'പ്രിയദര്‍ശിനി'യുടെ നൂറാം ദിനം; എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകള്‍ക്ക് സാരി വിതരണം
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിക്ക് നാളെ 100 ദിവസം പൂർത്തിയാകും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും വനിതകൾക്ക് സാരി വിതരണം ചെയ്യും.
രാവിലെ 10ന് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സി.പി. ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.പ്രിയദർശിനി പദ്ധതി ആരംഭിച്ച് നൂറ് ദിവസം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വനിതാ ജീവനക്കാർക്കും യാത്രക്കാരുമായി ബന്ധപ്പെട്ട സേവന മേഖലയിലെ വനിതകൾക്കും സാരി വിതരണം ചെയ്യുന്നതിനാണ് തീരുമാനം.
പ്രിയദർശിനി പദ്ധതി മികച്ച രീതിയിൽ മുന്നോട്ടുപോകുകയാണെന്ന് മന്ത്രി സി.പി. ജോൺ പറഞ്ഞു. നിലവിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് പദ്ധതി നടപ്പാക്കുന്നത്. ഈ രീതിയിൽ തന്നെ പദ്ധതി തുടരാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
