ലൈക്കും വ്യൂവും കൂട്ടാൻ മനുഷ്യന്റെ ദുഃഖവും മരണവും പകർത്തേണ്ട; സ്വകാര്യതയിലേക്ക് 'ഒളിഞ്ഞുനോക്കിയാൽ' രണ്ട് ലക്ഷം വരെ പിഴ
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ ലൈക്കും വ്യൂവും കൂട്ടുന്നതിനായി മനുഷ്യന്റെ ദുഃഖവും മരണവും അപകടങ്ങളുമൊക്കെ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പൊലീസ്. മറ്റൊരാളുടെ ജീവിതത്തിലേക്കും സ്വകാര്യതയിലേക്കും അനുവാദമില്ലാതെ ക്യാമറകളുമായി കടന്നുകയറുന്ന പ്രവണത വർധിച്ചുവരുന്ന സാഹചര്യത്തിൽ ആണിത്. അനാവശ്യ ഇടപെടലുകളും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഉള്ള വെല്ലുവിളിയാണെന്നും 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും പൊലീസ് ഓർമിപ്പിക്കുന്നു.
ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് പൊലീസ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മലയാളത്തിന്റെ പ്രിയ നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങുകളിൽ ചില ഓൺലൈൻ മാധ്യമങ്ങൾ അതിരുകടന്ന് പെരുമാറിയതിനെ മകൻ ചന്തു ചോദ്യം ചെയ്തത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പിതാവിന്റെ അന്ത്യകർമങ്ങൾ നടക്കുന്നതിനിടെ സ്വകാര്യത നൽകാതെ ക്യാമറകളുമായി തിക്കിത്തിരക്കിയവരോടാണ് ചന്തു ദേഷ്യപ്പെട്ടത്. തിരക്ക് മൂലം സഹികെട്ട് ചന്തു എല്ലാവരോടും ദേഷ്യത്തോടെ പുറകോട്ട് മാറിനിൽക്കാൻ ആവശ്യപ്പെടുന്നതും "എന്താടോ.. എന്താണ് നിങ്ങൾക്ക് വേണ്ടത്?' എന്ന് ചോദിക്കുന്നതും വാർത്തയായിരുന്നു.
സംസ്കാര ചടങ്ങിനിടെയുണ്ടായ തിരക്ക് നിയന്ത്രിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് ഇടപെടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേരള പൊലീസ് രംഗത്തെത്തിയത്. ക്രിക്കറ്റ് മത്സരത്തിനിടെ ഗ്രൗണ്ടിനു മുകളിലൂടെ പറന്ന് ദൃശ്യങ്ങൾ പകർത്തുന്ന ഡ്രോൺ ക്യാമറ ബാറ്റർ അടിച്ച പന്ത് വന്നടിച്ച് താഴെയിടുന്നതാണ് വീഡിയോയിലുള്ളത്. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് അനാവശ്യമായി എത്തിനോക്കുന്ന ക്യാമറകൾക്കുള്ള പ്രതീകാത്മകമായ പ്രഹരമായാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ പോസ്റ്റിന് താഴെ അനുകൂല കമന്റുകളുമായി നിരവധി പേർ രംഗത്തെത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍