീഡുണ്ടെന്നും സര്‍ക്കാരിനെ കുറിച്ച് മികച്ച അഭിപ്രായമാണുള്ളതെന്നും കള്ള പ്രചാരവേലയുടെ അടിസ്ഥാനത്തിലാണ് യുഡിഎഫ് ബിജെപി വോട്ട് തേടിയതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞത്.

◾ തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ തിരിച്ചുവരവിനുള്ള വന്‍പദ്ധതികളുമായി സിപിഎം. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും എംപിമാരും ഒന്നടങ്കം സമരത്തിലേക്കിറങ്ങിയും പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ചും സംവദിച്ചും നിയമസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ഒരുക്കാനുള്ള പദ്ധതികളാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നത്.

◾ ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കുവേണ്ടി ബോര്‍ഡ് പ്രസിഡന്റായിരുന്ന പത്മകുമാറിനൊപ്പം വിജയകുമാറും ഗൂഢാലോചന നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. രേഖകളില്‍ കൃത്രിമം നടത്തിയെന്നും ബോര്‍ഡിന് നഷ്ടമുണ്ടാക്കാനായി പ്രതികള്‍ സഹകരിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തി. അതേസമയം, വിജയകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അടുത്ത മാസം 12വരെയാണ് റിമാന്റ് കാലാവധി.

◾ ശബരിമല സ്വര്‍ണ്ണക്കടത്ത് കേസില്‍, ദിണ്ഡിഗല്‍ മണിയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. കേസില്‍ ഹാജരാകാന്‍ മണിക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം മണിയുടെ ഓഫീസില്‍ എസ്‌ഐടി പരിശോധന നടത്തിയിരുന്നെങ്കിലും, മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്നും കള്ളക്കടത്തുമായി ബന്ധമില്ലെന്നുമാണ് മണി പോലീസിനോട് പ്രതികരിച്ചിരുന്നത്. എന്നാല്‍ അന്വേഷണസംഘം നടപടികള്‍ കര്‍ശനമാക്കിയതോടെ ഇന്ന് ഹാജരാകാമെന്ന് മണി സമ്മതിക്കുകയായിരുന്നു. അതേസമയം ശബരിമല സന്നിധാനത്തെ ചില സ്വര്‍ണ ഉരുപ്പടികള്‍, ഉണ്ണിക്കൃഷ്ണന്‍പോറ്റി തിരുവനന്തപുരത്തുവെച്ച് ഡി. മണിക്ക് കൈമാറി എന്ന് പ്രത്യേക അന്വേഷണസംഘത്തിന് വിദേശവ്യവസായി മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

◾ ഇക്കൊല്ലം മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്തിയത് 36,33,191 പേര്‍. കഴിഞ്ഞ കൊല്ലം മണ്ഡലകാലം പൂര്‍ത്തിയായപ്പോള്‍ 32,49,756 പേര്‍ സന്നിധാനത്ത് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3,83,435 ഭക്തജനങ്ങളാണ് ഇക്കുറി ശബരിമലയിലെത്തിയത്. മണ്ഡലകാല പൂജയ്ക്കായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രം തുറന്നത് മുതല്‍ ഡിസംബര്‍ 27ന് നടയടക്കുന്നത് വരെ സന്നിധാനത്ത് 36,33,191 പേര്‍ ദര്‍ശനം നടത്തിയതായാണ് കണക്കുകള്‍.

◾ കാസര്‍കോട് ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ വേടന്റെ സംഗീതപരിപാടിക്കിടെ തിക്കും തിരക്കും. കുട്ടികളുള്‍പ്പെടെ നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അവരുടെ പരിക്ക് സാരമുള്ളതല്ല. അതേസമയം പരിപാടി നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് തിരികെ പോകുകയായിരുന്ന ഒരാള്‍ പാളം മുറിച്ചുകടക്കുന്നതിനിടെട്രെയിന്‍ ഇടിച്ച് മരിച്ചു. പൊയിനാച്ചി സ്വദേശി ശിവാനന്ദാണ് (19) മരിച്ചത്.

◾ ക്രിസ്മസ് ദിനത്തിലെ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരണവുമായി സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ക്രൈസ്തവമതം ഭാരതത്തിന്റേത് കൂടിയാണെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം ഇവിടെ നടന്നിരുന്നെങ്കില്‍ 2.7 ശതമാനത്തില്‍ ക്രൈസ്തവര്‍ ഒതുങ്ങില്ലായിരുന്നുവെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

◾ താമരശ്ശേരി ചുരത്തിലെ ദുരിതപൂര്‍ണ്ണമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ.സി. ബാലകൃഷ്ണന്‍, കല്‍പ്പറ്റ എംഎല്‍എ ടി. സിദ്ധിഖ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് രാപ്പകല്‍ സമരം. കോഴിക്കോട് സിവില്‍ സ്റ്റേഷന് മുന്നില്‍ ഉച്ചയ്ക്ക് 2.30 മുതലാണ് പ്രതിഷേധം ആരംഭിക്കുന്നത്.

◾ എബിവിപി ചെങ്ങന്നൂര്‍ നഗര്‍ സമിതി പ്രസിഡന്റായിരുന്ന വിശാലിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ 20 ക്യംപസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പൂജ പി പി ആണ് വിധി പറയുന്നത്. 2012 ജൂലൈ 16-നാണ് വിശാല്‍ കൊല്ലപ്പെട്ടത്. ചെങ്ങന്നൂര്‍ കോളജില്‍ ബിരുദ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നതിനിടെയാണ് വിശാല്‍ ആക്രമിക്കപ്പെട്ടത്.

◾ ദില്ലിയിലെ കേരള സര്‍ക്കാറിന്റെ പ്രത്യേക പ്രതിനിധി കെവി തോമസിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരാവകാശ അപേക്ഷയ്ക്ക് കൃത്യമായി മറുപടി നല്‍കാതെ കേരള ഹൗസ് അധികൃതരുടെ ഒളിച്ചുകളി. നിയമനത്തിലൂടെയുണ്ടായ നേട്ടങ്ങള്‍ വിവരാവകാശ നിയമപ്രകാരം അറിയിക്കാനാകില്ലെന്നാണ് മറുപടി നല്‍കിയത്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വിവരങ്ങള്‍ മറച്ചുവയ്ക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് പരാതിപ്പെട്ടു.

◾ ബ്ലോക്ക് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ട് ചെയ്ത മുസ്ലിം ലീഗ് സ്വതന്ത്രന്‍ അംഗത്വം രാജിവച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി. നഫീസയ്ക്ക് വോട്ട് രേഖപ്പെടുത്തിയ തളി ഡിവിഷന്‍ അംഗം ജാഫറാണ് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ചത്.

◾ ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്തിയ പതിനാറാം വാര്‍ഡ് മെമ്പര്‍ പി.എന്‍. രാമചന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്തത് അതീവ ഗൗരവകരമായ വീഴ്ചയാണെന്ന് വിലയിരുത്തിയാണ് നടപടി. വോട്ട് മാറിയ ചെയ്തത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന രാമചന്ദ്രന്റെ വിശദീകരണം പാര്‍ട്ടി മുഖവിലക്കെടുത്തില്ല.

◾ സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റി വച്ച തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡില്‍ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ മത്സരരംഗത്തുള്ളത് 9 പേര്‍. നേരത്തെ പത്രിക നല്‍കിയ ഒരാള്‍ പത്രിക പിന്‍വലിച്ചിട്ടുണ്ട്. പതിമൂവായിരത്തിലേറെ വോട്ടര്‍മാരുള്ള വാര്‍ഡില്‍ ജനുവരി 12നാണ് തെരഞ്ഞെടുപ്പ്. ജനുവരി 13ന് ആണ് വോട്ടെണ്ണല്‍ നടക്കുക.

◾ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരിക്കുന്നതിനുള്ള കരട് വിജ്ഞാപനം ഒരു മാസത്തിനുള്ളില്‍ പുറപ്പെടുവിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇതിനായി തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു. 2200 ഓളം വരുന്ന സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലായി 1.13 ലക്ഷം പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ വേതനം പരിഷ്‌കരിച്ചുള്ള 2018 ലെ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയിരുന്നു.

◾ മൈസൂരുവിനടുത്ത് ഹുന്‍സൂരില്‍ കണ്ണൂര്‍ ഇരിട്ടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. തോക്ക് ചൂണ്ടി ഏഴ് കിലോ സ്വര്‍ണം കവര്‍ന്നു. അഞ്ചം?ഗസംഘമാണ് കവര്‍ച്ച നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കവര്‍ച്ചക്കാരെക്കുറിച്ച് പൊലീസിന് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.

◾ എഎ റഹീം എംപിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. എന്തൊക്കെ തോന്ന്യവാസമാണ് നടക്കുന്നതെന്നും സൈബര്‍ ആക്രമണം നടത്തുന്നവര്‍ സ്വയം കരുതുന്നത് ലോക പണ്ഡിതര്‍ എന്നാണെന്നും മന്ത്രി പറഞ്ഞു. റഹീം ഇംഗ്ലീഷ് അധ്യാപകന്‍ ഒന്നുമല്ലല്ലോ. റഹീമിന് അറിയാവുന്ന ഭാഷയില്‍ കാര്യങ്ങള്‍ പറഞ്ഞു. സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്ക് അസൂയയും കുശുമ്പുമാണ്. കുടിയൊഴിപ്പിച്ച ആളുകളെ കാണാനാണ് റഹീം പോയത്. അല്ലാതെ ഇംഗ്ലീഷ് വ്യാകരണ പരീക്ഷ എഴുതാന്‍ അല്ലല്ലോയെന്നും മന്ത്രി ചോദിച്ചു.

◾ നിലമ്പൂര്‍ വനത്തില്‍ ജനറേറ്ററും മോട്ടോര്‍ പമ്പ് സെറ്റുകളുമൊക്കെ ഉപയോഗിച്ച് സ്വര്‍ണ ഖനനം നടത്തിയ സംഭവത്തില്‍ അന്വേഷണം ശക്തമാക്കാന്‍ വനം വകുപ്പ്. പിടിയിലായ സമീപവാസികള്‍ക്ക് പുറത്തു നിന്ന് സഹായം കിട്ടിയിട്ടുണ്ടോയെന്നത് അടക്കമുള്ള കാര്യങ്ങള്‍ വനം വകുപ്പ് അന്വേഷിക്കും. സ്വര്‍ണ വില കുത്തനെ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മണ്ണില്‍ സ്വര്‍ണാംശം ഉണ്ടെന്ന് നേരത്തെ കണ്ടെത്തിയിട്ടുള്ള നിലമ്പൂര്‍ മേഖലയിലെ വനത്തില്‍ പ്രത്യേക നിരീക്ഷണം നടത്താനും വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

◾ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെന്ററില്‍ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്നാണ് പരാതി. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് ദേശീയ പതാകകള്‍ സൂക്ഷിക്കാതെ കൂട്ടിയിട്ടിരിക്കുന്നു എന്നാണ് ആക്ഷേപം. സംഭവത്തില്‍ കോണ്‍ഗ്രസ് മലയാലപ്പുഴ പൊലീസില്‍ പരാതി നല്‍കി. മാലിന്യ കൂമ്പാരത്തിന് സമീപമാണ് ദേശീയ പതാക കൂട്ടിയിട്ടിരിക്കുന്നത്. അതേസമയം, ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമല്ല.

◾ കേരള മുസ്ലീം ജമാഅത്തിന്റെ കേരളയാത്ര 2026 ജനുവരി ഒന്നിന് കാസര്‍കോട്ടുനിന്ന് ആരംഭിക്കും. മനുഷ്യര്‍ക്കൊപ്പം എന്നതാണ് കേരളയാത്ര ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശം. ജനുവരി 16-ന് തിരുവനന്തപുരത്താണ് യാത്രയുടെ സമാപനം.

◾ സമൂഹിക മാധ്യമങ്ങളിലെ പോര്‍വിളിയുമായി ബന്ധപ്പെട്ട് സിപിഎം - ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. റെഡ് ആര്‍മിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റും കമന്റുകളുമൊക്കെയാണ് കേസിന് കാരണം. ബോംബ് എറിയുന്ന ദൃശ്യം പോസ്റ്റ് ചെയ്തായിരുന്നു ലീഗിനുള്ള ഭീഷണി. സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്.

◾ കഴക്കൂട്ടത്ത് ദുരൂഹ നിലയില്‍ മരിച്ച നാല് വയസുകാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. കുട്ടിയുടെ കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. കസ്റ്റഡിയില്‍ ഉള്ള അമ്മയുടെ സുഹൃത്തിനെ കൂടുതല്‍ ചോദ്യം ചെയ്യും. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മയുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴക്കൂട്ടത്തെ ലോഡ്ജില്‍ താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി മുന്നി ബീഗത്തിന്റെ മകന്‍ ഗില്‍ദാറാണ് മരിച്ചത്.

◾ എറണാകുളത്തെ ബ്രോഡ്വേയില്‍ വന്‍ തീപിടിത്തം. ശ്രീധര്‍ തിയേറ്ററിനടുത്തുള്ള കടകള്‍ക്കാണ് കടകളാണ് ഇന്ന് പുലര്‍ച്ചെ 1:15-ഓടെ തീപിടിച്ചത്. ഫാന്‍സി ഉത്പന്നങ്ങളുംകളിപ്പാട്ടങ്ങളും വില്‍ക്കുന്ന കടകളാണ് കത്തിനശിച്ചത്.

◾ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് ബസ് ഇടിച്ചുകയറി മഹാരാഷ്ട്രയിലെ മുംബൈയിലെ ഭാണ്ഡൂപില്‍ നാലുപേര്‍ മരിച്ചു. ബൃഹന്‍മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടിന്റെ ബസ്സാണ് അപകടമുണ്ടാക്കിയത്. പിറകോട്ടെടുക്കുന്നതിനിടെ ബസ് കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു.

◾ സിബിഐ ഞങ്ങളെ ഇരുട്ടില്‍ നിര്‍ത്തിയെന്ന് ഉന്നാവ് പീഡനക്കേസില്‍ അതിജീവിതയുടെ അഭിഭാഷകന്‍ മുഹമ്മദ് പ്രാച. കേസ് രേഖകള്‍ അടക്കം ലഭിച്ചത് കോടതിയെ സമീപിച്ച ശേഷം മാത്രമാണെന്നും കോടതിയില്‍ കൃത്യമായ വാദങ്ങള്‍ പോലും സിബിഐ അവതരിപ്പിച്ചില്ല, സുപ്രീം കോടതി വിധി നേരിയ ആശ്വാസം മാത്രമാണ് തനിക്ക് എതിരായ വധഭീഷണികള്‍ കാര്യമാക്കുന്നില്ല, അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നത് മാത്രമാണ് ആവശ്യം എന്നും അഭിഭാഷകന്‍ പറഞ്ഞു.

◾ കര്‍ണാടകയിലെ യെലഹങ്കയിലെ പുരധിവാസത്തില്‍ ബൈപ്പനഹള്ളിയില്‍ ഫ്ലാറ്റിന് പണം നല്‍കേണ്ടി വരില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജനറല്‍ വിഭാഗത്തിന് സബ്സിഡിയായി 8.7 ലക്ഷം രൂപയും എസ്സി, എസ്ടി വിഭാഗത്തിന് 9.5 ലക്ഷം രൂപയുമാണ് നല്‍കുക അര്‍ഹരായവരുടെ പട്ടിക ഇന്ന് തയ്യാറാക്കി തുടങ്ങുമെന്നും ജനുവരി ഒന്നു മുതല്‍ ഫ്ലാറ്റുകള്‍ കൈമാറി തുടങ്ങുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

◾ ഉന്നാവ് ബലാത്സംഗ കേസില്‍ സുപ്രീംകോടതിയുടെ ഉത്തരവ് പുറത്ത്. കേസിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയുന്നത് എന്ന് സുപ്രീംകോടതി. കസ്റ്റഡിയില്‍ നിന്ന് പ്രതിയായ കുല്‍ദീപ് സെന്‍ഗാറിനെ വിട്ടയക്കരുതെന്നും കോടതി ഉത്തരവിട്ടു. കേസ് അടുത്തമാസം 20ന് വീണ്ടും പരിഗണിക്കും. ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് കൂടുതല്‍ വാദത്തിലേക്ക് കടക്കാമെന്നും അതിജീവിതയ്ക്ക് നിയമസഹായം ഉറപ്പാക്കണം എന്നും കോടതി നിര്‍ദേശിച്ചു.

◾ 50 വര്‍ഷത്തിനിടെ മധ്യ പ്രദേശില്‍ ഏറ്റവുമധികം കടുവകള്‍ കൊല്ലപ്പെട്ടത് 2025ലെന്ന് കണക്കുകള്‍. 1973ല്‍ പ്രൊജക്ട് ടൈഗര്‍ ആരംഭിച്ച ശേഷമുള്ള കണക്കുകളാണ് ഇത്. ഏറ്റവും ഒടുവിലായി എട്ടിനും പത്തിനും ഇടയില്‍ പ്രായമുള്ള ആണ്‍ കടുവയാണ് ചത്തത്. സാഗര്‍ മേഖലയില്‍ ബുന്ദേല്‍ഖണ്ഡിലാണ് ആണ്‍ കടുവയെ ഒടുവില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്.

◾ കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്‍പ് സാമ്പത്തിക വിദഗ്ദരെ കണ്ട് ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചു. ഇന്ന് ദില്ലിയിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. സാമ്പത്തിക വിദഗ്ധര്‍ക്ക് പുറമെ വിവിധ സെക്ടറുകളില്‍ നിന്നുള്ള വിദഗ്ധരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വരാനിരിക്കുന്ന കേന്ദ്ര ബജറ്റിന് മുന്നോടിയായി നടക്കുന്ന യോഗത്തില്‍ ഇന്ത്യക്ക് ഗുണകരമാകുന്ന നിര്‍ദേശങ്ങള്‍ തേടാന്‍ ലക്ഷ്യമിട്ടാണ് യോഗം എന്നാണ് വിവരം.

◾ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ അപകടത്തില്‍ രണ്ട് ഇന്ത്യന്‍ വനിതകള്‍ കൊല്ലപ്പെട്ടു. തെലങ്കാന സ്വദേശികളും ഉറ്റസുഹൃത്തുക്കളുമായ പി മേഘന റാണി, കെ ഭാവന എന്നിവരാണ് മരിച്ചത്. 24 വയസായിരുന്നു ഇരുവരുടെയും പ്രായം. ഉന്നത പഠനത്തിന് ശേഷം ഇന്ത്യയില്‍ നിന്ന് ജോലി തേടി അമേരിക്കയില്‍ എത്തിയതായിരുന്നു ഇരുവരും.

◾ ആരവല്ലി മലനിരകളുമായി ബന്ധപ്പെട്ട മുന്‍ ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു. പുതിയ വിദഗ്ധ സമിതിയെ നിയോഗിച്ച് കുന്നുകളുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്താനാണ് തീരുമാനം. ജയ്പൂരില്‍ യുവാക്കള്‍ നടത്തിയ വലിയ പ്രക്ഷോഭം മുഖവിലക്കെടുത്താണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിന്റെ ഇടപെടല്‍.

◾ സൈന്യത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി 79,000 കോടി രൂപയുടെ സൈനിക ഉപകരണങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കി പ്രതിരോധ മന്ത്രാലയം. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ പ്രതിരോധ സംഭരണ സമിതി പുതിയ നിര്‍ദ്ദേശങ്ങള്‍ക്ക് പച്ചക്കൊടി കാട്ടി.

◾ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പ്രശംസകൊണ്ട് മൂടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്ലോറിഡയിലെ ട്രംപിന്റെ മാര്‍-എ-ലാഗോ റിസോര്‍ട്ടിലെ കൂടിക്കാഴ്ചക്കിടെയാണ് പ്രശംസ. നെതന്യാഹു പ്രധാനമന്ത്രിയായില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഇസ്രായേല്‍ ഇന്ന് നിലനില്‍ക്കുമായിരുന്നില്ലെന്നു പറഞ്ഞ ട്രംപ് അദ്ദേഹത്തെ യുദ്ധകാല പ്രധാനമന്ത്രി എന്നും വിശേഷിപ്പിച്ചു.

◾ പുടിന്റെ വസതി ലക്ഷ്യം വെച്ച് ഡ്രോണ്‍ ആക്രമണം നടത്താന്‍ യുക്രൈന്‍ ശ്രമിച്ചെന്നും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും റഷ്യന്‍ വിദേശ കാര്യമന്ത്രി സെര്‍ജെയ് ലാവ്റോവ് ലാവ്റോവ്. ട്രംപ്- സെലന്‍സ്‌കി കൂടിക്കാഴ്ച നടന്ന് മണിക്കൂറുകള്‍ക്കകമാണ് റഷ്യയുടെ വെളിപ്പെടുത്തല്‍. അതേസമയം, റഷ്യയുടെ അവകാശവാദം നുണയാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. സമാധാന ചര്‍ച്ചകളിലെ പുരോഗതിയെ തുരങ്കം വയ്ക്കാനുള്ള ശ്രമമാണ് ഈ ആരോപണമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, റഷ്യന്‍ ഭീഷണികളോട് പ്രതികരിക്കാന്‍ യുഎസിനോട് അഭ്യര്‍ത്ഥിച്ചു.

◾ റീഫണ്ട് ലഭിക്കാത്തതിന്റെ പേരില്‍ നിരാശരായ ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി ദേശീയ ഉപഭോക്തൃ ഹെല്‍പ് ലൈന്‍. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ മാത്രം എന്‍.സി.എച്ച് 62,700 പരാതികള്‍ പരിഹരിച്ചു. ഈ വര്‍ഷം ഏപ്രില്‍ 25 മുതല്‍ ഡിസംബര്‍ 26 വരെയുള്ള കാലയളവിലാണ് ഇത്രയും പരാതികള്‍ പരിഹരിച്ചത്. 45 കോടി രൂപ ഉപഭോക്താക്കള്‍ക്ക് റീഫണ്ട് നല്‍കിയതായും ഉപഭോക്തൃകാര്യ മന്ത്രാലയം പുറത്തുവിട്ട ഡാറ്റ പറയുന്നു. ഇ-കൊമേഴ്സ്, ട്രാവല്‍-ടൂറിസം, ഏജന്‍സി സര്‍വിസ്, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, എയര്‍ലൈന്‍ തുടങ്ങിയ അഞ്ച് വിഭാഗങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് റീഫണ്ടിന്റെ 85 ശതമാനവും നല്‍കിയത്. ഇ-കൊമേഴ്സ് വിഭാഗമാണ് പരാതികളില്‍ ഏറ്റവും മുന്നില്‍. ഇ-കൊമേഴ്സ് വിഭാഗത്തില്‍ 39,965 പരാതികള്‍ പരിഹരിച്ച് 32 കോടി രൂപയുടെ റീഫണ്ട് നല്‍കി. ട്രാവല്‍ ടൂറിസം മേഖലയില്‍നിന്ന് ലഭിച്ച 4,050 പരാതി പരിഹരിച്ച് 3.5 കോടി രൂപയുടെ റീഫണ്ട് നല്‍കി. 1915 എന്ന ടോള്‍ ഫ്രീ നമ്പറിലൂടെ 17 ഭാഷകളില്‍ പരാതി നല്‍കാനാണ് ഉപഭോക്താക്കള്‍ക്ക് ഉപഭോക്തൃകാര്യ മന്ത്രാലയം സൗകര്യം ഒരുക്കിയിരിക്കുന്നത്.

◾ പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'രാജാസാബി'ന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തുവിട്ടു. വന്‍ ദൃശ്യവിരുന്ന് സമ്മാനിക്കുന്ന ഹൊറര്‍ ഫാന്റസി ചിത്രമാകും രാജാസാബ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഒപ്പം അഭിനേതാക്കളുടെ മികച്ച പ്രകടനവും കാണാനാകും. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണങ്ങള്‍. ജനുവരി 9ന് സിനിമ തിയറ്ററുകളില്‍ എത്തും. ടി.ജി. വിശ്വപ്രസാദ് നിര്‍മ്മിച്ച് മാരുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് രാജാസാബ്. പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ പ്രധാന ഹൈലൈറ്റ്. അതോടൊപ്പം സഞ്ജയ് ദത്തിന്റേയും വേറിട്ട വേഷപ്പകര്‍ച്ചയുമുണ്ട്. ബൊമന്‍ ഇറാനി, സെറീന വഹാബ്, നിധി അഗര്‍വാള്‍, മാളവിക മോഹനന്‍, റിദ്ധി കുമാര്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്.

◾ 'വാരണാസി' എന്ന് ചിത്രം പണിപ്പുരയില്‍ ഒരുങ്ങുമ്പോള്‍ തന്നെ മറ്റൊരു രാജമൗലി ചിത്രം റിലീസിനെത്തുകയാണ്. ബാഹുബലിക്ക് മുന്‍പ് രാജമൗലി സംവിധാനം ചെയ്ത 'ഈഗ' എന്ന ചിത്രമാണ് റീ റിലീസിന് ഒരുങ്ങുന്നത്. ഇന്ത്യയില്‍ മാത്രമല്ല, മറിച്ച് ആഗോള റിലീസിനാണ് ചിത്രം തയ്യാറെടുക്കുന്നത്. ബാഹുബലിക്ക് മുന്‍പ് രാജമൗലിക്ക് തെലുങ്ക് സംസ്ഥാനങ്ങള്‍ക്ക് പുറത്തും ആരാധകരെ നേടിക്കൊടുത്ത ചിത്രമായിരുന്നു ഈഗ. ഒരു സിനിമയില്‍ താരങ്ങളേക്കാള്‍ പ്രാധാന്യം ഫിലിംമേക്കര്‍ക്ക് ആണെന്ന് പ്രേക്ഷകരെ ഒരിക്കല്‍ക്കൂടി ബോധ്യപ്പെടുത്തിയ ചിത്രം. പേര് പോലെ തന്നെ ഒരു ഈച്ചയെ നായകനായി അവതരിപ്പിച്ച ചിത്രം. അതേസമയം വാരണാസിയില്‍ മഹേഷ് ബാബുവിനൊപ്പം പൃഥ്വിരാജും പ്രിയങ്ക ചോപ്രയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുംഭ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മന്ദാകിനി എന്നാണ് പ്രിയങ്കയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രം ഒരു ആഫ്രിക്കന്‍ ജംഗിള്‍ അഡ്വഞ്ചര്‍ ആണെന്നാണ് വിവരം.

◾ ലംബോര്‍ഗിനി ടെമെരാരിയോ സ്വന്തമാക്കി റെയ്മണ്ട് സി ഇ ഒ ഗൗതം സിംഘാനിയ. ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് ഈ വാഹനം ഇന്ത്യന്‍ വിപണിയിലെത്തിയത്. ആറു കോടി രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ ടെമെരാരിയോയ്ക്ക് വില. പെട്രോള്‍ എന്‍ജിനൊപ്പം ഹൈബ്രിഡും ഒരുക്കിയാണ് ലംബോര്‍ഗിനി ടെമെരാരിയോയെ കളത്തിലിറക്കിയിരിക്കുന്നത്. 4.0 ലീറ്റര്‍ വി8 പെട്രോള്‍ എന്‍ജിന്‍ വാഹനത്തിനു കരുത്ത് നല്‍കുന്നു. ഇതിനൊപ്പം മൂന്നു ഇലക്ട്രിക് മോട്ടറും ബാറ്ററിയും ഉള്‍പ്പെടുന്നതാണ് ഹൈബ്രിഡ് സംവിധാനം. 920 എച്ച് പി പവറും 800 എന്‍ എം ടോര്‍ക്കും ഉല്‍പാദിപ്പിക്കും. എട്ട് സ്പീഡ് ഡ്യുവല്‍ ക്ലെച്ചാണ് ട്രാന്‍സ്മിഷന്‍. പരമാവധി വേഗം  340 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്ന ടെമെരാരിയോ 2.7 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. ടെസ്റ്റ് ഡ്രൈവിനായി തിരഞ്ഞെടുത്ത ലംബോര്‍ഗിനിയുടെ ഹുറാകാന് തകരാര്‍ കണ്ടതിനെ തുടര്‍ന്ന് ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കള്‍ക്കെതിരെ സിംഘാനിയ വിമര്‍ശനവുമായി എത്തിയിരുന്നു.

◾ ടി.ഡി. രാമകൃഷ്ണന്‍ ഫ്രാന്‍സിസ് ഇട്ടിക്കോരയിലൂടെ സൃഷ്ടിച്ച, സമകാലിക മലയാള നോവല്‍ സാഹിത്യത്തിലെ കള്‍ട്ട് ഫിഗറായ കോരപ്പാപ്പന്‍ ഒന്നര പതിറ്റാണ്ടിന് ശേഷം കൂടുതല്‍ കരുത്തോടെ വായനക്കാരിലേക്ക്. കമനീയമായ രൂപകല്പനയില്‍, എഴുത്തുകാരന്റെ കൈയൊപ്പോടെ കൂടിയ കോപ്പികള്‍ ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം. 'കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ'. ടി ഡി രാമകൃഷ്ണന്‍. ഡിസി ബുക്സ്. വില 569 രൂപ.

◾ വീടുകളില്‍ നട്ടുവളര്‍ത്തേണ്ട പ്രധാനപ്പെട്ട ഒരു ഔഷധപ്പെടിയാണ് തുളസി. ചുമയും ജലദോഷവും പോലുള്ള അണുബാധയെ ചെറുക്കാനും ദഹനം മെച്ചപ്പെടുത്താനും തുളസി ഒരു ഒറ്റമൂലിയാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ പ്രതിരോധശേഷിയെ മെച്ചപ്പെടുത്തുകയും ദഹനം മികച്ചതാക്കുകയും ചെയ്യുന്നു. എന്നാല്‍ അത് മാത്രമല്ല, തുളസി പൊണ്ണത്തടി കുറയ്ക്കാന്‍ സഹായിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? തുളസി ദിവസവും കുടിക്കുന്നത് മെറ്റബോളിസം വേഗത്തിലാക്കും. പൊണ്ണത്തടി കുറയ്ക്കുന്നതില്‍ മെറ്റബോളിസം നിര്‍ണായക പങ്ക് വഹിക്കുന്നു. മെറ്റബോളിസം വേഗത്തിലാകുമ്പോള്‍ അധിക കലോറിയെ കത്തിച്ചു കളയുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇത് ശരീരവീക്കം കുറയ്ക്കാന്‍ സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ തുളസി നല്ലതാണ്. ദഹനം മെച്ചപ്പെടുത്താന്‍ തുളസി ശീലമാക്കുന്നത് സഹായിക്കും. ഇത് ബ്ലേട്ടിങ്, ഗ്യാസ് പോലുള്ള ദഹന പ്രശ്നങ്ങള്‍ കുറയ്ക്കും. കൊഴുപ്പിന്റെയും കാര്‍ബോഹൈഡ്രേറ്റിന്റെയും ദഹനം മെച്ചപ്പെടുത്തുന്നത് വഴി ശരീരഭാരം കുറക്കാന്‍ ഇത് എളുപ്പം സഹായിക്കും. വിശപ്പിനെ കൂട്ടുന്ന ഗ്രെലിന്‍ എന്ന ഹോര്‍മോണുകളുടെ ഉത്പാദനം കുറക്കാന്‍ തുളസി സഹായിക്കും. ദിവസവും തുളസി ശീലമാക്കുന്നത് ഇടക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നലും ഇല്ലാതാക്കും.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു കാര്‍ നിര്‍മ്മാണ കമ്പനിയിലെ എഞ്ചിനീയര്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു കാര്‍ രൂപകല്പന ചെയ്ത് നിര്‍മ്മിച്ചു. ആ കമ്പനിയുടെ സി.ഇ.ഒ ആ കാറില്‍ വളരെയധികം ആകൃഷ്ടനാവുകയും  എന്‍ജിനീയറെ ഒരുപാട് പ്രശംസിക്കുകയും ചെയ്തു. കമ്പനിയുടെ നിര്‍മ്മാണ യൂണിറ്റില്‍ നിന്നും ഷോറൂമിലേക്ക് കാര്‍ കൊണ്ടുവരാന്‍ ശ്രമിക്കുമ്പോഴാണ് പുറത്തേക്ക് കടക്കാനുള്ള വാതിലിന്റെ ഉയരത്തേക്കാള്‍ രണ്ട് ഇഞ്ച് കൂടുതല്‍ ഉയരം കാറിനുണ്ട് എന്ന് അവര്‍ ശ്രദ്ധിക്കുന്നത്.ഇക്കാര്യം ആദ്യമേ ശ്രദ്ധിക്കാത്തതില്‍ ആ എന്‍ജിനീയര്‍ ഒരു പാട് വിഷമിച്ചു. നിര്‍മ്മാണ യൂണിറ്റില്‍ നിന്നും ആ കാര്‍ എങ്ങനെ പുറത്തേക്ക് എത്തിക്കും എന്നതില്‍ സി.ഇ.ഒ  യ്ക്ക് ആശയക്കുഴപ്പമായി. അപ്പോള്‍ കമ്പനിയുടെ പെയിന്റര്‍ പറഞ്ഞു : കാറിന്റെ ബോഡിയില്‍ കുറച്ച് പോറല്‍ വരുമെങ്കിലും നമുക്ക് എങ്ങനെയെങ്കിലും കാര്‍ പുറത്തേക്ക് എടുക്കാം. എന്നിട്ട് പോറലുകള്‍  പിന്നീട് പെയിന്റ് ചെയ്ത് ശരിയാക്കാം.' എഞ്ചിനീയര്‍ പറഞ്ഞു : 'നമുക്ക് പുറത്തേക്കുള്ള വാതിലിന്റെ ഒരല്പം പൊളിച്ചു കൊണ്ട് കാര്‍ ആദ്യം പുറത്തേക്ക് എടുക്കാം. എന്നിട്ട് ആ വാതില്‍ വീണ്ടും ശരിയാക്കിയാല്‍ മതി.'  എന്നാല്‍ ഈ അഭിപ്രായങ്ങളില്‍ ഒന്നും കമ്പനിയുടെ സി.ഇ.ഒ തൃപ്തനായിരുന്നില്ല. വാതില്‍ തകര്‍ക്കുന്നതും, കാറിന് പോറല്‍ വരുത്തുന്നതും നല്ല അടയാളമായി അദ്ദേഹത്തിന് തോന്നിയില്ല. അവിടുത്തെ കാവല്‍ക്കാരന്‍ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അദ്ദേഹം പതുക്കെ സി.ഇ.ഒ യെ സമീപിച്ചു കൊണ്ട് പറഞ്ഞു. 'നിങ്ങള്‍ക്ക് പ്രശ്നമില്ലെങ്കില്‍ ഞാനൊരു ഉപായം പറയാം.'  അവരെല്ലാവരും അത്ഭുതപ്പെട്ടു..! ഈ രംഗത്തെ വിദഗ്ദ്ധര്‍ക്ക് പോലും നല്ലൊരു വഴി  നിര്‍ദ്ദേശിക്കാന്‍ കഴിയാത്തപ്പോള്‍, കേവലം ഒരു കാവല്‍ക്കാരന്‍ എന്ത് പറയാനാണ്..! അയാള്‍ പറഞ്ഞു : 'കമ്പനിയുടെ പുറത്തേക്കുള്ള വാതിലിനെക്കാള്‍ വളരെ കുറച്ച് ഇഞ്ചുകള്‍ മാത്രമാണ് കാറിന് ഉയരക്കൂടുതലുള്ളത്. അത് കൊണ്ട് തന്നെ, കാറിന്റെ ടയറുകളിലെ വായു കുറച്ചൊന്ന് വെളിയിലേക്ക് കളഞ്ഞാല്‍ സ്വാഭാവികമായും കാറിന്റെ ഉയരം കുറയുകയും നമുക്ക് വാതിലിലൂടെ കാര്‍ ഒരു കേടും കൂടാതെ ഷോറൂമിലേക്ക് കൊണ്ട് പോകാനും സാധിക്കും.' എല്ലാവരും അറിയാതെ കൈയ്യടിച്ചു പോയി. അവരൊക്കെ അയാളെ പ്രശംസിക്കുകയും ചെയ്തു.  പ്രശ്നങ്ങളെ വിലയിരുത്തേണ്ടത് എല്ലായ്‌പ്പോഴും പ്രഗത്ഭരുടെ വീക്ഷണകോണിലൂടെ മാത്രമാവരുത്. ഒരു സാധാരണക്കാരന്റെ കാഴ്ചപ്പാടുകളിലൂടെയും പ്രശ്നങ്ങളെ സമീപിക്കാം. അത്തരം പ്രത്യേക സാഹചര്യങ്ങളില്‍ ചിലപ്പോള്‍ നമുക്ക് എളുപ്പ വഴികള്‍ തുറന്ന് കിട്ടിയേക്കാം. ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും ഇത് പോലെ തന്നെയാണ്. നമ്മില്‍ ഒരു വീര്‍പ്പുമുട്ടലായി നമ്മള്‍ അടക്കിപ്പിടിച്ചിരിക്കുന്ന നമ്മുടെ അഹന്ത, ദേഷ്യം, ആശയക്കുഴപ്പങ്ങള്‍, നിരാശ മുതലായ അനാവശ്യവായുവിനെ ഒന്ന് പുറത്തേക്ക് കളയുക. ഇത് നമ്മുടെ ചിന്താഗതികളെ സ്വാധീനിക്കാനും ആശയക്കുഴപ്പങ്ങള്‍ ഇല്ലാതാക്കാനും അതുവഴി നമ്മുടെ തന്നെ മനോഭാവമാകുന്ന ഉയരത്തെ ക്രമീകരിക്കാനും സഹായിക്കും. - ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍