പ്രഭാത വാർത്തകൾ

2025  ഡിസംബർ 31  ബുധൻ 
1201  ധനു 16   കാർത്തിക 
1447  റജബ് 10

◾ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് നിരന്തരം പരോള്‍ നല്‍കുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ടിപി വധക്കേസിലെ 12ാം പ്രതി ജ്യോതി ബാബുവിന്റെ പരോള്‍ അപേക്ഷ തള്ളികൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. എന്തുകൊണ്ട് ടി പി കേസ് പ്രതികള്‍ക്ക് മാത്രം നിരന്തരം പരോള്‍ ലഭിക്കുന്നുവെന്ന് ചോദിച്ച ഹൈക്കോടതി ഇക്കാര്യം പരിശോധിക്കപ്പെടണമെന്നും പറഞ്ഞു. ഈ കേസിലെ പ്രതികള്‍ക്ക് ഇങ്ങനെയുള്ള പരിഗണന ലഭിക്കാന്‍ എന്താണ് പ്രത്യേകതയെന്ന് ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ അധ്യക്ഷനായ ബെഞ്ച് വാക്കാല്‍ചോദിച്ചു.

◾ ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഡിണ്ടിഗല്‍ സ്വദേശി ഡി മണിയെ എസ്ഐടി ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ഇന്നലെ രാവിലെ 10.30നാണ് മണിയും സഹായിയായ ബാലമുരുകനും എസ്ഐടി ഓഫീസിലെത്തിയത്. ഉച്ചയോടെ മണിയുടെ മറ്റൊരു സഹായിയായ ശ്രീകൃഷ്ണനും ഹാജരായി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം രാത്രിയോടെയാണ് മൂന്നുപേരെയും വിട്ടയച്ചത്. മണിയെ എഡിജിപി എച്ച്.വെങ്കിടേശ് രാവിലെ ചോദ്യം ചെയ്തു. തുടര്‍ന്ന് എസ്ഐടി അംഗങ്ങള്‍ ചോദ്യം ചെയ്തു. കഴിഞ്ഞ ആറു വര്‍ഷമായി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഡി മണിക്കുള്ള ബന്ധം തെളിയിക്കപ്പെട്ടാല്‍ ശബരിമല കേസില്‍ അത് നിര്‍ണായകമായമാകും.  

◾ ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ആരും നിഷ്‌കളങ്കര്‍ അല്ലെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കടകംപള്ളിയുടെ ചോദ്യം ചെയ്യല്‍ നീട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎമ്മിന് ക്ഷീണം ഉണ്ടാക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് മനപ്പൂര്‍വ്വം ചോദ്യം ചെയ്യല്‍ നീട്ടിവെക്കുകയായിരുന്നുവെന്നും കോടതി ഇടപെട്ടതുകൊണ്ടാണ് ഇപ്പോള്‍ ഇത് സംഭവിച്ചതെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമുണ്ടെന്നും കൂടുതല്‍ നേതാക്കളുടെ പേര് റിമാന്‍ഡില്‍ ആയവര്‍ പറയുമെന്ന ഭയത്തിലാണ് സര്‍ക്കാരെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

◾ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ദേവസ്വം മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനേയും ദേവസ്വം മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനേയും ചോദ്യം ചെയ്യാതിരിക്കാന്‍ അന്വേഷണ സംഘത്തിനുമേല്‍ സര്‍ക്കാരിന്റെ ശക്തമായ നിയന്ത്രണവും ഇടപെടലും ഉണ്ടായിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഹൈക്കോടതിയുടെ ശക്തമായ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ അന്വേഷണം ഇത്രപോലും മുന്നോട്ട് പോകില്ലായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നേതാക്കളായ പ്രതികളെ സിപിഎമ്മും സര്‍ക്കാരും തുടര്‍ച്ചയായി സംരക്ഷിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
◾ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലും വിമര്‍ശനം. വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി അതിരുവിട്ട് ന്യായീകരിച്ചത് തെറ്റാണെന്നും മുഖ്യമന്ത്രിക്കുമേല്‍ സിപിഎമ്മിനും നിയന്ത്രണമില്ലെന്നും അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ പാര്‍ട്ടി തിരുത്തിച്ചേനെയെന്നും സിപിഐ കൗണ്‍സിലില്‍ വിമര്‍ശനമുയര്‍ന്നു.

◾ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വയനാട്ടില്‍ ചേരുന്ന കോണ്‍ഗ്രസ് കോണ്‍ക്ലേവില്‍ സ്ഥാനാര്‍ഥിനിര്‍ണയവും പുനഃസംഘടനയും സംബന്ധിച്ച് മാനദണ്ഡമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജനുവരി നാല്, അഞ്ച് തീയതികളില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ വിവിധ നേതൃസമിതികളില്‍ നിന്നായി 170 മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. തദ്ദേശ തിരഞ്ഞെടുപ്പിലെന്നപോലെ നിയമസഭയിലേക്കും സ്ഥാനാര്‍ഥിനിര്‍ണയം താഴെത്തട്ടില്‍നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാക്കാമെന്ന ധാരണയാണുള്ളതെന്നാണ് വിവരം.

◾ സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥികളെ ജനുവരി ആദ്യവാരം തീരുമാനിക്കാന്‍ സാധ്യത. സ്ഥാനാര്‍ഥികളോട് അതത് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കുന്നതിനൊപ്പം ജില്ലാ, മണ്ഡലം തലങ്ങളില്‍ അഴിച്ചുപണി നടത്താനും തീരുമാനമായി. സ്ഥാനാര്‍ഥികളെയും അതത് ജില്ലാ കമ്മിറ്റികളെയും ഇക്കാര്യം അടുത്ത ദിവസങ്ങളില്‍ അറിയിക്കും.

◾ തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തിലെ കൂറുമാറ്റ വിവാദത്തില്‍ പാര്‍ട്ടിയുമായി അനുനയത്തിന് ശ്രമിച്ച് കോണ്‍ഗ്രസ് വിമതര്‍. പുറത്താക്കപ്പെട്ട ഡിസിസി സെക്രട്ടറി ടി.എം.ചന്ദ്രന്റെ നേതൃത്വത്തില്‍ എട്ട് പഞ്ചായത്ത് അംഗങ്ങള്‍ റോജി എം ജോണ്‍ എംഎല്‍എയുമായി ചര്‍ച്ച നടത്തി. കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശ പ്രകാരമാണ് റോജി വിമതരുമായി ചര്‍ച്ച നടത്തിയത്. ബിജെപിയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ഒരു അംഗം പോലും ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നും ചര്‍ച്ചയില്‍ ടിഎം ചന്ദ്രനും കൂട്ടരും റോജിയോട് വ്യക്തമാക്കി.
◾ മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രം ഇന്നലെ വൈകിട്ട് അഞ്ചിന് നടതുറന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി ഇ ടി പ്രസാദ് നടതുറന്നു. തുടര്‍ന്ന് ശബരീശന്റെ വിഗ്രഹത്തില്‍ ചാര്‍ത്തിയ വിഭൂതിയും താക്കോലും മേല്‍ശാന്തിയില്‍ നിന്നുമേറ്റുവാങ്ങിയ ശേഷം മാളികപ്പുറം മേല്‍ശാന്തി മനു നമ്പൂതിരി ഗണപതിയെയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറം ശ്രീകോവില്‍ തുറന്നു.

◾ ബെംഗളൂരു കൊഗിലു ലേഔട്ടില്‍ അനധികൃത കൈയേറ്റമെന്നാരോപിച്ച് വീടുകള്‍ തകര്‍ത്ത സംഭവത്തില്‍ മുസ്ലീം ലീഗിന്റെ നിലപാടിനെ വിമര്‍ശിച്ച് എ എ റഹീം എംപി. കോണ്‍ഗ്രസ് സ്വന്തം നയങ്ങള്‍ കൊണ്ടും സമീപനങ്ങള്‍ കൊണ്ടും ചെന്നു പെടുന്ന വലിയ കുഴികളില്‍ നിന്നും അവരെ പരിക്ക് കൂടാതെ കൈപിടിച്ച് കയറ്റാന്‍ കരാര്‍ പണിയെടുക്കുന്ന ഒരു കരാര്‍ കമ്പനിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്ന് റഹീം ഫേസ്ബുക്കില്‍ കുറിച്ചു.

◾ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വായ്പാ തട്ടിപ്പില്‍ മുന്‍ എംഎല്‍എ പി വി അന്‍വര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകില്ല. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടി മറ്റൊരു ദിവസത്തേക്ക് ചോദ്യം ചെയ്യല്‍ മാറ്റണമെന്ന് ഇഡിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ജനുവരി ഏഴിന് ഹാജരാകാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. കെഎഫ്സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വായ്പാ ദുരുപയോഗം നടത്തിയതായി ഇഡി നടത്തിയ റെയ്കില്‍ കണ്ടെത്തിയിരുന്നു.

◾ നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയമ്മയുടെ സംസ്‌കാരം ഇന്ന് തിരുവനന്തപുരം മുടവന്‍മുഗളിലെ വീട്ടുവളപ്പില്‍ നടക്കും. ഇന്നലെ ഉച്ചയോടെയാണ് കൊച്ചി എളമക്കരയിലെ വീട്ടില്‍ വെച്ച് ശാന്തകുമാരിയമ്മ അന്തരിച്ചത്. 90 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് പത്ത് വര്‍ഷമായി ചികിത്സയിലായിരുന്നു.

◾ കൊല്ലം പരവൂരില്‍ പാല്‍ തലയിലൂടെ ഒഴിച്ച് കര്‍ഷകന്റെ പ്രതിഷേധം. കൂനയില്‍ ക്ഷീരോത്പാദക സഹകരണ സംഘത്തിലായിരുന്നു യുവ കര്‍ഷകനായ വിഷ്ണുവിന്റെ പ്രതിഷേധം. തന്റെ പശുക്കളുടെ പാല്‍ മാത്രം പിരിഞ്ഞ് പോകുന്നെന്ന സൊസൈറ്റിയുടെ വിചിത്ര വാദമാണ് പ്രതിഷേധത്തിന് ഇടയാക്കിയതെന്ന് യുവാവ് പറഞ്ഞു.  സൊസൈറ്റിയില്‍ താന്‍  എത്തിക്കുന്ന പാല്‍ മറ്റ് കര്‍ഷകരുടെ പേരില്‍ ബില്‍ എഴുതി നല്‍കിയത് കണ്ട് പിടിച്ചതിലുള്ള വൈരാഗ്യമാണ് പാല്‍ സ്വീകരിക്കാത്തതിന് കാരണമെന്നും കര്‍ഷകന്‍ ആരോപിച്ചു.

◾ കൊച്ചി ബിനാലെയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തെ ചൊല്ലി വിവാദം. ബിനാലെയുടെ ഭാഗമായ 'ഇടം' പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയ ടോം വട്ടക്കുഴിയുടെ ചിത്രമാണ് വിവാദമായത്. ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചുവെന്നാണ് പരാതി. ഇത് ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും എറണാകുളം സ്വദേശി തോമസ് പരാതി നല്‍കി. 2016ല്‍ ഭാഷാപോഷിണി മാസികയില്‍ പ്രസിദ്ധീകരിച്ച് വിവാദമായ ചിത്രമാണ് ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചത് എന്നാണ് ആക്ഷേപം.

*ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു വിട്ടുമാറാത്ത ശ്വാസകോശ രോഗമാണ് ആസ്ത്മ*. *ഏത് പ്രായത്തിലും ആസ്ത്മ പ്രത്യക്ഷപ്പെടാമെങ്കിലും, കുട്ടികളും ചെറുപ്പക്കാരുമാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്*. ബ്രോങ്കിയൽ ആസ്ത്മ എന്നത് ശ്വാസകോശത്തിൻ്റെ അവസ്ഥയാണ്, അവിടെ നിങ്ങളുടെ ശ്വാസനാളങ്ങൾ വീർത്തതും ഇടുങ്ങിയതും അമിതമായ മ്യൂക്കസ് അടഞ്ഞതുമാണ്. ഇത് ശ്വാസതടസ്സത്തിലേക്ക് നയിക്കുന്നു, പൂമ്പൊടി, വളർത്തുമൃഗങ്ങളുടെ രോമങ്ങൾ, തണുത്ത വായു, തുടങ്ങിയ അലർജികളുമായുള്ള സമ്പർക്കം ആസ്ത്മ ആക്രമണത്തിനുള്ള സാധാരണ ട്രിഗറുകളിൽ ഉൾപ്പെടുന്നു. പല തരത്തിലുള്ള ആസ്ത്മയുണ്ട്, ഓരോന്നിനും അതിൻ്റേതായ ട്രിഗറുകളും ലക്ഷണങ്ങളും ഉണ്ട്. ഇവ ഉൾപ്പെടുന്നു:അലർജി ആസ്ത്മ,സീസണൽ,അലർജിയില്ലാത്ത,വ്യായാമം മൂലമുണ്ടാകുന്ന ആസ്ത്മ ഇങ്ങനെ നീണ്ടുപോവുന്നു ആസ്ത്മ ലക്ഷണങ്ങൾ മിതമായത് മുതൽ ഗുരുതരമായത് വരെ വ്യത്യാസപ്പെടാം. ചുമ, പ്രത്യേകിച്ച് രാത്രിയിൽ, ചിരിക്കുമ്പോൾ, അല്ലെങ്കിൽ വ്യായാമ സമയത്ത്,നെഞ്ചിൽ ഇറുകിയത് ,ശ്വാസം കിട്ടാൻ,സംസാരിക്കാൻ ബുദ്ധിമുട്ട്..എന്നിവയാണ് ആസ്ത്മയുടെ പ്രധാന ലക്ഷണങ്ങൾ. ,ഉറക്കക്കുറവും ശ്വസന പ്രശ്നങ്ങളും കാരണം നിരന്തരമായ ക്ഷീണം.,ന്യുമോണിയ അല്ലെങ്കിൽ മറ്റ് ശ്വാസകോശ അണുബാധകൾ, ശ്വാസനാളത്തെ തകരാറിലാക്കുന്ന ആസ്ത്മയുടെ നിരന്തരമായ ജ്വലനം എന്നിവ  ആസ്ത്മയുടെ സങ്കീർണതകൾ *അമല ആശുപത്രിയിൽ , കുട്ടികൾക്കും മുതിന്നവർക്കും  ആസ്ത്മകുള്ള  മികച്ച ചികിത്സയും മാനേജ്മെൻ്റും വാഗ്ദാനം ചെയ്യുന്ന വിദഗ്‌ക്തരുടെ  ഉയർന്ന യോഗ്യതയുള്ള ഒരു ടീം തന്നെയുണ്ട്  .കൂടുതൽ വിവരങ്ങൾക്ക് 0487 - 230 4000* .

◾ മുതിര്‍ന്ന സിപിഎം നേതാവും ധര്‍മടം മുന്‍ എംഎല്‍എയുമായ കെകെ നാരായണന്‍ അന്തരിച്ചു. 77 വയസായിരുന്നു. ഇന്നലെ പെരളശ്ശേരി സ്‌കൂളില്‍ പരിപാടിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

◾ പത്തനംതിട്ട വയ്യാറ്റുപുഴ വില്ലൂന്നിപാറയില്‍ കിണറ്റില്‍ വീണ കടുവയെ മണിക്കൂറുകള്‍ നീണ്ട ശ്രമകരമായ ദൗത്യത്തിന് ഒടുവില്‍ വനംവകുപ്പ് പുറത്തെടുത്തു. ഇന്നലെ പുലര്‍ച്ചെയാണ് ആള്‍മറ ഇല്ലാത്ത കിണറ്റില്‍ കടുവ വീണത്. മണിക്കൂറുകള്‍ നീണ്ട രക്ഷാദൗത്യത്തില്‍ മയക്കുവെടി വെച്ചാണ് കടുവയെ വലയിലാക്കിയത്. വൈദ്യപരിശോധന പൂര്‍ത്തിയാക്കി ആരോഗ്യം തൃപ്തികരമാണെങ്കില്‍ കടുവയെ ഉള്‍വനത്തില്‍ തുറന്നുവിടാനാണ് വനംവകുപ്പിന്റെ തീരുമാനം.

◾ വികെ പ്രശാന്ത് എംഎല്‍എയുമായുള്ള കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ ഓഫീസ് വിവാദം വിടാതെ ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. ചെറിയൊരിടത്ത് ഇന്ന് മുതല്‍ സേവനം തുടങ്ങിയെന്ന് പറഞ്ഞുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ആര്‍ ശ്രീലേഖയുടെ പരോക്ഷ വിമര്‍ശനം. കഷ്ടിച്ച് 70-75 സ്‌ക്വയര്‍ ഫീറ്റ് മാത്രമുള്ള തന്റെ ഇത്തിരിപ്പോന്ന കുഞ്ഞ് ഓഫീസ് മുറിയാണിതെന്നും കെട്ടിടത്തിന് ചുറ്റും ടണ്‍ കണക്കിന് മാലിന്യമാണെന്നും ശ്രീലേഖ പോസ്റ്റില്‍ വിമര്‍ശിക്കുന്നുണ്ട്.

◾ വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ പതിനാറുകാരിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടു പേരെ കൂടി കോഴിക്കോട് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍ക്കോട് സ്വദേശികളായ മുഹമ്മദ് ഷമീം, മുഹമ്മദ് റയീസ് എന്നിവരാണ് അറസ്റ്റിലായത്.

◾ തിരുവനന്തപുരം കഴക്കൂട്ടത്തെ നാല് വയസ്സുകാരന്റെ കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് അമ്മയുടെ സുഹൃത്ത്. കുഞ്ഞിനെ ടവ്വല്‍ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊന്നത് താനെന്ന് ബംഗാള്‍ സ്വദേശിയായ അമ്മ മുന്നി ബീഗത്തിന്റെ സുഹൃത്ത് തന്‍ബീര്‍ ആലം പൊലീസിനോട് പറഞ്ഞു. ഞായറാഴ്ചയാണ് കഴക്കൂട്ടത്തെ ലോഡ്ജിലാണ് മുന്നി ബീഗത്തിന്റെ മകന്‍ ഗില്‍ദാര്‍ കൊല്ലപ്പെട്ടത്. രണ്ട് ദിവസം നീണ്ട് നിന്ന ചോദ്യം ചെയ്യലുകള്‍ക്ക് ഒടുവിലാണ് തന്‍ബീര്‍ ആലം കുറ്റസമ്മതം നടത്തിയത്. മുന്നി ബീഗവും തന്‍ബീര്‍ ആലവും തമ്മിലുള്ള തര്‍ക്കത്തില്‍ പ്രകോപിതനായാണ് കുഞ്ഞിനെ ആക്രമിച്ചതെന്ന് തന്‍ബീര്‍ പൊലീസിനോട് പറഞ്ഞു.

◾ 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി വിവിധ മേഖലകളില്‍ മിഷന്‍ മോഡ് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2026-27 കേന്ദ്ര ബജറ്റിന് മുന്നോടിയായി നീതി ആയോഗില്‍ പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

◾ ഞങ്ങള്‍ക്ക് ഒരു കേരളീയരെയും വേണ്ട എന്ന വിവാദ പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി കര്‍ണാടക ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ.ശിവകുമാര്‍. തന്റെ പരാമര്‍ശം കര്‍ണാടകയിലെ കാര്യങ്ങളില്‍ കേരള സര്‍ക്കാരിന്റെ ഇടപെടല്‍ സംബന്ധിച്ചായിരുന്നുവെന്നും കേരളത്തിലെ ജനങ്ങള്‍ക്കെതിരെ അല്ലെന്നും ശിവകുമാര്‍ പറഞ്ഞു.

◾ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബര്‍ട്ട് വദ്രയുടെയും മകന്‍ റൈഹാന്‍ വദ്ര വിവാഹിതനാകുന്നു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫോട്ടോഗ്രാഫര്‍ അവിവ ബെയ്ഗ് ആണ് വധു. കഴിഞ്ഞ ഏഴ് വര്‍ഷമായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ വിവരം വിശ്വസനീയമായ വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

◾ യുപിയിലെ ഗാസിയാബാദില്‍ ജനങ്ങള്‍ക്ക് വാളടക്കം ആയുധങ്ങള്‍ വിതരണം ചെയ്ത് തീവ്രസംഘടനയായ ഹിന്ദു രക്ഷാ ദള്‍. ജിഹാദികളെ നേരിടാനാണ് ആയുധങ്ങള്‍ വീടുകളില്‍ വിതരണം ചെയ്തതെന്ന് ഇവര്‍ പറയുന്നു. നഗരത്തില്‍ റോഡരികില്‍ നൂറുകണക്കിന് ആയുധങ്ങള്‍ നിരത്തിവെച്ച് സ്റ്റാള്‍ തുറന്നായിരുന്നു ഉദ്ഘാടനം. വാളുകള്‍, മഴു, കുന്തം എന്നിവയുള്‍പ്പെടെ നിരവധി മൂര്‍ച്ചയുള്ള ആയുധങ്ങള്‍ സ്റ്റാളില്‍ സൂക്ഷിച്ചിരുന്നു. സംഭവത്തില്‍ കേസ് എടുത്ത് പൊലീസ് 10 പേരെ അറസ്റ്റ് ചെയ്തു.

◾ ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാനമായ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ സുപ്രധാന പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. കോട്ട - നഗ്ദ സെക്ഷനില്‍ നടന്ന പരീക്ഷണത്തില്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ സഞ്ചരിച്ചത്. റെയില്‍വേ സേഫ്റ്റി കമ്മീഷണറുടെ സാന്നിധ്യത്തിലായിരുന്നു ഈ നിര്‍ണ്ണായക പരിശോധന.

◾ 2026 മാര്‍ച്ച് 3 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ് പരീക്ഷകള്‍ സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) അറിയിച്ചു. ബോര്‍ഡ് പുതുക്കിയ ഷെഡ്യൂള്‍ പുറത്തിറക്കി.

◾ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി അധ്യക്ഷയുമായ ബീഗം ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പങ്കെടുക്കും. ഇന്ന് ധാക്കയില്‍ നടക്കുന്ന ഔദ്യോഗിക സംസ്‌കാര ചടങ്ങുകളില്‍ അദ്ദേഹം പങ്കുചേരും.

◾ യുഎഇ പിന്തുണയുള്ള ദക്ഷിണ യെമന്‍ വിമതസേനയുടെ നിയന്ത്രണത്തിലുള്ള തുറമുഖനഗരമായ മുകല്ലയില്‍ സൗദി അറേബ്യ ബോംബിട്ടു. ഫുജൈറയില്‍ നിന്നെത്തിയ യുഎഇയുടെ 2 കപ്പലുകള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആളപായമായോ വന്‍നാശമോ ഇല്ലെന്നാണു റിപ്പോര്‍ട്ട്. വിമതസേനയ്ക്കുള്ള ആയുധങ്ങളുമായാണു കപ്പലുകളെത്തിയതെന്ന സൗദിയുടെ ആരോപണം യുഎഇ വിദേശകാര്യമന്ത്രാലയം നിഷേധിച്ചു. യെമനില്‍നിന്നു യുഎഇ സേന പിന്‍വാങ്ങുമെന്നു പ്രതിരോധ മന്ത്രാലയവും അറിയിച്ചു.

◾ ബംഗ്ലാദേശിലെ മൈമെന്‍സിംഗ് ജില്ലയില്‍ ഗാര്‍മെന്റ് ഫാക്ടറിയില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന ഹിന്ദു യുവാവിനെ സഹപ്രവര്‍ത്തകന്‍ വെടിവെച്ചു കൊന്നു. രണ്ടാഴ്ചയ്ക്കിടെ ബംഗ്ലാദേശില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ ഹിന്ദു കൊലപാതകമാണിത്.

◾ ഇറാന്റെ കറന്‍സി എല്ലാക്കാലത്തേയും താഴ്ന്ന നിലയിലായതോടെ തെരുവിലിറങ്ങി പ്രതിഷേധിച്ച് ജനം. പണപ്പെരുപ്പം രൂക്ഷമായതോടെയാണ് സാധാരണക്കാര്‍ തെരുവിലിറങ്ങി പ്രതിഷേധം ആരംഭിച്ചത്. നിലവില്‍ പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. യുഎസ് ഡോളറിനെതിരെ ഇറാന്‍ റിയാല്‍ കൂപ്പുകുത്തിയതിന് പിന്നാലെ ഞായറാഴ്ചയാണ് ടെഹ്റാനിലെ ഗ്രാന്‍ഡ് ബസാറിലെ വ്യാപാരികള്‍ പ്രതിഷേധിച്ചത്. ഈ പ്രതിഷേധം സാധാരണക്കാര്‍ ഏറ്റെടുക്കുകയായിരുന്നു.

◾ വെനസ്വേലയുടെ തുറമുഖത്ത് ഡ്രോണ്‍ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി അമേരിക്ക. സിഐഎയാണ് ഡിസംബര്‍ ആദ്യത്തില്‍ വെനസ്വേലയുടെ തീരത്തെ തുറമുഖത്ത് ആക്രമിച്ചതെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെനസ്വേലയിലെ ലഹരി സംഘമായ ട്രന്‍ ഡേ ആരഗ്വാ ലഹരിമരുന്ന് ശേഖരിച്ചിരുന്ന സംവിധാനമാണ് തകര്‍ത്തതെന്നാണ് അമേരിക്ക വിശദമാക്കുന്നത്.

◾ ശ്രീലങ്കക്കെതിരായ ടി20 പരമ്പര  5-0 എന്ന മാര്‍ജിനില്‍ തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍. തിരുവനന്തപുരം കാര്യാവട്ടം സ്റ്റേഡിയത്തില്‍ നടന്ന അവസാന മത്സരത്തില്‍ 15 റണ്‍സിനായിരുന്നു ഇന്ത്യയുടെ അഞ്ചാം വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ 43 പന്തില്‍ 68 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ മികവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക പൊരുതിയെങ്കിലും നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സിന് പോരാട്ടം അവസാനിച്ചു.

◾ രാജ്യത്ത് എടിഎം കൗണ്ടറുകളുടെ എണ്ണത്തില്‍ കുറവുണ്ടായെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ വര്‍ധിച്ചതോടെ നോട്ടുകളുടെ ഉപയോഗം കുറഞ്ഞതാണ് ഇതിന് കാരണമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കുന്നു. രാജ്യത്ത് ഈ സാമ്പത്തിക വര്‍ഷം പൊതുമേഖല ബാങ്ക് ശാഖകളുടെ എണ്ണത്തില്‍ രണ്ട് ശതമാനത്തിന്റെ വര്‍ധനയുണ്ടെന്ന് ട്രെന്റ് ആന്‍ഡ് പ്രോഗ്രസ് ഓഫ് ബാങ്കിംഗ് ഇന്‍ ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തുടനീളമുള്ള എടിഎമ്മുകളുടെ എണ്ണം 2024 മാര്‍ച്ച് 31ന് 2,53,417 ആയിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 31 എത്തിയപ്പോള്‍ ഇത് 2,51,057 ആയി കുറഞ്ഞു. സ്വകാര്യ ബാങ്കുകളുടെ എടിഎം നെറ്റ്വര്‍ക്കിലും കുറവുണ്ടായി. ഒരു വര്‍ഷം മുമ്പ് 79,884 എടിഎം സെന്ററുകള്‍ ഉണ്ടായിരുന്നിടത്ത് ഈ വര്‍ഷം മാര്‍ച്ച് 31ന് ഇത് 77,117 ആയിട്ടാണ് കുറഞ്ഞത്. പൊതുമേഖല ബാങ്കുകളുടെ എടിഎം സെന്ററുകളുടെ എണ്ണം 1,34,694ല്‍ നിന്ന് 1,33,544 ആയിട്ടാണ് താഴ്ന്നത്. യുപിഐ, നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ആപ്പുകള്‍, കാര്‍ഡ് പേയ്‌മെന്റുകള്‍ എന്നിവ വഴി നടക്കുന്ന ഇടപാടുകള്‍ക്ക് എടിഎം ഇടപാടുകളേക്കാള്‍ വളരെ കുറഞ്ഞ ചെലവാണ്.

◾ കിലിയന്‍ മര്‍ഫി നായകനാകുന്ന 'പീക്കി ബ്ലൈന്‍ഡേഴ്സ്' സിനിമയുടെ ടീസര്‍ റിലീസ് ചെയ്ത് നെറ്റ്ഫ്ലിക്സ്. 'പീക്കി ബ്ലൈന്‍ഡേഴ്സ്: ദ് ഇമ്മോര്‍ട്ടല്‍ മാന്‍' എന്നു പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വര്‍ഷം മാര്‍ച്ച് ആറിന് തിയറ്റര്‍ റിലീസ് ആയി എത്തും. തിയറ്റര്‍ റിലീസിനുശേഷം മാര്‍ച്ച് 20ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം ലോകമെമ്പാടും സ്ട്രീം ചെയ്യും. ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളാകും സിനിമ ഒരുക്കുന്നത് എന്നതിന്റെ സൂചനകള്‍ ടീസറിലുണ്ട്. ഡാര്‍ക്കര്‍ ഷെയ്ഡ് കൂടുതലുള്ള സങ്കീര്‍ണമായ പ്ലോട്ടിലേക്കാണ് കിലിയന്‍ മര്‍ഫി ടോമി ഷെല്‍ബിയായി തിരിച്ചെത്തുന്നത്. യുദ്ധവും അതിജീവനവും പ്രമേയമാവുന്ന ഈ 'ബിര്‍മിങ്ഹാം' ചിത്രം ലോകമെമ്പാടുമുള്ള 'പീക്കി ബ്ലൈന്‍ഡേഴ്സ്' ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിരിക്കുന്നത്. ടോം ഹാര്‍പര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തോമസ് ഷെല്‍ബിയായി കിലിയന്‍ തിരിച്ചെത്തുന്നു. റെബേക്ക ഫെര്‍ഗസന്‍, ടിം റോത്ത്, ബാരി കിയോഗന്‍, സ്റ്റീഫന്‍ ഗ്രഹാം എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

◾ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറില്‍ ബുക്ക് മൈ ഷോ വഴി ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞ സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നപ്പോള്‍ ഒന്നാം സ്ഥാനത്ത് മലയാള ചിത്രം 'സര്‍വ്വം മായ' ആണ്. നിവിന്‍ പോളി നായകനായി എത്തിയ ചിത്രത്തിന്റേതായി ഒരുലക്ഷത്തി അറുപത്തി ഒന്നായിരം ടിക്കറ്റുകളാണ് ഇരുപത്തി നാല് മണിക്കൂറില്‍ വിറ്റഴിഞ്ഞിരിക്കുന്നത്. 1100 കോടി രൂപ കളക്ഷന്‍ ലഭിച്ച ധുരന്ദറിനെ മറി കടന്നാണ് സര്‍വ്വം മായ ഒന്നാമതെത്തിയിരിക്കുന്നത്. ധുരനന്ദര്‍ രണ്ടാമതെത്തിയപ്പോള്‍ അവതാര്‍ 3 ആണ് മൂന്നാം സ്ഥാനത്ത്. റിലീസ് ചെയ്ത് 25-ാമത്തെ ദിവസവും മികച്ച ബുക്കിങ്ങാണ് ധുരന്ദറിന് ലഭിക്കുന്നത്. ഒരു ലക്ഷത്തി അന്‍പത്തി എട്ടായിരം ടിക്കറ്റുകളാണ് രണ്‍വീര്‍ പടത്തിന്റേതായി വിറ്റിരിക്കുന്നത്. പത്തോളം സിനിമകളുടെ ലിസ്റ്റാണ് സൗത്ത് ഇന്ത്യന്‍ ബോക്സ് ഓഫീസ് പുറത്തുവിട്ടിരിക്കുന്നത്. പുതിയ റിലീസുകളും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത് കോടികള്‍ വാരിക്കൂട്ടിയ സിനിമകളും ലിസ്റ്റിലുണ്ട്. തു മേരി മേന്‍ തേരാ മൈന്‍ തേരാ തു മേരി, സിറയ്, മാര്‍ക്ക്, ഷംഭാല, 45 മൂവി, ചാമ്പ്യന്‍, ജനനായകന്‍, ഈഷ എന്നീ ചിത്രങ്ങളാണ് പിന്നിലായി ഉള്ളത്.

◾ ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്റെ വില്‍പ്പനയും ഉല്‍പാദനവും നവംബറില്‍ കുറഞ്ഞു. ഇലക്ട്രിക്, ഇന്ധനക്ഷമതയുള്ള കാറുകളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി രാജ്യം സബ്‌സിഡികള്‍ നിര്‍ത്തലാക്കിയതോടെ ചൈനയില്‍ കുത്തനെ ഇടിവ് ഉണ്ടായതുമാണ് ടൊയോട്ടയുടെ വില്‍പ്പനയില്‍ ഇടിവിന് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍, അനുബന്ധ സ്ഥാപനങ്ങളായ ഡൈഹത്സു മോട്ടോര്‍ കമ്പനി, ഹിനോ മോട്ടോഴ്‌സ് ലിമിറ്റഡ് തുടങ്ങിയവ ഉള്‍പ്പെടെയുള്ളവയുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.9% കുറഞ്ഞ് 9,65,919 യൂണിറ്റായി. ഉല്‍പ്പാദനം 3.4% കുറഞ്ഞ് 9,34,001 വാഹനങ്ങളായി. ചൈനയിലെ ടൊയോട്ട, ലെക്സസ് ബ്രാന്‍ഡുകളുടെ വില്‍പ്പന നവംബറില്‍ 12% കുറഞ്ഞുവെന്ന് കമ്പനി പറഞ്ഞു, ഫണ്ടുകള്‍ തീര്‍ന്നതിനാല്‍ പ്രധാന നഗരങ്ങളിലെ ട്രേഡ്-ഇന്‍ സബ്‌സിഡികള്‍ അവസാനിച്ചു. അതുപോലെ തന്നെ നെതര്‍ലാന്‍ഡ്‌സിലെ ഒരു ചിപ്പ് നിര്‍മ്മാതാവിനെച്ചൊല്ലി ചൈനയും ഡച്ചുകാരും തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കം മൂലമുണ്ടായ സെമികണ്ടക്ടര്‍ ക്ഷാമത്തിന്റെ നീണ്ടുനില്‍ക്കുന്ന ആഘാതവും വില്‍പ്പന ഇടിവിന് കാരണമായി.

◾ അറിയുക എന്ന് വെച്ചാല്‍ നീറുക എന്നാണ്. പ്രണയത്തിന്റെ അര്‍ത്ഥം ശരിക്കും അറിയണമെങ്കില്‍ ആദ്യം തീവ്രമായ നോവനുഭവിക്കണം. പ്രണയത്തെക്കുറിച്ച് ഫുസുലി എഴുതിയിട്ടുള്ളത് അത്യന്തം സൂക്ഷ്മമായി വിശകലനം ചെയ്യണം. അപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും പ്രണയത്തിന്റെ ശരിയായ രീതി എന്താണെന്ന്, അതിനുള്ള വഴി ഏതാണെന്ന്.എങ്ങനെയാണ് മരിക്കേണ്ടത് എന്നറിയാവുന്നവര്‍ക്ക് കഠാര ജീവിതമാണ്. പ്രണയം എന്താണെന്ന് അറിയുന്നവര്‍ക്കായി ഏഴു രഹസ്യങ്ങളുണ്ട്. അത് മനസ്സിലാക്കുന്നവന്‍ ഈ ലോകത്തിന്റെ മുഴുവനും ആധിപത്യം നേടും. 'ബാബിലോണിലെ മരണവും ഇസ്താംബുളിലെ പ്രണയവും'. ഇസ്‌കന്ദര്‍ പാല. പരിഭാഷ - രമാ മേനോന്‍. ഗ്രീന്‍ ബുക്സ്. വില 646 രൂപ.

◾ കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഉറക്കക്കുറവെന്നാണ് പൊതുവായ ധാരണ. എന്നാല്‍ ചിലര്‍ നന്നായി ഉറങ്ങുന്നുണ്ടെങ്കിലും കണ്ണിന് താഴെയുള്ള ഈ കറുപ്പ് മാറാറില്ല. ഉറക്കമില്ലായ്മ മാത്രമല്ല പല ആരോഗ്യപ്രശ്നങ്ങളുടെയും ശരീരം നല്‍കുന്ന സൂചന കൂടിയാണ് കണ്ണിന് താഴെയുള്ള കറുപ്പ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അലര്‍ജിയും നിര്‍ജ്ജലീകരണവും കാരണം ഇത്തരത്തില്‍ കണ്ണിന് താഴെ കറുപ്പ് വരാന്‍ സാധ്യതയുണ്ടെന്ന് ചര്‍മരോഗ വിദഗ്ധര്‍ പറയുന്നു. ഇരുമ്പ്, വിറ്റാമിന്‍ ഡി, കെ, ഇ, ബി എന്നിവയുടെ കുറവു മൂലവും കണ്ണിന് ചുറ്റും കറുത്തപാടുകള്‍ വരാം. തൈറോയിഡ്, വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുടെ ആദ്യ ലക്ഷങ്ങളില്‍ ഒന്നാണ് കണ്ണിന് താഴെയുള്ള കറുപ്പ്. അതുകൊണ്ട് തന്നെ ജീവിതശൈലിയില്‍ മാറ്റം വരുത്തിയിട്ടും കണ്ണിന് താഴെ കാണുന്ന കറുപ്പ് മാറുന്നില്ലെങ്കില്‍ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. കൂടാതെ കുഴിഞ്ഞ കണ്ണുള്ളവര്‍ക്കും സ്വാഭാവികമായി കണ്ണിന് താഴെ കറുത്ത പാടുകള്‍ ഉണ്ടാകാം. ഹീമോഗ്ലോബിന്‍ കുറയുന്നതും ചില മരുന്നുകളോടുള്ള അലര്‍ജിയും വരണ്ട ചര്‍മ്മമുള്ളവര്‍ക്കും അറ്റോപിക് ഡെര്‍മറ്റൈറ്റിസ് ഉള്ളവര്‍ക്കും കണ്ണിന് താഴെ കറുപ്പ് ഉണ്ടാകാം. ഇവ മാറാന്‍ വിപണിയില്‍ കാണുന്ന പല തരം ക്രീമുകള്‍ വാങ്ങി ഉപയോഗിക്കുമെങ്കിലും ശരിയായ വൈദ്യ സഹായം തേടി കണ്ണിന് താഴത്തെ കറുപ്പിന് യഥാര്‍ഥ കാരണം മനസിലാക്കി ചികിത്സിക്കുന്നതാണ് ഏറ്റവും പ്രധാനം. ശരിയായ പോഷകാഹാരം, നല്ല ഉറക്കം, സമ്മര്‍ദ്ദം കുറയ്ക്കല്‍ എന്നിവ ഇവയെ ഒരു പരിധിവരെ മെച്ചപ്പെടുത്തും. മസാജ് ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും ഇത് കാലക്രമേണ ഇവ കുറയ്ക്കാന്‍ സഹായിക്കുന്നു. ഭക്ഷണത്തില്‍ കൂടുതല്‍ മഗ്നീഷ്യം ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ചര്‍മ്മത്തിന്റെ ആരോഗ്യത്തില്‍ മഗ്നീഷ്യം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഇത് കണ്ണുകള്‍ക്ക് ചുറ്റുമുള്ള വീക്കം കുറയ്ക്കാന്‍ സഹായിക്കും. ബദാം, പിസ്ത, ചീര, അവോക്കാഡോ തുടങ്ങിയവയില്‍ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍