ഫേസ്ബുക്കിലൂടെ പ്രണയിച്ച യുവാവിനൊപ്പം യുവതി നാടുവിട്ടു; ബൈക്കിലെ പെട്രോള്‍ തീര്‍ന്നതോടെ പോലീസ് പിടിയിലായി
കണ്ണൂർ: കാമുകനൊപ്പം നാടുവിട്ട യുവതി ബൈക്കിലെ പെട്രോൾ തീർന്നതോടെ പോലീസ് പിടിയിലായി. കണ്ണൂർ ചെറുപുഴയിലെ 20 കാരിയാണ് ആലപ്പുഴ ജില്ലയിൽ വെച്ച് പോലീസ് പിടിയിലായത് . ഫേസ്ബുക്കിലൂടെ പ്രണയിച്ച യുവാവിനൊപ്പമാണ് യുവതി നാടുവിട്ടത്.
ചെറുപുഴ സ്വദേശിയായ യുവതി പയ്യന്നൂരിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ആണ് പഠിച്ചിരുന്നത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു.
സംഭവത്തെ തുടർന്ന് യുവതിയുടെ കുടുംബാംഗങ്ങൾ ചെറുപുഴ പോലീസിൽ പരാതി നൽകി. യുവതിക്ക് വേണ്ടി പോലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചു.
പെൺകുട്ടിയുടെ കാമുകൻ കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ്. ഇയാൾക്കൊപ്പം ബൈക്കിലാണ് യുവതി നാടുവിട്ടത്. എന്നാൽ ചേർത്തലയിൽ എത്തിയപ്പോൾ ബൈക്കിന്റെ പെട്രോൾ തീർന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പോലീസ് സംഘമാണ് കമിതാക്കളെ കണ്ടത്.
കമിതാക്കൾ പറഞ്ഞ കാര്യങ്ങളിൽ പോലീസിനെ ചില സംശയങ്ങൾ തോന്നി. കൂടുതൽ ചോദിച്ചപ്പോൾ നാടുവിട്ടതാണെന്ന് ഇവർ തുറന്നു പറഞ്ഞു. തുടർന്ന് ചേർത്തല പൊലീസ് ചെറുപുഴ പോലീസിനെ വിവരം അറിയിച്ചു.
അപ്പോഴാണ് യുവതിയെ കാണാനില്ലെന്ന് പരാതി ലഭിച്ച കാര്യം ചെറുപുഴ പൊലീസ് വ്യക്തമാക്കിയത്. അങ്ങനെ പോലീസ് അകമ്പടിയോടെ യുവതിയെ നാട്ടിലെത്തിച്ചു. കോടതിയിൽ ഹാജരാക്കിയ ശേഷം കേസ് അവസാനിപ്പിക്കാനാണ് പോലീസിൻറെ നിലവിലെ തീരുമാനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍