കോഴിക്കോട്: തെഴിലുറപ്പ് പദ്ധതി വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ (ഗ്രാമീൺ) എന്ന പേരിൽ സംസ്ഥാനങ്ങൾക്ക് സാമ്പത്തിക അധികബാധ്യതയുണ്ടാക്കി നിയന്ത്രണങ്ങളോടെ ജൂലൈ ഒന്നുമുതൽ കേന്ദ്രം നടപ്പാക്കുന്നു. യു.പി.എ സർക്കാറിൻ്റെ മഹാത്മാഗാന്ധി ഗ്രാമീണ തെഴിലുറപ്പ് പദ്ധതിയാണ് പ്രതിഷേധങ്ങൾക്ക് വകവെക്കാതെ മഹാത്മാവിന്റെ പേര് വെട്ടി വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ (ഗ്രാമീൺ) എന്ന് പേര് മാറ്റി കർശന നിയന്ത്രണങ്ങളോടെ നടപ്പാക്കുന്നത്.  സാമ്പത്തിക സ്രോതസിൽ വലിയ മാറ്റമാണ് പുതിയ തൊഴിൽ പദ്ധതിയിൽ കേന്ദ്രം വരുത്തിയത്. നേരത്തെ പദ്ധതിയുടെ അവിദഗ്ധ വേതനച്ചെലവാണ് പൂർണമായും കേന്ദ്രസർക്കാർ വഹിച്ചിരുന്നത്. എന്നാൽ ഇനി മുതൽ 60 ശതമാനം കേന്ദ്രം നൽകുക.

40 ശതമാനം അതത് സംസ്ഥാനങ്ങൾ തന്നെ നൽകണം. തൊഴിൽ ആവശ്യകത മുൻനിർത്തി കേന്ദ്രം നൽകിയിരുന്ന ലേബർ ബജറ്റ് ഇനിമുതൽ മുൻകൂട്ടി നിശ്ചയിക്കുന്ന തുക മാത്രമാണ് അനുവദിക്കുക. ഈ നിശ്ചിത തുകക്ക് മുകളിൽ വരുന്ന എല്ലാ അധിക ചെലവുകളും പൂർണമായും സംസ്ഥാനങ്ങൾ  വഹിക്കണം. ഇൗ രണ്ട് നിർദേശങ്ങളും സംസ്ഥാനങ്ങൾക്ക് കടുത്ത ബാധ്യതയാകും.  കാർഷിക കാലങ്ങളിൽ തൊഴിലാളികളെ ലഭ്യമാക്കാൻ വർഷത്തിൽ ഒരിക്കൽ 60 ദിവസങ്ങൾ പദ്ധതി നിർത്തിവെക്കാൻ പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇതോടെ പദ്ധതിക്ക് തൊഴിൽ നൽകാനും തദ്ദേശ സ്ഥാപനങ്ങൾക്കാവില്ല.
ഗ്രാമപഞ്ചയാത്തുകളെ വിവിധഘടകങ്ങളുടെ അടിസ്ഥാനത്തിൽ മൂന്ന് കാറ്റഗറിയാക്കി മാറ്റണമെന്നും പുതിയ നിർദേശത്തിൽ വ്യവസ്ഥയുണ്ട്. ഇവയൊന്നും ഇതുവരെ തൊഴിലുറപ്പ് പദ്ധതിയിൽ നടപ്പാക്കിയിരുന്നില്ല. ഗ്രാമീണ കുടുംബങ്ങളുടെ തൊഴിൽ ദിനങ്ങൾ 100ൽ നിന്ന് 125 ദിവസമായി വർധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.നിലവിൽ 40,50,950 കുടുംബങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തത്. എന്നാൽ കഴിഞ്ഞ സാമ്പത്തികവർഷം 12,52,946 കുടുംബങ്ങൾക്കാണ് തൊഴിൽ ലഭിച്ചത്. തനത് സാമ്പത്തികവർഷം 6,25,900 കുടുംബങ്ങളാണ് തൊഴിലെടുത്തത്.