യുവാവിന് ക്രൂരമർദ്ദനം: പിതാവും മകനും അറസ്റ്റിൽ


പുതുപ്പാടി: ഈങ്ങാപ്പുഴ-കോടഞ്ചേരി റോഡിൽ കുപ്പായക്കോട് ഫാക്ടറിപ്പടിക്ക് സമീപം യുവാവിനെ പട്ടിക കൊണ്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ടുപേരെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കുപ്പായക്കോട് സ്വദേശികളായ കക്കോടൻ തോമസ്, മകൻ സൽസു തോമസ് എന്നിവരെയാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. കുപ്പായക്കോട് കലമ്പുക്കാട്ടിൽ ബെർനിഷ് മാത്യു (28) വിനാണ് മർദ്ദനമേറ്റത്.

​കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 8 മണിയോടെയായിരുന്നു സംഭവം. പ്രദേശവാസിയായ ബധിരനായ ഒരു യുവാവിനെ പ്രതികൾ മർദ്ദിക്കുന്നത് ബർണിഷിന്റെ സുഹൃത്തും ബന്ധുവുമായ ബിനീഷ് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമായത്. ഇതിൽ പ്രകോപിതരായ പ്രതികൾ ആദ്യം ബിനീഷിനെ മർദ്ദിച്ചു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് ബർണിഷ് മാത്യുവിന് നേരെ ക്രൂരമായ ആക്രമണമുണ്ടായത്.

​മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ബർണിഷിനെ, അദ്ദേഹത്തിന്റെ തന്നെ ആവശ്യപ്രകാരം പ്രതിയായ സൽസു തോമസ് ബുള്ളറ്റിൽ മുട്ടിപ്പാറയിലെ വീട്ടിലെത്തിച്ചു. എന്നാൽ വീട്ടിൽ വെച്ച് പ്രതിയായ സൽസുവിനും മർദ്ദനമേറ്റതായി പരാതിയുണ്ട്. അറസ്റ്റിലായ തോമസും സൽസുവും പ്രദേശത്ത് അനധികൃത മദ്യവിൽപ്പന നടത്തുന്നവരാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. മർദ്ദനമേറ്റ ബർണിഷും പ്രതിയായ സൽസുവും മുൻപും നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.