നാൽപതു വർഷത്തിനു ശേഷം സ്‌നേഹമരത്തണലിൽ വീണ്ടും അവർ ഒത്തുചേർന്നു
പൂനൂർ: പൂനൂർ ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ 1986 ലെ എസ് എസ് എൽ സി ബാച്ചിൽ ഒരുമിച്ചു പഠിച്ചവർ നാൽപതു വർഷത്തിനു ശേഷം വീണ്ടും അതേ വിദ്യാലയ മുറ്റത്ത് ഒരുമിച്ചു കൂടിയപ്പോൾ അതൊരു അത്യപൂർവ്വ സംഗമമായി മാറി. "ഫ്രണ്ട്സ് 86" കൂട്ടായ്മയുടെ കീഴിലായിരുന്നു സ്‌നേഹ മരത്തണലിൽ അവർ ഒത്തുകൂടിയത്. ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ അബ്ദുല്ല മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു. എം കെ . അബ്ദുസ്സത്താർ അധ്യക്ഷത വഹിച്ചു. ഫ്രണ്ട്സ് കൂട്ടായ്മയിലെ അംഗങ്ങളിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് തലങ്ങളിൽ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവരെ ആദരിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട മൈമൂന ഹംസ, താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീജദിലീബ്, ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മെമ്പർ റഷീദ് കൊല്ലരു കണ്ടി എന്നിവർ ആദരവുകൾ ഏറ്റുവാങ്ങി, ഉണ്ണികുളം ഗ്രാമ പഞ്ചായത്തു പ്രസിഡണ്ടും വാർഡ് മെമ്പറു കൂടിയായായ കെ അബ്ദുല്ല മാസ്റ്ററെ കൽപറ്റ ട്രാഫിക്ക് സബ് ഇൻസ്പെക്ടർ പി ജയചന്ദ്രൻ പൊന്നാട അണിയിച്ചു.
അനുഗ്രഹീത നടൻ സലീം കുമാറിൻ്റെ വിയോഗത്തിൽ സംഗമം അനുശോചനം രേഖപ്പെടുത്തുകയും മൗന പ്രാർഥന നടത്തുകയും ചെയ്തു. കൊടുവള്ളി പോലീസ് സബ് ഇൻസ്പെക്ടർ മനോജ് അരിക്കരകണ്ടി, മുംതാസ് ടീച്ചർ, റസിയ ടീച്ചർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. എസ്. ശശികല പ്രാർഥനാ ഗാനം ആലപിച്ചു. ബാബു കെ പി റിപ്പോർട്ട് അവതരിപ്പിച്ചു. അംഗങ്ങളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി. മുനീർ ഒ കെ സ്വാഗതവും ഹംസ കാന്തപുരം നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍