വട്ടോളിയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ച സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍
എളേറ്റില്‍: വട്ടോളിയില്‍ കവര്‍ച്ചക്കിടെ ഇതര സംസ്ഥാന തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ച സംഭവത്തില്‍ രണ്ടുപേരെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. കാക്കൂര്‍ സ്വദേശികളായ സനു കൃഷ്ണന്‍(18), ഷംനാസ്(24) എന്നിവരാണ് അറസ്റ്റിലായത്. എളേറ്റില്‍ വട്ടോളി ഇയ്യാട് റോഡിലെ കെട്ടിടത്തില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശി അലി അക്ബറിനെയാണ് ബൈക്കിലെത്തിയ കവര്‍ച്ചാ സംഘം റോഡിലൂടെ വലിച്ചിഴച്ചത്. ബൈക്കില്‍ രണ്ടുപേര്‍ റോഡരകില്‍ നില്‍ക്കുകയായിരുന്ന അലി അക്ബറിന്റെ അടുത്ത് എത്തുകയും ഫോണ്‍ വിളിക്കാനായി മൊബൈല്‍ ഫോണ്‍ ആവശ്യപ്പെടുകയും ചെയ്തു. ബൈക്കില്‍ പിന്നിലുണ്ടായിരുന്നയാള്‍ ഫോണ്‍ കൈക്കലാക്കിയ ശേഷം നമ്പര്‍ ഡയല്‍ ചെയ്ത് സംസാരിക്കുന്നതായി അഭിനയിക്കുകയും ഉടനെ ബൈക്ക് മുന്നോട്ടെടുക്കുകയുമായിരുന്നു. ഈ സമയം ബൈക്കില്‍ പിടിച്ചു നില്‍ക്കുകയായിരുന്ന അലി അക്ബറിനെ നൂറുമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചാണ് സംഘം രക്ഷപ്പെട്ടത്. ഇതിനിടെ ബൈക്കിന്റെ പിന്നിലുണ്ടായിരുന്നയാള്‍ റോഡിലേക്ക് തെറിച്ചു വീണു. അലി അക്ബര്‍ ഇയാളെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായിരുന്നില്ല. സംഘത്തില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ റോഡിലേക്ക് തെറിച്ചു വീണത് നാട്ടുകാര്‍ക്ക് ലഭിച്ചിരുന്നു. ഇതിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഷംനാസാണ് ബൈക്കോടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പ്രതികളെ ശനിയാഴ്ച താമരശ്ശേരി കോടതിയില്‍ ഹാജറാക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍