വട്ടോളിയില്‍ മൊബൈല്‍ കവര്‍ച്ചക്കെത്തിയ സംഘം ഇതര സംസ്ഥാന തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു
എളേറ്റില്‍: വട്ടോളിയില്‍ മൊബൈല്‍ കവര്‍ച്ചക്കെത്തിയ സംഘം ഇതര സംസ്ഥാന തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു. ഇയ്യാട് റോഡിലെ കെട്ടിടത്തില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശി അലി അക്ബറിനെയാണ് ബൈക്കിലെത്തിയ കവര്‍ച്ചാ സംഘം റോഡിലൂടെ വലിച്ചിഴച്ചത്. സംഘത്തിലെ ഒരാളുടെ മൊബൈല്‍ ഫോണ്‍ റോഡില്‍ വീണത് നാട്ടുകാര്‍ പോലീസിന് കൈമാറി. ബൈക്കില്‍ രണ്ടുപേര്‍ റോഡരകില്‍ നില്‍ക്കുകയായിരുന്ന അലി അക്ബറിന്റെ അടുത്ത് എത്തുകയും ഫോണ്‍ വിളിക്കാനായി മൊബൈല്‍ ഫോണ്‍ ആവശ്യപ്പെടുകയും ചെയ്തു. ബൈക്കില്‍ പിന്നിലുണ്ടായിരുന്നയാള്‍ ഫോണ്‍ കൈക്കലാക്കിയ ശേഷം നമ്പര്‍ ഡയല്‍ ചെയ്ത് സംസാരിക്കുന്നതായി അഭിനയിക്കുകയും ഉടനെ ബൈക്ക് മുന്നോട്ടെടുക്കുകയും ചെയ്തു. ഈ സമയം ബൈക്കില്‍ പിടിച്ചു നില്‍ക്കുകയായിരുന്ന അലി അക്ബറിനെ ഏറെ ദൂരം റോഡിലൂടെ വലിച്ചിഴച്ചാണ് സംഘം രക്ഷപ്പെട്ടത്. റോഡില്‍ വീണ അലി അക്ബര്‍ വീണ്ടും ബൈക്കിനെ പിന്തുടര്‍ന്നു. ഇതിനിടെ ബൈക്കിന്റെ പിന്നിലുണ്ടായിരുന്നയാളും റോഡിലേക്ക് തെറിച്ചു വീണു. അലി അക്ബര്‍ ഇയാളെ പിന്തുടര്‍ന്നെങ്കിലും പിടി കൂടാനായില്ല. ഇതിനിടെ ഇയാളുടെ മൊബൈല്‍ ഫോണ്‍ റോഡിലേക്ക് തെറിച്ചു വീണു. ഇത് നാട്ടുകാര്‍ കൊടുവള്ളി പോലീസിന് കൈമാറി. പരുക്കേറ്റ അലി അക്ബര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
കടപ്പാട് :സിദ്ദിഖ് പന്നൂർ
ടൈം വിഷൻ

 
  
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍