എസ്.എസ്.എല്‍.സിയിൽ 99.47 ശതമാനം വിജയം; കൂടുതല്‍ എപ്ലസ് മലപ്പുറത്ത്

എസ്എസ്എൽസി പരീക്ഷയിൽ 99.47% വിജയം. കഴിഞ്ഞ വർഷം 98.82 ശതമാനമായിരുന്നു വിജയം. ഈ വർഷത്തേത് റെക്കോർഡ് വിജയമാണ്. 4,21,887 റഗുലർ വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 4,19,651 വിദ്യാർഥികൾ ഉന്നതപഠനത്തിന് അര്‍ഹതനേടിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവിധ സര്‍ക്കാര്‍ വെബ് സൈറ്റുകൾ വഴി മൂന്നുമണി മുതൽ ഫലം ലഭ്യമാകും

2947 പരീക്ഷാ കേന്ദ്രങ്ങളിലായി 4,22,226 വിദ്യാർഥികൾ പരീക്ഷയെഴുതി. എസ്എസ്എൽസി പ്രൈവറ്റ് വിഭാഗത്തിൽ 991 പേർ പരീക്ഷ എഴുതി. കോവിഡ് കാരണം മൂല്യനിർണയ ക്യാംപുകൾ 57ൽനിന്ന് 72 ആയി ഉയർത്തിയിരുന്നു. 12971 അധ്യാപകർ ക്യാംപിൽ പങ്കെടുത്തു.

വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂജില്ല കണ്ണൂരാണ് (99.85%). കുറവുള്ള ജില്ല – വയനാട് (98.13%). വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല – പാല (99.97%), കുറവുള്ള വിദ്യാഭ്യാസ ജില്ല – വയനാട് (98.13%). ഗൾഫിൽ ആകെ 9 സെന്ററുകളുണ്ട്. 97.03% വിജയമാണ് ഉണ്ടായിരിക്കുന്നത്. മൂന്നു വിദ്യാലയങ്ങൾ സമ്പൂർണ വിജയം കരസ്ഥമാക്കി. ലക്ഷദ്വീപിൽ 9 സെന്ററുകളുണ്ട്. 96.81% വിജയമാണ് ഉണ്ടായിരിക്കുന്നത്.

ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയത് മലപ്പുറം എടരിക്കോട് പികെഎംഎച്ച്എസ്എസ് സ്കൂളിലാണ്. 2076 വിദ്യാർഥികളാണ് ഇവിടെ ഇത്തവണ പരീക്ഷയെഴുതിയത്. ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതിയത് പത്തനംതിട്ടയിലെ നിരണം വെസ്റ്റിലുള്ള സെന്റ് തോമസ് എച്ച്എസ്എസിലാണ്. ഒരാൾ മാത്രമാണ് പരീക്ഷയെഴുതിയത്.

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രണ്ടുഘട്ടങ്ങളായാണ് പരീക്ഷ പൂര്‍ത്തിയാക്കിയത്. സ്കൂളുകളില്‍ നേരിട്ട് ക്ലാസുകള്‍ ഇല്ലാതെയായിട്ട് രണ്ടാമത്തെ തുടര്‍ച്ചയായ അധ്യയന വര്‍ഷമാണിത്. പ്ലസ് വണ്‍ പ്രവേശനം നടന്നാലും ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രമേ നടത്താനാവൂ.

ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപെയേഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപെയേഡ്), എഎച്ച്എസ്എൽസി പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു. പരീക്ഷാബോർഡ് യോഗം ചേർന്ന് ഫലത്തിന് ഇന്നലെ അംഗീകാരം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍