സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്ക് വീണ്ടും നിയന്ത്രണം, സമരഗേറ്റും അടച്ചു
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിൽ ഒരാഴ്ച മുൻപ് തുടങ്ങിയ നിയന്ത്രണങ്ങൾ ഇപ്പോൾ സെക്രട്ടേറിയറ്റിലെ മറ്റ് ഓഫീസുകളിലേക്കും വ്യാപകമാക്കിയിരിക്കുകയാണ്. പൊതുസന്ദർശകർക്കായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ മറയാക്കിയാണ് മാധ്യമപ്രവർത്തകരെയും തടയുന്നത്. ഇതിന് പുറമെ സെക്രട്ടേറിയറ്റിലെ പ്രധാന പ്രവേശന കവാടമായ നോർത്ത് ഗേറ്റ് (സമരഗേറ്റ്) ബാരിക്കേഡ് വെച്ച് അടക്കുകയും ചെയ്തു.
ബന്ധപ്പെടേണ്ട വകുപ്പിൽ നിന്നുള്ള പ്രത്യേക ശിപാർശ ഇല്ലാതെ, സർക്കാർ അംഗീകൃത അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകരെപ്പോലും അകത്ത് കയറ്റിവിടേണ്ടതില്ല എന്നാണ് കന്റോൺമെൻ്റ് ഗേറ്റിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദേശം. മുഖ്യമന്ത്രിക്ക് കീഴിലുള്ള ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് കർശന പരിശോധനകൾക്ക് ശേഷമാണ് മാധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷൻ നൽകുന്നത്. സെക്രട്ടേറിയറ്റ് അടക്കമുള്ള നിയന്ത്രിത മേഖലകളിൽ സുഗമമായി പ്രവേശിച്ച് വാർത്താ ശേഖരണം നടത്തുന്നതിന് വേണ്ടിയാണിത്. എന്നാൽ ഈ കാർഡുമായി എത്തുന്നവരെയും സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയാണ്.
പുതിയ സർക്കാർ അധികാരമേറ്റതുമുതൽ സെക്രട്ടേറിയറ്റിൽ സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതേത്തുടർന്ന് സന്ദർശക സമയം വൈകിട്ട് മൂന്ന് മണി മുതൽ അഞ്ച് മണി വരെയായി പരിമിതപ്പെടുത്തിയിരുന്നു. പാസ് എടുത്തോ, അല്ലെങ്കിൽ അകത്തുനിന്നും സെക്യൂരിറ്റി ഗേറ്റിലേക്ക് വരുന്ന ഫോൺ കോൾ വഴിയോ മാത്രമേ ഈ സമയത്തും അകത്ത് കടക്കാൻ സാധിക്കൂ. പൊതുജനങ്ങൾക്കുള്ള ഈ നിയന്ത്രണം ചൂണ്ടിക്കാട്ടിയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇപ്പോൾ മാധ്യമങ്ങളെയും തടയുന്നത്.
പിണറായി സർക്കാരിന്റെ കാലത്താണ് സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്ക് സമാനമായ രീതിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. അന്ന് പ്രതിപക്ഷത്തായിരുന്നവർ ഈ മാധ്യമ വിലക്കിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സന്ദർശക സമയക്രമം ഉൾപ്പെടെ മുൻ സർക്കാരിന്റെ കാലത്തെ അതേ രീതിയിലേക്ക് ഇപ്പോൾ വീണ്ടും മാറിയിരിക്കുകയാണ്.
അതേസമയം, മുഖ്യമന്ത്രി ബജറ്റിന്റെ തിരക്കിലായതിനാൽ സെക്രട്ടേറിയറ്റിലെ പ്രവേശനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സമയം ലഭിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഈ മാസം തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നും അധികൃതർ അറിയിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍