കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെത്തുടർന്ന് നീണ്ട നിയമപോരാട്ടം നടത്തിയ ഹർഷിനയ്ക്ക് ഒടുവിൽ ആശ്വാസം. ഹർഷിനയുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച്, കോഴിക്കോട് മെഡിക്കൽ കോളജിൽ തന്നെ ജോലി നൽകാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. ആരോഗ്യ വകുപ്പിൽ നിന്ന് ലഭിച്ച അറിയിപ്പ് പ്രകാരം, ഓഫീസ് അസിസ്റ്റന്റ് തസ്തികയിലായിരിക്കും ഹർഷിനയ്ക്ക് നിയമനം നൽകുക. നാളെ തന്നെ ജോലിയിൽ പ്രവേശിക്കാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചതായി ഹർഷിന വ്യക്തമാക്കി.

മുഖ്യമന്ത്രി വി.ഡി സതീശനെയും ആരോഗ്യമന്ത്രി കെ.മുരളീധരനെയും നേരിൽ കണ്ടു നടത്തിയ ചർച്ചകൾക്കൊടുവിലാണ് നിർണായകമായ ഈ തീരുമാനം ഉണ്ടായത്. ജോലി നിയമന ഉത്തരവ് ഉടൻ ലഭിക്കുമെന്നും, നഷ്ടപരിഹാരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അർഹമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായും ഹർഷിന  പറഞ്ഞു.

താൻ ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണയും പ്രതികരിച്ചു. മുഖ്യമന്ത്രിയെ കണ്ട സംഘത്തിൽ സമരസമിതി നേതാക്കൾക്കൊപ്പം ടി. സിദ്ദിഖ് എംഎൽഎയും പങ്കെടുത്തു. നേരത്തെയുള്ള എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച ധനസഹായം തുടർചികിത്സാ ചെലവുകൾക്ക് അപര്യാപ്തമായതിനാൽ ഹർഷിന അത് സ്വീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ നഷ്ടപരിഹാര കാര്യത്തിൽ പുതിയ സർക്കാർ കൂടുതൽ അനുകൂലമായ നടപടി കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ.

2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) കുടുങ്ങിയത്. ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ കടുത്ത ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് നടത്തിയ തുടർപരിശോധനയിലാണ് 2022 സെപ്റ്റംബർ 17ന് മറ്റൊരു ശസ്ത്രക്രിയയിലൂടെ ഈ കത്രിക പുറത്തെടുത്തത്. തുടർന്ന് നടന്ന അന്വേഷണത്തിൽ, രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും പ്രതിചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിക്കുകയുണ്ടായി. മെഡിക്കൽ ബോർഡ് റിപ്പോർട്ടിലെ അവ്യക്തതകൾക്കിടയിലും, ശാസ്ത്രീയ പരിശോധനകളിലൂടെ കത്രിക മെഡിക്കൽ കോളജിൽ നിന്നാണ് വയറ്റിൽ കുടുങ്ങിയതെന്ന് പൊലീസ് സ്ഥിരീകരിച്ചത് കേസിൽ നിർണായക വഴിത്തിരിവായി മാറുകയായിരുന്നു.