യുഡിഎഫ് സ്ഥാനാർഥിയെ കാണാനില്ല; സിപിഎം ഒളിപ്പിച്ചതാകാമെന്ന് യുഡിഎഫ്
ചൊക്ലി: തദ്ദേശതിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കെ, സ്ഥാനാർഥിയെ കാണാനില്ല. ചൊക്ലി ഗ്രാമപ്പഞ്ചായിലെ യുഡിഎഫ് സ്ഥാനാർഥിയുടെ തിരോധാനമാണ് മുന്നണികൾക്കിടയിൽ ചൂടൻചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.
പത്രികാസമർപ്പണം മുതൽ വീടുകയറിയും മറ്റും സജീവമായിരുന്ന സ്ഥാനാർഥിയാണ് മൂന്നുദിവസമായി മറഞ്ഞിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ സൈറ്റിൽ നൽകിയിരിക്കുന്ന ഫോൺനമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചങ്കിലും 'കോളുകൾ സ്വീകരിക്കുന്നില്ല' എന്ന മറുപടിയാണ് ലഭിക്കുന്നത്.
ശക്തമായ പോരാട്ടം നടക്കുന്ന വാർഡിലെ വോട്ട് ഭിന്നിപ്പിക്കുന്നതിന് സിപിഎം നടത്തുന്ന നാടകമാണിതെന്നും സ്ഥാനാർഥിയെ അവർ ഒളിപ്പിച്ചിരിക്കാനാണ് സാധ്യതയെന്നും യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ അഡ്വ. സി.ജി. അരുൺ, കൺവീനർ പി.കെ. യൂസഫ് എന്നിവർ ആരോപിച്ചു.
വിഷയത്തിൽ ഇടതുമുന്നണിക്ക് പങ്കില്ലെന്നും സ്ഥാനാർഥിയുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെട്ട് വിവാദമുയർത്തുന്നത് ശരിയല്ലെന്നും സിപിഎം ലോക്കൽ സെക്രട്ടറി ടി. ജയേഷ് പ്രതി കരിച്ചു. സ്ഥാനാർഥിയെ പാർട്ടി ഒളിപ്പിച്ചെന്നാണ് കരുതുന്നതെങ്കിൽ അതുസംബന്ധിച്ച് പോലീസിൽ പരാതി നൽകണമെന്നും അദ്ദേഹം പറഞ്ഞു.
പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ചൊക്ലി പോലീസ് അറിയിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിൽ സ്ഥാനാർഥിയെ സുഹൃത്തിന്റെ വീട്ടിൽ കണ്ടിരുന്നതായി റിപ്പോർട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍