ഇനിയൊരു പെൺകുഞ്ഞിനെ വേണ്ട;ഗർഭിണിയായ യുവതിയേയും മക്കളേയും കൊലപ്പെടുത്തി ഭർത്താവ്
തെലങ്കാനയിലെ വാറങ്കലിൽ ഗർഭിണിയായ യുവതിയും രണ്ട് മക്കളും മുങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിന്റെ ക്രൂരതയെന്ന് കണ്ടെത്തൽ. അപകട മരണമെന്ന് കരുതിയിരുന്ന സംഭവത്തിൽ പൊലീസ് അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
ഗർഭിണിയായ ഭാര്യയേയും രണ്ട് പെൺകുട്ടികളെയും നീന്തൽ കുളത്തിൽ മുക്കി ഭർത്താവ് കൊലപ്പെടുത്തുകയായിരുന്നു. പ്രതി മുഹമ്മദ് അസറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. 26കാരിയായ ഫർഹത്ത് മക്കളായ ഉമൈറ ആയിഷ എന്നിവരാണ് കൊല്ലപ്പെട്ടത്. ഫർഹാത്തും അസ്ഹറുദ്ദീനും തമ്മിൽ നിരന്തരം തർക്കങ്ങളുണ്ടായിരുന്നു. ഇനിയൊരു പെൺകുഞ്ഞിനെ വേണ്ടെന്ന് പറഞ്ഞതായും ഫർഹാത്തിനെ ഗർഭഛിദ്രം ചെയ്യാൻ നിർബന്ധിച്ചിരുന്നതായി പരാതിയിൽ പറയുന്നു.
ഖമ്മം ദേശീയപാതയ്ക്ക് സമീപമുള്ള ഈ നീന്തൽക്കുളം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. സഞ്ചാരികൾക്ക് ഇത് വാടകയ്ക്ക് നൽകുന്നത് ആയിരുന്നു കുടുംബത്തിന്റെ പ്രധാന വരുമാന മാർഗം.
സംഭവം നടന്ന രാത്രി, ഫർഹത്തും മക്കളും മറ്റ് കുടുംബാംഗങ്ങൾക്കൊപ്പം നീന്തൽക്കുളത്തിന് സമീപം ഉണ്ടായിരുന്നു. കുറച്ചു സമയത്തിന് ശേഷം ഇവരെ കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഇവരെ വാറങ്കലിലെ എംജിഎം ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഭാര്യയും മക്കളും കാൽ വഴുതി കുളത്തിൽ വീണതാണെന്നും അങ്ങനെയാണ് അപകടം സംഭവിച്ചതെന്നുമാണ് യുവതിയുടെ ഭർത്താവ് അസ്ഹറുദ്ദീൻ പോലീസിനോട് പറഞ്ഞത്. എന്നാൽ, പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ഇത് കൊലപാതകമാണെന്ന് വ്യക്തമാവുകയായിരുന്നു. സംഭവത്തിൽ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബത്തെ ഇയാൾ തന്നെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍